Friday, October 20, 2006

മഗ്ഗി മദാമ്മ മടക്കമായി..






ഫ്രാന്‍സില്‍ നിന്ന് വന്ന ധനപാലനോട്‌ മഗ്ഗി മദാമ്മ ചോദിക്കുന്നു
ധനപാലാ ഇയ്യെന്റെ മൈക്കിളിനെ കണ്ടാ?

ഇങ്ങളെന്താ മദാമ്മേ നെനച്ചെ? ഫ്രാന്‍സ്‌ എന്താ മയ്യഴി പൊലെയ? ഫ്രാന്‍സ്‌ ഈ ഭൂമിയോളം വലുതാ.. അവിടെ എവിടെ ചെന്ന്‌ കണ്ട്‌ പിടിക്കാന ഇങ്ങടെ മോനെ'

ശ്രീവിദ്യയുടെ,എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദൈവത്തിന്റെ വികൃതികളിലെ മഗ്ഗി മദാമ്മയാണ്‌

അങ്ങനെ.. നാല്‍പ്പത്‌ വര്‍ഷക്കാലം മലയാള സിനിമാ രംഗത്ത്‌ ജ്വലിച്ചു നിന്ന ഒരു താരം പൊലിഞ്ഞു.

മലയാളിയുടെ സ്ത്രീ സൌന്ദര്യ സങ്കല്‍പ്പത്തിന്‌ മാതൃകയായ ശ്രീവിദ്യ യ്ക്ക്‌ ആദരാന്‍ജലികള്‍...

Tuesday, October 03, 2006

ജയചന്ദ്രന്റെ കുര

ഞങ്ങളുടെ ബാച്ചില്‍ ഇലക്‍ട്രോണിക്സ്‌ ബ്രാഞ്ചില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്താണ്‌ ജയചന്ദ്രന്‍. സുമുഖന്‍ സുന്ദരന്‍.. അധികം ആരോടും സംസാരിക്കില്ല.പഠിത്തം നാടകം പിന്നെ അല്‍പം പര്‍ട്ടി പ്രവര്‍ത്തനം.. ഇതാണ്‌ അദ്ദേഹത്തിന്റെ ലോകം

അഞ്ചാം സെമെസ്റ്റര്‍കാലത്താണ്‌ സംഭവം നടക്കുന്നത്‌

ജയചന്ദ്രന്റെ റൂമിലുണ്ടായിരുന്ന മറ്റ്‌ രണ്ട്‌പേര്‍,സുന്ദരിയും ആപ്പനും ആയിരുന്നു. സുന്ദരി എന്ന് കേട്ട്‌ അതൊരു പെണ്ണാണെന്ന് കരുതരുതേ.. ഒരു പെണ്ണിന്റെ നടത്തവും ഭാവങ്ങളും ഉള്ള ഒരു ഒന്നാന്തരം കോട്ടയം അച്ചായനാണ്‌ ജേക്കബ്‌ എന്ന ശരിയായ നാമം ഉള്ള സുന്ദരി..ഇന്‍സ്റ്റ്രുമെന്റേഷന്‍ ബാച്ചിലെ വേറെ രണ്ട്‌ പെണ്‍കുട്ടികളും ജേക്കബും കൂടെ നടന്ന് വരുമ്പോള്‍ "അതാ മൂന്ന് സുന്ദരികള്‍" എന്ന് വിളിച്ചതിന്‌ എന്നോട്‌ മൂന്നുമാസം മിണ്ടാതെ നടന്നിട്ടുണ്ട്‌ ഇദ്ദേഹം.

ആപ്പന്‍ എന്നാല്‍ പ്രതിപക്ഷത്തിന്റെ ഏത്‌ പരിപാടിക്കും ആപ്പ്‌ വെച്ച്‌ നശിപ്പിക്കുന്ന ഒരു അപൂര്‍വ ജന്മം.

ഈ രണ്ട്‌ ഭീകരരുടെ കൂടെയാണ്‌ നമ്മുടെ കഥാനായകന്‍,കുഞ്ഞനിയന്‍ എന്ന് വിളിക്കുന്ന ജയചന്ദ്രന്‍ താമസിച്ചിരുന്നത്‌. സെക്കന്റെ ഹോസ്റ്റെലിലെ ഒന്നം നിലയിലായിരുന്നു ഇവരുടെ മുറി.

സംഭവം നടക്കുന്നത്‌ ഒരു മഴക്കാലത്താണ്‌. ഫസ്റ്റ്‌ ഹോസ്റ്റെലിന്റെ മുന്‍പില്‍ ഉള്ള മൈതാനത്ത്‌ മഴയത്ത്‌ ക്രിക്കറ്റ്‌ കളിച്ചതായിരുന്നു കാരണം.കഥാനായകന്‌ പിറ്റേന്ന് രാവിലെ പൊള്ളുന്ന പനി. മറ്റ്‌ രണ്ട്‌ പേരും ചേര്‍ന്ന് പുള്ളിയെ ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. അതിരാവിലെ കല്ലേക്കുളങ്ങരയിലോ അകത്തേത്തറയിലൊ ഉള്ള ഭിഷഗ്വരന്മാരൊന്നും ഉണ്ടാകില്ല എന്ന് അറിയാമായിരുന്ന സുഹൃത്തുക്കള്‍ നേരെ പാലക്കാട്‌ നഗരത്തിലേക്ക്‌ വെച്ചടിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ വലിയ തിരക്കായിരിക്കും എന്ന് വിചാരിച്ച്‌ ഏതെങ്കിലും ഒരു ഡൊക്ടറുടെ വീട്ടില്‍ ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. നളന്ദ ഹോട്ടെലും കഴിഞ്ഞ്‌ പിന്നെയും പോയപ്പോള്‍ അതാ കാണുന്നു ഒരു ബൊര്‍ഡ്‌.. Dr.അഹമ്മദ്‌ സേട്ട്‌..

ബെല്ലടിച്ച്‌ കാത്തിരുന്നു. അതാ വരുന്നു ഒരു അജാനബാഹു.

പരിശോധന മുറിയുടെ വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ വരാന്‍ പറഞ്ഞു. ഉള്ളില്‍ എത്തിയ അവരോട്‌ ആര്‍ക്കാ അസുഖം എന്ന് ചോദിച്ചു. മറ്റു രണ്ട്‌ പേര്‍ ഒരെ സമയത്ത്‌ ജയചന്ദ്രനെ ചൂണ്ടിക്കാണിച്ചു. ഡോക്ടര്‍,പുള്ളിയെ ഒന്നു ഉഴിഞ്ഞ്‌ നോക്കി എന്നിട്ട്‌ പറഞ്ഞു

അഴിക്കെടോ പാന്റ്‌

പനി പിടിച്ചവനോട്‌ പാന്റ്‌ അഴിക്കാന്‍ പറയുന്നതിന്റെ ഗുട്ടന്‍സ്‌ മനസ്സിലാകാത്ത കൂട്ടുകാര്‍ പരസ്പരം മിഴിച്ച്‌ നോക്കി. അപ്പോളാണ്‌ സൂക്ഷ്മ ദൃഷ്ടിയായ ആപ്പന്റെ കണ്ണ്‌ ഡോക്ടറുടെ നെയിം ബോര്‍ഡില്‍ പതിഞ്ഞത്‌

Dr.അഹമ്മദ്‌ സേട്ട്‌.M.B.B.S,VD

അയ്യൊ ഡോക്ടറേ ഇത്‌ അതൊന്നുമല്ല.. ഇന്നലെ മഴ കോണ്ട്‌ പനി പിടിച്ചതാണ്‌ എന്ന് സുന്ദരി ഉറക്കെ കരഞ്ഞു.

എന്നാല്‍ പിന്നെ നേരത്തെ പറയണ്ടെ.. എന്നായി ഡോക്ടര്‍.

കുഴലു വെച്ചുള്ള പരിശോധനയ്ക്ക്‌ ശേഷം പുള്ളി പറഞ്ഞു

"ഒന്ന് കുരയ്ക്കെടോ"

ജയചന്ദ്രന്‍ കൂട്ടുകാരെ നോക്കി

എടോ ഒന്ന് കുരയ്ക്കാന്‍

ജയചന്ദ്രന്റെ നോട്ടം ദയനീയമായി

ഒന്ന് കുരയ്ക്കാന്‍ പറഞ്ഞാല്‍ എന്താടോ ഇത്ര താമസം എന്ന് ചോദിച്ച്‌ ഡോക്ടര്‍ കോപാകുലനായി. അയാള്‍ തന്നെ ആക്രമിച്ചു പോകുമോ എന്ന് ഭയന്ന ജയചന്ദ്രന്‍ കുരച്ചു

ബൌ.. ബൌ


(പാലക്കാട്‌ കുരയ്ക്കുക എന്നതിന്‌ ചുമയ്ക്കുക എന്ന അര്‍ത്ഥം ഉണ്ടെന്ന് തെക്കന്മാരായ ആ മൂന്ന് പേര്‍ക്കും മനസ്സിലായത്‌ അന്നാണ്‌)


ഈ പോസ്റ്റ്‌ ഞാന്‍ ഉടനെ മാറ്റും.. ആ സുന്ദരിയെങ്ങാനും ഇത്‌ വായിച്ചാല്‍ എന്റെ കാര്യം പിന്നെ കട്ടപൊഹ