Saturday, September 23, 2006

മദന്‍ഗീറിലെ ഉര്‍സുല

പൂജ തീവാരി എന്നാണവരുടെ പേര്‌
നാല്‍പ്പത്‌ വയസ്സിലധികം കാണും പ്രായം

അവിവാഹിത.. കാണാന്‍ സുന്ദരി
അവര്‍ ആരോടും അധികം സംസാരിക്കുന്നത്‌ കണ്ടിട്ടില്ല.
മിക്ക ദിവസങ്ങളിലും അവര്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് വായിക്കുന്നത്‌ കാണാം.

ഓരോ ദിവസവും ഓരോ പുസ്തകങ്ങള്‍

അവരുടെ മട്ടും ഭാവവും കണ്ടിട്ടാണ്‌,മദന്‍ഗീറില്‍ ഞങ്ങള്‍ താമസിക്കുന്ന,ഞങ്ങള്‍ തന്നെ പേരിട്ട 15ആം നമ്പര്‍ തരൂര്‍ തെരുവിലെ(ഞങ്ങളുടെ പഞ്ചായത്തായ തരൂരില്‍ നിന്നും ഏകദേശം 15 പേര്‍ ഇവിടെ താമസമുണ്ടായിരുന്നു)ഞങ്ങളുടെ സുഹൃത്തുക്കള്‍ ഇവര്‍ക്ക്‌ ഉര്‍സുല എന്ന പേര്‌ നല്‍കിയത്‌. മാര്‍ക്വേസിന്റെ ഏകാന്തതയുടെ ഒരു നൂറ്‌ വര്‍ഷങ്ങളിലെ ജോസ്‌ ആര്‍ക്കേഡിയോ ബുവേന്‍ഡിയൊയുടെ പത്നി ആയ ഉര്‍സുല ബുവേന്‍ഡിയയെ പോലെ - കന്യാകത്വം കാത്ത്‌ സൂക്ഷിക്കാനായി,പൂജ തീവാരി ഇരുമ്പ്‌ കൊണ്ടുണ്ടാക്കിയ അടിവസ്ത്രം ധരിക്കുന്നുണ്ടെന്നാണ്‌ പഴമ്പാലക്കോട്‌കാരനായ പങ്കജാക്ഷന്‍ പറയുന്നത്‌. അവനാണ്‌ ആയമ്മയ്ക്ക്‌ ആ പേരിട്ടതും.

ഒരു ഞായറാഴ്ച്ച,സാവിത്രി സിനിമയില്‍ നിന്നും,ബീഗം മേരി ബിസ്വാസും കണ്ട്‌ തല കറങ്ങി ഗ്രേറ്റര്‍ കൈലാഷ്‌ കോളനി ബസ്സ്‌സ്റ്റാന്റില്‍ ഖാണ്‍പൂര്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഒരു ഓട്ടൊറിക്ഷയില്‍ മാഡം ആ വഴി വന്നു. അവര്‍ എന്നെ വിളിച്ചു. കാല്‍ക്കാജിയില്‍ പോയി വരികയാണെന്നും വേണമെങ്കില്‍ ആ ഓട്ടൊറിക്ഷയില്‍ വീടുവരെ വരാം എന്നും പറഞ്ഞു. ഞാന്‍ താമസിക്കുന്നതിന്റെ തോട്ടടുത്ത എടുപ്പില്‍ ആയിരുന്നു അവരുടെ ഫ്ലാറ്റ്‌. ഞാന്‍ അവരോടൊപ്പം ഓട്ടൊറിക്ഷയില്‍ കയറി.

'നിങ്ങളുടെ സാഹിത്യ സംവാദങ്ങള്‍ ഞാന്‍ പലതവണ കേട്ടിട്ടുണ്ട്‌, കാഫ്ക്കയുടെ ആളാണല്ലെ?' അവര്‍ ചോദിച്ചു

അക്കാലത്ത്‌ ഞങ്ങളുടെ ഓഫീസില്‍ ഒരു ഇംഗ്ലീഷ്‌കാരന്‍ ഉണ്ടായിരുന്നു. അവന്‍ ഇടയ്ക്ക്‌ ഞങ്ങളുടെ വീട്ടില്‍ വരും. രാവേറെ ചെല്ലും വരെ സാഹിത്യം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ മദ്യപാനവും ഉണ്ടാകും. അപ്പോള്‍ ശബ്ദം ഉയരും. ആ ചര്‍ച്ചകളാണ്‌ അവര്‍ സൂചിപ്പിച്ചത്‌
ബഹന്‍ജി ധാരാളം വായിക്കുന്നത്‌ ഞാനും കണ്ടിട്ടുണ്ട്‌ എന്ന് ഞാന്‍

അവര്‍ പിന്നീട്‌ ഒന്നും സംസാരിച്ചില്ല.

ഓട്ടോറിക്ഷ ചിരാഗ്‌ദില്ലിയും ഷേക്ക്‌ സരായിയും കടന്ന് ജാവഹര്‍ലാല്‍ നെഹൃു സ്റ്റേഡിയം താണ്ടി അംബേദ്‌കര്‍ നഗറില്‍ എത്തി. ശിവന്‍കോവില്‍ കഴിഞ്ഞ്‌ മദര്‍ ഡയറിക്കടുത്തെത്തിയപ്പോള്‍ അവര്‍ ഓട്ടോറിക്ഷ നിറുത്താന്‍ ആവശ്യപ്പെട്ടു.എന്നിട്ട്‌ എന്നോട്‌ അവിടെ ഇറങ്ങിക്കോളാന്‍ പറഞ്ഞു.ആ വളവ്‌ കഴിഞ്ഞ്‌ ഒരു പത്ത്‌ മീറ്റര്‍ നടന്നാല്‍ ഞങ്ങളുടെ താമസസ്ഥലങ്ങളായി. ഞാന്‍ അവിടെ ഇറങ്ങി.

പിറ്റേന്ന് വൈകീട്ട്‌ ഞാന്‍ എന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവര്‍ അവരുടെ വീട്ടിന്റെ ബാല്‍ക്കണിയില്‍ വന്നു. അവരുടെ കയ്യില്‍'ജെനറല്‍ ഇന്‍ ഹിസ്‌ ലേബറിന്ത്‌'ഉണ്ടായിരുന്നു. വായിച്ചിട്ട്‌ ഉടനെ തിരിച്ച്‌ തരണം എന്ന് പറഞ്ഞ്‌ അവര്‍ എനിക്ക്‌ ആ പുസ്തകം തന്നു.

പിന്നീട്‌ കുറേ ദിവസങ്ങള്‍ ഞാന്‍ വളരെ തിരക്കിലായിരുന്നു.മാസാവസാനത്തിലെ ടാര്‍ജെറ്റ്‌ പ്രശ്നങ്ങളും മറ്റുമായി ഞാന്‍ വളരെ വൈകുംവരെ ഓഫീസില്‍ കഴിച്ചു കൂട്ടി.

ഒരാഴ്ച കഴിഞ്ഞ്‌ സംഭവങ്ങള്‍ എല്ലാം സാധാരണഗതിയിലായി.അപ്പോഴാണ്‌ ജെനറല്‍ ഇന്‍ ഹിസ്‌ ലേബറിന്തിനെ കുറിച്ചോര്‍ത്തത്‌.എനിക്ക്‌ അത്‌ വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല. തിരിച്ച്‌ കൊടുക്കാം എന്ന് വിചാരിച്ച്‌ ഞാന്‍ ബാല്‍ക്കണിയില്‍ ഏറെ നേരം അവരെ കാത്ത്‌ നിന്നു. അവര്‍ വന്നില്ല.

പിന്നീട്‌ രണ്ട്‌ മൂന്ന് ദിവസങ്ങളിലും ഞാന്‍ അവരെ കാത്ത്‌ നിന്നു. പക്ഷെ വന്നില്ല.

അടുത്ത ദിവസം ഓഫീസിലേക്ക്‌ പോകുംവഴി ഞാന്‍ അവരുടെ ഫ്ലാറ്റില്‍ ചെന്നു. അത്‌ പൂട്ടി കിടക്കുകയായിരുന്നു.

പിന്നീട്‌ സന്ധ്യയ്ക്ക്‌ ഓഫീസില്‍ നിന്നും തിരിച്ച്‌ വരും വഴിയും ഞാന്‍ അവരുടെ വീട്ടില്‍ കയറി. അപ്പോഴും തഥൈവ.

താഴത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന വീട്ടുടമസ്ഥയോട്‌ ഞാന്‍ അവരെ തിരക്കി. അവര്‍ പറഞ്ഞത്‌ കേട്ട്‌ ഞാന്‍ തരിച്ച്‌ നിന്നുപോയി.

'പൂജ നാലഞ്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇരുപത്തി അഞ്ച്‌ വയസ്സ്‌ പ്രായമുള്ള ഒരു സര്‍ദാര്‍ പയ്യന്റെ കൂടെ ഒളിച്ചോടി. തീസ്‌ഹസാരിയിലെ റെജിസ്റ്റര്‍ ഓഫീസില്‍ വെച്ച്‌ വിവാഹിതയായി. ഇതറിഞ്ഞ അവരുടെ പിതാവ്‌- അദ്ദേഹം ഒരു റിട്ടയേര്‍ഡ്‌ പട്ടാള മേയര്‍ ആയിരുന്നു, അപമാനഭാരം സഹിക്ക വയ്യാതെ ഭാര്യയെയും കൂട്ടി വാരണാസിയിലെ അവരുടെ ജന്മനാട്ടിലേക്ക്‌ തിരിച്ച്‌ പോയി

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.

മദ്യം തലയ്ക്ക്‌ പിടിച്ച രാജീവ്‌ ഇങ്ങനെ പറഞ്ഞു

ഉര്‍സുലയുടെ ഇരുമ്പ്‌വസ്ത്രം സര്‍ദാര്‍ജി തകര്‍ത്തല്ലോടാ

അന്ന് രാത്രി,ഞാന്‍ ജെനെറല്‍ ഇന്‍ ഹിസ്‌ ലേബറിന്ത്‌ വായിക്കാന്‍ തീരുമാനിച്ചു. രണ്ടാമത്തെ പേജ്‌ തുറന്നപ്പ്പ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

'ഒറ്റയ്ക്കുള്ള ജീവിതം ദു:സ്സഹമാകുന്നു. എന്റെ കവചം ഞാന്‍ ഉടനെ ഉപേക്ഷിക്കും.. നിങ്ങളുടെ ഉര്‍സുല'

Wednesday, September 13, 2006

പ്രണയ വിശ്ലേഷണങ്ങളെ കുറിച്ച്‌

ആനി..

മദ്യപിച്ച്‌ ഒറ്റക്കിരിക്കുന്ന നിശ്ശബ്ദ നിശകളിലാണ്‌ ആനി മനസ്സിലേക്ക്‌ കടന്ന് വരിക.

ഇന്നലെ രാത്രി മറവിയുടെ ചില്ലുപടുതകള്‍ നീക്കി പൂര്‍വകാലത്തിന്റെ ആഴങ്ങളിലേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ ഒരു ഓര്‍മ്മത്തെറ്റ്‌ പോലെ ആനി മനസ്സില്‍ നിറഞ്ഞു..

ആനി... നീ ഇന്നെവിടെയാണ്‌?

ഞാനില്ലാത്ത,എന്റെ നിഴലില്ലാത്ത ഏതോ ഒരു വിദൂര ഭൂഖണ്ഡത്തില്‍,നീ,സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങള്‍ക്കിടയില്‍ ജീവിയ്ക്കുകയാവാം..

മറന്നു അല്ലേ?

എനിക്കറിയാം.. മറന്നിട്ടുണ്ടാകും

അന്നേ നമ്മള്‍ പറഞ്ഞതല്ലേ.. നീ എന്നെയും ഞാന്‍ നിന്നെയും മറക്കും എന്ന്

എന്നാല്‍,മറവി നിനക്ക്‌ ലഭിച്ച ദൈവാനുഗ്രഹം ആകുമ്പോള്‍,ഓര്‍മ്മ എനിക്ക്‌ കിട്ടിയ കന്യാശാപമാകുന്നു.

എങ്കിലും ആനി...

എങ്ങനെ മറക്കാന്‍ കഴിഞ്ഞു,നമ്മുടെയാ സായം സന്ധ്യകളെ?

ചൂളമരങ്ങളില്‍ കിഴക്കന്‍കാറ്റ്‌ പിടിക്കുമ്പോള്‍,അകലെ ആണ്ടിറങ്ങുന്ന സൂര്യബിംബത്തിന്റെ ശോണിമ നിശ്ശബ്ദരായി നമ്മള്‍ നോക്കി നിന്ന ആലക്തിക സന്ധ്യകളെ?

ശരിയാണ്‌ ആനി.. നീ മറന്നെ പറ്റു..

പ്രണയ വിശ്ലേഷണങ്ങളെ കുറിച്ച്‌ എന്നോട്‌ നിലവിളിച്ച കവിയും വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു..

വാഷര്‍ വുമണ്‍ * പാലത്തിന്‌ മുകളില്‍ നിന്ന് മുഴങ്ങിയ,ഡാന്യൂബിന്റെ തിരകളുടെ സംഗീതം പൊഴിച്ച, ആ വയലിന്‍ ഇന്ന് നിശ്ശബ്ദമാണ്‌

ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെ കാണാനില്ല..
സാര്‍ത്ഥവാഹക സംഘങ്ങളുടെ വരവും നിലച്ചിരിക്കുന്നു..
പഥസഞ്ചലനങ്ങള്‍ ഒടുങ്ങിയ നിശയില്‍,ഞാന്‍ സേനയൊരുഭയോര്‍മദ്ധ്യേ നില്‍ക്കുകയാണ്‌.
ഇനി ബാക്കിയുള്ളത്‌ മഹാപ്രസ്ഥാനം മാത്രമാണ്‌

ശംഖഭൃന്നന്ദകീ ചക്രീ
ശാര്‍ങ്ങ്‌ഗധന്വാ ഗദാധര:
രഥാംഗപാണിരക്ഷൊഭ്യ:
സര്‍വപ്രഹരനായുധാ:

ആയിരം നാമാങ്ങളുള്ള പ്രജാപതി.. ഇരുട്ടിന്റെ ക്രൂരദ്രംഷ്ടകള്‍ക്കിടയില്‍ പെട്ട്‌ ഞാന്‍ മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു..

ആനി ക്ഷമിക്കണം.. ഇനിയും നിന്നെ കുറിച്ച്‌ ഒരക്ഷരം പോലും ഞാന്‍ എഴുതില്ല..



* യൊസേഫ്‌ ബ്രോഡ്‌സ്‌കിയുടെ കവിത

Monday, September 04, 2006

ഞാന്‍ കോടീശ്വരന്‍ ആയ കഥ

കുട്ട്യേടത്തിയുടെ ബ്ലൊഗില്‍ ഇന്തോനേഷ്യന്‍ യാത്രയെ കുറിച്ച്‌ എഴുതിയതു വായിച്ചപ്പോളാണ്‌ ഇത്‌ എഴുതാന്‍ തോന്നിയത്‌

ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു കോടീശ്വരന്‍ ആയത്‌ ഇന്‍ഡൊനേഷ്യയിലെ ബാലി ദ്വീപില്‍ പോയപ്പൊഴാണ്‌

പോകും മുന്‍പ്‌ ഞാന്‍ നമ്മുടെ ബോസ്സിന്റെ അടുത്ത്‌ ചെന്ന് തല ചൊറിഞ്ഞുനിന്നു.

ഹം.. എന്താ?

ബാലി ദ്വീപില്‍ പോയാല്‍ ചിലവാക്കാന്‍ കാശില്ല. ഒരു ആയിരം ഡോളര്‍ വേണം.

ശരി ശരി. രാകേഷിനെ കണ്ട്‌ 45000 രൂപ വാങ്ങിക്കോ. നിന്റെ കഴിഞ്ഞ വര്‍ഷത്തെ LTA,Medical ഇതോടെ തീരും. കെളവന്‍ കനിഞ്ഞു.

അതു കിട്ടിയാല്‍ മകള്‍ക്കൊരു നെക്‍ലേസ്‌ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ്‌ മോഹിപ്പിച്ചതായിരുന്നു. എന്തോ ആകട്ടെ.

അതിന്‌ മുന്‍പ്‌ സിംഗപ്പൂര്‌ പോയപ്പോള്‍ ചിലവിന്‌ തന്നതിലെ 200 ഡോളര്‍ ചിലവാക്കതെ വെച്ചിരുന്നു. അതും കൂടിയപ്പോള്‍ മൊത്തം 1200 ഡോളര്‍ കയ്യില്‍

ഡെന്‍പാസര്‍ Airport ഇല്‍ ഇറങ്ങിയപ്പോള്‍ സംഗതിയെ convert ചെയ്ത്‌ ലവരുടെ നോട്ടാക്കാന്‍ തീരുമാനിച്ചു.

1200 ഡോളര്‍ കൊടുത്ത ഞാന്‍ തിരിച്ച്‌ കിട്ടിയ കാശ്‌ കണ്ട്‌ ഞെട്ടിപ്പോയി

10586355 റുപ്പയ. അതായത്‌ ഒരു കോടി അഞ്ച്‌ ലക്ഷത്തി എന്‍പത്താറായിരത്തി മുന്നൂറ്റി അന്‍പത്തഞ്ച്‌ റുപ്പയ

അങ്ങനെ ഞാന്‍ ആദ്യമായി ഒരു കോടീശ്വരന്‍ ആയി.

പിന്നെ അവിടെ തങ്ങിയ 5 ദിവസവും ഞങ്ങള്‍ തമ്മില്‍ മില്ല്യണിലും ബില്ല്യണിലും ഒക്കെ ആയിരുന്നു കണക്ക്‌

എന്റെ CFO ആര്യാ സാര്‍ ഒരിക്കല്‍ പറഞ്ഞു
എടൈ ഞാന്‍ ഇന്നലെ തന്ന 2 മില്ല്യന്റെ കണക്കെവിടെ?
ഉച്ചയൂണിന്‌ ഒരു ലക്ഷം റുപ്പയ.
ഒരു ചായക്ക്‌ 5000 റുപ്പയ

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ചെന്നൈ ഡീലര്‍ കൊണ്ട്‌പോയ തുണി ഒക്കെ അലക്കാതെ തിരിച്ച്‌ കോണ്ട്‌പോകുന്നതു കണ്ട്‌ ഞാന്‍ ചോദിച്ചു

എന്നാ സെന്തില്‍ തുണി ഒക്കെ Room Serviceil കൊടുത്ത്‌ ക്ലീന്‍ ചെയ്ത്‌ കൊണ്ടു പൊകാമയിരുന്നില്ലേ?
ഒണ്ണൂം സൊല്ലതിങ്കെ സാര്‍.. അവന്‍ ലച്ചം ലച്ചമാന കാശ്‌ കേക്കറേന്‍"

Sunday, September 03, 2006

വീണ്ടും ഖസാക്കിലേയ്ക്ക്‌

ഓത്തു പള്ളിയില്‍ നിലത്തിരുന്ന് അള്ളാപിച്ച മൊല്ലാക്ക കുട്ടികള്‍ക്ക്‌ കഥകള്‍ പറഞ്ഞ്‌ കൊടുക്കുകയാണ്‌

'ഒരു ദിവസം നൂറ്റൊന്ന് കുതിരകള്‍ ഉള്ള ഒരു പട ഖസാക്കില്‍ എത്തി. റബ്ബുല്‍ അലീമാനായ തമ്പുരാനും മുത്തുനബിയും ബദരീങ്ങളുമായിരുന്നു അത്‌. നൂറ്റൊന്ന് കുതിരകളില്‍ നൂറു കുതിരകളും കേടറ്റ കുതിരകളായിരുന്നു. തമ്പുരാനാകട്ടെ ഒരു ചടച്ച പാണ്ടന്‍ കുതിരപ്പുറത്താണ്‌ യാത്ര ചെയ്തിരുന്നത്‌'
'അതെതുക്ക്‌ മൊല്ലാക്ക'?
ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്‌
'അന്ത കുതിരയ്ക്ക്‌ യാരെടാ തൊണൈ? അന്ത കുതിരയ്ക്ക്‌ തൊണൈ പടച്ചോന്‍ ഷേയ്ക്ക്‌ തമ്പുരാന്‍'

2

രാജാവിന്റെ പള്ളിയിലെ നട്ടുച്ച
മൈമൂന അലക്കിയ തുണികള്‍ ഓരോന്നായി അയയില്‍ തോരാനിട്ടു. രവി പായയില്‍ കിടന്ന് അവളെ നോക്കി.

എല്ലാം ഉണങ്ങാനിട്ട്‌ കഴിഞ്ഞപ്പോള്‍ അവള്‍ അടുത്തെത്തി. അവളുടെ അരയില്‍ ഞാന്നു കിടന്നിരുന്ന വെള്ളിക്കൂട്‌ നോക്കി രവി ചോദിച്ചു.
'ഇതെന്താണ്‌ മൈമൂന?'
ഇതാണ്‌ നൈജാമണ്ണന്റെ ജന്ത്രം. ഇതിരിക്കുമ്പോ ഒന്നും വരാത്‌'
'എന്നല്‍ അതങ്ങട്‌ ഊരി വെയ്ക്ക്യാ'

പുറത്ത്‌ മീന വെയില്‍ കനത്തു.

ഉണര്‍ന്നപ്പ്പ്പോള്‍ സായാഹ്നമായിരുന്നു.

രവി കുപ്പിയില്‍ നിന്നും വാറ്റ്‌ ചാരയം കുടിച്ചു.
നിനക്ക്‌ വേണോ മൈമൂന?

കൊടുങ്കൊ

അവള്‍ കുപ്പിയില്‍ നിന്നും വാറ്റു ചാരായം ഈമ്പി കുടിച്ചു.

എങ്ങനെ ഉണ്ട്‌?
ചൂട്‌..സൊഹം.

അപ്പോള്‍ അകലെ ഒരു ആരവം ഉയര്‍ന്നു.

ലായിലാഹ ഇല്ലല്ലാഹ്‌

ഉടുപുടവയില്ലാതെ അവള്‍ ഉയര്‍ന്നു

' ശവം'


3

രവി സാധനങ്ങള്‍ എല്ലാം പെട്ടിയില്‍ അടുക്കി വെച്ചു. ഞാറ്റുപുര പൂട്ടി താക്കോല്‍ ഇറയത്ത്‌ വെച്ചു. രവി ഒന്നു കൂടെ തിരിഞ്ഞ്‌ നോക്കി.

' എന്റെ സായാഹ്നയാത്രകളുടെ അഛാ വിട തരിക, മന്ദാരങ്ങളുടെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂട്‌ വിട്ട്‌ ഞാന്‍ ഇവിടന്നും യാത്രയാകുകയാണ്‌'

പുറത്ത്‌ കാലവര്‍ഷം കനത്തു.ഇടിയൊ മിന്നലൊ ഇല്ലാത്ത പേമാരി.
രവി ബസ്സ്‌ സ്റ്റാന്റിലേക്ക്‌ നടന്നു.
ബസ്സ്‌ വരാന്‍ ഇനിയും നേരമുണ്ട്‌
രവി കല്ലില്‍ ഇരുന്നു
മണ്‍ക്കട്ടകളുടെ വിടവിലൂടെ അവന്‍ ഇഴഞ്ഞെത്തി
പാമ്പിന്റെ മുന്‍പിലേക്കു രവി കാലു നീട്ടി കൊടുത്തു.

പല്ലു മുളച്ച്‌ വരുന്ന ഉണ്ണിക്കുട്ടനെ പോലെ അവന്‍ പാദങ്ങളില്‍ പല്ലുകളമര്‍ത്തി.

പാമ്പ്‌ മാളത്തിലേക്ക്‌ ഇഴഞ്ഞ്‌ പോയി
അനാദിയായ കാലവര്‍ഷം
രോമകൂപങ്ങളില്‍ പുല്‍ക്കൊടികള്‍ കിളിര്‍ത്തു
രവി ബസ്സ്‌ വരാനായി കാത്ത്‌ കിടന്നു.

4

മാധവന്‍ നായര്‍ തിരിഞ്ഞ്‌ നിന്നു.
ഈ ഒരു രാത്രിയില്‍ കൂടെ രവി ഞാറ്റുപുരയില്‍ ഉണ്ടാകും. വേണമെങ്കില്‍ ഒരിക്കല്‍ കൂടെ പോയി വിളിച്ചുണര്‍ത്താം. അല്‍പം കൂടെ സംസാരിക്കാം, എന്നിട്ട്‌ തിരിച്ച്‌ പോകാം. വീണ്ടും ഞാറ്റ്‌ പുരയില്‍ ചെന്ന് രവിയെ വിളിച്ചുണര്‍ത്താം വീണ്ടും തിരിച്ച്‌ പോകാം അങ്ങനെ അങ്ങനെ പുലരുവോളം..
മീസാന്‍കല്ലുകളില്‍ രാത്രി കനത്തു..
ഒരു പാതിരാ കോഴി നീട്ടി കൂവി

മാധവന്‍ നായര്‍ തിരിച്ച്‌ നടന്നു.

5

രണ്ട്‌ ജീവ ബിന്ദുക്കള്‍.. ഉല്ലസിച്ചും ചിരിച്ചും ചെതലിയുടെ ചെരിവുകളില്‍ പൂവിറുക്കാനെത്തി.

ഒരു ജീവ ബിന്ദു പറഞ്ഞു.
'അനിയത്തി ഞാന്‍ ഇവിടെ നില്‍ക്കുന്നു.'
അനിയത്തി പറഞ്ഞു 'എനിക്കിനിയും പോകണം'..

അനിയത്തി.. നീ എന്നെ മറക്കും'

അനിയത്തി പറഞ്ഞു "ഇല്ല"

ഏടത്തി അവിടെ നിന്നു. അവിടെ ഒരു മന്ദാരമരം പടര്‍ന്ന് പന്തലിച്ചു. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി പോയി. മൃതിയുടെ മുലപ്പാല്‍ കുടിച്ച്‌ ചില്ലകള്‍ തിടം വെച്ചു.

കാലങ്ങള്‍ക്ക്‌ ശേഷം ഒരു പെണ്‍കുട്ടി ഒറ്റക്ക്‌ ചെതലിയുടെ ചരിവുകളില്‍ പൂവിറുക്കാനെത്തി. ഒറ്റയ്ക്ക്‌ നില്‍ക്കുന്ന മന്ദാരത്തിന്റെ പൂവിറുത്തപ്പോള്‍ മന്ദാരം പറഞ്ഞു

അനിയത്തി നീ എന്നെ മറന്നു.

6

കൂമങ്കാവില്‍ ബസ്സിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക്‌ അപരിചിതമായി തോന്നിയില്ല. ഇങ്ങനെ മൂന്നാല്‌ ഏറുമാടങ്ങള്‍ക്കിടയില്‍ താന്‍ എന്നെങ്കിലും വന്നെത്തും എന്ന് രവിക്ക്‌ നേരത്തെ തോന്നിയിരുന്നു. ജന്മബന്ധങ്ങളുടെ തോന്നലുകള്‍.

സര്‍ബത്ത്‌ കടയിലെ നരക പടം തന്നെയും കാത്ത്‌ കാലങ്ങളായി അവിടെ തൂങ്ങി കിടക്കുകയാണെന്ന് രവിക്ക്‌ തോന്നി.

രവി പെട്ടി ആ കാരണവരുടെ തലയില്‍ എടുത്ത്‌ വെച്ചു കൊടുത്തു

'ഇഞ്ഞെങ്ങണ്ടാണ്‌' ( ഇനി എങ്ങോട്ടാണ്‌)
ഇനി..

വയലേലകളില്‍ പതിഞ്ഞ കാറ്റ്‌ വീശി

ഇനി ഖസാക്കിലേക്ക്‌...



ഖസാക്ക്‌ കാലമാകുന്നു..
രവി മനുഷ്യനും
കാലവും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധമാണ്‌ ഇതിഹാസം

( ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്‌. തെറ്റ്‌ വല്ലതും ഉണ്ടെങ്കില്‍ ക്ഷമിക്കുക)