Monday, June 18, 2007

ബദരിയില്‍ എന്നെ തടഞ്ഞ ജടാധാരി

ദില്ലിയില്‍ മഞ്ഞുകാലം തുടങ്ങുന്ന ഒക്ടോബര്‍ മാസം..

പതിവിനു വിപരീതമായി ആ വര്‍ഷം ദീപാവലിയ്ക്ക്‌ അഞ്ച്‌ ദിവസം അവധി ലഭിച്ചു. ദീപാവലി അവധി ബുധനും വ്യാഴവും. വെള്ളിയാഴ്ച്ച ഒരു പ്രാദേശിക അവധി. പിന്നെ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും.

അഞ്ച്‌ ദിവസം എന്ത്‌ ചെയ്യും എന്ന് ആലോചിച്ച്‌ ഇരിക്കുമ്പോഴാണ്‌ ഡെഹ്രാഡൂണ്‍കാരിയായ പായല്‍ ബെറിയുടെ വരവ്.
'ഞാന്‍ ഇന്ന് രാത്രി ഗ്രാമത്തിലേയ്ക്ക്‌ പോകുകയാണ്‌. നീ വരുന്നോ?'
'ഞാന്‍ ഇല്ല'

'അഞ്ച്‌ ദിവസം നീ ഒറ്റയ്ക്ക്‌ ദില്ലിയില്‍ എന്ത്‌ ചെയ്യാനാണ്‌? നടക്കില്ല മോനെ ദില്ലിയിലുള്ള സകല മദ്യഷാപ്പുകളും നിരങ്ങാന്‍ ഇത്തവണ പറ്റില്ല. ഞാന്‍ രണ്ട്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. രാത്രി 11 മണിയുടെ ഡെഹ്രാഡൂണ്‍ എക്സ്‌പ്രസ്സില്‍ '

‘നിന്റെ, നാട്ടുപ്രമാണിയായ പിതാവിന്റെ പൊങ്ങച്ചം കേള്‍ക്കാന്‍ എനിക്ക്‌ വയ്യ‘

‘അതൊന്നും എനിക്കറിയില്ല. കൃത്യം 11 മണിക്ക്‌ നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ വന്നിരിക്കണം‘

നീ പോടി പെണ്ണേ എന്ന് മനസ്സില്‍ വിചാരിച്ച്‌ ഓഫീസില്‍ നിന്നും ഇറങ്ങി. വീട്ടില്‍ എത്തിയപ്പോഴാണ്‌ അഞ്ച്‌ ദീവസത്തെ ലക്ഷ്യമില്ലായ്മ മനസ്സിനെ ഗ്രസിക്കാന്‍ തുടങ്ങിയത്‌. കല്‍ക്കത്തയ്ക്ക്‌ പോയാലോ? ബോണസ്സും ശമ്പളവും അടക്കം പതിനാറായിരം രൂപ കയ്യില്‍ ഉണ്ട്‌. നാട്ടില്‍ പോകുമ്പോള്‍ അമ്മയ്ക്ക്‌ ഒരു സ്വര്‍ണ്ണമാല വാങ്ങിക്കൊടുക്കണം എന്ന് വിചാരിച്ചിരുന്നതാണ്‌. എന്തോ ആകട്ടെ.കല്‍ക്കത്തയില്‍ ഉള്ള സുഹൃത്ത്‌ ദിവ്യേന്ദു ബാനര്‍ജിയുടെ വീട്ടിലേയ്ക്ക്‌ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഫോണ്‍ ചെയ്തു. അവന്‍ ജോലി സംബന്ധമായി മലേഷ്യയില്‍ പോയിരിക്കുകയാണെന്നും പത്തു ദിവസം കഴിഞ്ഞെ തിരിച്ച്‌ വരികയൊള്ളു എന്നും ഫോണ്‍ എടുത്ത അവന്റെ അമ്മ പറഞ്ഞു. അവന്‍ ഇല്ലെങ്കില്‍ എന്താ നീ എന്റെ മകനെ പോലെ അല്ലെ,നീ വാ മകനെ എന്ന ആയമ്മയുടെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ച്‌ വീട്ടില്‍ എത്തിയപ്പോള്‍ മനസ്സ്‌ ശൂന്യമായിരുന്നു. സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. ഇനി എന്ത്‌? എന്നാലോചിച്ച്‌ മാന്‍ഷന്‍ ഹൌസിന്റെ കുപ്പി തുറക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഒരു വെളിപാടു പോലെ ബദരീനാഥ്‌ മനസ്സിലേയ്ക്ക്‌ കടന്നു വന്നത്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുപ്‌ ഒരിക്കല്‍ പോയതാണ്‌ ബദരീനാഥില്‍. അന്ന് മുഹമ്മദ്‌ സലീം കൂടെ ഉണ്ടായിരുന്നു. എന്തോ എനിക്കത്ര തൃപ്തിയായില്ല ആ യാത്ര.യാത്രയിലുടനീളം അമിതമായി മദ്യപിച്ചതു കൊണ്ടാവാം..

പിന്നെ ഒന്നും ആലോചിച്ചില്ല. മാന്‍ഷന്‍ ഹൌസിന്റെ കുപ്പി തിരിച്ച്‌ വെച്ചു.രണ്ട്‌ മൂന്ന് ജോടി വസ്ത്രങ്ങള്‍ ബാഗില്‍ എടുത്ത്‌ വെച്ചു. കാവി ജുബ്ബയും മുണ്ടും എടുത്ത്‌ വെച്ചു. സമയം ഒന്‍പത്മണി കഴിഞ്ഞിരുന്നു. സുരീന്ദര്‍ സിങ്ങിന്റെ ടാക്സി എന്നെ കാത്തെന്നോണം സ്റ്റാന്റില്‍ കിടപ്പുണ്ടായിരുന്നു.

സാബ്‌ എവിടേയ്ക്കാ ഈ രാത്രിയില്‍?
നിസാമുദ്ദീന്‍ റൈല്‍വേ സ്റ്റേഷനിലേയ്ക്ക്‌

സ്റ്റേഷനില്‍ എത്തിയപ്പോള്‍ പത്തരയായിരുന്നു സമയം. എന്നെ കാത്ത്, പായല്‍ നാലാമത്തെ പ്ളാറ്റ്ഫോമില്‍ നില്‍പ്പുണ്ടായിരുന്നു.

നീ വരുമെന്ന് എനിക്കറിയാം.

ആ എന്തോ ആകട്ടെ.. എന്ന് ഞാന്‍

രാവിലെ ആറ്‌ മണിക്ക്‌ ഡെഹ്രാഡൂണില്‍ എത്തി. അവളുടെ വീട്ടില്‍ ചെന്ന് കുളിയും പ്രാതലും കഴിഞ്ഞപ്പോള്‍ മെല്ലെ പറഞ്ഞു

“നിന്റെ അച്ഛനോട്‌ എന്നെ ഹൃഷികേശില്‍ കൊണ്ട്‌ ചെന്നു വിടാന്‍ പറയ്‌.“
അവള്‍ക്ക്‌ സങ്കടമായി
“നീ എവിടേക്കാ പോകുന്നത്‌?“
“ബദരീനാഥ്‌ “
‘ദുഷ്ടാ അപ്പോള്‍ എന്നോടുള്ള സ്നേഹം കൊണ്ട്‌ വന്നതല്ല അല്ലെ,ഉം എന്തായലും ഞാന്‍ പറയാം‘

അവളുടെ പിതാവ്‌ ജമീന്ദാര്‍ കൈലാസനാഥ്‌ ബെറി എന്നെ ജീപ്പില്‍ ഹൃഷികേശില്‍ കൊണ്ട്‌ വിട്ടു. പതിനൊന്ന് മണിക്ക്‌ പുറപ്പെടുന്ന ബസ്സില്‍ ഞാന്‍ ബദരിയിലേയ്ക്ക്‌ യാത്രതിരിച്ചു. 22 മുതല്‍ 24 മണിക്കൂറ്‍ വരെ എടുക്കും ബദരിയില്‍ എത്താന്‍. മലയിടിഞ്ഞാല്‍ യാത്ര ദുഷ്കരമാകും. ഉച്ചയ്ക്കും രാത്രിയിലും കഴിക്കാനുള്ള ഭക്ഷണം പായല്‍ പൊതിഞ്ഞൂ തന്നിരുന്നു. ഉച്ച ഭക്ഷണം കഴിച്ച്‌ ഉറക്കത്തിലേയ്ക്ക്‌ വീണ ഞാന്‍ ഉണര്‍ന്നത്‌ രാത്രി പതിനൊന്ന് മണിയ്ക്കാണ്‌. ബസ്സ്‌ ഏതോ ഒരു ഗഡ്‌വാള്‍ ഗ്രാമത്തില്‍ ഉള്ള ഒരു ഡാബയില്‍ ഭക്ഷണം കഴിക്കാന്‍ നിറുത്തിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം വീണ്ടും ഉറക്കം. ഉണര്‍ന്നപ്പോല്‍ രാവിലെ ഒന്‍പത്‌ മണിയായിരുന്നു. ബസ്സ്‌ രുദ്രപ്രയാഗ പിന്നിട്ട്‌ കഴിഞ്ഞിഞ്ഞിരുന്നു.കര്‍ണ്ണ പ്രയാഗയും ജോഷീമഠും പിന്നിട്ട് ബദരീനാഥ്‌ എത്താന്‍ ഇനി രണ്ട് മണിക്കൂറ്‍ മതി. റോഡിനിരുവശവും ഉള്ള ക്യാബേജ്‌ തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും കണ്ട്‌ സീറ്റില്‍ നിവ‍ര്‍ന്നിരുന്നു. ബദരിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നര മണി പായലിന്റെ പിതാവ്‌ വിളിച്ച്‌ പറഞ്ഞ്‌ ഉത്തര്‍പ്രദേശ്‌ ഗവണ്‍മെന്റിന്റെ ഗസ്റ്റ്‌ ഹൌസില്‍ ഒരു മുറി ബുക്ക്‌ ചെയ്തിരുന്നു.

മുറിയില്‍ ചെന്ന് പ്രഭാത കര്‍മ്മങ്ങളും കുളിയും കഴിഞ്ഞ്‌ ആലു പറാത്തയും കട്ടി തൈരും കൂട്ടി സുഭിക്ഷമായ ഭക്ഷണവും കഴിച്ച്‌ ഉറങ്ങാന്‍ കിടന്നു.

ഉണര്‍ന്നപ്പോള്‍ സമയം സന്ധ്യയായിരുന്നു

തപ്തകുണ്ഡത്തില്‍ മുങ്ങി കുളിച്ച്‌ ക്ഷേത്രത്തില്‍ ചെന്നു. നാലഞ്ച്‌ ദിവസം കഴിഞ്ഞാല്‍ ക്ഷേത്രം അടയ്ക്കും. ആറു മാസത്തോളം ക്ഷേത്രം അടഞ്ഞ്‌ കിടക്കും. പിന്നെ ഹോളിയ്ക്കെ തുറക്കു. തണുപ്പ്‌ കാലത്ത്‌ സന്ദര്‍ശകര്‍ ആരും ഉണ്ടാകില്ല.ക്ഷേത്രം അടച്ചാല്‍ അവിടെ ഉള്ളവരൊക്കെ മലയിറങ്ങി ജോഷീമഠില്‍ ചെന്ന് താമസിക്കും. റോഡ് അടച്ചിടും..

താമരനൂലുകള്‍ ജടയായി ഉള്ള,പത്മാസനത്തില്‍ ഇരിക്കുന്ന ബദരീനാഥനെ തൊഴുത്‌ രാത്രി ഭക്ഷണവും കഴിച്ച്‌ മുറിയില്‍ ചെന്ന് വീണ്ടും ഉറക്കത്തിലേയ്ക്ക്‌ വീണു..

പിറ്റേന്ന് പ്രഭാതത്തില്‍ അതിരാവിലെ എഴുന്നേറ്റ്‌ തപ്തകുണ്ഡത്തില്‍ മുങ്ങി കുളിച്ചു. ബദരിയിലെ പൂജാരിമാര്‍ മലയാളികളാണ്‌. കണ്ണൂരില്‍ നിന്നുള്ള ഒരു യുവ സാത്വികന്‍ ആയിരുന്നു അന്ന് റാവേല്‍. സന്ദര്‍ശകര്‍ കുറവായിരുന്നു. വടക്കാഞ്ചേരിക്കാരന്‍ ഗോപാലമേനോനെ കണ്ടു. അദ്ദേഹം ഇരുപത്‌ വര്‍ഷമായി ബദരിയില്‍ ആണ്‌ താമസം. ക്ഷേത്രത്തിനു മുന്‍പില്‍ ഉള്ള കച്ചവട കേന്ദ്രങ്ങള്‍ മിക്കതും ഒഴിഞ്ഞു കിടന്നിരുന്നു. ബദരീനാഥനെ മനസ്സ്‌ നിറയെ കണ്ട്‌ പുറത്തിറങ്ങി.

ക്ഷേത്രത്തിനു പുറത്തെ കുന്നിന്‍ ചെരുവില്‍ നിന്നും പടിഞ്ഞാറോട്ട്‌ നോക്കിയപ്പോള്‍ അവ്യക്തമായ സൂര്യബിംബം.. വില്ല്വാദ്രി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക്‌ പോയ പോലെ.. സൂര്യന്‍ അസ്തമിക്കുന്നത്‌ നിളയ്ക്കുമപ്പുറം ഒറ്റപ്പാലവും പട്ടാമ്പിയും കഴിഞ്ഞ്‌ എവിടേയോ ആണെന്ന് ബാല്യകാലത്ത്‌ എനിയ്ക്ക്‌ തോന്നിയിരുന്നു.

ഒരു വെട്ടുവഴി മുന്‍പില്‍ നീണ്ട്‌ കിടന്നിരുന്നു.

അതിലൂടെ ലക്ഷ്യമൊന്നുമില്ലാതെ നടന്നു.. നടന്ന് നടന്ന് ഒരു ആല്‍ത്തറയില്‍ എത്തി. അത്‌ കണ്ടപ്പോള്‍ കാവശ്ശേരിയിലെ ഈടുവെടിയാലിനേയാണ്‌ എനിയ്ക്കോര്‍മ്മ വന്നത്‌. ആ ആല്‍മരത്തിനു ചോട്ടില്‍ ഒരു പരമ സാത്വികനായ സംന്യാസി ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹം നല്ല ഇംഗ്ളീഷില്‍ എന്നോട്‌ ചോദിച്ചു,എങ്ങോട്ടാ പോകുന്നത്‌ എന്ന്?

പ്രത്യേകിച്ച്‌ എങ്ങോട്ടും ഇല്ല .. സ്ഥലങ്ങള്‍ ഒക്കെ കാണണം. ഞാന്‍ നടക്കാന്‍ തുടങ്ങി

“ആ വഴിയിലൂടെ നീ പോയിട്ട്‌ ഒരു കാര്യവുമില്ല. അധികം താമസിക്കാതെ നീ ഇവിടെ തന്നെ തിരിച്ചെത്തും‘.

“അതെന്താ സ്വാമി?“

“അത്‌ നീ വഴിയേ അറിയും “

ഞാന്‍ വീണ്ടും നടത്തം തുടങ്ങി.. വഴിയില്‍ ഒരു മനുഷ്യ ജീവിയേ പോലും കണ്ടില്ല. ഉച്ചയായപ്പോഴേയ്ക്കും ഏതാണ്ട്‌ ഏഴെട്ട്‌ കിലോമീറ്റര്‍ നടന്നു കാണും. വീണ്ടും നടന്ന് നടന്ന് ഒരു സമതലം പോലെ തോന്നിയ്ക്കുന്ന ഭൂപ്രദേശത്തെത്തി.

പെട്ടന്ന് ജടാധാരിയായ ഒരാള്‍ എന്റെ മുന്‍പില്‍ വന്നു.കണ്ടാല്‍ ഒരു ഭ്രാന്തനെ പോലെ തോന്നും. അയാള്‍ ഒന്നും സംസാരിച്ചില്ല.

അയാള്‍ എന്നെ തടഞ്ഞു.

എനിയ്ക്ക്‌ ദേഷ്യം വന്നു.. ഇത്‌ ഇന്ത്യാരാജ്യം ആണ്‌. ഇവിടെ എവിടേ വേണെങ്കിലും സഞ്ചരിയ്ക്കാന്‍ എനിയ്ക്ക്‌ ആരുടേയും അനുവാദം വേണ്ട എന്ന് ആക്രോശിച്ചു.

അയാള്‍ ഒന്നും മിണ്ടുന്നില്ല. എന്റെ വഴി മുടക്കി മുന്‍പില്‍ മഹാമേരു പോലെ നിന്നു.അയാളെ കടന്ന് പോകാന്‍ ശ്രമിച്ച എന്നെ അയാള്‍ വീണ്ടും തടഞ്ഞു.

ബലമായി മുന്നോട്ട്‌ പോകാന്‍ ശ്രമിച്ച എന്നെ അയാള്‍ പിടിച്ചൊരു തള്ള് തള്ളി.

ഞാന്‍ മലര്‍ന്നടിച്ച്‌ വീണു. ദൃഢഗാത്രനായ അയാളോട്‌ പൊരുതി ജയിക്കാനുള്ള ആരോഗ്യം അന്ന് എനിയ്ക്കില്ലായിരുന്നു ഞാന്‍ തഴെ വീണ എന്റെ തോള്‍ സഞ്ചിയും എടുത്ത്‌ തിരിച്ച്‌ നടന്നു.

എനിക്കല്‍പം ഇച്ഛാഭംഗം തോന്നി..

തിരിച്ച്‌ നടന്ന് സന്ധ്യയായപ്പോഴേയ്ക്കും ഞാന്‍ ആദ്യത്തെ സംന്യാസിയെ കണ്ട ആല്‍ത്തറയില്‍ എത്തി. എന്നെ കണ്ട സംന്യാസി ഉറക്കെ പൊട്ടിച്ചിരിച്ചു.

‘എന്താ ഇപ്പൊ ഇത്ര ചിരിക്കാന്‍?‘

‘ എന്തേ നീ തിരിച്ച്‌ വന്നത്‌?‘

‘നടന്ന് പോകും വഴി ഒരാള്‍ വന്ന് എന്നെ തടഞ്ഞു ‘

സംന്യാസി വീണ്ടും ചിരിച്ചു

“എനിയ്ക്കറിയമായിരുന്നു നിനക്കാവഴി അധികദൂരം പോകാനാവില്ലെന്ന്“
“ അതെന്താ?“

“ മകനെ.. അത്‌ സംന്യാസത്തിലേയ്ക്കുള്ള വഴിയാണ്‌. നിനക്ക്‌ അതിനുള്ള യോഗം ഇല്ല. നിനക്ക്‌ കുടുംബജീവിതം നയിക്കാനും അതിന്റെ യാതനകള്‍ അനുഭവിക്കാനുമാണ്‌ യോഗം.“

എനിയ്ക്ക്‌ വല്ലാത്ത സങ്കടം വന്നു.

അവിടെ നിന്നും ഓടുകയായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടെ ബദരീനാഥനെ ദര്‍ശിയ്ക്കാന്‍ പോലും നില്‍ക്കാതെ,മുറി ഒഴിഞ്ഞ്‌ നിരവധി ബസ്സുകള്‍ മാറി കയറി ഞാന്‍ ദില്ലിയുടെ വന്യതയിലേയ്ക്ക്‌ വീണ്ടും തിരിച്ചെത്തി.

ഹവിസ്സ്‌ സ്വീകരിക്കുന്ന അഗ്നിയെ പോലെ ദില്ലി എന്നെ സ്വീകരിച്ചു.

Thursday, February 01, 2007

ഒരു സൌഹൃദത്തിന്റെ നൊമ്പരം

ഇഗ്നേഷ്യസ്‌

ഇഗ്നേഷ്യസിനെ കുറിച്ച്‌ ഞാന്‍ കുറച്ചുനാളായി ഓര്‍ക്കാറില്ല.പ്രക്ഷുബ്ദമായ ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ ഇഗ്നേഷ്യസ്‌ മറവിയിലാണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു.

ഇഗ്നേഷ്യസ്‌..

സ്റ്റീഫന്‍ കോവിയുടെ മാനേജ്‌മെന്റ്‌ സിദ്ധാന്തങ്ങളെ,അര്‍ത്ഥശാസ്ത്രത്തിന്റെ അശ്ലീലമായ അനുകരണം എന്നു പറഞ്ഞ്‌ പുച്ഛിച്ചു തള്ളിയ ഇഗ്നേഷ്യസ്‌.സിരില്‍ ഫോര്‍ട്ടില്‍ വെച്ചു നടന്ന ഒരു വാദപ്രതിവാദത്തില്‍ ശിവ്‌കേരയും ഡോ:ഗുഹ്‌രാജും പരാമര്‍ശത്തില്‍ വന്നപ്പോള്‍,അവരെ ലോകമാനേജ്‌മെന്റിന്റെ നാശപ്രവാചകര്‍ എന്ന് വിളിച്ച്‌ കളിയാക്കിയ ഇഗ്നേഷ്യസ്‌.

റൂത്ത്‌ ഫെലീനോ എന്ന ഇറ്റാലിയന്‍ സുന്ദരിയ്ക്ക്‌,ആഞ്ഞടിയ്ക്കുന്ന കൊടുംകാറ്റിനു തുല്യമായ രതിയ്ക്കിടയില്‍ വൈരുദ്ധാത്മിക ഭൌതികവാദത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഇഗ്നേഷ്യസ്‌.

ശ്രീരാം സെന്ററിലെ നാടക ചര്‍ച്ചയ്ക്കിടയില്‍,സഫ്ദറിന്റെ ചോരയ്ക്ക്‌ നീയാണ്‌ ഉത്തരവാദി എന്നു പറഞ്ഞ്‌ നീലോല്‍പലിന്റെ കോളറില്‍ കയറിപ്പിടിച്ച ഇഗ്നേഷ്യസ്‌.

ചരിത്രവും അതിന്റെ അനിവാര്യതകളും,ആ അനിവാര്യതകളുടെ ആകുലതകളും ആവര്‍ത്തന വിരസതകളും നെഞ്ചിലേറ്റി,സെക്ടര്‍ സെവനിലെ ഗോവര്‍ദ്ധന്‍ തീവാരിയുടെ പാന്‍കടയില്‍ രഹസ്യമായി ലഭ്യമായിരുന്ന വാറ്റുചാരായം കുടിച്ച്‌,ഹൌസ്‌കസില്‍ താമസിയ്ക്കുന്ന ബംഗാളി പെണ്‍കൊടിയുടെ കൂടെ അന്തിയുറങ്ങി,പിറ്റേന്ന് രാവിലെ വീട്ടിലെത്തുമ്പോള്‍,താന്‍ വന്ന ടാക്സിക്കാറിന്റെ ഡ്രൈവര്‍ സര്‍ദാര്‍ജിയ്ക്ക്‌ വായിയ്ക്കാന്‍ Crime and Punishment കൊടുക്കുന്ന ഇഗ്നേഷ്യസ്‌..

ഇഗ്നേഷ്യസിനെ ഞാന്‍ എങ്ങനെ മറന്നു..എനിയ്ക്കെങ്ങനെ ഇഗ്നേഷ്യസിനെ മറക്കാനായി??

ഇഗ്നേഷ്യസിന്റെ മാതാവ്‌ മരിയ,കോട്ടയംകാരി ആയിരുന്നു. വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണ്ണമെഡലോടെ ബിരുദം നേടിയ അവര്‍,ഗ്ലാസ്‌ഗോവിലെ റോയല്‍ കോളേജ്‌ ഓഫ്‌ ഫിസിസ്യന്‍സ്‌ ആന്‍ഡ്‌ സര്‍ജന്‍സില്‍ നിന്നും FRCSനേടിയ അതിപ്രശസ്തയായ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദയായിരുന്നു. ബോംബേയിലെ ഒരു പ്രസിദ്ധ ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗത്തിന്റെ ഹെഢ്‌ ആയിരുന്നു അവര്‍.

ഇഗ്നേഷ്യസിന്റെ പിതാവ്‌ ശ്രീലങ്കക്കാരനായ ബോധിസത്വ തുംഗേ,അതേ ആശുപത്രിയിലെ അതിപ്രശസ്തനായ ന്യൂറോ സര്‍ജനും.

ഇഗ്നേഷ്യസ്‌,ജനിച്ചതും വളര്‍ന്നതും ബോംബേയിലാണ്‌

ഇഗ്നേഷ്യസ്‌ IIT കാണ്‍പൂരില്‍ നിന്നും ഇലക്ട്രോണിക്സ്‌ എന്‍ജിനീറിങ്ങില്‍ ബിരുദവും IIM അഹമ്മദാബാദില്‍ നിന്നും എം.ബി.എ യും നേടിയിട്ടുണ്ട്‌.

സ്വപ്രയത്നത്താല്‍ മലയാളം എഴുതാനും വായിയ്ക്കാനും പഠിച്ച ഇഗ്നേഷ്യസ്‌ മലയാള സാഹിത്യത്തിന്റെ ഒരു വലിയ ആരാധകനായിരുന്നു.കുട്ടികൃഷ്ണമാരാരും,വൈക്കം മുഹമ്മദ്‌ ബഷീറുമായിരുന്നു ഇഗ്നേഷ്യസിന്‌ ഏറ്റവും ഇഷ്ടപ്പെട്ട മലയാളി എഴുത്തുകാര്‍.

ഞാനും ഇഗ്നേഷ്യസും സിദ്ധപതിരാജുവും ശരവണനും ദിലീപും മദന്‍ഗീറിലെ ഒരു DDA ഫ്ലാറ്റില്‍ മൂന്ന് വര്‍ഷക്കാലം ഒരുമിച്ച്‌ താമസിച്ചത്‌ ചരിത്രനിയോഗം.പണ്ഡിറ്റ്‌ ദ്വാരകാനാഥ്‌ ശാസ്ത്രി,ഇഗ്നേഷ്യസിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം അവസാനമായി കത്തെഴുതിയതും ഇഗ്നേഷ്യസിനായിരുന്നു.

ഇഗ്നേഷ്യസ്‌ ഒരു ദിവസം ഞങ്ങളോടെല്ലാം യാത്രപറഞ്ഞ്‌,എവിടേയ്ക്കോ പോയി മറഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം പങ്കജ്‌ സബര്‍വാള്‍ രുദ്രപ്രയാഗയില്‍ വെച്ചും വീണ്ടും കുറേ കാലത്തിനുശേഷം ഹരിനായാരണന്‍ കൈലാസ യാത്രയ്ക്കിടയില്‍ ഏതോ ഒരു ഗ്രാമത്തില്‍ വെച്ചും ഇഗ്നേഷ്യസിനെ കാണുകയുണ്ടായി എന്ന് പറയുന്നു.

ഞാന്‍,ഇഗ്നേഷ്യസിനെ കുറിച്ച്‌ ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണം,ഇന്നലെ ഉച്ചയ്ക്ക്‌,തിളച്ചു മറിയുന്ന എയര്‍പോര്‍ട്ട്‌ റോഡിലെ,പെട്രോള്‍ പംപില്‍ പെട്രോള്‍ നിറയ്ക്കാനായി കാറ്‌ നിര്‍ത്തിയപ്പോള്‍ ഒരു ഓട്ടോ റിക്ഷയില്‍ ആ വഴി കടന്നു പോയ കാഷായ വസ്ത്രധാരിയ്ക്ക്‌ ഇഗ്നേഷ്യസിന്റെ ഛായയുണ്ടായിരുന്നു എന്നതാണ്‌.

അത്‌ ഇഗ്നേഷ്യസ്‌ ആയിരുന്നൊ? ആയിരിയ്ക്കാം- ചിലപ്പോള്‍ അല്ലായിരിയ്ക്കാം..

ഒരിയ്ക്കല്‍,ഞങ്ങളൊരുമിച്ച്‌,തിരുനാവായിലെ നാവാ മുകുന്ദ ക്ഷേത്രത്തില്‍ പോയി.(വെക്കേഷനു വന്ന എന്റെ കൂടെ കേരളം കാണാന്‍ ഇഗ്നേഷ്യസും വന്നിരുന്നു, അത്തവണ).മഹാനദിക്കരയില്‍ ബലി ഇടാനായി നിരയായി ഇരിയ്ക്കുന്നവരില്‍ ഒരാളായി ഇഗ്നേഷ്യസും ഇരുന്നു."നീ ബലി ഇടുന്നില്ലേ?" എന്നവന്‍ എന്നോട്‌ ചോദിച്ചപ്പോള്‍,ബലി സ്വീകരിക്കേണ്ടവരെല്ലാം ഇപ്പോഴും ജീവനോടുള്ളപ്പോള്‍ ഞാന്‍ എന്തിന്‌ ബലി ഇടണം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

എന്റെയും മാതാപിതാക്കള്‍ ഇപ്പോഴും ജീവനോടെ ഉണ്ട്‌,ഞാന്‍ ബലി ഇടുന്നത്‌ എന്നെ സ്നേഹിയ്ക്കുകയും ഞാന്‍ സ്നേഹിയ്ക്കുകയും ചെയ്ത മണ്മറഞ്ഞു പോയവര്‍ക്ക്‌ വേണ്ടിയാണ്‌ എന്നും പറഞ്ഞ്‌,ഇളയതിനെ കൊണ്ട്‌ ജ്ഞാതാജ്ഞാത ബലി നടത്തിച്ചു. ദര്‍ഭമോതിരം അണിഞ്ഞ്‌,ഇരുപത്തി ആറ്‌ പിണ്ഡങ്ങള്‍ വെച്ച്‌,എള്ളില്‍ തോട്ട്‌ വെള്ളം കൊടുത്ത്‌ വന്ദിച്ച്‌,ഭാരതപ്പുഴയുടെ കുത്തൊഴുക്കിലേയ്ക്ക്‌ ആ പിണ്ഡങ്ങളടങ്ങിയ നാക്കില പിന്നോട്ടെറിഞ്ഞ്‌ മുങ്ങി കയറിയ ഇഗ്നേഷ്യസ്‌.

തനിയ്ക്ക്‌ ഭക്ഷണം വിളമ്പി തന്നിരുന്ന അന്‍പുശെല്‍വന്‍ എന്ന തമിഴനില്‍ തുടങ്ങി,വീട്‌ അടിച്ചു വാരാന്‍ വന്നിരുന്ന കാന്താഭായിയ്ക്കും,അഹമ്മെദാബാദില്‍ സഹപാഠിയായിരുന്ന നിരുപമാ സന്യാലിനും,പണ്ഡിറ്റ്‌ ദ്വാരകാനാഥ്‌ ശാസ്ത്രിയ്ക്കും അങ്ങനെ ഓര്‍മ്മയിലുണ്ടായിരുന്ന 20 പേര്‍ക്കും ഓര്‍മ്മയിലില്ലാത്ത അഞ്ചുപേര്‍ക്കും കൂടാതെ ഇത്താപ്പുവും ചന്തുണ്ണിയുമടക്കം മാമാങ്കത്തില്‍ സാമൂതിരിയെ നേരിട്ട്‌ മരിച്ച വള്ളുവനാട്ടിലെ നിരവധി ചാവെറുകള്‍ക്കും വേണ്ടി ഒരു പിണ്ഡവും ബലിയായി ഇട്ട ഇഗ്നേഷ്യസ്‌..

ആ ഇഗ്നേഷ്യസാണ്‌ ഒരു ദിവസം,മഞ്ഞു വീണു തുടങ്ങിയിരുന്ന ഒരു നവംബര്‍ സന്ധ്യയ്ക്ക്‌ ഞങ്ങളോട്‌ യാത്ര പറയും നേരം,എന്നെ നോക്കി,"നീയും നിന്റെ സാന്തിയാഗോ സ്വപ്നങ്ങളും നശിച്ചു പോകട്ടെ" എന്ന് ഉറക്കെ വിളിച്ച്‌ പറഞ്ഞ്‌,ജോഗീന്ദര്‍ സിങ്ങിന്റെ ടാക്സിയില്‍ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക്‌,"അതിവേഗത്തില്‍ വണ്ടി ഓടിയ്ക്കൂ" എന്ന് സര്‍ദാര്‍ജിയോട്‌ ആക്രോശിച്ചു കൊണ്ട്‌ സാകേതും മാളവ്യാനഗറും മെഹ്രോളിയും പിന്നിട്ട്‌,ചരിത്രസന്ധിയിലേയ്ക്ക്‌ ഒറ്റയ്ക്ക്‌ പുറപ്പെട്ടു പോയത്‌.

ആ ഇഗ്നേഷ്യസിനെ എനിയ്ക്കെങ്ങനെ മറക്കാനായി?

ഞങ്ങളെ വിട്ടുപിരിഞ്ഞതിനു ശേഷമുള്ള ഇഗ്നേഷ്യസിന്റെ ചരിത്രം,എനിയ്ക്ക്‌ അജ്ഞാതമാണ്‌.പിരിയുന്നതിനു മുന്‍പുള്ള അവന്റെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങളാവട്ടെ,വളരെ പരിമിതങ്ങളും. അവന്റെ വര്‍ത്തമാന ജീവിതത്തെക്കുറിച്ച്‌,തികച്ചും സങ്കല്‍പ്പങ്ങളില്‍ അധിഷ്ഠിതങ്ങളായ പ്രസ്താവങ്ങളോ നിഗമനങ്ങളൊ നടത്താന്‍ എന്റെ യുക്തിയ്ക്ക്‌ ശേഷിയുമില്ല.

അപ്പോള്‍ പിന്നെ..ഇഗ്നേഷ്യസ്‌,എന്നും,എന്റെ മനസ്സില്‍ ഒരു അദൃശ്യ സാന്നിദ്ധ്യമായി നിലനില്‍ക്കും എന്ന് ആശ്വസിയ്ക്കാനല്ലേ,കേവല മനുഷ്യനായ എനിയ്ക്ക്‌ കഴിയൂ !!!!..