Monday, June 18, 2007

ബദരിയില്‍ എന്നെ തടഞ്ഞ ജടാധാരി

ദില്ലിയില്‍ മഞ്ഞുകാലം തുടങ്ങുന്ന ഒക്ടോബര്‍ മാസം..

പതിവിനു വിപരീതമായി ആ വര്‍ഷം ദീപാവലിയ്ക്ക്‌ അഞ്ച്‌ ദിവസം അവധി ലഭിച്ചു. ദീപാവലി അവധി ബുധനും വ്യാഴവും. വെള്ളിയാഴ്ച്ച ഒരു പ്രാദേശിക അവധി. പിന്നെ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും.

അഞ്ച്‌ ദിവസം എന്ത്‌ ചെയ്യും എന്ന് ആലോചിച്ച്‌ ഇരിക്കുമ്പോഴാണ്‌ ഡെഹ്രാഡൂണ്‍കാരിയായ പായല്‍ ബെറിയുടെ വരവ്.
'ഞാന്‍ ഇന്ന് രാത്രി ഗ്രാമത്തിലേയ്ക്ക്‌ പോകുകയാണ്‌. നീ വരുന്നോ?'
'ഞാന്‍ ഇല്ല'

'അഞ്ച്‌ ദിവസം നീ ഒറ്റയ്ക്ക്‌ ദില്ലിയില്‍ എന്ത്‌ ചെയ്യാനാണ്‌? നടക്കില്ല മോനെ ദില്ലിയിലുള്ള സകല മദ്യഷാപ്പുകളും നിരങ്ങാന്‍ ഇത്തവണ പറ്റില്ല. ഞാന്‍ രണ്ട്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. രാത്രി 11 മണിയുടെ ഡെഹ്രാഡൂണ്‍ എക്സ്‌പ്രസ്സില്‍ '

‘നിന്റെ, നാട്ടുപ്രമാണിയായ പിതാവിന്റെ പൊങ്ങച്ചം കേള്‍ക്കാന്‍ എനിക്ക്‌ വയ്യ‘

‘അതൊന്നും എനിക്കറിയില്ല. കൃത്യം 11 മണിക്ക്‌ നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ വന്നിരിക്കണം‘

നീ പോടി പെണ്ണേ എന്ന് മനസ്സില്‍ വിചാരിച്ച്‌ ഓഫീസില്‍ നിന്നും ഇറങ്ങി. വീട്ടില്‍ എത്തിയപ്പോഴാണ്‌ അഞ്ച്‌ ദീവസത്തെ ലക്ഷ്യമില്ലായ്മ മനസ്സിനെ ഗ്രസിക്കാന്‍ തുടങ്ങിയത്‌. കല്‍ക്കത്തയ്ക്ക്‌ പോയാലോ? ബോണസ്സും ശമ്പളവും അടക്കം പതിനാറായിരം രൂപ കയ്യില്‍ ഉണ്ട്‌. നാട്ടില്‍ പോകുമ്പോള്‍ അമ്മയ്ക്ക്‌ ഒരു സ്വര്‍ണ്ണമാല വാങ്ങിക്കൊടുക്കണം എന്ന് വിചാരിച്ചിരുന്നതാണ്‌. എന്തോ ആകട്ടെ.കല്‍ക്കത്തയില്‍ ഉള്ള സുഹൃത്ത്‌ ദിവ്യേന്ദു ബാനര്‍ജിയുടെ വീട്ടിലേയ്ക്ക്‌ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് ഫോണ്‍ ചെയ്തു. അവന്‍ ജോലി സംബന്ധമായി മലേഷ്യയില്‍ പോയിരിക്കുകയാണെന്നും പത്തു ദിവസം കഴിഞ്ഞെ തിരിച്ച്‌ വരികയൊള്ളു എന്നും ഫോണ്‍ എടുത്ത അവന്റെ അമ്മ പറഞ്ഞു. അവന്‍ ഇല്ലെങ്കില്‍ എന്താ നീ എന്റെ മകനെ പോലെ അല്ലെ,നീ വാ മകനെ എന്ന ആയമ്മയുടെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ച്‌ വീട്ടില്‍ എത്തിയപ്പോള്‍ മനസ്സ്‌ ശൂന്യമായിരുന്നു. സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. ഇനി എന്ത്‌? എന്നാലോചിച്ച്‌ മാന്‍ഷന്‍ ഹൌസിന്റെ കുപ്പി തുറക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഒരു വെളിപാടു പോലെ ബദരീനാഥ്‌ മനസ്സിലേയ്ക്ക്‌ കടന്നു വന്നത്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുപ്‌ ഒരിക്കല്‍ പോയതാണ്‌ ബദരീനാഥില്‍. അന്ന് മുഹമ്മദ്‌ സലീം കൂടെ ഉണ്ടായിരുന്നു. എന്തോ എനിക്കത്ര തൃപ്തിയായില്ല ആ യാത്ര.യാത്രയിലുടനീളം അമിതമായി മദ്യപിച്ചതു കൊണ്ടാവാം..

പിന്നെ ഒന്നും ആലോചിച്ചില്ല. മാന്‍ഷന്‍ ഹൌസിന്റെ കുപ്പി തിരിച്ച്‌ വെച്ചു.രണ്ട്‌ മൂന്ന് ജോടി വസ്ത്രങ്ങള്‍ ബാഗില്‍ എടുത്ത്‌ വെച്ചു. കാവി ജുബ്ബയും മുണ്ടും എടുത്ത്‌ വെച്ചു. സമയം ഒന്‍പത്മണി കഴിഞ്ഞിരുന്നു. സുരീന്ദര്‍ സിങ്ങിന്റെ ടാക്സി എന്നെ കാത്തെന്നോണം സ്റ്റാന്റില്‍ കിടപ്പുണ്ടായിരുന്നു.

സാബ്‌ എവിടേയ്ക്കാ ഈ രാത്രിയില്‍?
നിസാമുദ്ദീന്‍ റൈല്‍വേ സ്റ്റേഷനിലേയ്ക്ക്‌

സ്റ്റേഷനില്‍ എത്തിയപ്പോള്‍ പത്തരയായിരുന്നു സമയം. എന്നെ കാത്ത്, പായല്‍ നാലാമത്തെ പ്ളാറ്റ്ഫോമില്‍ നില്‍പ്പുണ്ടായിരുന്നു.

നീ വരുമെന്ന് എനിക്കറിയാം.

ആ എന്തോ ആകട്ടെ.. എന്ന് ഞാന്‍

രാവിലെ ആറ്‌ മണിക്ക്‌ ഡെഹ്രാഡൂണില്‍ എത്തി. അവളുടെ വീട്ടില്‍ ചെന്ന് കുളിയും പ്രാതലും കഴിഞ്ഞപ്പോള്‍ മെല്ലെ പറഞ്ഞു

“നിന്റെ അച്ഛനോട്‌ എന്നെ ഹൃഷികേശില്‍ കൊണ്ട്‌ ചെന്നു വിടാന്‍ പറയ്‌.“
അവള്‍ക്ക്‌ സങ്കടമായി
“നീ എവിടേക്കാ പോകുന്നത്‌?“
“ബദരീനാഥ്‌ “
‘ദുഷ്ടാ അപ്പോള്‍ എന്നോടുള്ള സ്നേഹം കൊണ്ട്‌ വന്നതല്ല അല്ലെ,ഉം എന്തായലും ഞാന്‍ പറയാം‘

അവളുടെ പിതാവ്‌ ജമീന്ദാര്‍ കൈലാസനാഥ്‌ ബെറി എന്നെ ജീപ്പില്‍ ഹൃഷികേശില്‍ കൊണ്ട്‌ വിട്ടു. പതിനൊന്ന് മണിക്ക്‌ പുറപ്പെടുന്ന ബസ്സില്‍ ഞാന്‍ ബദരിയിലേയ്ക്ക്‌ യാത്രതിരിച്ചു. 22 മുതല്‍ 24 മണിക്കൂറ്‍ വരെ എടുക്കും ബദരിയില്‍ എത്താന്‍. മലയിടിഞ്ഞാല്‍ യാത്ര ദുഷ്കരമാകും. ഉച്ചയ്ക്കും രാത്രിയിലും കഴിക്കാനുള്ള ഭക്ഷണം പായല്‍ പൊതിഞ്ഞൂ തന്നിരുന്നു. ഉച്ച ഭക്ഷണം കഴിച്ച്‌ ഉറക്കത്തിലേയ്ക്ക്‌ വീണ ഞാന്‍ ഉണര്‍ന്നത്‌ രാത്രി പതിനൊന്ന് മണിയ്ക്കാണ്‌. ബസ്സ്‌ ഏതോ ഒരു ഗഡ്‌വാള്‍ ഗ്രാമത്തില്‍ ഉള്ള ഒരു ഡാബയില്‍ ഭക്ഷണം കഴിക്കാന്‍ നിറുത്തിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം വീണ്ടും ഉറക്കം. ഉണര്‍ന്നപ്പോല്‍ രാവിലെ ഒന്‍പത്‌ മണിയായിരുന്നു. ബസ്സ്‌ രുദ്രപ്രയാഗ പിന്നിട്ട്‌ കഴിഞ്ഞിഞ്ഞിരുന്നു.കര്‍ണ്ണ പ്രയാഗയും ജോഷീമഠും പിന്നിട്ട് ബദരീനാഥ്‌ എത്താന്‍ ഇനി രണ്ട് മണിക്കൂറ്‍ മതി. റോഡിനിരുവശവും ഉള്ള ക്യാബേജ്‌ തോട്ടങ്ങളും ആപ്പിള്‍ തോട്ടങ്ങളും കണ്ട്‌ സീറ്റില്‍ നിവ‍ര്‍ന്നിരുന്നു. ബദരിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നര മണി പായലിന്റെ പിതാവ്‌ വിളിച്ച്‌ പറഞ്ഞ്‌ ഉത്തര്‍പ്രദേശ്‌ ഗവണ്‍മെന്റിന്റെ ഗസ്റ്റ്‌ ഹൌസില്‍ ഒരു മുറി ബുക്ക്‌ ചെയ്തിരുന്നു.

മുറിയില്‍ ചെന്ന് പ്രഭാത കര്‍മ്മങ്ങളും കുളിയും കഴിഞ്ഞ്‌ ആലു പറാത്തയും കട്ടി തൈരും കൂട്ടി സുഭിക്ഷമായ ഭക്ഷണവും കഴിച്ച്‌ ഉറങ്ങാന്‍ കിടന്നു.

ഉണര്‍ന്നപ്പോള്‍ സമയം സന്ധ്യയായിരുന്നു

തപ്തകുണ്ഡത്തില്‍ മുങ്ങി കുളിച്ച്‌ ക്ഷേത്രത്തില്‍ ചെന്നു. നാലഞ്ച്‌ ദിവസം കഴിഞ്ഞാല്‍ ക്ഷേത്രം അടയ്ക്കും. ആറു മാസത്തോളം ക്ഷേത്രം അടഞ്ഞ്‌ കിടക്കും. പിന്നെ ഹോളിയ്ക്കെ തുറക്കു. തണുപ്പ്‌ കാലത്ത്‌ സന്ദര്‍ശകര്‍ ആരും ഉണ്ടാകില്ല.ക്ഷേത്രം അടച്ചാല്‍ അവിടെ ഉള്ളവരൊക്കെ മലയിറങ്ങി ജോഷീമഠില്‍ ചെന്ന് താമസിക്കും. റോഡ് അടച്ചിടും..

താമരനൂലുകള്‍ ജടയായി ഉള്ള,പത്മാസനത്തില്‍ ഇരിക്കുന്ന ബദരീനാഥനെ തൊഴുത്‌ രാത്രി ഭക്ഷണവും കഴിച്ച്‌ മുറിയില്‍ ചെന്ന് വീണ്ടും ഉറക്കത്തിലേയ്ക്ക്‌ വീണു..

പിറ്റേന്ന് പ്രഭാതത്തില്‍ അതിരാവിലെ എഴുന്നേറ്റ്‌ തപ്തകുണ്ഡത്തില്‍ മുങ്ങി കുളിച്ചു. ബദരിയിലെ പൂജാരിമാര്‍ മലയാളികളാണ്‌. കണ്ണൂരില്‍ നിന്നുള്ള ഒരു യുവ സാത്വികന്‍ ആയിരുന്നു അന്ന് റാവേല്‍. സന്ദര്‍ശകര്‍ കുറവായിരുന്നു. വടക്കാഞ്ചേരിക്കാരന്‍ ഗോപാലമേനോനെ കണ്ടു. അദ്ദേഹം ഇരുപത്‌ വര്‍ഷമായി ബദരിയില്‍ ആണ്‌ താമസം. ക്ഷേത്രത്തിനു മുന്‍പില്‍ ഉള്ള കച്ചവട കേന്ദ്രങ്ങള്‍ മിക്കതും ഒഴിഞ്ഞു കിടന്നിരുന്നു. ബദരീനാഥനെ മനസ്സ്‌ നിറയെ കണ്ട്‌ പുറത്തിറങ്ങി.

ക്ഷേത്രത്തിനു പുറത്തെ കുന്നിന്‍ ചെരുവില്‍ നിന്നും പടിഞ്ഞാറോട്ട്‌ നോക്കിയപ്പോള്‍ അവ്യക്തമായ സൂര്യബിംബം.. വില്ല്വാദ്രി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക്‌ പോയ പോലെ.. സൂര്യന്‍ അസ്തമിക്കുന്നത്‌ നിളയ്ക്കുമപ്പുറം ഒറ്റപ്പാലവും പട്ടാമ്പിയും കഴിഞ്ഞ്‌ എവിടേയോ ആണെന്ന് ബാല്യകാലത്ത്‌ എനിയ്ക്ക്‌ തോന്നിയിരുന്നു.

ഒരു വെട്ടുവഴി മുന്‍പില്‍ നീണ്ട്‌ കിടന്നിരുന്നു.

അതിലൂടെ ലക്ഷ്യമൊന്നുമില്ലാതെ നടന്നു.. നടന്ന് നടന്ന് ഒരു ആല്‍ത്തറയില്‍ എത്തി. അത്‌ കണ്ടപ്പോള്‍ കാവശ്ശേരിയിലെ ഈടുവെടിയാലിനേയാണ്‌ എനിയ്ക്കോര്‍മ്മ വന്നത്‌. ആ ആല്‍മരത്തിനു ചോട്ടില്‍ ഒരു പരമ സാത്വികനായ സംന്യാസി ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹം നല്ല ഇംഗ്ളീഷില്‍ എന്നോട്‌ ചോദിച്ചു,എങ്ങോട്ടാ പോകുന്നത്‌ എന്ന്?

പ്രത്യേകിച്ച്‌ എങ്ങോട്ടും ഇല്ല .. സ്ഥലങ്ങള്‍ ഒക്കെ കാണണം. ഞാന്‍ നടക്കാന്‍ തുടങ്ങി

“ആ വഴിയിലൂടെ നീ പോയിട്ട്‌ ഒരു കാര്യവുമില്ല. അധികം താമസിക്കാതെ നീ ഇവിടെ തന്നെ തിരിച്ചെത്തും‘.

“അതെന്താ സ്വാമി?“

“അത്‌ നീ വഴിയേ അറിയും “

ഞാന്‍ വീണ്ടും നടത്തം തുടങ്ങി.. വഴിയില്‍ ഒരു മനുഷ്യ ജീവിയേ പോലും കണ്ടില്ല. ഉച്ചയായപ്പോഴേയ്ക്കും ഏതാണ്ട്‌ ഏഴെട്ട്‌ കിലോമീറ്റര്‍ നടന്നു കാണും. വീണ്ടും നടന്ന് നടന്ന് ഒരു സമതലം പോലെ തോന്നിയ്ക്കുന്ന ഭൂപ്രദേശത്തെത്തി.

പെട്ടന്ന് ജടാധാരിയായ ഒരാള്‍ എന്റെ മുന്‍പില്‍ വന്നു.കണ്ടാല്‍ ഒരു ഭ്രാന്തനെ പോലെ തോന്നും. അയാള്‍ ഒന്നും സംസാരിച്ചില്ല.

അയാള്‍ എന്നെ തടഞ്ഞു.

എനിയ്ക്ക്‌ ദേഷ്യം വന്നു.. ഇത്‌ ഇന്ത്യാരാജ്യം ആണ്‌. ഇവിടെ എവിടേ വേണെങ്കിലും സഞ്ചരിയ്ക്കാന്‍ എനിയ്ക്ക്‌ ആരുടേയും അനുവാദം വേണ്ട എന്ന് ആക്രോശിച്ചു.

അയാള്‍ ഒന്നും മിണ്ടുന്നില്ല. എന്റെ വഴി മുടക്കി മുന്‍പില്‍ മഹാമേരു പോലെ നിന്നു.അയാളെ കടന്ന് പോകാന്‍ ശ്രമിച്ച എന്നെ അയാള്‍ വീണ്ടും തടഞ്ഞു.

ബലമായി മുന്നോട്ട്‌ പോകാന്‍ ശ്രമിച്ച എന്നെ അയാള്‍ പിടിച്ചൊരു തള്ള് തള്ളി.

ഞാന്‍ മലര്‍ന്നടിച്ച്‌ വീണു. ദൃഢഗാത്രനായ അയാളോട്‌ പൊരുതി ജയിക്കാനുള്ള ആരോഗ്യം അന്ന് എനിയ്ക്കില്ലായിരുന്നു ഞാന്‍ തഴെ വീണ എന്റെ തോള്‍ സഞ്ചിയും എടുത്ത്‌ തിരിച്ച്‌ നടന്നു.

എനിക്കല്‍പം ഇച്ഛാഭംഗം തോന്നി..

തിരിച്ച്‌ നടന്ന് സന്ധ്യയായപ്പോഴേയ്ക്കും ഞാന്‍ ആദ്യത്തെ സംന്യാസിയെ കണ്ട ആല്‍ത്തറയില്‍ എത്തി. എന്നെ കണ്ട സംന്യാസി ഉറക്കെ പൊട്ടിച്ചിരിച്ചു.

‘എന്താ ഇപ്പൊ ഇത്ര ചിരിക്കാന്‍?‘

‘ എന്തേ നീ തിരിച്ച്‌ വന്നത്‌?‘

‘നടന്ന് പോകും വഴി ഒരാള്‍ വന്ന് എന്നെ തടഞ്ഞു ‘

സംന്യാസി വീണ്ടും ചിരിച്ചു

“എനിയ്ക്കറിയമായിരുന്നു നിനക്കാവഴി അധികദൂരം പോകാനാവില്ലെന്ന്“
“ അതെന്താ?“

“ മകനെ.. അത്‌ സംന്യാസത്തിലേയ്ക്കുള്ള വഴിയാണ്‌. നിനക്ക്‌ അതിനുള്ള യോഗം ഇല്ല. നിനക്ക്‌ കുടുംബജീവിതം നയിക്കാനും അതിന്റെ യാതനകള്‍ അനുഭവിക്കാനുമാണ്‌ യോഗം.“

എനിയ്ക്ക്‌ വല്ലാത്ത സങ്കടം വന്നു.

അവിടെ നിന്നും ഓടുകയായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടെ ബദരീനാഥനെ ദര്‍ശിയ്ക്കാന്‍ പോലും നില്‍ക്കാതെ,മുറി ഒഴിഞ്ഞ്‌ നിരവധി ബസ്സുകള്‍ മാറി കയറി ഞാന്‍ ദില്ലിയുടെ വന്യതയിലേയ്ക്ക്‌ വീണ്ടും തിരിച്ചെത്തി.

ഹവിസ്സ്‌ സ്വീകരിക്കുന്ന അഗ്നിയെ പോലെ ദില്ലി എന്നെ സ്വീകരിച്ചു.

30 comments:

കുറുമാന്‍ said...

“ മകനെ.. അത്‌ സംന്യാസത്തിലേയ്ക്കുള്ള വഴിയാണ്‌. നിനക്ക്‌ അതിനുള്ള യോഗം ഇല്ല. നിനക്ക്‌ കുടുംബജീവിതം നയിക്കാനും അതിന്റെ യാതനകള്‍ അനുഭവിക്കാനുമാണ്‌ യോഗം.“

മാഷെ എല്ലാം അറിയുന്നവര്‍ സന്യാസിമാര്‍. റിഷികേശിലും (മറ്റേ റ്ര് വരുന്നില്ല, ആരെലും ഒന്നു ഹെല്പൂ), ഹരിദ്വാറിലും, കേദാറിലും, ബദരിയിലും ഇത്തരം സന്യാസിമാരുണ്ടെന്ന് കേട്ടിട്ടുണ്ട്,. ഹരിദ്വാറില്‍ കാണുകയും ചെയ്തിട്ടുണ്ട്........

മാഷെ, ഗൃഹാസ്ഥമം നിങ്ങളുടെ ജന്മലക്ഷ്യം എന്നറിയാന്‍ കഴിഞ്ഞ ഒരു മഹാനാണു നിങ്ങളെ തള്ളിയത്.......ഇനിയും ഒരു സന്യാസി വരും, ഇനി നിനക്ക് സന്യാസമാണ് വേണ്ടതെന്നു പറഞ്ഞ്.....അന്നു തിരിച്ചവിടെ പോകേണ്ടി വരും.

എല്ലാം നിമിത്തം.....

കുടുംബംകലക്കി said...

കൊള്ളാം; സത്യം തന്നേ?

ഋ = r+ Shift 6 (മൂര്‍ത്തി പറഞ്ഞുതന്നത്.)
ക്ഷണനം = വധം, ഹിംസ

പടിപ്പുര said...

തലേവര, മാറ്റിവരയ്ക്കാന്‍ നോക്കുന്നുവോ? :)

കലേഷ്‌ കുമാര്‍ said...

വല്ലാത്തൊരനുഭവം!

“ഹവിസ്സ്‌ സ്വീകരിക്കുന്ന അഗ്നിയെ പോലെ ദില്ലി എന്നെ സ്വീകരിച്ചു.“ - സൂപ്പര്‍!

തഥാഗതന്‍ said...

ഹൃഷികേശ് എന്നതും ശരിയാണ്.

അപ്രമേയോ ഹൃഷികേശൊ പദ്മനാഭോ അമരപ്രഭു:
(വിഷ്ണു സഹസ്രനാമം)

എന്നതിലെ ഹൃഷികേശ്. മഹാവിഷ്ണുവിന്റെ മറ്റൊരു നാമധേയം


http://en.wikipedia.org/wiki/Rishikesh

ഇടിവാള്‍ said...

യോഗം!

അതാ താഥാഗതന്‍‌ജീ ;) 4 പെഗ്ഗ് മാന്‍ഷ്ഹഞൌസും വിട്ടു കീടക്കുന്ന സുക്kഅം താറ്റിയും അഢയുമായി ആല്‍മരച്ചുവട്ടിലിരുന്ന്നാല്‍ കിട്ട്വോ? ല്ലേ?

ചുമ്മാ ;)

ഇത്തിരിവെട്ടം said...

നല്ല പോസ്റ്റ്.

പച്ചാളം : pachalam said...

ഇതു നേരത്തെ കേട്ടിരുന്നെങ്കിലും വായിക്കാന്‍ മടുപ്പ് തോന്നിയില്ല. പക്ഷേ പെട്ടെന്ന് തീര്‍ന്നുപോയീ...കുറേ അധികം അനുഭവങ്ങള്‍ ഉണ്ടല്ലൊ പറയാതെ വച്ചിരിക്കുന്നത്, അതൊക്കെ പോരട്ടെ, ഓരോന്നായി

(അന്നാലും താടീം ജഡേം ഒക്കെ ആയി ഇരികുന്ന തഥാഗത്ജീ... ;)

കുട്ടമ്മേനൊന്‍::KM said...

ശരിക്കും ടചിങ് പോസ്റ്റ്.
അക്ഷരപ്പിശ്ശാശിനെ പടിക്ക് പുറത്ത് നിറുത്താന്‍ മറക്കണ്ട.

G.manu said...

nice narration

kichu said...

നല്ല പോസ്റ്റ്

ഒരുനാള്‍ പോകണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍
ഒന്ന്.

അതുല്യ said...

തഥാഗതന്‍(ഇത് പറയാന്‍ പാടാ‌), പോയ സ്ഥലത്തൊക്കെ ഞാനും പോയ പോലെ, വായിച്ച് കഴിഞപ്പോഴ് ഒരു തണുപ്പ് എനിക്കും.

സന്യാസം ന്ന് പറഞ പോയ ആള്‍ ഉണ്ട്/ഉറങ്ങിയ സമയാണല്ലോ കൂടുതലു? :} :}

അനുഭവങ്ങളു പങ്കു വയ്കു സുഹ്ര്ത്തേ. (ഏത് വേണമെന്ന് തീരുമാനിയ്കാലോ ..)

ചന്ത്രക്കാറന്‍ : chandrakkaran said...

മുന്പേ കേട്ടിട്ടുള്ളതാണെനിലും എഴുത്തു വായിക്കുമ്പോള് വേറെ ഒരു സുഖമുണ്ട്. നല്ല നേരെവാ, നേരെ പോ ഭാഷ.

ഓ.ടോ. രാവിലെ ബ്രഡ്ഡും ഓംലറ്റും, ഉച്ചക്ക്‌ പുളിയോഗരെ, വൈകുന്നേരം ആറു പെഗ്ഗ്‌, വേലക്കാരി ഉണ്ഡാക്കിവച്ച കഞി വയറുനിറയെ കുടിച്ചു എന്നു വിശ്വസിച്ചുള്ള മൂന്നുമണിക്കൂറ് ഉറക്കം, ദിവസം നാല്പ്പതു സിഗരറ്റ്‌, ഓഫീസില് മുന്നില്പ്പെട്ടവനെല്ലാം ചീത്ത, പത്തരക്കോടി രൂപയുടെ ചെക്കും പോക്കറ്റിലിട്ട്‌ ബാറിലെ വെയ്റ്ററോട്‌ അടിയുണ്ടാക്കല്, ഒറ്റക്ക്‌ താമസം...

ഇതിനൊക്കെയാണോ സറ് ഗൃഹസ്ഥാശ്റമം എന്നു പറയുന്നത്‌?

Ambi said...

തഥാഗതന്‍,
ഒത്തിരി നന്ദി

മൂര്‍ത്തി said...

നല്ല എഴുത്ത്....ഇനിയും എഴുതുക...

അതുല്യ said...

ചന്ത്രക്കാരാ .. ഗൊട് ഗൈ. നമിച്ച് ഞാന്‍. ഇങ്ങേര്‍ടെ ഒരു സന്യാസോദ്ധമം.

മഴത്തുള്ളി said...

സന്ന്യാസിയും ബദരിയില്‍ വഴി തടഞ്ഞ ജടാധാരിയും മനുഷ്യമനസ്സ് വായിക്കാന്‍ കഴിവുള്ളവരായിരുന്നു.

എന്നാലും ബദരീനാഥ് ദര്‍ശിക്കാന്‍ പോലുമാവാതെ തിരിച്ചുപോരേണ്ടി വന്നല്ലേ.

കൊള്ളാം രസകരമായി വായിച്ചു.

ചില നേരത്ത്.. said...

ചിലര്‍ക്ക് ചിലത് വിധിച്ചിട്ടുണ്ട്, അതാണീ അനുഭവകഥയുടെ സാരാംശം എന്ന് മനസ്സിലാകുന്നു.

തഥാഗതന്‍ said...

മഴത്തുള്ളി ശരിക്ക് വായിച്ചില്ലെ?
ബദരീനാഥനെ രണ്ട് തവണ ദര്‍ശിക്കുന്നത് പറയുന്നുണ്ടല്ലോ.ബദരീനാഥ് എത്താതെ അതിനു പറ്റുമോ?

ikkaas|ഇക്കാസ് said...

അങ്ങനെ തഥാഗതന്‍ ആയി! :)

അഗ്രജന്‍ said...

അതെ, ശരിക്കും ടച്ചിംഗ് - നല്ല പോസ്റ്റ്!

പ്രിയംവദ said...

പോസ്റ്റ്‌ ഇഷ്ടമായി..
ഓടൊ
അപ്പൊ ചന്ത്രക്കാരനാണൊ ആ ജടാധാരി ത്രികാലജ്ഞാനി?;-)

കണ്ണൂസ്‌ said...

ഞാനും ഇങ്ങനെ സംന്യാസത്തിനെ അടുത്ത്‌ വരെ എത്തിയിട്ടുണ്ട്‌. പത്തൊമ്പത്‌ വയസ്സുള്ളപ്പോള്‍. ബദരിയിലൊന്നും പോയില്ല. തഥാഗതേട്ടന്‍ പറഞ്ഞ കാവശ്ശേരിയിലെ ഈടുവെടിയാലിന്റെ ചുവട്ടില്‍ പത്‌മാസനത്തില്‍ ഇരുന്നു. കൂടെ വേറൊരുത്തനും ഉണ്ടായിരുന്നു. രാത്രി സെക്കന്റ്‌ ഷോ കഴിഞ്ഞിട്ട്‌ തുടങ്ങിയ ഇരുപ്പ്‌ രാവിലെ 4 മണി വരെ നീണ്ടു. 4 മണിക്ക്‌ പാല്‍ സൊസൈറ്റിയില്‍ പോവാന്‍ വന്ന പ്രഭേട്ടന്‍ (ആള്‍ക്ക്‌ ജഡയൊന്നും ഇല്ലായിരുന്നൂട്ടോ) മുഖത്ത്‌ ടോര്‍ച്ചടിച്ച്‌ നോക്കി, തലയില്‍ കൈവെച്ചു പറഞ്ഞു.

" നെന്നെയൊന്നും പര്‍ഞ്ഞിട്ട്‌ കാര്യല്ലടാ. ഈ ആലിന്‌ കിട്ട്യ ശാപാണ്‌ ഇത്‌. എണീച്ച്‌ പോയിക്കിടന്ന് ഒറങ്ങടാ നായ്‌ക്കളേ"

എന്റെ സംന്യാസം അവിടെക്കഴിഞ്ഞു.

Jokes apart, ഏട്ടേ നന്നായിട്ട്‌ണ്ട്‌. ഓരോ അനുഭവങ്ങള്‍ ആയി എഴ്‌തൂ.

Dinkan-ഡിങ്കന്‍ said...

നന്നായിരിക്കുന്നു.
സന്യാസയോഗ അല്ലേ നഷ്ടമായുള്ളൂ; രാജയോഗ/ഭക്തിയോഗ പന്ഥാവുകള്‍ ഇനിയും ബാക്കി.

ദില്‍ബാസുരന്‍ said...

എനിക്കും പോകണം ഋഷികേശില്‍.. സന്യാസിക്കാന്‍ തോന്നിയിട്ടില്ല ഇത് വരെ. ഒറ്റയ്ക്ക് പോയി ഇരിക്കണം ഒരു സ്ഥലത്ത് എന്ന് തോന്നാറുണ്ട്. (ഷക്കീലപ്പടം കളിക്കുന്ന തീയ്റ്ററില്‍ അല്ലേഡാ അത് എന്ന് ഡിങ്കന്‍ ചോദിക്കും. നീ പോടാ ഡിങ്കാ)

തഥാഗതന്‍ said...

വായിച്ച് അഭിപ്രായം എഴുതിയവര്‍ക്ക് എല്ലാവര്‍ക്കും നന്ദി
qw_er_ty

അചിന്ത്യ said...

ഇത് ശരിക്കും അനുഭവാണോ? എല്ലാരും കേട്ട്ണ്ട് കേട്ട്ണ്ട് ന്ന് പറേണു. ഞാന്‍ കേട്ടിട്ടേ ല്ല്യ.പക്ഷെ ഇപ്പൊ കേട്ട്റ്റപ്പോ ഇഷ്ടായി.
ഇങ്ങനെ റ്റൂറ് പോണ മാതിരി സന്യാസത്തിന് പോവാം ന്ന് വെച്ചൂല്ലെ.മാന്‍ഷന്‍ ഹൌസിന് പകരം സന്യാസം?
പോയി അമ്മക്ക് മാല വാങ്ങിച്ചു കൊടെടാ ചെക്കാ

ചക്കര said...

നല്ല പോസ്റ്റ്

Geetha Geethikal said...

നടന്നതാണെന്ന് വിശ്വസിക്കാന്‍പോലും പ്രയാസം തോന്നുന്നു....
ആദ്യ സന്ന്യാസി തടഞ്ഞിട്ടും 5,6 കി.മി. മുന്‍പോട്ട് പോയ ധൈര്യത്തേയും സമ്മതിക്കുന്നു..

തോന്ന്യാസി said...

അവിടെ വച്ച് ആ നല്ലവനായ സന്യാസി മാഷെ തടഞ്ഞിരുന്നില്ലെങ്കില്‍......... ശ്ശ്യോ ഓര്‍ക്കാന്‍ പോലും വയ്യ...ഇന്ത്യാമഹാരജ്യത്തെ ടോട്ടല്‍ സന്ന്യാസിമാരും അനുഭവിച്ചേനെ