Tuesday, March 10, 2009

കാപ്പിക്കുന്നിൽ നിന്നുള്ള കാഴ്ചകൾ

പണ്ട്.. ഒരുപാട് പശുക്കളും മറ്റ് കന്നുകാലികളും ഉണ്ടായിരുന്ന കാലത്ത്,കന്നു മേയ്ക്കുന്നവരോടൊപ്പം അഛനറിയാതെ പോയിരുന്നു ഈ കുന്നിൻ മുകളിലേക്ക് പലതവണ.

കാലാന്തരത്തിൽ കുന്ന് അന്യാധീനമായി പോയി.

കാട്ടു മരങ്ങളുടെ സ്ഥാനത്ത് റബ്ബർ മരങ്ങൾ വളർന്ന് വരുന്നത്,അവധിക്ക് ചെല്ലുമ്പോൾ നെടുവീർപ്പോടെ നോക്കി നിന്നിരുന്നു പലപ്പോഴും.

ഏകാദശിപ്പാറയ്ക്കുമപ്പുറം ഉണ്ടായിരുന്ന നിബിഡവനം ഇന്ന് കാണാനില്ല.കന്ന് മേയ്ക്കുന്നവർ കോഴി കുരുതി കൊടുത്തിരുന്ന മല്ലൻ‌കല്ലും അപ്രത്യക്ഷമായിരിക്കുന്നു. വീട്ടിൽ നിന്ന് നോക്കിയാൽ തെളിഞ്ഞുകാണുമായിരുന്ന കാപ്പിക്കുന്ന് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.

വീടിന്റെ മൂന്നു വശത്തും കുന്നുകളുണ്ട് . വടക്ക് വള്ളിയൻ‌കുന്ന്,കിഴക്ക് ചമ്മിണിക്കുന്ന്,പടിഞ്ഞാറ് കാപ്പിക്കുന്ന്. തെക്ക് നാലഞ്ച് കിലോമീറ്റർ അകലെ വീഴൂമലയും. കാപ്പിക്കുന്നിനും പടിഞ്ഞാറ് സൂര്യൻ അസ്തമിക്കുന്ന ഇളനാടൻ മലകൾ ഇപ്പോൾ കാണാനാവുന്നില്ല.ചിറ‌ക്കുളവും പത്തരക്കുളവും ചാന്തുകുളവും ആനപ്പാറക്കുളവും അപ്രത്യക്ഷങ്ങളായിരിക്കുന്നു.

ഒറ്റയ്ക്ക് നിന്നിരുന്ന ഒരു അത്തിമരം ഉണ്ടായിരുന്നു പാടത്തിനക്കരെ. അതു പോലെ തെച്ചിമരം നിന്നിരുന്ന തെച്ചിക്കലോടി എന്ന പാടവും. ആ പാടത്ത് ഇന്നൊരു മണിമാളിക തലയുയർത്തി നിൽക്കുന്നു.

വീട്ടിൽ നിന്നും അര കിലോമീറ്റർ പോലുമില്ല കാപ്പി കുന്നിലേക്ക്.എന്നിട്ടും ഈ കുന്നൊന്നു കയറിയിട്ട് കൊല്ലം 25 ആകുന്നു.






വള്ളിയൻ കുന്ന്



കാളവണ്ടിയും കൈവണ്ടിയും മാത്രം പോകുമായിരുന്ന പാതയിലൂടെ പഞ്ചമി എന്നും പൌർണ്ണമി എന്നും ശ്രീഗുരുവായൂരപ്പനെന്നും സാകേതമെന്നും ശബരി എന്നും പേരുള്ള ബസ്സുകൾ പോകുന്നു ഇപ്പോൾ




നെൽ‌പ്പാടങ്ങളിൽ പുത്തൻ വിളകൾ



താഴവരയിലെ ജനജീവിതം



പച്ച വിരിച്ച താഴ്വര



ദൂരെ വീഴുമല


കുന്നിൻ നെറുകയിൽ നിന്ന്



ചമ്മിണിക്കുന്നിലെ ജലവിതരണകേന്ദ്രം



കയ്യെത്താവുന്ന ദൂരത്ത് വീട്




പണ്ട് ഈ കുന്നിൻ‌മുകളിലും കുളങ്ങളിലുമായിരുന്നു കളി.ഇന്നൊ? (മകൾ)