Wednesday, August 30, 2006

മാര്‍ക്സും ദൈവവും

മാര്‍ക്‍സിനെ കുറിച്ച്‌ മീശാ ഹാജി പറഞ്ഞത്‌ ഒരിക്കല്‍ കൂടെ വായിച്ചപ്പോള്‍ ആണ്‌ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു തമാശ ഓര്‍മ്മ വന്നത്‌

കാള്‍ മാര്‍ക്സ്‌ മരിച്ച്‌ സ്വര്‍ഗ്ഗകവാടത്തില്‍ എത്തി. ഗബ്രിയേല്‍ മാലാഖ അദ്ദേഹത്തെ തടഞ്ഞു

'താങ്കള്‍ ദൈവ വിരോധിയാണ്‌. എത്രയെത്ര മനുഷ്യരെയാണ്‌ നിങ്ങള്‍ ദൈവത്തിന്‌ എതിരാക്കിയത്‌. ദൈവം ഇല്ല ഇല്ലാ എന്ന് നിങ്ങള്‍ ജനങ്ങളെ കൊണ്ട്‌ പറയിച്ചു. അതു കൊണ്ട്‌ നിങ്ങള്‍ക്കുള്ളയിടം നരകമാണ്‌. അങ്ങോട്ട്‌ പോകുക'

ഒന്നിനു വേണ്ടിയും നിര്‍ബന്ധം പിടിക്കാത്ത മാര്‍ക്സ്‌ (വിപ്ലവത്തിന്റെ കാര്യത്തില്‍ ഒഴിച്ച്‌) ഒന്നും മിണ്ടാതെ നരകത്തിലേക്ക്‌ പോയി
രണ്ട്‌ മൂന്നാഴ്ചകള്‍ക്ക്‌ ശേഷം നരകത്തിന്റെ അധിപന്‍ ലൂസിഫറും ഗബ്രിയേലും കണ്ടുമുട്ടി.

ലൂസിഫറിന്റെ മുഖമാകെ ഉറക്കക്കുറവു കൊണ്ട്‌ വീര്‍ത്തിരുന്നു.അയാള്‍ ആകെ പരവശനായിരുന്നു.

എന്തുപറ്റി ചങ്ങാതി? ഗബ്രിയേല്‍ ചോദിച്ചു.

'ഒന്നും പറയേണ്ടെടോ, അവിടെ മാര്‍ക്സ്‌ എന്ന ഒരുത്തന്‍ വന്നിട്ടുണ്ട്‌. അയാല്‍ അവിടെ ഉണ്ടാക്കാത്ത പ്രശ്നങ്ങള്‍ ഒന്നുമില്ല. നരകവാസികളെ എല്ലാവരേയും സംഘടിപ്പിച്ച്‌ ദിവസവും ധര്‍ണയും സമരവും പിക്കറ്റിങ്ങും. രാത്രിയില്‍ കൂടെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. നരകത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ വേണം എന്ന ഡിമാന്റ്‌.'

അങ്ങനെയാണൊ കാര്യങ്ങള്‍? എന്ന് ഗബ്രിയേല്‍

അപ്പോള്‍ ലൂസിഫര്‍ പറഞ്ഞു

'താന്‍ എനിക്ക്‌ ഒരു സഹായം ചെയ്യ്‌. അയാളെ ഒരുമാസത്തേക്ക്‌ സ്വര്‍ഗ്ഗത്തില്‍ എടുക്ക്‌. അതിനുള്ളില്‍ ഞാന്‍ നരകത്തിലെ പ്രശ്നങ്ങള്‍ ഒക്കെ തീര്‍ക്കാം. നേതാവ്‌ ഇല്ലതായാല്‍ സമരം പൊളിക്കാന്‍ എളുപ്പമാണ്‌. ഒരു മാസം കഴിഞ്ഞ്‌ ഞാന്‍ അയാളെ തിരിച്ച്‌ കൊണ്ട്‌ പോകാം'

ഗബ്രിയേല്‍ ആദ്യം പറ്റില്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷെ അവസാനം ലൂസിഫറിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി സമ്മതിച്ചു.

അങ്ങനെ മാര്‍ക്സ്‌ സ്വര്‍ഗത്തില്‍ എത്തി..

പത്ത്‌ ദിവസം കഴിഞ്ഞപ്പോള്‍ ലൂസിഫറും ഗബ്രിയേലും വീണ്ടും കണ്ടുമുട്ടി.

എന്തായി ലൂസിഫര്‍ സമരം ഒക്കെ പൊളിച്ചൊ?

ഒരു വിധം പൊളിച്ചു വരുന്നു. മുഴുവന്‍ പ്രശ്നങ്ങളും തീര്‍ക്കാന്‍ ഇനിയും കുറച്ച്‌ ദിവസം എടുക്കും.ഇയ്യാള്‍ കൊടുത്ത ട്രെയിനിംഗ്‌ അത്രക്ക്‌ സ്വാധീനം ചെലുത്തിയിരിക്കുന്നു നരകവാസികളില്‍. അവിടെ എണ്ണത്തില്‍ കൂടുതല്‍ ഉള്ള കോണ്‍ഗ്രസ്സുകാരെ അടക്കം ഇങ്ങേര്‌ സംഘടിപ്പിച്ചില്ലേ?

ഗബ്രിയേല്‍, എന്തു പറയുന്നു നമ്മുടെ മാര്‍ക്സ്‌? ലൂസിഫര്‍ ചോദിച്ചു.

പുള്ളിക്കാരന്‍ നന്നയിരിക്കുന്നു. എന്തു നല്ല പെരുമാറ്റം,എതൊരു അറിവ്‌,സംസാരിച്ചിരുന്നാല്‍ സമയം പൊകുന്നതറിയില്ല. വളരെ നല്ല മനുഷ്യന്‍..

അതു ശരി.സ്വര്‍ഗം കിട്ടിയാല്‍ ആരും നല്ലവരാകും.

'അതൊക്കെ പോകട്ടെ. എന്തു പറയുന്നു നമ്മടെ ദൈവം?' ലൂസിഫര്‍ ചോദിച്ചു.

'ദൈവം ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമല്ലേടൊ ലൂസിഫറെ..'

7 comments:

ഡാലി said...

ഈ തമാശ ഞാന്‍ കേട്ടീട്ടില്ല. അപ്പോള്‍ ഇതാണ് ചുരുക്കം പറഞ്ഞാല്‍ മാര്‍ക്സിന്റെ സ്വാധീനം എന്നു പറയുന്നത് അല്ലെ?

സൂര്യോദയം said...

ക്ഷമിക്കണം... മുന്‍പ്‌ കേട്ടിട്ടുള്ളതാണേ...

Unknown said...

:-)
കേട്ടിട്ടുണ്ടായിരുന്നില്ല

Sudhir KK said...

ഈ തമാശ കേട്ടിട്ടുണ്ടായിരുന്നില്ല. അവസാനം ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അനൂപ് :: anoop said...

മുന്‍പ് കേട്ടതാണെങ്കിലും വായിച്ചപ്പോള്‍ ഒരു രസം.

Promod P P said...

ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ ഒരു സംഗതി എഴുതാന്‍ മുട്ടീട്ട്‌ വയ്യ.. സമയം ഇല്ല.. നാളെയും മറ്റന്നാളും ഊട്ടിയില്‍ ഒരു ചാനല്‍ മീറ്റിംഗ്‌.. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി

ഇതൊന്നു കഴിഞ്ഞ്‌ വന്നിട്ട്‌ ഞായറാഴ്ച താങ്ങാം..

അതു വരൈക്കും ശിവപ്പ്‌ വണക്കം..

paarppidam said...
This comment has been removed by a blog administrator.