Tuesday, August 29, 2006

വിക്‍ടോറിയന്‍ സ്മരണകള്‍

വിക്‍ടോറിയ കോളേജിന്റെ വിശാലമായ ഗ്രൌണ്ടിന്‌ നടുവില്‍ ഒറ്റയ്ക്ക്‌ പടര്‍ന്ന് നില്‍ക്കുന്ന ഒരു മരമുണ്ട്‌.

ഈ മരച്ചുവട്ടില്‍ ഒരിക്കല്‍ 'അവനവന്‍ കടമ്പ' അവതരിപ്പിക്കുകയുണ്ടായി.. ഇപ്പോഴൊന്നുമല്ല. പണ്ട്‌.. ചരിത്രാതീത കാലത്ത്‌(1984ഇല്‍).

മഞ്ഞ്‌ പെയ്യുന്ന ഒരു ഡിസംബര്‍ സന്ധ്യയ്ക്കായിരുന്നു നാടകം അവിടെ നടന്നത്‌. ഇട്ടിനാകനും ചിത്തിരപ്പെണ്ണും വാഴുന്നോരുമൊക്കെ അരങ്ങ്‌ തകര്‍ത്താടുന്നത്‌ കണ്ട്‌,പൊറാട്ട്‌ നാടകം മാത്രം കണ്ട്‌ ശീലിച്ച പാലക്കാടുകാര്‍ അന്തംവിട്ടിരുന്നു.വായ്‌ത്താരികള്‍ നിലച്ചപ്പോള്‍ പറക്കുന്നം പള്ളിയില്‍ നിന്ന് ബാങ്ക്‌ വിളി മുഴങ്ങി.

അസ്തമയം കാണാന്‍ ഞങ്ങള്‍ പല ദിവസങ്ങളിലും ഗ്രൌണ്ടില്‍ എത്തുമായിരുന്നു. പടിഞ്ഞാറ്‌ സൂര്യന്‍ മറഞ്ഞാല്‍ വടക്കന്തറയില്‍ വെടി മുഴങ്ങും.പൊള്ളാച്ചിയിലേക്ക്‌ പോകുന്ന പിച്ചക്കാര വണ്ടിയും പോയ്ക്കഴിഞ്ഞാല്‍ ഗ്രൌണ്ട്‌ ശൂന്യമാകും.

കോളേജിനു മുന്‍പില്‍ എന്നും പൂക്കുന്ന ഒരു കൊന്നമരം ഉണ്ടായിരുന്നു.പുത്തന്‍ പൂക്കളും കണികളുമായി നില്‍ക്കുന്ന ആ കൊന്നമരത്തെയായിരുന്നു,ഞങ്ങള്‍ എന്നും കണികണ്ടുണര്‍ന്നിരുന്നത്‌.കുപ്രസിദ്ധമായ മെന്‍സ്‌ ഹോസ്‌റ്റെല്‍ ക്യാംപസ്സിന്‌ അകത്തു തന്നെയാണല്ലൊ.


പണ്ടിവിടെ ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. അമ്മാവന്റെ യഥാര്‍ത്ഥ പേര്‌ ആര്‍ക്കും അറിയില്ലായിരുന്നു. അമ്മാവന്‍ പോലും അത്‌ മറന്നു പോയിട്ടുണ്ടാകും. ഇദ്ദേഹം പണ്ട്‌ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഉണ്ടായിരുന്ന യന്ത്ര രഹിത പങ്കയുടെ operator ആയിരുന്നു.മച്ചില്‍ ഘടിപ്പിച്ചിരിക്കുന്ന,മരം കൊണ്ട്‌ ഉണ്ടാക്കിയ പങ്ക(FAN)ഇല്‍ ഒരു കയറുണ്ട്‌. പ്രിന്‍സിപ്പാളിന്റെ സീറ്റിന്‌ പുറകില്‍ ഒരു സ്ക്രീന്‍ വെച്ചിട്ടുണ്ടാകും. ആ സ്ക്രീനിന്‌ പുറകില്‍ ഒരു ബെഞ്ചില്‍ ഇരുന്ന് ഈ കയറില്‍ പിടിച്ച്‌ വലിക്കുമ്പോള്‍ പങ്ക അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും. അങ്ങനെ ഒരു ചെറിയ കാറ്റ്‌ ഉണ്ടാകും.1965 വരെ ഈ പങ്ക പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഉണ്ടായിരുന്നു എന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.കോളേജിന്റെ 100ആം വാര്‍ഷികത്തിനോടനുബന്ധിച്ച്‌ നടന്ന എക്സിബിഷനില്‍ ഈ പങ്ക പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ പങ്ക വലിക്കുന്ന ആളായിരുന്നു അമ്മാവന്‍.. FAN BOY എന്നായിരുന്നു ആ തസ്തികയുടെ പേര്‌

പിന്നീട്‌ ഇലക്ട്രിസിറ്റി ഒക്കെ വന്ന് ഫാന്‍ ഒക്കെ ആയപ്പോള്‍ അമ്മാവന്‍ പ്യൂണ്‍ ആയി.1970 ലോ മറ്റോ റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്ത ശേഷവും ക്യാംപസ്സില്‍ ‍തന്നെയായിരുന്നു ജീവിതം. 1985ഇലെ മുനിഞ്ഞ്‌ മഴ പെയ്യുന്ന ഒരു ജൂലൈ മാസത്തില്‍ ഹോസ്റ്റെലിന്റെ വരാന്തയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു.

1866 ഇല്‍ Rate School ആയാണ്‌ കോളേജിന്റെ തുടക്കം. 1877ഇല്‍ ഹൈസ്‌ക്കൂളും പിന്നീട്‌ 1888 ഇല്‍ കോളേജുമായി ഉയര്‍ന്ന വിക്‍ടോറിയ കോളേജ്‌ സമൂഹത്തിന്റെ വിവിധ തുറകളിലേക്ക്‌ നിരവധി മഹത്‌വ്യക്തികളെ സംഭാവന ചെയ്തിട്ടുണ്ട്‌. ഇ.എം.എസ്‌,ഒ.വി.വിജയന്‍,എം.ടി, ടി.എന്‍.ശേഷന്‍,കവി ഒളപ്പമണ്ണ എന്നിവര്‍ അവരില്‍ ചിലരുമാത്രം.(ഇതെഴുതുന്ന ആളും ഇവിടെ എഴുതുന്ന കണ്ണുസും അക്കൂട്ടത്തില്‍ പെടുന്ന ചിലരാണ്‌)

ഷേക്സ്‌പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത്‌ രംഗത്ത്‌ അവതരിപ്പിച്ചിരുന്ന ഒരു പ്രിന്‍സിപ്പാള്‍ ഉണ്ടായിരുന്നു. നാടകത്തിന്‌ വേണ്ടിയിരുന്ന വേഷ വിധാനങ്ങള്‍ ഇദ്ദേഹം തന്നെ ഡിസൈന്‍ ചെയ്യുമായിരുന്നുവത്രെ. ഗണപതി സിദ്ധാന്തം എന്ന പേരില്‍ കണക്കില്‍ ഒരു നൂതന സിദ്ധാന്തം കണ്ടുപിടിച്ച ഗണപതി അയ്യര്‍ ഇവിടെ ഗണിത ശാസ്ത്രവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു.

നനഞ്ഞ സായാഹ്നങ്ങളില്‍ നേര്‍ത്ത സാന്ത്വനം തന്നിരുന്ന കാറ്റാടി മരങ്ങളും,കോഴിപ്പുരയ്ക്ക്‌ മുന്നില്‍ നിന്നിരുന്ന ഒറ്റപ്പനയും, ബോട്ടോണിക്കല്‍ ഗാര്‍ഡനും,ക്ലോക്ക്‌ ടവറും,ഗതകാലസ്മൃതികളുടെ പ്രതാപം ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന കൃഷ്ണന്‍നായര്‍ ഗേറ്റും.. അങ്ങനെ അങ്ങനെ മറക്കാനാവാത്ത നിരവധി വിക്‍ടോറിയന്‍ സ്മരണകള്‍..

6 comments:

സു | Su said...

സ്മരണകള്‍ ഓരോന്നായി പോന്നോട്ടെ. :)

പെരിങ്ങോടന്‍ said...

എം.ടിയുടെ കഥകള്‍ പ്രസിദ്ധീകരിക്കുവാന്‍ ഒട്ടു സഹായിച്ച ഉണ്ണിയേട്ടനും വിക്ടോറിയയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ഇടം നേടുന്നില്ലേ?

തഥാഗതന്‍ said...

പെരിങ്ങോടന്‍

ഉണ്ണിയേട്ടനെ എനിക്ക്‌ നന്നായി അറിയാം. ഞാന്‍ അദ്ദേഹത്തെ പല തവണ രാത്രി വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ടുണ്ട്‌. അദ്ദേഹവും ഈ പറഞ്ഞ പോലെ വിക്‍ടോറിയ ക്യാംപസ്സില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ്‌. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ട്‌ ഇപ്പോള്‍ ഏകദേശം പത്ത്‌ വര്‍ഷമായിക്കാണും. ഉണ്ണിയേട്ടന്‍ ഇവിടെ പഠിച്ചിട്ടുണ്ടൊ എന്ന് എനിക്ക്‌ ഉറപ്പില്ല. പക്ഷെ കോളേജുമായി ബന്ധപ്പെട്ട ഏത്‌ കാര്യത്തിനും ഉണ്ണിയേട്ടന്‍ എന്നും മുന്‍പില്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ്‌ എം.ടി.യുടെ ആദ്യത്തെ പ്രസാധകന്‍.

സു. സ്മരണകളുടെ പേമാരി പെയ്തു തുടങ്ങിയാല്‍ പിന്നെ രക്ഷയില്ല..

മുല്ലപ്പൂ || Mullappoo said...

സ്മരണകള്‍ നന്നായി.

പെരിങ്ങോടന്‍ said...

നവോദയയില്‍ ഏതോ ഒരു കൊല്ലത്തെ വാര്‍ഷികാഘോഷത്തിനു് എം.ടിയായിരുന്നു മുഖ്യാതിഥി. ഉണ്ണിയേട്ടന്‍ മുഖാന്തിരമാണു് അതു സാധിച്ചതെന്നു പറഞ്ഞുകേട്ടിരുന്നു. എന്തുകൊണ്ടോ എം.ടിക്കു വരുവാനായില്ല, പകരം പാലക്കാടു് എസ്.പി ഉത്ഘാടകനും മുഖ്യാതിഥിയുമെല്ലാമായി. വാര്‍ഷികാഘോഷങ്ങളെല്ലാം തീര്‍ന്നപ്പോഴും നവോദയ ക്യാമ്പസ്സിനു പുറത്തെ ഇരുട്ടില്‍ സഹൃദയരായ സീനിയര്‍ വിദ്യാര്‍ത്ഥികളാല്‍ ചുറ്റപ്പെട്ടു ഒരു മനുഷ്യന്‍‍ നില്‍ക്കുന്നുണ്ടായിരുന്നു. എം.ടി വരാത്തതിന്റെ ഈര്‍ഷ്യയിലോ എന്തോ പി.ടി.ഏ വൃത്തങ്ങളില്‍ അവഗണിക്കപ്പെട്ടു ഒറ്റയ്ക്കു നിന്നിരുന്ന ആ കൃശഗാത്രനെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ടു്. അന്നെവിടെയോ മര്‍മ്മരമായി കേട്ടതും ഓര്‍ക്കുന്നു: ആദ്യമായിട്ട് എം.ടിയുടെ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ ഉണ്ണിയേട്ടനേ ഉണ്ടായിരുന്നുള്ളൂ.

പരസ്പരം said...

കലാലയ സ്മരണകള്‍ ക്ലാരിറ്റിയില്ലാതെ എത്ര ഗ്രയ്ന്‍സുമായി കിടന്നാലും ജീവിത പന്ഥാവില്‍ ഈ സ്മരണകളെ ഒരു ബൂസ്റ്റര്‍ പിടിപ്പിച്ച് ക്ലാരിറ്റിയുള്ളതാക്കി മാറ്റി എല്ലാവരും ഇടയ്ക്കൊക്കെ കണ്ടുകൊണ്ടിരിക്കും. ജീവിതതിന്റെ ഏറ്റവും മാധുര്യമേറിയ ഭാഗം ആ കലാലയ ദിനങ്ങള്‍ തന്നെ.