Tuesday, November 07, 2006

പുരോഹിതന്റെ ദൈവനീതി

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി,യമുനാ ബ്രിഡ്‌ജില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

യമുനയില്‍ നിറയെ വെള്ളം ഉണ്ടായിരുന്ന ഒരു ഡിസംബര്‍ മാസത്തിലായിരുന്നു അത്‌

ദില്ലിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു പണ്ഡിറ്റ്ജി.കല്യാണ്‍പുരിയില്‍ നിന്നും അതിരാവിലെ തന്റെ എന്‍ഫീല്‍ഡ്‌ മോട്ടോര്‍ സൈക്കിളിലാണ്‌ അദ്ദേഹം വരിക. നെറ്റിയില്‍ U പോലെ ഉള്ള കുറിയും,പിന്‍ കുടുമയും,കുടവയറില്‍ ഒട്ടിക്കിടക്കുന്ന ചെളിപുരണ്ട പൂണൂലും മുറുക്കി ചുവന്ന ചുണ്ടുകളുമായി കൃഷ്ണപൂജ ചെയ്യുന്ന പണ്ഡിറ്റ്ജി ഞങ്ങളുടെ ഒരു നല്ല സുഹൃത്തായിരുന്നു. വെള്ളിയാഴ്ചകളിലെ ഞങ്ങളുടെ മദ്യപാനസദസ്സിലെ ഒരു സ്ഥിരാംഗമായിരുന്നു അദ്ദേഹം.

ഒരു ദിവസം അമിതമായി മദ്യപിച്ച അദ്ദേഹം ഞങ്ങളൊട്‌ അദ്ദേഹത്തിന്റെ ജീവിത കഥ പറഞ്ഞു. കാണ്‍പൂര്‍ ഐ.ഐ.ടി യില്‍ നിന്നും കെമിയ്ക്കല്‍ എന്‍ജിനീറിങ്ങില്‍ B.Tech ബിരുദം നേടിയ ആളാണ്‌ അദ്ദേഹം എന്നറിഞ്ഞ്‌ ഞങ്ങള്‍ ഞെട്ടിപ്പോയി. വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലി ചെയ്യാന്‍ തുടങ്ങിയ ഉടനെയാണ്‌ പിതാവിന്റെ മരണം. പിതാവ്‌,മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന പണ്ഡിറ്റ്‌ സൈരന്ധ്രീനാഥ്‌ ശാസ്ത്രി മരിച്ചതോടെ ജോലി ഉപേക്ഷിച്ച്‌ പൂജാവൃത്തിയില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.ഒരു പ്രസിദ്ധ പണ്ഡിതനായിരുന്ന രമേശ്വര്‍ ശാസ്ത്രിയുടെ പുത്രി ജാനകിദേവിയെ അദ്ദേഹം പരിണയിച്ചു.

അദ്ദേഹത്തിന്റെ മകന്‌ ദില്ലിയിലെ ഒരു മെഡിക്കല്‍ കോളേജില്‍‍ MBBS ന്‌ പ്രവേശനം ലഭിച്ചതോടെയാണ്‌ പണ്ഡിറ്റ്ജിയുടെ കുടുംബം ദില്ലിയിലേക്ക്‌ താമസം മാറ്റിയത്‌.

മകന്‍ ശ്യാംപ്രസാദ്‌ അതി ബുദ്ധിമാനായിരുന്നു. എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്ന അയാള്‍ക്ക്‌ പത്താം ക്ലാസ്സില്‍ ഒന്നാം റാങ്ക്‌ ലഭിച്ചിരുന്നു. അയാള്‍ വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു. അക്കാലത്താണ്‌ സംവരണവിരുദ്ധപ്രക്ഷോഭം നടന്നത്‌. ലബോറോട്ടറിയില്‍ നിന്നും കാന്റീനിലേക്ക്‌ പോകുകയായിരുന്ന ശ്യാംപ്രസാദിനെ പ്രക്ഷോഭകര്‍ പെട്രോള്‍ ഒഴിച്ച്‌ തീവെച്ച്‌ രക്തസാക്ഷിയാക്കി.

വേദം പഠിച്ച,ദൈവപൂജ ചെയ്യുന്ന ശുദ്ധബ്രാഹ്‌മണനായ പണ്ഡിറ്റ്ജിയ്ക്ക്‌ അത്‌ താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. മകന്റെ മരണം നല്‍കിയ ആഘാതത്തില്‍ ഭാര്യ നിത്യരോഗിയായി. അധികം താമസിയാതെ അവരും ഈ ലോകത്തോട്‌ വിട പറഞ്ഞു. അതിന്‌ ശേഷം അദ്ദേഹം മദ്യത്തില്‍ മനസ്സമാധാനം കണ്ടെത്താന്‍ തുടങ്ങി.

പണ്ഡിറ്റ്ജിക്ക്‌ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു മകള്‍ ഉണ്ട്‌.സുരഭി എന്നാണ്‌ മകളുടെ പേര്‌. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആ മകള്‍ക്ക്‌ വേണ്ടിയായിരുന്നു.

മദ്യം തലയ്ക്ക്‌ പിടിച്ചാല്‍ അദ്ദേഹം ഞങ്ങളെ കളിയാക്കാന്‍ തുടങ്ങും.

"നിങ്ങള്‍ കേരളാവാലകള്‍ ഒക്കെ കമ്യൂണിസ്റ്റുകാരല്ലെ? കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രത്തില്‍ പോകാവോ?"

ഞങ്ങളുടെ ഒരു സുഹൃത്തായിരുന്ന മുഹമ്മദ്‌ സലീമിന്റെ സഹോദരന്റെ വിവാഹത്തിന്‌ ചെന്ന ഞങ്ങള്‍,അകത്തെ മുറിയില്‍ ഇരുന്ന്‌ കോഴിക്കാല്‍ കടിച്ച്‌ തിന്നുന്ന പണ്ഡിറ്റ്ജിയെ കണ്ട്‌ ഞെട്ടിപ്പോയി.

" നല്ല കോഴി ഇറച്ചി തിന്നണമെങ്കില്‍ ദില്ലിയിലെ മുസല്‍മാന്റെ കല്യാണത്തിന്‌ പോകണം" കണ്ണിറുക്കിക്കാണിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ എന്നും കാണുന്ന ഒരാളായിരുന്നു പണ്ഡിറ്റ്‌. ഞങ്ങളോടെല്ലാം അദ്ദേഹത്തിന്‌ പുത്രതുല്യമായ വാല്‍സല്യമായിരുന്നു.

മഞ്ഞ്‌ വീഴുന്ന ആ ഡിസംബര്‍ പ്രഭാതത്തിലാണ്‌,ഞങ്ങളെ ദു:ഖത്തിലാഴ്ത്തിയ ആ വാര്‍ത്ത അറിഞ്ഞത്‌.

പാലത്തിന്‌ മദ്ധ്യത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ച്‌ അദ്ദേഹം യാത്രയായി.

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി,യമുനാ ബ്രിഡ്‌ജില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

എന്തിനായിരിക്കാം അദ്ദേഹം അത്‌ ചെയ്തത്‌?

ആര്‍ക്കും അറിയില്ല..

രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഇഗ്നേഷ്യസിന്‌ തപാലില്‍ ഒരു കത്ത്‌ കിട്ടി.

മനോഹരമായ കൈപ്പടയില്‍ അതിലും മനോഹരമായ ഇംഗ്ലീഷില്‍ എഴുതിയ ആ കത്ത്‌ ഇപ്രകാരമായിരുന്നു.

ഇഗ്നിയ്ക്കും എന്റെ മറ്റ്‌ സുഹൃത്തുക്കള്‍ക്കും,

ആത്മഹത്യ ദൈവനീതിയ്ക്കെതിരാണെന്ന്‌ വേദങ്ങള്‍ പഠിച്ച എനിക്ക്‌ അറിയാഞ്ഞിട്ടല്ല. ഞാന്‍ ദിനവും പൂജിയ്ക്കുന്ന എന്റെ ദൈവം ഒരുതവണ പോലും എനിയ്ക്ക്‌ തുണയാകുന്നില്ല എന്ന സത്യം,എന്നെ ദൈവ നിന്ദ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ജീവിക്കുന്നത്‌ എന്റെ ഒരേ ഒരു മകള്‍ സുരഭിയ്ക്ക്‌ വേണ്ടിയാണെന്ന്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ. എന്റെ മകള്‍ എന്നെ ഉപേക്ഷിച്ച്‌ പോയി.അവളുടെ ഇഷ്ടപ്രകാരം മീററ്റിലുള്ള ഒരു ജാട്ട്‌ യുവാവിനെ വിവാഹം കഴിച്ചു. ഇനി എനിയ്ക്ക്‌ ഈ ജന്മം എന്തിന്‌?

നിങ്ങളുടെ സന്തോഷങ്ങള്‍ കണ്ട്‌ ആത്മനിര്‍വൃതികൊണ്ട ഒരു അഭ്യുദയകാംഷിയാണല്ലൊ ഞാന്‍. അതുപോലെ നിങ്ങള്‍ എനിയ്ക്ക്‌ സ്നേഹത്തിന്റെ കുറേ നല്ല മുഹൂര്‍ത്തങ്ങള്‍ തന്നു.

നിങ്ങളോട്‌ യാത്ര പറയണം എന്ന്‌ തോന്നി.

എന്നെ രക്ഷിയ്ക്കാത്ത എന്റെ ദൈവം നിങ്ങളെ രക്ഷിയ്ക്കട്ടെ..

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി.

13 comments:

SunilKumar Elamkulam Muthukurussi said...

വാസ്തവ കഥയാണോ?

വല്യമ്മായി said...

ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്നാശിക്കുന്നു.നന്നായി വിവരിച്ചിരിക്കുന്നു ആ ദുരന്തം.

സൂര്യോദയം said...

വല്യമ്മായി പറഞ്ഞപോലെ ഇതൊരു കഥ മാത്രമാകണേ എന്ന് ആശിക്കുന്നു

അത്തിക്കുര്‍ശി said...

ദൈവമേ,

ഇതില്‍ കഥ കാണാനെനിക്കാവുന്നില്ലല്ലൊ, ജീവിതമല്ലാതെ!!

അതുല്യ said...

കഥ എന്നെ വേദനിപ്പിയ്കുന്നു. ഒരു കല്ല്യാണം കൊണ്ട്‌ ഒരു മരണം എന്റെ ഓര്‍മ്മയിലുമുണ്ട്‌. കുടുംബത്തുള്ളവര്‍ പലരും ഇത്‌ വായിയ്കുന്നത്‌ കൊണ്ട്‌ കൂടുതല്‍ പറയരുതെന്ന് ആരോ കണ്ണു കാണിയ്കുന്നു.

പിന്നെ :

മകളുപേക്ഷിച്ചതിലേ ദു:ഖമോ അതോ മകള്‍ ജാട്ടിനെ കല്ല്യാണം കഴിച്ചതിലേ ദു:ഖമോ?

ആത്മഹത്യയ്ക്‌ പിന്നിലെ കുറിപ്പെപ്പഴും എഴുതിയ കാരണങ്ങള്‍ ഒന്നും തന്നെയാവാറില്ലാന്ന് ഈയ്യിടെ ഒരു സര്‍വ്വേയില്‍ തെളിഞ്ഞിരുന്നു. പണ്ഡിത്ജിയുടെ മകള്‍ ഒന്നിലെങ്കില്‍ അദ്ദേഹത്തെ തള്ളി പറഞ്ഞിരിയ്കണം ജീവിതം ഒരുപാട്‌ കണ്ട അദ്ദേഹം തികച്ചും സാധാരണമായി ഈ ഒരു കാര്യത്തില്‍ ഈ തീരുമാനം എടുക്കുമോ?

ദൈവം? നിങ്ങള്‍ എന്റെ തണലില്‍ എന്നാണു പറഞ്ഞിരിയ്കുന്നത്‌. അത്‌ ജീവിയ്കുമ്പോള്‍/അല്ലെങ്കില്‍ ശ്വസിയ്കുമ്പോള്‍. ജീവിതം മുന്നോട്ട്‌ പോകുമ്പോഴാണു ആ ശക്തി നിങ്ങളോടൊപ്പം ഉണ്ടാവുക. ഒരുവന്‍ ചോദിച്ചു പോലും ദൈവത്തോട്‌, എന്റെ പിന്നില്‍ നിന്റെ ഒപ്പം ഞാനുണ്ട്‌ എന്ന് പറഞ്ഞിട്ട്‌, ഞാന്‍ എന്റെ രണ്ട്‌ കാലുകളല്ലേ കാണുന്നുള്ളൂ എന്ന്.. മറുപടി..മകനേ... ഞാന്‍ നിന്നേ ചുമക്കുന്നു... നീ കാണുന്നത്‌ എന്റെ കാല്‍പാടുകള്‍ മാത്രം.

നമുക്ക്‌ വേണ്ടാത്തത്‌ അല്ലെങ്കില്‍ അതില്‍ നിന്നും ഇത്‌ വരെ കണ്ടതിലും കൂടുതല്‍ വേദനയ്കാണു സാധ്യത എന്ന് വരുമ്പോള്‍ അവ ദൈവം നമ്മളില്‍ നിന്ന് എടുത്ത്‌ മാറ്റുന്നു. അല്ലാതെ, നമ്മുടെ ആവശ്യങ്ങള്‍ക്ക്‌ തുണയാവാതെ മറയുന്നതല്ലാന്ന് പല ജീവിതത്തിന്റെ ഗ്രാഫിലൂടെ കയറിയിറങ്ങിയ എനിക്ക്‌ തോന്നാറുണ്ട്‌.

ഒരു നിമിഷത്തില്‍ തോന്നുന്ന പ്രേരണ, അല്ലെങ്കില്‍ ആ പോയിന്റ്‌ ഓഫ്‌ നോ രിട്ടേണ്‍ ഇവിടെ വിനയായി അദ്ദേഹത്തിനു. ഒരു ചെറിയ ശബ്ദമോ ഒരു ആളനക്കമോ പോലും ആ പോയിന്റില്‍ നിന്ന് അദ്ദേഹത്തേ അകറ്റിയേനേ. മിക്ക ആത്മഹത്യകളും രാത്രിയ്ക്‌ നടക്കുന്നതിന്റെ കാര്യയും ഇത്‌ തന്നെ.

വേദന ഇനിയും ബാക്കി. വളര്‍ന്നു വരുന്ന കുട്ടികള്‍ നമ്മുടെ മനസ്സിലെ കനലാണു. ചിലപ്പോ പൊന്നുരുക്കുന്നു, കിട്ടുന്നത്‌ തനി തങ്കം. അല്ലെങ്കില്‍ കനല്‍ക്കട്ടകള്‍ എല്ലുകള്‍ പോലും കരിയ്കുന്നു.

atulya

ഏറനാടന്‍ said...

ഈശ്വരന്റെ അദൃശ്യാംഗുലികളിലുള്ള ചരടില്‍ തൂങ്ങുന്ന വെറുംപാവകള്‍ മാത്രമല്ലേ വായു നിറച്ച ബലൂണിന്റെ ആയുസ്സുള്ള നമ്മളൊക്കെ! അവന്റെ ഇച്‌ഛയ്‌ക്കൊത്ത്‌ ആടാന്‍ വിധിക്കപ്പെട്ട നമുക്കറിയില്ല നമ്മുടെ വിധിയെന്തെന്ന്? സഹനശക്തി തന്ന ഈശ്വരനെ പ്രകീര്‍ത്തിച്ച്‌ കഴിയുക, മോക്ഷമെങ്കിലും ലഭിക്കട്ടെ അല്ലേ..

മനോജ് കുമാർ വട്ടക്കാട്ട് said...

ആളുകള്‍ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും വാചാലമായി സംസാരിക്കുന്നു, ബ്ലോഗിലെഴുതുന്നു, അത്‌ വായിച്ച്‌ ഇത്‌ എന്റെ തന്നെ അച്ഛന്‍/അമ്മയാണ്‌ എന്ന് തലങ്ങും വിലങ്ങും കമ്മന്റുകളെഴുതുന്നു.

യാഥാര്‍ത്യത്തോടടുക്കുമ്പോള്‍, ഉപേക്ഷിയ്ക്കപ്പെടേണ്ടതിന്റെ മുന്‍ഗണനാലിസ്റ്റില്‍ അവരെപ്പെടുത്തുന്നു.

ശാസ്ത്രിയുടെ ആത്മാവിന്‌ ശാന്തിയായിരിക്കട്ടെ.

മുസാഫിര്‍ said...

ഇതു ഒരു ശരിയായ സംഭവം ആ‍ണെന്നു എനിക്കു തോന്നി.
വി പി സിങ്ങിന്റെ കാലത്താണെന്നു തോന്നുന്നു ഒരു കുട്ടിയെ ഇതു പോലെ സമരത്തിന് കൊഴുപ്പു കുട്ടാന്‍ തീ കൊളുത്തി കൂട്ടുകാര്‍,

ഓ.ടോ,
പടിപ്പുരയുടെ കമന്റു വായിച്ചു ഞാന്‍ ഞെട്ടി.ഞാനും അമ്മയെക്കുറിച്ചു ഒരു പോസ്റ്റ് എഴുതിയിരുന്നു അതുകൊണ്ടാണു.

Siju | സിജു said...

ഇതു ഒരു ടി വി സീരിയല്‍ ആക്കാന്‍ നല്ല സ്കോപ്പുണ്ട്. കളിയാക്കി പറഞ്ഞതല്ല; ഒരാളുടെ ജീവിതത്തില്‍ ഇതു പോലെയൊക്കെ സംഭവിക്കുക എന്നത് വിശ്വസിക്കാന്‍ അത്ര പ്രയാസം

ലിഡിയ said...

അത്രയും കാലം പിടിച്ചു നില്ക്കണമെങ്കില്‍ എത്രമാത്രം ആത്മവിശ്വാസം ഉണ്ടാവണമെന്നും മകളുപേഷിച്ചതിന് ശേഷം തകര്‍ന്നടിഞ്ഞുവെങ്കില്‍ എത്രമാത്രം ഒറ്റപെട്ട മനസ്സായെന്നും മനസ്സിലാക്കാം, ജീവിതം ഇതിലും ഭീകരമാണ് പലപ്പോഴും..

മരിച്ചിട്ടും ജീവിക്കുന്നവര്‍, ജീവിതത്തില്‍ തന്നെ മരിച്ചു നടക്കുന്നവര്‍.

എന്തൊ ആ മനുഷ്യനെ പ്രതി ദൈവത്തോട് പരിഭവം തോന്നുന്നു..അവന്റെ വികൃതികള്‍ക്ക് ആര് ന്യായീകരണം പറയാന്‍

-പാര്‍വതി.

Promod P P said...

പ്രിയ സുഹൃത്തുക്കളേ..

ഇത്‌ വായിച്ചിട്ട്‌ പേരിങ്ങോടന്‍ എന്നോട്‌ ചാറ്റില്‍ പറഞ്ഞു,ഇതിന്റെ അവസാനം ഇതിലും നന്നാക്കാമായിരുന്നു എന്ന്‌. എന്നാല്‍ ഇതൊരു കഥ അല്ല.. ജീവിതത്തില്‍ നേരില്‍ കണ്ട്‌ അനുഭവിച്ച ഒരു സംഭവമാണ്‌.ഇതില്‍ എഴുതിയിരിക്കുന്ന ഓരോ വാക്കും സത്യമാണ്‌. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ പോലും ശെരിയായ പെരുകളാണ്‌.പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി ആത്മഹത്യ ചെയ്തത്‌ കൃത്യമായി പറഞ്ഞാല്‍ 1995 ഡിസെംബര്‍ 12 നാണ്‌

വി.പി.സിംഗ്‌ നടപ്പാക്കാന്‍ ശ്രമിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ദെല്‍ഹിയില്‍ നടന്ന അക്രമങ്ങളില്‍ ഇതുപോലെ നിരവധി യൌവനങ്ങള്‍ വെന്തെരിഞ്ഞിട്ടുണ്ട്‌(1989ഇല്‍ ആണെന്ന്‌ തോന്നുന്നു).

ഒരു കഥ എഴുത്ത്‌കാരന്‌ അവന്റെ ചാതുര്യം ഉപയോഗിച്ച്‌ സംഭവത്തെ ഇഛാനുസരണം മാറ്റി എഴുതാം. പക്ഷെ,നേരില്‍ അറിഞ്ഞ ഈ സംഭവത്തില്‍ കഥ നന്നാക്കുവാനായി വെള്ളം ചേര്‍ക്കാന്‍ വയ്യ.. ക്ഷമിക്കുക.

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

Abdu said...

കഥയാണൊ സത്യമാണൊ എന്നറിയില്ല, അതില്‍ കാര്യവുമില്ല, മരിക്കാനുള്ള ശാസ്ത്രിയുടെ ആ ന്യായം
‘ഞാന്‍ ദിനവും പൂജിയ്ക്കുന്ന എന്റെ ദൈവം ഒരുതവണ പോലും എനിയ്ക്ക്‌ തുണയാകുന്നില്ല എന്ന സത്യം,എന്നെ ദൈവ നിന്ദ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു‘ എന്നത്, എന്റെ പ്രായവും ഞാന്‍ പടിച്ച വിസ്വാസവും തമ്മില്‍ എന്നില്‍ നടക്കുന്ന സഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാവുന്നു,

തഥാഗതന്‍, നന്ദി,

Peelikkutty!!!!! said...

തഥാഗത്ജീ വായിച്ചിട്ട് ഒരുപാട് വെഷമായി.

qw_er_ty