Sunday, July 05, 2009

മുൻപ് പറഞ്ഞ ഒരു കഥയ്ക്ക് ഒരു അനുബന്ധം

http://thathhaagathan.blogspot.com/2006/11/blog-post_07.html
http://thathhaagathan.blogspot.com/2007/02/blog-post.htmlപണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രിയുടെ കഥ,ഞാൻ എഴുതിയിട്ട് മൂന്നു വർഷങ്ങളായി.

എന്റെ അഭിവന്ദ്യ സുഹൃത്ത് ദ്വാരകാനാഥ് ശാസ്ത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടോ.. പതിനാറു നീണ്ട സംവത്സരങ്ങൾ കഴിഞ്ഞു.

യമുനയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി..ചാന്ദിനി ചൌക്കിലെ ഫട് ഫടുകൾ അപ്രത്യക്ഷമായി. പഴയ ദില്ലിയിലെ കുതിരവണ്ടികളും കിന്നരന്മാരും നർത്തകരും എവിടേയൊ പോയി മറഞ്ഞിരിക്കുന്നു. കോണാട്ട് പ്ലേസിലെ “ഡൊണ്ട് പാസ് മി ബൈ” എന്ന ഞങ്ങളുടെ പഴയ ചൈനീസ് ന്യൂഡിത്സ് ഹോട്ടെൽ ഇന്ന് കാണാനില്ല.ദിൽ‌ഷാദ് ഗാർഡനിലേക്കൊ ഷാഹ്ദ്രയിലേക്കൊ ഇപ്പോൾ 265 ബി,കാത്തു നിൽക്കേണ്ടതില്ല. മെട്രോ റെയിലിൽ പഴയതിന്റെ പകുതി സമയം കൊണ്ടെത്താം.ചുട്ടു പഴുത്ത ജൂൺ അപരാഹ്നത്തിൽ പാലികാ ബസാറിനു പഴയ തണുപ്പില്ല.മൂൾചന്ദിലും ചിരാഗ് ദില്ലിയിലും അംബേദ്‌കർ നഗറിലും മദൻ‌ഗീറിലും ഖാൺപൂരിലും സാക്കേതിലും മാളവ്യാനഗറിലും പതിവു കാഴ്ചകളായിരുന്ന മൂസംബി ജ്യൂസ് ഉന്തുവണ്ടികൾ കാണാനില്ല.ഹൌസ് ഖസിലെ പഴയ ആർദ്രനയനങ്ങളെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. നെഹ്രു പ്ലേസിലെ രാജമ്മ റൈസ് (രജമ റൈസ്) തട്ടുകടകളിൽ പഴയ തിരക്കില്ല. എം ബ്ലോക്കിലെ കേതകി ഘോഷാലിന്റെ പുസ്തകക്കട അപ്രത്യക്ഷമായിരിക്കുന്നു. സാവിത്രി സിനിമ തിരഞ്ഞു.കണ്ടെത്തിയില്ല. സരോജിനി നഗർ മാർക്കെറ്റിലെ റിത്തുപർണ്ണ സെന്നിന്റെ രോമക്കുപ്പായക്കടയും ഇല്ലാ‍തായിരിക്കുന്നു....

ദില്ലി ആകെ മാറിയിരിക്കുന്നു.

മേൽ‌പ്പാലങ്ങളും അടിപ്പാലങ്ങളും അതിശീഖ്രവണ്ടികളും വലിയ ഭോജനശാലകളും ഭീമാകാര കാറുകളും എന്നു വേണ്ട.. എത്ര എത്ര മായക്കാഴ്ച്കൾ ഇന്ന് ദില്ലിയെ മഥിക്കുന്നു.

സുരഭിയുടെ കഥ

മീററ്റിലെ ദേവഹരിലാൽ ചൌധരിയുടെ പുത്രൻ കിഷോരിലാൽ ചൌധരിയോടൊപ്പം ഒളിച്ചോടിയ സുരഭി.ദ്വാരകാനാഥ് ശാസ്ത്രിയുടെ ഏക പ്രതീക്ഷയായിരുന്ന അതീവ സുന്ദരി സുരഭി. ഇന്ന് അവൾക്ക് നാൽ‌പ്പത് വയസ്സ് പ്രായം. സമീർ ചൌധരി എന്നും സുധീർ ചൌധരി എന്നും പേരുള്ള രണ്ട് ആണ്മക്കളുടെ അമ്മ. ഗുഡ്‌ഗാവിൽ ഉള്ള ഒരു അമേരിക്കൻ കമ്പനിയിൽ എച്.ആർ.മാനേജർ ആയി ജോലി.ആ സ്ഥപനത്തിന്റെ ഈ നഗരത്തിൽ ഉള്ള ശാഖയിലേക്ക് ഒരു ജോലിക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയ്ക്ക് ചെന്നതായിരുന്നു ഞാൻ.
സുരഭി ശാസ്ത്രിഎന്ന പേര് മനസ്സിൽ എവിടേയോ ഉടക്കി. ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.

“മാഡം,പണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രിയെ അറിയുമൊ”
മുഖം ഉയർത്തി നോക്കിയ അവിശ്വസനീയ നേത്രങ്ങൾ സജലമായിരുന്നു
“എന്റെ പിതാജിയെ എങ്ങനെ അറിയാം”

എനിക്ക് സങ്കടം സഹിക്കാനായില്ല. ഞങ്ങളുടെ പ്രിയ സുഹൃത്ത് ജീവനൊടുക്കിയത് ഇവളൊരുവൾക്ക് വേണ്ടിയായിരുന്നല്ലൊ എന്നോർത്ത് ഞാൻ ഏറെ വിഷമിച്ചു.അനന്തരം ഞങ്ങൾ തമ്മിലൂണ്ടായിരുന്ന സൌഹൃദത്തെപ്പറ്റിയും,ശാസ്ത്രി,ഇഗ്നിക്കെഴുതിയ കത്തിനെ പറ്റിയും എല്ലാം അവരോട് പറയേണ്ടി വന്നു. ഞങ്ങളെ പറ്റിയെല്ലാം പണ്ഡിറ്റ്‌ജി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതിബുദ്ധിമാനായ ഇഗ്നേഷ്യസ് അവൾക്കും പണ്ഡിറ്റ്‌ജിക്കെന്നപോലെ ഒരു അൽഭുദമായിരുന്നു. ഇഗ്നേഷ്യസിന്റെ തിരോധാന വാർത്ത അറിഞ്ഞ് അവർ വേപഥുപൂണ്ടു.സിദ്ധപതിരാജുവും ശരവണനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയതും ദിലീപ് നാട്ടിലേക്ക് തിരികെ പോയി കോളേജ് അദ്ധ്യാപകനായതുമായ വാർത്തകളത്രയും അവർ ഔത്സുക്യത്തോടെ കേട്ടിരുന്നു.അപ്പോഴേക്കും ഉച്ചഭക്ഷണത്തിനു സമയമായിരുന്നു.

വിശാലമായ കാന്റീനിലെ ഓറഞ്ച് നിറമുള്ള മേശയ്ക്കിരുവശം ഇരിക്കവേ സുരഭി അവരുടെ കഥ പറഞ്ഞു.

കിഷോരിലാലിന് അവരേക്കാൾ പതിനഞ്ച് വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു. അയാൾ ജ്ഞാനിയും സുന്ദരനും സൌ‌മ്യ പ്രകൃതനുമായിരുന്നു.ജവഹരിലാൽ യൂണിവേർസിറ്റിയിൽ നിന്നും രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം മീററ്റിലെ ചൌധരി ചരൺസിംഗ് യൂണിവേർസിറ്റിയിൽ അദ്ധ്യാപകനായിരുന്നു.

അയാൾ ഒരുപാട് യാത്ര ചെയ്യുമായിരുന്നു.പത്തും പതിനഞ്ചും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന യാത്രകൾ. എവിടേയ്ക്കാണെന്നൊ എന്തിനാണെന്നൊ സുരഭി ഒരിക്കലും ചോദിച്ചില്ല. അയാളൊട്ട് പറഞ്ഞതുമില്ല.ദിനവും തപാലിൽ ഒരുപാട് മാസികകളും പുസ്തകങ്ങളും വരും. അയാൾ രാവേറെ ചെല്ലും വരെ ഉറക്കമിളച്ച് ഇരുന്ന് വായിക്കും. ആദ്യ പുത്രൻ സമീർ ജനിച്ച ശേഷം സുരഭിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതായി. കുട്ടിയുടെ കാര്യങ്ങൾ നോക്കിയും വീട്ടുജോലികൾ ചെയ്തും അവരുടെ സമയം നീങ്ങി.വേനൽക്കാലത്ത് അവർ അതിമനോഹരങ്ങളായ രോമക്കുപ്പായങ്ങൾ തുന്നിയുണ്ടാക്കി. ഭർത്താവിനും പുത്രനും വേണ്ടി.രണ്ടാമത്തെ മകൻ സുധീറിനെ ഗർഭിണി ആയിരിക്കുമ്പോഴാണ് ആദ്യമായി കിഷോരിലാലിനെ അന്വേഷിച്ച് ദില്ലിയിൽ നിന്നും രഹസ്യപ്പോലീസ് എത്തിയത്. അവരുടെ ചോദ്യങ്ങൾക്കൊന്നും സുരഭിയുടെ പക്കൽ ഉത്തരങ്ങൾ ഇല്ലായിരുന്നു.


പിന്നീട് കുറേക്കാലം കിഷോരിലാൽ വീട്ടിലേക്ക് വന്നില്ല. അയാളെവിടേയാണെന്ന് സുരഭിക്ക് അറിയില്ലായിരുന്നു. ജീവിതം കഠിനമായി. അതിനിടെ പ്രസവം. സുധീർ ജനിച്ച് മുപ്പത് ദിവസം തികഞ്ഞ നാളാണ് സുരഭിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആ വാർത്ത വന്നത്

ഝാർഖണ്ഡിൽ വെച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടു. അതിലൊരാൾ കിഷോരിലാലായിരുന്നു.

മീററ്റിൽ നിന്നും മഥുരയിലെത്തിയ സുരഭിക്ക് അഭയം നൽകിയത് വയോവൃദ്ധനായ രാമേശ്വർ ശാസ്ത്രിയായിരുന്നു. സുരഭിയുടെ അമ്മയുടെ പിതാവ്. അവിടെ നിന്ന് പിന്നീട് ദില്ലിയിലേക്ക്. സ്വന്തമായി പഠിച്ച് സ്വന്തമായി ജോലി നേടി. സമീർ പത്താം ക്ലാസ്സിലും സുധീർ എട്ടാം ക്ലാസ്സിലും പഠിക്കുന്നു.

ഭയ്യാ ഈ കമ്പനി വേണ്ട. ഇത് താങ്കൾക്ക് ശരിയാവില്ല. ഞാൻ തന്നെ ഇവിടെ നിന്ന് മാറാൻ നോക്കി ഇരിക്കുകയാണ് എന്നും പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തി. വിമാന ടിക്കെറ്റിന്റെ പൈസയും വാങ്ങി തിരികെ വരാനൊരുങ്ങിയപ്പോൾ യാത്രയയക്കാൻ സുരഭിയും വന്നു. ഡെൽഹി എയർപോർട്ട് വരെ കാറിൽ കൊണ്ടു ചെന്നു വിട്ടു.ഇടയ്ക്ക് വിളിക്കണമെന്ന് പ്രത്യേകിച്ച് പറഞ്ഞു.

തിരിച്ച് ഇവിടെ എത്തി വീട്ടിൽ വന്നു കയറിയ ഉടനെ ഫോൺ വന്നു “ ഭയ്യാ വീട്ടിൽ എത്തിയോ” എന്നും ചോദിച്ച്.

ഇതൊരു കഥയല്ല. ഇതിനു മുൻപ് എഴുതിയ രണ്ടും കഥകളല്ല. യഥാർത്ഥ സംഭവങ്ങളാണ്. ആത്മസുഹൃത്തിന്റെ അവശേഷിക്കുന്ന കണ്ണിയെ കാണാനായതിന്റെ സന്തോഷമാണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്.

ഇനിയും ഉണ്ട് എഴുതാൻ ഒരുപാട്.. ദില്ലിയിലെ ദിനരാത്രങ്ങളിൽ കൂടെ യാത്ര ചെയ്ത പലരുടേയും കഥകൾ. കൽക്കാജിയിലെ ധീരജ് കുമാർ ശർമ്മയുടെ കഥ,ശ്രീനിവാസ് പുരിയിലെ മദൻ‌മോഹൻ റക്കേജയുടെ കഥ,നീന പോപ്ലിയുടേയും നീലാക്ഷി ഗ്രേവാളിന്റേയും കഥ..

ദില്ലി കഥകളുടെ ഈറ്റില്ലമല്ലെ..

Tuesday, March 10, 2009

കാപ്പിക്കുന്നിൽ നിന്നുള്ള കാഴ്ചകൾ

പണ്ട്.. ഒരുപാട് പശുക്കളും മറ്റ് കന്നുകാലികളും ഉണ്ടായിരുന്ന കാലത്ത്,കന്നു മേയ്ക്കുന്നവരോടൊപ്പം അഛനറിയാതെ പോയിരുന്നു ഈ കുന്നിൻ മുകളിലേക്ക് പലതവണ.

കാലാന്തരത്തിൽ കുന്ന് അന്യാധീനമായി പോയി.

കാട്ടു മരങ്ങളുടെ സ്ഥാനത്ത് റബ്ബർ മരങ്ങൾ വളർന്ന് വരുന്നത്,അവധിക്ക് ചെല്ലുമ്പോൾ നെടുവീർപ്പോടെ നോക്കി നിന്നിരുന്നു പലപ്പോഴും.

ഏകാദശിപ്പാറയ്ക്കുമപ്പുറം ഉണ്ടായിരുന്ന നിബിഡവനം ഇന്ന് കാണാനില്ല.കന്ന് മേയ്ക്കുന്നവർ കോഴി കുരുതി കൊടുത്തിരുന്ന മല്ലൻ‌കല്ലും അപ്രത്യക്ഷമായിരിക്കുന്നു. വീട്ടിൽ നിന്ന് നോക്കിയാൽ തെളിഞ്ഞുകാണുമായിരുന്ന കാപ്പിക്കുന്ന് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.

വീടിന്റെ മൂന്നു വശത്തും കുന്നുകളുണ്ട് . വടക്ക് വള്ളിയൻ‌കുന്ന്,കിഴക്ക് ചമ്മിണിക്കുന്ന്,പടിഞ്ഞാറ് കാപ്പിക്കുന്ന്. തെക്ക് നാലഞ്ച് കിലോമീറ്റർ അകലെ വീഴൂമലയും. കാപ്പിക്കുന്നിനും പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുന്ന ഇളനാടൻ മലകൾ ഇപ്പോൾ കാണാനാവുന്നില്ല.ചിറ‌ക്കുളവും പത്തരക്കുളവും ചാന്തുകുളവും ആനപ്പാറക്കുളവും അപ്രത്യക്ഷങ്ങളായിരിക്കുന്നു.

ഒറ്റയ്ക്ക് നിന്നിരുന്ന ഒരു അത്തിമരം ഉണ്ടായിരുന്നു പാടത്തിനക്കരെ. അതു പോലെ തെച്ചിമരം നിന്നിരുന്ന തെച്ചിക്കലോടി എന്ന പാടവും. ആ പാടത്ത് ഇന്നൊരു മണിമാളിക തലയുയർത്തി നിൽക്കുന്നു.

വീട്ടിൽ നിന്നും അര കിലോമീറ്റർ പോലുമില്ല കാപ്പി കുന്നിലേക്ക്.എന്നിട്ടും ഈ കുന്നൊന്നു കയറിയിട്ട് കൊല്ലം 25 ആകുന്നു.


വള്ളിയൻ കുന്ന്കാളവണ്ടിയും കൈവണ്ടിയും മാത്രം പോകുമായിരുന്ന പാതയിലൂടെ പഞ്ചമി എന്നും പൌർണ്ണമി എന്നും ശ്രീഗുരുവായൂരപ്പനെന്നും സാകേതമെന്നും ശബരി എന്നും പേരുള്ള ബസ്സുകൾ പോകുന്നു ഇപ്പോൾ
നെൽ‌പ്പാടങ്ങളിൽ പുത്തൻ വിളകൾതാഴവരയിലെ ജനജീവിതംപച്ച വിരിച്ച താഴ്വരദൂരെ വീഴുമല


കുന്നിൻ നെറുകയിൽ നിന്ന്ചമ്മിണിക്കുന്നിലെ ജലവിതരണകേന്ദ്രംകയ്യെത്താവുന്ന ദൂരത്ത് വീട്
പണ്ട് ഈ കുന്നിൻ‌മുകളിലും കുളങ്ങളിലുമായിരുന്നു കളി.ഇന്നൊ? (മകൾ)

Monday, February 02, 2009

ലാമായനം

കുഷാൽ നഗറിലെ(കൊപ്പ)ടിബെറ്റെൻ സെറ്റിൽമെന്റിലൂടെ ഒരു ദ്രുതയാത്ര ശിശുസഹജമായ മുഖഭാവവും,മനസ്സിൽ നിറയെ കരുണയും സ്നേഹവുമായി നാൽ‌പ്പത് വർഷം മുൻപ് അഭയാർത്ഥികളായി ടിബെറ്റിൽ നിന്നും ഈ കർമ്മഭൂമിയിലെത്തിയ ഒരു ജനതയുടെ ജീവിത പാന്ഥാവിലൂടെ ഒരു യാത്ര 2500 ഹെക്ടർ തരിശുഭൂമിയാണ് ഇവർക്ക് അന്ന് ഗവണ്മെന്റ് നൽകിയത്. ആ സ്ഥലം ഇന്ന് നന്മയുടെ വിളനിലമാണ് ബുദ്ധമതം കർക്കശമായ ജീവിതരീതികൾ അനുശ്വാസിക്കുന്നു. അതു കൊണ്ട് തന്നെ ഇവിടം ശാന്തിയുടെ മഹാസാഗരമായിമാറിയിരിക്കുന്നു ഇവടത്തെ മുഖ്യ പുരോഹിതനെ കഴിഞ്ഞ തവണ ഞങ്ങൾ കണ്ടു. ഇത്രയും പ്രസാദവാനായ ഒരാളെ ഞാൻ എന്റെ ജീവിതകാലത്തിനിടയിൽ കണ്ടിട്ടില്ല വർണ്ണങ്ങളും ശബ്ദങ്ങളും സംഗീതവും നിറഞ്ഞ ആ സ്നേഹതീരത്ത് ഒരിക്കൽ കൂടെ കവാടം ആശ്രമം വാതിൽ‌പിടി സുവർണ്ണ ക്ഷേത്രം ധൂമപാത്രം ഗോപുരവാതിൽ നാഴികമണി ചെറിയ ഗോപുരം ലാമക്കുട്ടികൾ പ്രാർത്ഥനാമണ്ഡപം പ്രാർത്ഥന പഞ്ചബുദ്ധർ സിദ്ധാർത്ഥനും ശ്രീബുദ്ധനും ബോധിസത്വനും സുവർണ്ണ ബുദ്ധൻ സിദ്ധാർത്ഥബുദ്ധൻ പിന്നെ തഥാഗതനും കൂടെ പടം പിടുത്തക്കാരായ രണ്ട് ഭീകരരും

Sunday, January 11, 2009

സ്വപ്നങ്ങളും അൽ‌കെമിസ്റ്റുംനിധി അന്വേഷിച്ച് പോകുന്ന സാന്റിയാഗൊ എന്ന ആട്ടിടയന്റെ കഥ ഒറ്റയിരുപ്പിൽ ഒരു പുനർ‌വായന നടത്തിയപ്പോഴാണ്, തീക്ഷ്ണ സ്വപ്നങ്ങൾ മനുഷ്യനെ നയിച്ചേക്കാവുന്ന ആകുലതകളെ പറ്റി വീണ്ടുമോർത്തത്.സേനയോരുഭയോർമദ്ധ്യേ നിൽക്കുന്ന ചിന്തകൾക്ക് ഉത്തരമന്വേഷിച്ച് ചെന്നെത്തുമായിരുന്നത് പലപ്പോഴും തെറ്റായ സങ്കേതങ്ങളിലാ‍യിരുന്നു എന്നതാണ് അൽകെമിസ്റ്റ് എനീക്ക് നൽകിയ പാഠം.

മരുഭൂമി ഒരുകാലത്ത്‌ സമുദ്രമായിരുന്നു എന്നത് രണ്ടാം പാഠം

എല്ലാ അന്വേഷണങ്ങളും തുടങ്ങുന്നത്,തുടക്കക്കാരന്റെ ഭാഗ്യത്തിനാലാണെന്നും എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നത് വിജയി അതികഠിനമായി പരീക്ഷിക്കപ്പെട്ടു കഴിയുമ്പോഴാണെന്ന് മറ്റൊരു പാഠം

അന്റാലൂസിയക്കാരൻ ആട്ടിടയൻ സാന്റിയാഗൊ ചെമ്മരിയാട്ടിൻ രോമക്കച്ചവടക്കാരന്റെ മകളിൽ ഭ്രമിച്ച്,അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി,നിധി തേടി പിരമിഡുകളെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ അയാളുടെ പിതാവ് പറയുന്ന ഒരു വാചകമുണ്ട്
"Travel the world until you see that our castle is the greatest, and our women the most beautiful"

മെക്കയിലേക്ക് പോകാൻ കടുത്ത ആഗ്രഹമുണ്ടായിട്ടും പോകില്ലെന്ന് തീരുമാനിച്ച ഗ്ലാസ് വ്യാപാരിയും,അൽ‌കെമിസ്റ്റിനെ കാണാനായി മരുഭൂമിയത്രയും താണ്ടാൻ സാഹസപ്പെട്ട ഇംഗ്ലീഷ്കാരനും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന അവധൂതർമാത്രം.

എന്താണപ്പോൾ സത്യമായത്? സത്യമായത് അൽ‌കെമിസ്റ്റ് മാത്രമാണോ?
മരുപ്പച്ചയിൽ വെച്ച് കണ്ട്മുട്ടിയ ഫാത്തിമ സത്യമല്ലെ?
കൊടുംകാറ്റായി മാറുന്ന സാന്റിയാഗൊ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്?

10 വർഷത്തിനു ശേഷം വീണ്ടും വായിച്ചപ്പോൾ എന്നിലെ ആകുലതകൾ വർദ്ധിച്ചതേയൊള്ളു..