Wednesday, August 23, 2006

വാസുദേവന്‍ വാഴുമിടങ്ങള്‍-2

വ്യാപ്താമേ രോദസീ പാര്‍ത്ഥാ
കാന്തിശ്ച്യാഭ്യധികാ മമ
ക്രമണാച്ചാവ്യൂഹം പാര്‍ത്ഥാ
വിഷ്ണുരിത്യഭി സംജ്ഞിത:

ഹേ പാര്‍ത്ഥാ
ആകാശത്തിലും ഭൂമിയിലും ഞാന്‍ ഒരു പോലെ നിറഞ്ഞ്‌ നില്‍ക്കുന്നു.എനിക്കെ മറ്റെല്ലാത്തിലും അധികമായ ശോഭയുണ്ട്‌. മൂന്ന് കാലടിയാല്‍ ഞാന്‍ മൂന്നു ലോകങ്ങളേയും അളന്നെടുത്തു.അതിനാല്‍ ഞാന്‍ വിഷ്ണുവെന്ന് അറിയപ്പെടുന്നു.

അന്തര്യാമിരൂപേണയും ബഹിര്യാമി രൂപേണയും ജഗത്തില്‍ പ്രവേശിക്കുന്നവന്‍ എന്നത്രെ വിഷ്ണു എന്ന വാക്കിനര്‍ത്ഥം

നാരത്തിന്‌ ഇരിപ്പിടമായവന്‍.. നാരാത്തിന്‌ എന്നാല്‍ ഇഷ്ടജനത്തിന്‌
നാരത്തില്‍ - വെള്ളത്തില്‍ ശയിക്കുന്നവന്‍
നാരങ്ങളില്‍ -മനുഷ്യ ശരീരങ്ങളില്‍ അവതാരങ്ങളായി ജന്മം പൂണ്ടവന്‍.. അവനത്രേ നാരായണന്‍..


വില്ല്വാദ്രിയിലെ ശ്രീരാമചന്ദ്രന്‍


കശ്യപ പ്രജാപതിയുടെ പുത്രനായ ആമലകന്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി തിരുവില്ല്വാമലയിലെത്തി വില്വാദ്രി മലയില്‍ കഠിന തപസ്സ്‌ തുടങ്ങി. തപസ്സിന്റെ പ്രധാന ഭാഗം പുനര്‍ജ്ജനി നൂഴലാണ്‌. പാപനാശിനീ തീര്‍ത്ഥക്കരയില്‍ നിന്ന് വില്ല്വാദ്രിമല വരെ നീണ്ട്‌ കിടക്കുന്ന പുനര്‍ജ്ജനി ഗുഹ ഒരു തവണ നൂണ്ട്‌ കയറാന്‍ രണ്ട്‌ നാഴിക എങ്കിലും വേണം. ആമലകന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ഗുഹാമുഖത്ത്‌ പൂജ നടത്തി നൂഴല്‍ തുടങ്ങും.

പന്ത്രണ്ടര വര്‍ഷങ്ങള്‍ കൊണ്ട്‌ അന്‍പതിനായിരം തവണ തികയ്ക്കണം.

തപസ്സിന്റെ കാഠിന്യം കണ്ട്‌ ദേവേന്ദ്രന്‍ ഭയന്നു. ഇത്രയും കടുത്ത ഒരു തപസ്സ്‌ എന്തിനാണ്‌. തന്റെ സ്ഥാനം കരസ്ഥമാക്കനാണോ?

ദിവസങ്ങളോളം തോരാത്ത മഴ പെയ്യിച്ച്‌ തപസ്സിന്‌ ഭംഗം വരുത്താന്‍ നോക്കി. ഗുഹയില്‍ വെള്ളം നിറഞ്ഞു.ആമലകന്‍ ആ വെള്ളത്തിലൂടെ നീന്തി കയറി തന്റെ യജ്ഞം നിര്‍വിഘ്നം തുടര്‍ന്നു.

അവസാനം ദേവേന്ദ്രന്‍ കാശ്യപപ്രജാപതിയുടെ അടുത്തെത്തി. എങ്ങനെ എങ്കിലും തപസ്സ്‌ മുടക്കി തന്റെ സ്ഥാനം സുരക്ഷിതമാക്കി തരണം എന്നപേക്ഷിച്ചു.പുത്രന്റെ ഇംഗീതം നേരത്തേ അറിയാമായിരുന്ന പൂജ്യകാശ്യപന്‍ ദേവേന്ദ്രനെ സമധാനിപ്പിച്ചു.

ദേവരാജാ.. അങ്ങ്‌ ആമലകനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അയാള്‍ക്ക്‌ സ്വര്‍ഗ്ഗാതിപത്യത്തില്‍ തരിമ്പും താല്‍പര്യമില്ല. അനശ്വരമായ ഭഗവത്‌ഭക്തി മാത്രമാണ്‌ അയാളുടെ ലക്ഷ്യം. ഇന്ദ്രന്‌ സമാധാനമായി.

ഇന്ദ്രന്‍,ആമലകനില്‍ പ്രീതി വളരണമേ എന്നപേക്ഷിച്ചുകൊണ്ട്‌ വൈകുണ്ഠത്തിലെത്തി .എല്ലമറിയാവുന്ന വൈകുണ്ഠനാഥന്‍ ഇന്ദ്രനോട്‌ പറഞ്ഞു.' ഞാന്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള ശ്രീരാമാവതാരം ഉടനെ തന്നെ വില്ല്വാദ്രിയിലെത്തി ആമലകന്‌ ദര്‍ശനം നല്‍കും.'

പുനര്‍ജ്ജനി നൂഴല്‍ അന്‍പതിനായിരം തികയുന്ന മുഹൂര്‍ത്തത്തില്‍,വനവാസത്തിലായിരുന്ന ശ്രീരാമചന്ദ്രന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം ആമലകന്‌ മുന്‍പില്‍ എത്തി. വിഷ്ണു സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ആമലകന്‍ ശ്രീരാമചന്ദ്രനോട്‌ പറഞ്ഞു.'എനിക്ക്‌ ഭഗവാനെ പൂര്‍ണ്ണരൂപത്തില്‍ കാണണം'

അപ്പോള്‍,ആമലകന്റെ നിഷ്കാമ ഭക്തിയില്‍ സംപ്രീതനായ ഭഗവാന്‍, ശംഖചക്രഗദാപദ്‌മധാരിയായി,‍ദേവിമാരാല്‍ പരിസേവിതനായി,ആദിശേഷന്റെ പത്തി വിടര്‍ത്തിയ കുടയ്ക്ക്‌ കീഴെ നിന്ന് കൊണ്ട്‌ ദര്‍ശനം നല്‍കി. എന്താണ്‌ അഭീഷ്ടം എന്ന് ചോദിച്ചു.

ആമലകന്‍ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു
അവിടുന്നില്‍ അചഞ്ചലമായ ഭക്തി അടിയനിലുണ്ടാകാന്‍ അനുഗ്രഹിക്കണം. അടിയന്‌ നല്‍കിയ ഈ ദര്‍ശനം എല്ലാവര്‍ക്കും ലഭിക്കാന്‍ കനിയണം.

ആമലകന്റെ അഭീഷ്ടം സാധിപ്പിക്കന്‍വേണ്ടി,വൈകുണ്ഠപുരനാഥന്‍ അവിടെ,വില്ല്വാദ്രിയിലെ തീര്‍ഥസ്ഥാനത്ത്‌ ശ്രീരാമചന്ദ്ര രൂപത്തില്‍ സ്വയംഭൂവായി. അനന്തനെ കിഴക്കേ നടയില്‍ ലക്ഷ്മണനായി കാവലിരുത്തി


കുറിപ്പ്‌ : ശ്രീ. ടി.ആര്‍.ശങ്കുണ്ണി എഴുതിയ ഒരു ലേഖനമാണ്‌ ഇതിന്‌ ആധാരം. എന്നാല്‍ ആ ലേഖനത്തില്‍നിന്ന് ഞാന്‍ അല്‍പം വ്യതിചലിച്ചിട്ടുണ്ട്‌. എന്റെ തറവാട്‌ തിരുവില്വാമലയ്ക്കടുത്താണ്‌. ക്ഷേത്രത്തെ കുറിച്ചുള്ള കേട്ട്‌ കേള്‍വികള്‍ ഞാന്‍ ഒരു തിരുത്തായി ഉപയോഗിച്ചിട്ടുണ്ട്‌

21 comments:

കണ്ണൂസ്‌ said...

ഏട്ടേ, അനന്തനെ ലക്ഷ്‌മണനായി കാവലിരുത്തി എന്നയിടത്ത്‌ ഞാന്‍ വേറൊരു രൂപഭേദമാണ്‌ കേട്ടിട്ടുള്ളത്‌.

കിഴക്കേ നടയില്‍ ഇപ്പോഴുള്ള ലക്ഷ്‌മണ പ്രതിഷ്ഠയായിരുന്നത്രേ ആദ്യം വില്വാമലയില്‍ ഉണ്ടായിരുന്ന വിഷ്ണു ചൈതന്യം. ക്ഷത്രിയ നിഗ്രഹവും പിതൃതര്‍പ്പണവും കഴിഞ്ഞ്‌, പാപശമനത്തിനായി പരശുരാമന്‍ മഹേശ്വരനെ പ്രാര്‍ത്ഥിച്ചുവെന്നും, സന്തുഷ്ടനായ ശിവന്‍ താന്‍ പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം പരശുരാമന്‌ കൈമാറിയെന്നും ഐതിഹ്യം. ഈ വിഗ്രഹമാണ്‌ കിഴക്കേ നടയിലുള്ളത്‌. (പരശുരാമന്‍ പിതൃതര്‍പ്പണം നടത്തിയ സ്ഥലം എന്ന നിലയിലാണ്‌ ഐവര്‍ മഠം ആദ്യമായി മരണാനന്തര ക്രിയകള്‍ക്ക്‌ ഉപയോഗിക്കപ്പെട്ടത്‌. പിന്നെ പാണ്ഡവരുമായി ചേര്‍ന്ന ഐതിഹ്യത്തിനു ശേഷം ഇത്‌ കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചു).

രാമദര്‍ശനത്തിനു ശേഷം ആമലകന്‍ വിഷ്ണു ചൈതന്യം പൂജിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ സ്വയംഭുവായി പ്രത്യക്ഷപ്പെട്ടതാണ്‌ പടിഞ്ഞാറെ നടയിലെ പ്രതിഷ്ഠ. താരക മന്ത്രം ഉരുക്കഴിച്ച്‌ ആമലകന്‍ ആരാധന തുടര്‍ന്നപ്പോള്‍ വിഷ്ണു ചൈതന്യം പടിഞ്ഞാറെ നടയിലേക്ക്‌ സംഗമിക്കുകയും, തുടര്‍ന്ന് കിഴക്കേ നടയിലെ പ്രതിഷ്ഠയില്‍ ലക്ഷ്മണനേ (അനന്തനെ) ശാസ്താവും ആമലകനും ചേര്‍ന്ന് കുടിയിരുത്തുകയും ചെയ്തു. ഇരുവര്‍ക്കും ഇടക്കുള്ള ഗണപതി പ്രതിഷ്ഠയും പടിഞ്ഞാറെ ചുറ്റമ്പലത്തിനു പുറത്തുള്ള ആഞ്ജനേയ പ്രതിഷ്ഠയും ആമലകനും ശാസ്താവും ചേര്‍ന്ന് നടത്തിയതാണ്‌. തുടര്‍ന്ന് ശാസ്താവ്‌ കുണ്ടിലയ്യപ്പനായും, ആമലകന്‍ തപസ്സിരുന്ന സരസ്വതി കുണ്ട്‌ ദേവീ പ്രതിഷ്ഠയായും തീര്‍ന്നു.

ദേവചൈതന്യം വളരെ കൂടിയപ്പോള്‍, അത്‌ കുറക്കാന്‍ അസുരന്‍മാര്‍ നടത്തിയ കുപ്രയോഗങ്ങളുമായി ബന്ധപ്പെട്ടാണ്‌ രാക്ഷസപ്പാറയുടേയും മൂരിക്കുന്നിന്റേയും ഐതിഹ്യങ്ങള്‍.

പെരിങ്ങോടന്‍ said...

കണ്ണൂസേ ഈ Assyrians തിരുവില്വാമല വരെയും വന്നെത്തിയോ ;)

ഏട്ടനോ അനിയനോ ആരാച്ചാല്‍ ഐവര്‍മഠത്തിന്റെ ഐതിഹ്യം ഒന്നു പറഞ്ഞു തരൂ, ഐവരെന്നാല്‍ പാണ്ഡവരെന്നു് ഊഹിക്കുന്നതല്ലാതെ വേറൊന്നും അറിവില്ല. അതുപോലെ തന്നെ തിരുവില്വാമലയുടെ സ്ഥലനാമപുരാണമെന്താണു്? വില്വാദ്രിയുമായി ബന്ധപ്പെട്ടാണോ?

കണ്ണൂസ്‌ said...

പെരിങ്ങ്‌സേ, തിരുവില്ല്വാമലയുടെ സ്ഥലനാമപുരാണം ഉറപ്പില്ല. വില്വാദ്രീനാഥന്റെ മല എന്നും വില്ല്വനും (വില്വമംഗലം) ആമലനും ചേര്‍ന്നത്‌ എന്നും പറയപ്പെടുന്നുണ്ട്‌.

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പിതൃതര്‍പ്പണം ചെയ്യാന്‍ വ്യാസന്‍ ഉപദേശിച്ചതനുസരിച്ച്‌ പാണ്ഡവര്‍ ഐവര്‍ മഠത്തില്‍ വന്ന് ബലിയിട്ടുവത്രേ. പാണ്ഡവര്‍ സ്ഥാപിച്ചതാണ്‌ ഐവര്‍ മഠത്തിലെ ക്ഷേത്രം എന്ന് ഐതിഹ്യം. അതു കൂടാതെ അവര്‍ വേറെയും രണ്ട്‌ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്ന് കോതക്കുറിശ്ശിയാണ്‌. രണ്ടാമത്തേത്‌ എവിടെയാണെന്ന് ഓര്‍ക്കുന്നില്ല.

തഥാഗതന്‍ said...

കണ്ണൂസ്‌
ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച്‌ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്‌. ഞാന്‍ പറഞ്ഞത്‌ ഒരു വിധം പരക്കെ ആളുകള്‍ വിശ്വസിക്കുന്ന ഒന്നാണ്‌.പക്ഷെ ശ്രീരാമനായി മഹാവിഷ്ണു സ്വയംഭൂവായതിനു ശേഷമാണ്‌ അനന്തസംഭവന്‍ ഉണ്ടായതെന്നത്‌ അധികം തര്‍ക്കത്തിന്‌ വഴിയില്ലാത്ത ഒരു കാര്യമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌

പെരിങ്ങോടന്‍

മഹാപ്രസ്ഥാനത്തിനിറങ്ങിയ പാണ്ഡവര്‍,പാഞ്ചാലിയുടെ മരണത്തിന്‌ ശേഷം ഇവിടെ എത്തി എന്നും,ഇവിടെ വെച്ച്‌,യുദ്ധതില്‍ മരിച്ച്‌ കൌരവര്‍ക്കും മറ്റു പിതൃക്കള്‍ക്കും ഉദക ക്രിയ നടത്തിയെന്നും അങ്ങനെ ഇത്‌ ഐവര്‍ മഠമായെന്നും ഒരു കഥ ഉണ്ട്‌. ഇത്‌ കേട്ടപ്പോള്‍ ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരിയും (സംഭവങ്ങള്‍ ദില്ലിക്കടുത്തനല്ലൊ) ഒക്കെ വാണിരുന്ന പാണ്ഡവര്‍ ഇതുവരെ നടന്ന് വന്നിട്ടുണ്ടാകുമൊ എന്നൊരു സംശയം എനിക്കുണ്ടായി..

പക്ഷേ ശ്രീരാമന്‍ ഇവിടെ വന്നിരുന്നു എന്ന കാര്യത്തില്‍ ഞാന്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല.അത്‌ സംഗതി ഉറപ്പാണ്‌

വില്ല്വാദ്രിനാഥന്‍ വാഴുന്നിടം തിരുവില്ല്വാമലയായി മാറുകയായിരുന്നു.. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലാണല്ലൊ.

പെരിങ്ങോടന്‍.. ഈ ആമക്കാവില്‍ മഹാവിഷ്ണുവിന്റെ കൂര്‍മ്മാവതരമാണെന്ന് പറയുന്നത്‌ ശെരിയാണൊ? ഞാന്‍ ഇതുവരെ അവിടെ പോയിട്ടില്ല.

സിദ്ധാര്‍ത്ഥന്‍ said...

പുറമേ, തിരുവില്വാമലയില്‍ രാമന്‍ നാരീവേട്ടയ്ക്കിറങ്ങിയെന്നും മറ്റും ഉള്ള ഒരു കഥയും കേട്ടിട്ടുണ്ടല്ലോ. രാമലക്ഷണത്തിനു ചേര്‍ന്നതല്ലെങ്കിലും അല്പം വിശദമായാണാ കഥ. തിരിച്ചെത്താന്‍ വൈകിയ രാമനുപകരം ലക്ഷ്മണന്‍ പൂജ കൊണ്ടുവത്രേ. പക്ഷേ പൂജാരിയുടെ ഏകാഗ്രതയും ഭക്തിയും കൊണ്ടു് അര്‍ച്ചന കൃത്യമായി രാമപാദങ്ങളില്‍ തന്നെ പതിച്ചുവത്രേ. ഞെട്ടിയെഴുന്നെറ്റോടി വന്ന രാമനു് ശുദ്ധിയില്ലായ്മയാല്‍ വിഗ്രഹത്തോടടുക്കാനും സാധിച്ചില്ലെന്നൊക്കെയാണു് കഥ. തിരുവില്വാമലപരിസരങ്ങളില്‍ സുന്ദരിമാരുണ്ടാവാതിരിക്കട്ടേ എന്നു് ലക്ഷ്മണന്‍ ശപിച്ചതായും കേട്ടിട്ടുണ്ടു്.
അങ്ങനെ വല്ല ഐതീഹ്യവുമുണ്ടോ? അതോ എനിക്കിതു പറഞ്ഞുതന്നയാളിന്റെ മാത്രം സൃഷ്ടിയാണോ?
(ആണെന്നു പറഞ്ഞാലും ഏട്ട കുടുങ്ങും;-) )

പെരിങ്ങോടന്‍ said...

ആമക്കാവില്‍ ഭഗവതിയാണു്; ദാരിക വധത്തിനു ശേഷവും രൌദ്രഭാവം കൈവിടാതെ കഴിയുമ്പോള്‍ ലോകനന്മയെ ലക്ഷ്യമാക്കി ശിവന്‍ മനപ്പൂര്‍വ്വം ഭഗവതിയുടെ കാല്‍ച്ചുവട്ടില്‍‍ ചെന്നു കിടക്കുന്നുണ്ടല്ലോ, അച്ഛനെ ചവുട്ടിയ വ്യസനത്താല്‍ ദേഷ്യം കെട്ടുപോയ ഭഗവതിയാണു് ആമക്കാവിലെ പ്രതിഷ്ഠയെന്നു തോന്നുന്നു. സ്ഥലനാമപുരാണങ്ങളില്‍ കൂര്‍മ്മവുമായി ബന്ധപ്പെട്ടൊന്നും എന്റെ അറിവിലില്ല, വിഷ്ണു ഉപദേവതയായിട്ടുകൂടിയില്ലെന്നാണു തോന്നുന്നതു്.

തിരുവില്വാമലയും പെരിങ്ങോടും ശ്രീരാമക്ഷേത്രങ്ങളുണ്ടല്ലേ, പൂമുള്ളി അവിടെ ഭക്തനായതുകൊണ്ടാണോ ആവോ ഇവിടെ ക്ഷേത്രം പണിയിച്ചതു് :)

സിദ്ധാര്‍ത്ഥാ, രാമനും ലക്ഷ്മണനുമെല്ലാം ഒരു തരത്തില്‍ വലിയൊരു മിത്തല്ലേ, എത്രയോ രാമായണങ്ങളുണ്ടു്, എത്ര രാമന്മാര്‍ ജനിക്കുന്നു മരിക്കുന്നു (തഥാഗതന്റെ ഭക്തിയെ ചോദ്യം ചെയ്തില്യാട്ടോ)

തഥാഗതന്‍ said...

പെരിങ്ങൊടന്‍
ഞാന്‍ അത്ര വലിയ ഭക്തശിരൊമണി ഒന്നും അല്ല. ദൈവത്തില്‍ വിശ്വാസം ഉണ്ട്‌. അത്‌ സത്യമാണ്‌. അതും ഇയ്യിടെ തുടങ്ങിയതാണ്‌. പ്രത്യയശാസ്ത്രങ്ങള്‍ ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ ദൈവത്തില്‍ ആശ്വാസം കണ്ടെത്തുക എന്ന,ഏതു കമ്മ്യൂണിസ്റ്റ്‌കാരനും പറ്റാവുന്ന ഒരു പരിണാമമെ എനിക്കും സംഭവിച്ചിട്ടൊള്ളു.

പിന്നെ പുരാണങ്ങളിലും മിത്തുകളിലും ഒക്കെ വലിയ താല്‍പര്യം പണ്ട്‌ മുതലേ ഉള്ളതാണ്‌

പിന്നെ സിദ്ധാര്‍ത്ഥന്‍ പറഞ്ഞ സംഭവം ആരുടേയോ ഭാവനാ സൃഷ്ടിയാണ്‌. ഞാന്‍ ഇന്നേവരെ ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല.. തന്നെയുമല്ല രാമന്‍ അത്തരക്കാരന്‍ ഒന്നുമല്ല. പുള്ളി മര്യാദാപുരുഷോത്തമന്‍ ആണ്‌.സ്വന്തം ഭാര്യയുടെ ചാരിത്രത്തെ വരെ സംശയിച്ച്‌ ഉപേക്ഷിച്ച പുള്ളിക്കാരന്‍,ഈ പണിക്ക്‌ പോകുമോ?

കണ്ണൂസ്‌ said...

പരശുരാമ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഐതിഹ്യം മിക്കവാറും എല്ലാ കഥയിലും കേട്ടിട്ടുണ്ട്‌. അത്‌ ശ്രീ വില്വാദി ചരിതത്തിലും ഉണ്ട്‌. (പുസ്തകം നടക്കല്‍ നിന്ന് വാങ്ങാന്‍ കിട്ടും.) കിഴക്കേ നടയിലെ പ്രതിഷ്ഠ ആയിരുന്നു ക്ഷേത്രത്തിലെ ആദ്യത്തെ ആരാധനാമൂര്‍ത്തി എന്നാണ്‌ മിക്കവാറും എല്ലാവരും പറയുന്നത്‌.

സിദ്ധു, അങ്ങിനെ ഉപകഥകള്‍ ഒരുപാട്‌ കേട്ടിട്ടുണ്ട്‌. കുണ്ടിലയ്യപ്പനേയും ഭഗവതിയേയും കണക്റ്റ്‌ ചെയ്തും ഉണ്ട്‌ ഇങ്ങനെ ഒരു ചവിട്ടു കൊണ്ട സരസകഥ.

തിരുവില്ല്വാമലയിലെ പടിഞ്ഞാറെ നടയിലുള്ള ആലില്‍ ഒരു പല്ലി ഉണ്ട്‌. കൃഷ്ണ ചൈതന്യം ആണ്‌ അതെന്ന് വിശ്വാസം. അങ്ങിനെയിങ്ങനെയൊന്നും മൂപ്പരെ കാണാന്‍ പറ്റില്ല. കണ്ടാല്‍ വലിയ ഭാഗ്യമാണെന്ന് പറയുന്നു. ഞാന്‍ രണ്ട്‌ തവണ കണ്ടിട്ടുണ്ട്‌.

അരവിന്ദ് :: aravind said...

എന്നാ ഒരു ബന്ധമില്ലാത്ത കഥ പറയാം.
ചെങ്ങനൂര്‍ ദേവി തൃപ്പൂത്താവുന്നത് പ്രസിദ്ധമാണല്ലോ! സതി മരിച്ചപ്പോള്‍ ശിവന്‍ എല്ലാം മറന്ന് സതിയുടെ കരിഞ്ഞ ശരീരവും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞുകൊണ്ടിരുന്നുവത്രേ..സംഹാരത്തിന്റെ അധിപനായ ശിവന്‍ ഇങ്ങനെ നിരുത്തരവാദപരമായി കഴിയുന്നത് കണ്ട് വിഷ്ണുവും ബ്രഹ്മനും കൂടി തീരുമാനിച്ചാലോചിച്ച് ഒരു വേള ശിവന്റെ കണ്‍‌തെറ്റിയ നിമിഷത്തില്‍ മഹാവിഷ്ണു സുദര്‍ശനം കൊണ്ട് സതീദേവിയുടെ ഉടല്‍ മൂന്നായി മുറിച്ച് ഭൂലോകത്തില്‍ പതിപ്പിച്ചു പോലും. അതില്‍ അരഭാഗം വന്ന് വീണത് ചെങ്ങന്നൂരാണെന്ന് ഐതിഹ്യം.
ഇനി കണ്ടമ്പററി കഥ : ചെങ്ങന്നൂരമ്പലത്തില്‍ ഇടക്കിടെ ഒരു മദ്ധ്യവയസ്കയെകണ്ടിരുന്നു(ഇന്നുണ്ടോ എന്നറിയില്ല).മുഖം തീ പോലെയാണ് തിളങ്ങുന്നത്. സുന്ദരി എന്ന് പറഞ്ഞാല്‍ കുറവാകും. പക്ഷേ മുടി ജഡയാണ്. കട്ട ജഡ. രുദ്രാക്ഷം വളരെയേറെ ധരിച്ചിരിക്കുന്നു. അവരെക്കുറിച്ച് കേട്ട കഥയാണ്.
പേരുകേട്ട തറവാട്ടിലെ ഇപ്പോഴത്തെ തലമുറയാണ് പോലും. അവിടുത്തെ ഒരു കാരണവര്‍ ചെങ്ങന്നൂരപ്പന്റെ ഒരു ആഭരണത്തില്‍ ഭ്രമിച്ച്, രാത്രി അത് കൈക്കലാക്കാം എന്ന് കരുതി ശ്രീകോവിലിലെത്തിയത്രേ. അപ്പോ അതാ നില്‍ക്കുന്നു കൊടിമരത്തോളം പോന്ന ഒരു രൂപം, വാതില്കല്‍ വഴി മുടക്കി. വഴി മാറാന്‍ പറഞ്ഞപ്പോള്‍ കാരണവരെ ഒരു ഞോണ്ട് കൊടുത്ത് തള്ളിയിട്ടു പോലും.
കാരണവര്‍ തിരിച്ചുപോന്നു. പിറ്റേ ദിവസവും രാത്രി പോയി നോക്കിയപ്പോള്‍ ഇതു തന്നെ വീണ്ടും.
അടുത്ത ദിവസം കാരണവര്‍ തീണ്ടാരിയായ ഭാര്യയുടെ അടിമുണ്ട് തോളത്തിട്ട് നടയില്‍ ചെന്നത്രേ. ആരുമില്ല. മാലയെടുത്ത് തിരിച്ചു പോന്നു.
അന്ന് കാരണവര്‍ സ്വപ്നം കണ്ടു പോലും, ആ വീട്ടില്‍ ആണുങ്ങള്‍ വാഴില്ലാ എന്നും പെണ്ണുങ്ങള്‍‌ക്കെല്ലാം ജന്മനാ ജഡയുണ്ടാകും എന്നും.
സംഗതിയുടെ പരിണാമം ശരിയാണ് എന്നറിയാന്‍ കഴിഞ്ഞു. ആ തറവാട് ക്ഷയിച്ചു, പക്ഷേ ആണ്‍‌കുട്ടികള്‍ ഒക്കെ ദുര്‍മ്മരണം സംഭവിച്ചു മരിച്ചു പോയിരിക്കുന്നു. പെണ്ണുങ്ങള്‍‌ക്കെല്ലാം ജഡയുണ്ടെന്നും അറിവായി. ജഡ എന്നു വച്ചാല്‍ കട്ടിമുടി. അസാധാരണമായത്.
തെറ്റോ ശരിയോ..കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

ഓഫിനു മാപ്പ്.

-സു‍-|Sunil said...

“നിര്‍വിഗ്നം“ അക്ഷരത്തെറ്റ് ഏട്ടേ... ഇതുമാതിരി കഥകള്‍ എഴുതുമ്പോള്‍ തെറ്റുകാണ്ടാല്‍ ഒരു വിഷമം.
നാട്ടില്‍ പോയപ്പോള്‍ തിരുവില്വാമലയിലും പോയി. അവിടുത്തെ ശന്തിക്കാരന്‍ എന്റെ ബന്ധുവാണ്. പുനര്‍ജ്ജനി ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ എല്ലായ്പ്പോഴും പോകാന്‍ തോന്നുന്ന ഒരമ്പലമാണത്‌.
ഓ.ടോ. പെരിങോടാ, എനിക്കവിടെനിന്നും കാവാലം ശ്രീകുമാറിന്റെ രാമായണം സീഡികള്‍ കിട്ടി! വെറും നൂറ്റമ്പതുരൂപാ ഒറിജിനല്‍ “ജോണി സാഗരിക“ പതിപ്പ്‌.

തഥാഗതന്‍ said...

സുനില്‍
തെറ്റ്‌ ചൂണ്ടിക്കാണിച്ചതിന്‌ നന്ദി

തിരുത്തിയിട്ടുണ്ട്‌

സുനില്‍ പറളിക്കാരന്‍ ആണൊ?

തഥാഗതന്‍ said...

പെരിങ്ങൊടന്‍

അദ്ദേഹം കറുകപുത്തൂരില്‍ നിന്നുള്ള ഒരു യുവ കേസരിയായിരുന്നു..
നരസിംഹമൂര്‍ത്തീ ക്ഷേത്രത്തിനടുത്താണ്‌ വീട്‌

യഥാര്‍ത്ഥ നാമധേയം മറന്നുപോയി

ലാലേട്ടന്‍... said...

തിരുവില്വാമലയില്‍ ഒരു ഹനുമാന്‍ പ്രതിഷ്ട കൂടിയില്ലേ? അവിടെ വട മാല വഴിപാട് വിശേഷമാണെന്നു കേട്ടിട്ടുണ്ട്. ഇവിടെ അതാരും പരാമര്‍ശിച്ചു കണ്ടില്ല.

ലാലേട്ടന്‍...

Anonymous said...

ചേട്ടായി
ഞാന്‍ എന്റെ ബ്ലോഗില്‍ ചേട്ടന്റെ കമന്റിന് ഒരു മറുപിടി വെച്ചിട്ടുണ്ടെ.. ഞാന്‍ ബ്ലോഗര്‍ ബീറ്റായില്‍ ആയതുകൊണ്ടും ഏവൂരാന്‍ ചേട്ടന്‍ ടെസ്റ്റ് ചെയ്തോണ്ടിരിക്കുന്നതുകൊണ്ടും കമന്റൊന്നും പിന്മൊഴിയില്‍ വരില്ലാട്ടൊ.. സമയം കിട്ടുവാ‍ണെങ്കില്‍ നോക്കണെ...ഒത്തിരി താങ്ക്സ്.

കണ്ണൂസ്‌ said...

സുനിലേ, തിരുവില്ല്വാമലയില്‍ ശാന്തി "പരശുദായവര്‍" എന്നറിയപ്പെടുന്ന ഒരു മൂസ്സത്‌ കുടുംബത്തിനാണ്‌ എന്ന് കേട്ടിട്ടുണ്ട്‌. ( ഏട്ടേ, ഈ ഇന്‍ഫൊ ഇന്നലെ ഒരാളെ വിളിച്ചപ്പ്പ്പോള്‍ കിട്ടിയത്‌. അത്‌ ആ പരശുരാമ ഐതിഹ്യത്തിന്‌ അടിവരയിടുന്നു). ശരിയാണോ?

ലലേട്ടാ, ആഞ്ജനേയ പ്രതിഷ്ഠയുടെ കാര്യം ഞാന്‍ എഴുതിയിരുന്നു. വടമാല വിശേഷപ്പെട്ട വഴിപാട്‌ തന്നെ. ഉപ്പ്‌ മാത്രം ഇട്ട വടക്ക്‌ ഇത്ര ടേസ്റ്റ്‌ വരുന്നതെങ്ങിനെയാണെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്‌.

തഥാഗതന്‍ said...
This comment has been removed by the author.
തഥാഗതന്‍ said...

പാഴ്‌സികളും പെരിങ്ങോട്‌കാരും.

വിചിത്രങ്ങളായ പേരുകള്‍ ഉള്ളവരാണ്‌ പാര്‍സികള്‍.
എന്‍ജിനീയര്‍ എന്ന പേരുള്ള ദന്തവൈദ്യനും ഡോക്ടര്‍ എന്നു പേരുള്ള എന്‍ജിനീയറും വക്കീല്‍ എന്ന് പേരുള്ള മരാശാരിയും പാര്‍സികളുടെ ഇടയില്‍ ധാരാളം

ഇങ്ങനെ ഒരു കുറിപ്പ്‌ എഴുതാന്‍ തോന്നാന്‍ കാരണം,ജ്യോതിഷ രത്നം എന്ന മാസികയില്‍ ദോഷപരിഹാരങ്ങള്‍ എന്ന സംഗതി എഴുതുന്ന ആളുടെ പേര്‌ കണ്ടപ്പോള്‍ ആണ്‌

ജ്യോല്‍സ്യന്‍ പെരിങ്ങോട്‌ എന്‍ജിനീയര്‍ ശങ്കരനാരായണന്‍

എന്താ ഇങ്ങനെ ഒരു പേര്‌ ഇദ്ദേഹം വെയ്ക്കാന്‍ കാരണം എന്ന് എനിക്ക്‌ ആലോചിക്കാതെ തന്നെ മനസ്സിലായി

കാരണം പെരിങ്ങൊടില്‍ ശങ്കരനാരായണന്‍ എന്ന് പേരുള്ള ഒരു ഡോക്ടറും ഉണ്ട്‌. അപ്പോള്‍ പിന്നെ ആളുകള്‍ തെറ്റിദ്ധരിക്കരുതല്ലൊ.

(ലോക പ്രസിദ്ധരായ ജ്യോല്‍സ്യന്മാര്‍ വസിക്കുന്ന നാടാണ്‌ പെരിങ്ങോടും ചുറ്റുവട്ടങ്ങളും. രാഘവന്‍ നായരും,കാണിപ്പയ്യൂരും,മേല്‍ പറഞ്ഞ ശങ്കരനാരായണനും ഒക്കെ.ശൂലപാണി വാര്യര്‍ ഇവിടെ അറ്റുത്തുള്ള ആളാണൊ എന്നു എനിക്കു സംശയം ഉണ്ട്‌ ഉറപ്പില്ല)

viswaprabha വിശ്വപ്രഭ said...

ശൂലപാണിവാര്യര്‍ എടപ്പാള്‍കാരനാണ് എന്നാണറിവ്‌. പക്ഷേ ഇപ്പോ കോഴിക്കോടാണോ എന്നും സംശയമുണ്ട്.

നമ്മുടെ മംഗലശ്ശേരി പെരിങ്ങോടന്‍ ഇങ്ങുവരട്ടെ. നാഗലശ്ശേരി രാഘവന്‍ നായരുടെ സ്വന്തം ആളല്ലേ?

തഥാഗതന്‍ said...

അത്രി,അംഗിരസ്സ്‌,ക്രതു,പുലസ്ത്യന്‍,പുലഹന്‍,മരിചി,വസിഷ്ഠന്‍ എന്നിവരാണ്‌ സപ്ത ഋഷികള്‍ എന്നാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌. ഇയ്യിടെ ഒരാള്‍ പറഞ്ഞു വിശാമിത്രനും ഇതില്‍ പെടും എന്ന്..

ആര്‍ക്കെങ്കിലും അറിയാമോ ഏതാ ശരി എന്ന്

ഉമേഷ്::Umesh said...

തഥാഗതന്റെ ലിസ്റ്റാണു ശരി. വിശ്വാമിത്രനും അഗസ്ത്യനുമൊന്നും സപ്തര്‍ഷികളില്‍ പെടില്ല്ല.

(ഓഫ് ടോപ്പിക്: അഗസ്ത്യന്റെ പേരു പറഞ്ഞതു് നഹുഷനെയും അഗസ്ത്യനെയും ചേര്‍ത്തൊരു കഥ ഉള്ളതു കൊണ്ടാണു്. സപ്തര്‍ഷികള്‍ ചുമന്ന തേരില്‍ കയറി നഹുഷന്‍ “സര്‍പ്പ സര്‍പ്പ” (വേഗം, വേഗം) എന്നു പറഞ്ഞെന്നും അഗസ്ത്യന്‍ നഹുഷനെ സര്‍പ്പമായിപ്പോകട്ടേ എന്നു ശപിച്ചു എന്നും. കഥയില്‍ മുനിമാര്‍ എന്നേ ഉള്ളൂ. സപ്തര്‍ഷികള്‍ എന്നില്ല.)

മരീചിരംഗിരാ അത്രിഃ
പുലസ്ത്യഃ പുലഹഃ ക്രതുഃ
വസിഷ്ഠശ്ചേതി സപ്തൈതേ
ജ്ഞേയാശ്ചിത്രശിഖണ്ഡിനഃ

കലാ ശ്രദ്ധാനസൂയാ ച
ഹവിര്‍ഭൂശ്ച ഗതിഃ ക്രിയാ
അരുന്ധതീ ച ക്രമശ-
സ്സപ്തര്‍ഷീണാം പതിവ്രതാഃ


രണ്ടാം ശ്ലോകം ആദ്യശ്ലോകത്തിലുള്ള സപ്തര്‍ഷികളുടെ ഭാര്യമാരെ ക്രമത്തില്‍ സൂചിപ്പിക്കുന്നു.

തഥാഗതന്‍ said...

സിദ്ധാര്‍ത്ഥന്റെ പേജില്‍ മുളകരച്ച്‌ മാട്ടുന്നതിനെ കുറിച്ച്‌ വായിച്ചു. അതിനെ കുറിച്ച്‌ പറയാം.

രണ്ട്‌ ക്ഷേത്രങ്ങളാണ്‌ ഇതിനു പേരു കേട്ടത്‌

ഒന്ന് മാങ്ങോട്ട്‌ കാവ്‌
പിന്നൊന്ന് മുടുപ്പിളി കാവ്‌

മാങ്ങോട്ട്‌ കാവിലെ ഈ സംഗതി നടത്തുന്നത്‌ ക്ഷേത്രതിനുള്ളില്‍ അല്ല. ക്ഷേത്രത്തിന്‌ പുറത്തുള്ള മൂക്കന്‍ ചാത്തന്റെ മുന്‍പില്‍ ആണ്‌.

മൂക്കന്‍ ചാത്തന്‍ ക്ഷേത്ര പാലകനാണ്‌

മരം കൊണ്ട്‌ ഉണ്ടാക്കിയ ഒരു ആള്‍രൂപം കിട്ടും.അതിനെ ശത്രു എന്ന് സങ്കല്‍പ്പിച്ച്‌ അതിനെ മേലാസകലം അരച്ച മുളക്‌ തേയ്ക്കും. എന്നിട്ട്‌ വടക്കേ നടക്ക്‌ നേരെ നോക്കി നിന്ന് കൊണ്ട്‌

'മാങ്ങോട്ടു ഭഗവതീ.. ഇന്നേക്ക്‌ 90 ദിവസത്തിനുള്ളില്‍ ഇന്ന ആള്‍ ചത്ത്‌ മണ്ണായി പോകണമേ എന്ന് പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അതിനെ പുറകിലോട്ട്‌ വലിച്ചെറിയും. വേറെ ഒരാള്‍ അതെടുത്ത്‌ ഒരു കുഴി ഉണ്ടാക്കി അതില്‍ കുഴിച്ചിടും..

90 ദിവസത്തിനുള്ളില്‍ സങ്കല്‍പ്പിച്ച ശത്രുവിന്റെ എടപാട്‌ തീരും എന്നാണ്‌ വിശ്വാസം. അങ്ങനെ ആരുടെ എങ്കിലും എടപാട്‌ തീര്‍ന്നതായി എന്റെ അറിവില്‍ ഇല്ല.

പണ്ട്‌ ഇവിടെ കോഴിയെയും ആടിനെയും വെട്ടി കളിയാട്ട്‌ നടത്തല്‍ ഉണ്ടായിരുന്നു. ഇത്‌ ഗവെണ്‍മന്റ്‌ നിരോധിച്ചു. അതിനൊടൊപ്പം,പ്രാകൃതാചാരം എന്ന് പറഞ്ഞ്‌ മാട്ടലും നിരോധിച്ചു.(രണ്ടും നിരോധിച്ചത്‌ 1981 ഇല്‍ നായനാര്‍ സര്‍ക്കാരാണ്‌)