Sunday, August 20, 2006

നീരു ബെന്‍സാള്‍

ഗോപുരങ്ങള്‍... സ്മാരകങ്ങള്‍

തെരുവുകളും പാതകളുമായി മാറിയ ചരിത്രപുരുഷന്മാര്‍(സ്ത്രീകളും).

ഷാജഹാന്‍ബാദിലെ ബര്‍സാത്തികളും അക്ബര്‍ റോഡിലെ എടുപ്പുകളും ബാര്‍കംബ റോഡിലെ വന്‍ സൌധങ്ങളും കോനാട്ട്‌ പ്ലേസിലെ വ്യാപാര സമുച്ചയങ്ങളും,ഒരു മൂലയ്ക്ക്‌ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന മദ്രാസ്‌ ഹോട്ടെലും.. അങ്ങനെ അങ്ങനെ.. ദില്ലിയില്‍ നന്മയുടേയും തിന്മയുടേയും വിഹാരരംഗങ്ങള്‍..

മാളവ്യാ നഗറിലെ മതികെട്ടാന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ കടന്ന് പിന്നെയും ചെന്നാല്‍ ഹൌസ്‌ഖസില്‍ എത്താം. വീണ്ടും പോയാല്‍ ചാണക്യപുരി..

മഞ്ഞുകാലങ്ങളില്‍ ചരിത്രത്തിന്റെ രോമക്കുപ്പയമണിഞ്ഞ്‌ ദില്ലി തന്നിലേക്ക്‌ ചുരുങ്ങുന്നു.

പാര്‍ലിമെന്റ്‌ തെരുവിലും, മെഹ്രൊളിയിലും, മൂള്‍ചന്ദിലും കാല്‍ക്കാജിയിലും ചിരാഗ്‌ ദില്ലിയിലും നെഹ്രു പ്ലേസിലും,സാകേതിലും ഖാണ്‍പൂരിലും മദന്‍ഗീറിലും,കുത്തബ്‌ മീനാറിലും,ലാല്‍കിലയിലും പുരാണ്‍കിലയിലും ചെങ്കോട്ടയിലും ഇന്ത്യാഗേറ്റിലും മഞ്ഞുവീണുറയുന്ന ശീതകാലങ്ങളില്‍ ഷേക്‌ക്‍സരായിലെ ഗവര്‍ണ്‍മന്റ്‌ മദ്യഷോപ്പിനു മുന്‍പില്‍ വരിയില്‍ നിന്ന് വാങ്ങി കൊണ്ടുവരുന്ന ഹണിബീയും മാന്‍ഷന്‍ ഹസും.. മദര്‍ ഡയറിക്ക്‌ മുന്‍പില്‍ ഉള്ള അരുണ്‍ കട്രിയുടെ പലചരക്ക്‌ കടയില്‍ നിന്നു വാങ്ങുന്ന കശുവണ്ടി പരിപ്പും പൊരിച്ച കടലയും... ദില്ലിയിലെ മഞ്ഞുകാലം എന്നും വേദനയാണ്‌. ശ്രാദ്ധത്തിന്റെ വിമൂകത പ്രധാനം ചെയ്യുന്ന നഗര രാത്രികള്‍.

ഖാണ്‍പൂരിലെ വേശ്യകളും കൂട്ടിക്കൊടുപ്പുകാരും ഗുണ്ടകളും..

ചാന്ദിനീ ചൌക്കിലെ ഹിജ്ഡകളും നര്‍ത്തകരും..

പഴയ ദില്ലിയിലെ കുതിരവണ്ടികളും ജഡ്ക്കകളും..

ദില്ലി നന്മതിന്മകളുടെ നഗരമാകുന്നു..

2

സിരില്‍ ഫോര്‍ട്ടില്‍ നിന്നും പഥേര്‍ പാഞ്ചാലി കണ്ടിറങ്ങുകയായിരുന്നു. അപുവും ദുര്‍ഗ്ഗയും ഒരു നായയും മധുരപലഹാര കച്ചവടക്കാരന്റെ പുറകേ ഓടുമ്പോല്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ പണ്ഡിറ്റ്‌ രവിശങ്കറിന്റെ സിത്താറിന്റെ ഈണം മനസ്സില്‍ നിലച്ചിരുന്നില്ല.
കോണാട്ട്‌ പ്ലേസില്‍ ടാക്സിയില്‍ ചെന്നിറങ്ങിയപ്പോഴും ആ ഈണം മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു.

അപരാഹ്നത്തില്‍ ദില്ലി തിളച്ച്‌ മറിയുകാണ്‌

കേതകി ഘോഷാലിന്റെ പുസ്തക കടയില്‍ കയറി ബിഭൂതിഭൂഷന്റെ പഥേര്‍ പാഞ്ചാലിയുടെ കോപ്പി തെരഞ്ഞു.പുസ്തകം സ്റ്റോക്കില്‍ ഇല്ലായിരുന്നു.ആരോഗ്യനികേതന്‍ വേണമെങ്കില്‍ എടുത്തോളാന്‍ കേതകി പറഞ്ഞു. ആ പുസ്തകം എന്റെ കയ്യില്‍ ഉണ്ട്‌.ജീവന്‍മശായി എനിക്കു ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രവുമാണ്‌

അവിടെ നിന്നും ഇറങ്ങി നെരൂളയും മദ്രാസ്‌ ഹോട്ടെലും പിന്നിട്ട്‌ പാലിക ബസാറിനു മുന്‍പില്‍ ഉള്ള ബസ്സ്‌ സ്റ്റാന്റില്‍ മദന്‍ഗീറിലേക്കുള്ള ഗ്രീന്‍ലൈന്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുമ്പോളാണ്‌ അവളെ ആദ്യമായി കണ്ടത്‌..

നീരു ബെന്‍സാള്‍.. അതാണ്‌ അവളുടെ പേര്‌

അക്കാലത്ത്‌ ദില്ലിയിലെ ബസ്സുകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നിരിക്കുമായിരുന്നു.അവള്‍ എന്റെ അടുത്ത്‌ വന്നിരുന്നു.

ഗ്രീന്‍ലൈനിലെ യാത്ര ചിലവുകൂടിയതാണ്‌.ഓഫീസുകള്‍ വിടുന്ന സമയങ്ങളില്‍ യെല്ലൊ ലൈനില്‍ യാത്ര ദുരിതമാണ്‌.അതുകൊണ്ടാണ്‌ മൂന്ന് രൂപ കൂടുതല്‍ ആണെങ്കിലും ഗ്രീന്‍ലൈനില്‍ കയറിയത്‌. പാലികാ ബസാറില്‍ നിന്നും മദന്‍ഗീറിലെത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. സീറ്റില്‍ വന്നിരുന്നതും പെണ്‍കുട്ടി ഉറങ്ങാന്‍ തുടങ്ങി. ബസ്സ്‌ മൂള്‍ചന്ദില്‍ എത്തിയപ്പോഴെക്കും അവള്‍ എന്റെ തോളിലേക്ക്‌ തല ചായ്ച്ച്‌ കഴിഞ്ഞിരുന്നു. ഞാന്‍ ഒന്നു രണ്ട്‌ തവണ ഉണര്‍ത്തി വിട്ടു.പക്ഷെ വീണ്ടും തല എന്റെ ചുമലിലേക്ക്‌ തന്നെ..

അപ്പോഴേക്കും ഇരുട്ട്‌ വീണിരുന്നു. തണുപ്പ്‌കാലത്ത്‌ പെട്ടന്ന് ഇരുട്ടാകും.

സാക്കേതില്‍ ബസ്സ്‌ നിന്നപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ തയ്യാറായി.അപ്പോഴും അവളുടെ തല എന്റെ ചുമലില്‍ തന്നെ. ഞാന്‍ പതിയെ പറഞ്ഞു ' എനിക്ക്‌ ഇവിടെ ഇറങ്ങണം'

അവള്‍ ഞെട്ടി എഴുന്നേറ്റു.
ഓ സാക്കേത്‌ എത്തിയോ എന്നും ചോദിച്ച്‌ ബാഗും എടുത്ത്‌ ഇറങ്ങാന്‍ തയ്യാറായി.അവള്‍ എന്നെ നോക്കി നന്ദി സൂചകമായി ഒന്നു ചിരിച്ചു..

അപ്പോള്‍ ഞാന്‍ വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ മനസ്സാല്‍ സഞ്ചരിക്കുകയായിരുന്നു..

അന്ന് ജീവിതത്തില്‍ വസന്താരവങ്ങള്‍ നിറഞ്ഞിരുന്നു.

സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും സുന്ദര പുഷ്പങ്ങള്‍ ആയിരുന്നു ഭൂമിയില്‍ നിറയെ..

അന്ന്,വസന്തത്തിന്‌ വഴിയോര വൃക്ഷങ്ങളിലത്രയും പൂക്കള്‍ നിറയ്ക്കാന്‍ കഴിയുമായിരുന്നു.

അന്നെന്റെ ആപ്പിള്‍വനികളില്‍ രക്തവര്‍ണാങ്കിത കനികള്‍ കനത്തിരുന്നു. എന്റെ മന്ദാരമരങ്ങളിലത്രയും സുഗന്ധ പുഷ്പങ്ങളും പൂവരങ്ങിന്‍ മരങ്ങളില്‍ മഞ്ഞപ്പൂക്കളും നിറഞ്ഞിരുന്നു.കിഴക്ക്‌ നിന്ന് പാണ്ടിക്കാറ്റടിക്കുമ്പൊള്‍ മൊട്ടോര്‍ മുല്ലകളില്‍ നിന്നും ധവള പുഷ്പങ്ങള്‍ പൊഴിയുമായിരുന്നു. നിശീഥിനികളില്‍ ചെമ്പക മരങ്ങള്‍ പൂക്കുകയും നറു സുഗന്ധം വിതറുകയും ചെയ്തിരുന്നു..

ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്കുള്ള പടയോട്ടങ്ങള്‍ അന്ന് തുടങ്ങിയിരുന്നില്ല്ല..
കംപ്യൂട്ടറുകളും കച്ചവട തന്ത്രങ്ങളും,പ്രകമ്പിതമായ ജീവിതത്തെ തടഞ്ഞ്‌ നിറുത്തിയിരുന്നില്ല..

നീരു ബെന്‍സാള്‍...

അവള്‍ ചിലപ്പോള്‍ ആനിയാകാം.ചിലപ്പോള്‍ ശേവന്തിയാകാം,അതുമല്ലെങ്കില്‍ ഖസാക്കിലെ മൈമൂനയെ പോലെ തികച്ചും സാങ്കല്‍പ്പികവുമാകാം..

പിന്നീടൊരുനാള്‍ ബികാജികാമാ പ്ലേസിലെ ഭക്ഷണശാലകളിലൊന്നില്‍ ഒരുമിച്ചിരുന്നപ്പോള്‍ നീരു എനിക്കു വാഗ്ദാനം ചെയ്ത പ്രണയത്തിന്റെ ഇളംനീരരുവികള്‍ ഉള്‍ക്കൊള്ളാനാവാതെ പോയത്‌ ചിലപ്പോള്‍ ആനിയുടെ ശാപം കൊണ്ടാകാം അല്ലെങ്കില്‍ ശേവന്തിയുടെ അനുഗ്രഹം കൊണ്ടാകാം..

3 comments:

myexperimentsandme said...

നല്ല കഥ. എഴുതി തഴക്കമുള്ള ആളാണെന്ന് തോന്നുന്നു.

Promod P P said...

വക്കാരിമഷ്ടന്‍ സഹോദര

ഇതൊക്കെ ആയിരുന്നു ഒരു കാലത്ത്‌ പ്രധാന ജോലി.

ഇപ്പോള്‍ ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ഒന്നിനും സമയം കിട്ടുന്നില്ല

നന്ദി

viswaprabha വിശ്വപ്രഭ said...

തഥാഗതാ,

ഒരു കാലത്ത് ഇതേ വഴികളിലൂടെ ഇതേ കാഴ്ച്ചകളിലൂടെ മറ്റൊരു തഥാഗതന്‍ നടന്നു നീങ്ങിയിരുന്നു...

അയാളും ഇവളെ കണ്ടുമുട്ടിയിരുന്നു...

അല്ലെങ്കില്‍ അതുപോലൊരുവളെ‍...

*** *** ***

രണ്ടുമൂന്നു വര്‍ഷം മുന്‍പ് ദില്ലിയെന്ന യക്ഷി ഒരിക്കല്‍കൂടി അവളുടെ രമ്യാങ്കണങ്ങളിലേക്കെന്നെ ആവാഹിച്ചു.

എന്നോ തളര്‍ന്നുവീണുപോയ എന്റെ സ്വപ്നങ്ങളുടെ നഖങ്ങളും അസ്ഥിദന്തങ്ങളും മുടിയിഴകളും മാത്രം കണ്ടു ഞാന്‍ അവളുടെ അന്തപ്പുരങ്ങളിലപ്പോള്‍.

തിരിച്ചോടേണ്ടി വന്നു, ഭഗ്നചേതസ്സോടെ..