Monday, March 15, 2010

നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ

യൌവനാരംഭത്തിൽ ഒരു സന്യാസി എനിക്ക് തന്നതാണ് ഈ ചുവന്ന തൂവാല...

മുഖം തുടയ്ക്കാൻ മാത്രമല്ല,മുഖം നോക്കുവാനും ഞാൻ ഈ തൂവാലയായിരുന്നു ഉപയോഗിച്ചിരുന്നത്.
സംന്യാസി പിന്നീട് ഏറെക്കാലം സാമന്തനും അതിനു ശേഷം രാജസദസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന മന്ത്രിസത്തമനും ഒക്കെ ആയി മാറി.

ഞാനോ.. ഞാനീ തൂവാലയുമായി ദേശാടനത്തിനിറങ്ങി..

വഴിയരികിൽ കണ്ട പരവതാനികളൊന്നും എനിക്കഭയമേകിയില്ല.. ആലംബഹീനങ്ങളായ വിനാഴികകളിലെ അശാന്ത നിമിഷങ്ങളിൽ കേട്ട സൂക്തങ്ങളിലോ ആരതികളിലോ എനിക്ക് ശാന്തി കണ്ടെത്താനായില്ല. ഞാൻ വീണ്ടും നടന്നു.. ഭൂഖണ്ഡങ്ങളിലൂടെ..

വൻ‌കരകളിലൂടെ..ശവകുടീരങ്ങളിലൂടെ, ചരിത്രം മരവിച്ച് കിടക്കുന്ന മരുഭൂമികളീലൂടെ..

വേനൽച്ചൂടേറ്റ് എന്റെ മുഖം പൊള്ളിയപ്പോൾ ഞാൻ എന്റെ തൂവാലയെടുത്ത് മുഖം തുടച്ചു.. മുഖത്താകെ അതിന്റെ ശോണിമ പരന്നു...

ലോകത്തെ ചുട്ടെരിക്കാനുതകുന്ന വിസ്ഫോടക വസ്തുക്കളുമായി വന്ന തീവണ്ടിക്ക് നേരെ ഞാൻ എന്റെ ചുവന്ന തൂവാല വീശി.. തീവണ്ടി നിറുത്താതെ പോയി.. ഞാനോ വെറും മണ്ണിൽ വീണു കിടപ്പായി

ഹേമന്ദത്തിൽ ഇല പൊഴിയുകയും പിന്നീട് പുത്തൻ മുളകൾ കിളിർക്കുകയും ചെയ്യുന്ന ഒരു ആൽമരമുണ്ട്,എന്റെ വീടിനു മുൻപിൽ.. ആ ആൽമരത്തിനു താഴെ ഒരു പൊളിഞ്ഞ ദേവസ്ഥാനമുണ്ട്. അവിടെ നാണിച്ച് നഖം കടിച്ചു നിൽക്കുന്ന ഒരു ഗണേശനുണ്ട്.. ദിവസേന കാണും ഞാനീ ലംബോദരനെ.. തുമ്പിക്കൈ ഉയർത്തി എന്നെ അനുഗ്രഹിക്കാനൊരുമ്പെട്ടപ്പോഴെല്ലാം ഞാൻ തെന്നിമാറി. ആ ഗണേശന്റെ ആവാസസ്ഥാനത്തിനടുത്ത് നാലഞ്ച് തകരക്കൂരകളുണ്ട്. അതിൽ നിന്നും ഒരു പെൺകൊടി... ജീൻസിട്ട സുന്ദരി.. എന്റെ വീടിനു മുൻപിൽ ഉള്ള പൊതു പൈപ്പിൽ നിന്നും വെള്ളം എടുക്കാന്‍ വരും.. ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ മിക്ക ദിവസവും കാണും. ഓറഞ്ച് നിറമുള്ള പ്ലാസ്റ്റിക്ക് കുടത്തിൽ വെള്ളവുമായി പോകുന്ന അവളോട് ഒരു ദിവസം ഞാൻ ചോദിച്ചു
“പഠിക്ക പോകലേയാ?“
“ഇല്ലാങ്കെ സാർ.. മൂണ്ണ് കൊളന്തൈകൾ ഇരുക്കെ .. അവങ്കളേ പാർക്ക വേണ്ടിങ്കളാ”.. പതിനാലൊ പതിനഞ്ചൊ വയസ്സുള്ള ഈ പെൺകൊടി.. അവളുടെ പേര് ശെമ്പകം...(കൊളന്തൈകൾ അവളുടെ അല്ല.. അവൾക്ക് താഴെ ഉള്ളവരാണ്). അവളുടെ പക്കത്ത് വീട്ടുക്കാരി. എന്റെ വീട്ടിൽ ജോലി ചെയ്യാൻ വരുന്ന വരലച്ചുമി.. അഞ്ച് മക്കളെ പ്രസവിച്ചവൾ..ആറാമത്തെയാളെ വയറിൽ പേറി ജോലിക്ക് വരുന്നവൾ( ദിവസം എട്ട് വീടുകളിൽ ജോലി ചെയ്യുന്നുണ്ട്)
“കൊഞ്ചം നാൾ റെസ്റ്റ് ഏടുത്തു കൂടിങ്ങളാമ്മാ’?
“മുടിയാത് സാർ.. പശങ്കൾ പട്ടിണിയായിടും..
“ശരവണൻ ഒന്നും തരമാട്ടിങ്കളാ?
“അവങ്കെ ഒണ്ണുമേ തരാത്. കിടക്കും കാസ് എല്ലാ തണ്ണി പോട്ട് കളൈഞ്ചിടും”
“സാർ എന്നവൊ ബില്ല് വറേൻ എണ്ണ് കേക്കറേൻ.. എങ്കൾക്ക് എന്നവോ കിടയ്ക്കുമാ?’
“തെരിയാതമ്മാ”

ഇതൊക്കെ സമകാലീക ചരിത്രം..

വീണ്ടും പുറകോട്ട് പോയാൽ... മാളവ്യാ നഗറിലെ കിന്നരന്മാരെ കാണാം... അംബേദ്കർനഗറിലെ ഹിജ്‌ഡകളെ കാണാം.. ദരിയാഗഞ്ചിലെ യാചകരേയും മുസാഫിർനഗറിലെ അന്ധഗായകരേയും ആഗ്രയിലെ ഗൈഡുകളേയും മഥുരയിലെ പൂജാരിമാരേയും ബനാറസിലെ പണ്ഡകളേയും ഭോപ്പാലിലെ ജീവഛവങ്ങളായ ഇരകളേയും കാണാം.. എല്ലാവരേയും കണ്ടു.. എന്റെ തൂവാല മുഖം മറയ്ക്കാൻ മാത്രമേ അപ്പോഴൊക്കെ ഉപകരിച്ചൊള്ളു.

അപ്പോഴും കൈവിട്ടില്ല.. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെയീ തൂവാലയെ..

ചരിത്രാരവങ്ങൾ ബഹുവർണ്ണ പതാകകളേന്തി കടന്നു പോയി.. നിലാവിൽ കുളിച്ച് നിൽക്കുന്ന ഭൂമി,പനിനീർ പുഷ്പങ്ങളുടെ വർണ്ണം പുൽകുന്ന ഒരു സായംസന്ധ്യ അന്നും കിനാക്കളെ മഥിച്ചു..
വീണ്ടും കാലചക്രം ഉരുണ്ടു... സർപ്പവും ഗജേന്ദ്രനും ചിലന്തിയും കാത്ത സ്വരൂപത്തെ കണ്ടു.. ഒരു കൈ കൊണ്ട് വാങ്ങുകയും മറുകൈ കൊണ്ട് കൊടുക്കുകയും ചെയ്യുന്ന ഗോവിന്ദരൂ‍പത്തെ കണ്ടു.
സൌഹൃദങ്ങൽ കണ്ടു.. അവയിലെ കാപട്യങ്ങളും ഊഷ്മളതയും കണ്ടു..

എന്റെ തൂവാലയ്ക്ക് നിറം മങ്ങാ‍ൻ തുടങ്ങുന്നതും കണ്ടു...

ഞാൻ എന്നും കൊണ്ട് നടക്കുന്ന ഈ തൂവാലയ്ക്ക് വീണ്ടും കടും നിറം കൊടുക്കാനുള്ള ചായം ഞാൻ എവിടെ ചെന്ന് വാങ്ങും?

വലിച്ചെറിയാൻ പറയുന്നു ഒരുപാട് പേർ.. കഴിയില്ല.. ഈ ജന്മത്തിൽ മറ്റൊരു തുണിക്കഷ്ണത്തിൽ നോക്കി ലോകത്തെ കാണാനാവില്ല... കാരണം ലോകത്തിന്റെ വർണ്ണങ്ങൾ അവയ്ക്കൊന്നും കാണിച്ച് തരാനാവില്ല..

വനവേടന്റെ അമ്പേറ്റ് കാർവർണ്ണൻ മടങ്ങുകയും സന്തതികൾ തമ്മിൽ തല്ലി ചാകുകയും ചെയ്ത ശേഷം ദ്വാരകയെ കടലാക്രമിക്കും മുൻപ്, ഗോവിന്ദന്റെ പത്നിമാരേയും,ദ്വാരകയിലെ വൃദ്ധന്മാരേയും കൊണ്ട് സുരക്ഷിത സ്ഥാനം തേടി പോകുന്ന പാർഥനു ഗാണ്ഡീവം രക്ഷയ്ക്കെത്താതിരുന്നിട്ട് പോലും വരുണൻ അത് തിരിച്ച് ചോദിക്കുമ്പോൾ തിരികെ കൊടുക്കാൻ കിരീടി മടിക്കുന്നത് പോലെ...

ഉപേക്ഷിക്കാൻ വയ്യാ...

16 comments:

:: VM :: said...

പത്തിരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇതേ തൂവാല എനിക്കും കിട്ടിയിരുന്നു .. നിറം മങ്ങിയെന്നു മാത്രമല്ല, ചെളി പുരണ്ടെന്നു തോന്നിയതിനാല്‍, ഞാനതു വലിച്ചെറിഞ്ഞു...

അഴുക്കുപുരണ്ട തൂവാലകളുപയോഗിച്ചു നാണം മറക്കുന്നതിനേക്കാള്‍ നഗ്നനായി നടക്കുകയാണു ഭേദം എന്നു തോന്നിയതിനാല്‍..

തിരിച്ചറിവുകളല്ലേ എല്ലാം.. (വിശ്വാസം അല്ലേ എല്ലാം എന്ന പോലെ തന്നെ)

അവസാന പാരഗ്രാഫ് ഇഷ്ടമായി- ആ വികാരത്തെയും മാനിക്കുന്നു!

kichu / കിച്ചു said...

പുതിയ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ് നിറമുള്ളതു തന്നെ തഥാ..

ഉപേക്ഷിക്കാന്‍ വയ്യ.... എങ്കില്‍..
തൂവാലയ്ക്ക് വീണ്ടും കടും നിറം കൊടുക്കാനുള്ള ചായങ്ങള്‍ കണ്ടെത്തുക തന്നെ വേണം..

അല്ലെങ്കില്‍ ....

നിറം മങ്ങിയതു തന്നെ..ഇനിയും ഇനിയും..

ജിവി/JiVi said...

ചുവപ്പുതൂവാലയും കൊണ്ട് നടന്നിരുന്ന ഒരുപാട്പേരെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരോട് ആദരവ് തോന്നിയിരുന്നെങ്കിലും ആ തൂവാല ഒരു വേണ്ടാതീനം ആയിട്ടാണ് തോന്നിയിരുന്നത്.

ഒരു തൂവാലയും കൈയ്യില്‍പ്പിടിക്കാതെ ഞാനും ദേശാടനത്തിനിറങ്ങി. ചുവന്നതൂവാല കൊണ്ടുനടക്കണമെന്ന് തിരിച്ചറിവുണ്ടായി.

നിറം മങ്ങാത്തതോ അഴുക്കു പുരളാത്തതോ ആയ ചുവന്ന തൂവാലകളുണ്ടാവില്ല. പരമാവധി വൃത്തിയിലും നിറത്തിലും അതിനെ നിര്‍ത്തേണ്ടത് കൊണ്ടുനടക്കുന്ന നമ്മളെല്ലാവരുടെയും ഉത്തരവാദിത്വമാണ്.

namath said...

ചോര വീണ നിറം.-) കാലം സ്വയം ഡിഫൈന്‍ ചെയ്യുന്ന ഒന്നാണ്. നിരന്തരം.

സ്മിത മീനാക്ഷി said...

ഒരു നല്ല വായനയ്ക്കുള്ള കാര്യങ്ങള്‍... ഭൂമിമലയാളം ഇനിയും ഭൂഖണ്ഡങ്ങള്‍ താണ്ടട്ടെ...

മുസ്തഫ|musthapha said...

അവസാന പാരഗ്രാഫ്... ആ വികാരത്തെ മാനിക്കുന്നു!

Mubarak Merchant said...

തഥാഗതന്റെ വിചാരങ്ങള്‍ക്ക് റെഡ് സല്യൂട്ട്!

mjithin said...

നിറം മങ്ങുന്നു സുഹൃത്തേ, ... ഇതെനിക്ക് ഇപ്പോള്‍ ലോകത്തെ കാണിച്ചു തരുന്നില്ല... പണ്ടെങ്ങോ ഒഴുകിയിറങ്ങിയ ചോരയുടെ അവ്യക്തമായിത്തുടങ്ങിയ ചാലുകള്‍ മാത്രം മാത്രം കാട്ടി.... ഞാന്‍ നോക്കുമ്പോഴെല്ലാം എന്നെ നോക്കി നിസഹായാവസ്ഥയില്‍ നെടുവീര്‍പ്പിടുന്നു... എന്നാലും എനിക്കിതിനെ വേണം.... എന്റെ നെഞ്ചോട്‌ ചേര്‍ന്ന് ഇതിങ്ങനെ എപ്പോഴും ഉണ്ടാവണം....

[ nardnahc hsemus ] said...

തഥാഗതന്‍ മാഷെ,
താങ്കളെപ്പോലെ തന്നെ ആ പട്ടുറുമാലിനെ ആത്മാര്‍ത്ഥമായി ആദരിച്ചിരുന്ന ഒരുപാട് ആള്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ആശങ്കയാണ് മേലെ പറഞ്ഞു വച്ചത്... എനിയ്ക്കും പണ്ട് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന ഒന്നായിരുന്നു ഈ ചുവപ്പന്‍ ഉറുമാല്‍.. പക്ഷെ കോളേജിന്റെ പടിയിറങ്ങിയ ആ നിമിഷം തന്നെ ഞാനതവിടെ തിരിച്ചു വച്ചു.. ചുവപ്പിനോട് ഇന്നും അനുകമ്പയുണ്ടെങ്കിലും മറ്റൊരു നിറത്തിലുള്ള ഉറുമാലും ഇന്നു കൂടെ കരുതുന്നില്ല..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചുവന്ന തൂവാലകള്‍ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ തഥാഗതന്‍..ചെളി പുരണ്ടു എന്ന് തോന്നുമ്പോള്‍ അതിനെ വൃത്തിയാക്കി സൂക്ഷിക്കുക...കാലം എന്തിന്റെയാണു നിറം കെടുത്താത്തത്? തഥാഗതന്‍ പഴയ തഥാഗതന്‍ ആണോ? പ്രായം ആയില്ലേ? കുറെക്കഴിയുമ്പോള്‍ ചുളിവുകള്‍ വീണു തുടങ്ങില്ലേ? അപ്പോള്‍ ദേ ഇയാളെ ഇനി കൊള്ളില്ല എന്നു പറഞ്ഞ് ആരെങ്കിലും ഉപേക്ഷിക്കുമോ? ഇല്ല...തഥാഗതനും ഞാനും പോകുമ്പോള്‍ പുതിയ ആളുകള്‍ വരും..നമ്മളില്‍ ഓരോരുത്തരിലും ഉള്ള ചുവന്ന അഗ്നി കെടാതെ സൂക്ഷിച്ച് അവര്‍ക്ക് കൊടുക്കുകയാണു വേണ്ടത്..അവര്‍ അവരുടെ ചുവന്ന തൂവാലകള്‍ കണ്ടെത്തിക്കൊള്ളും..ആ പ്രവാഹം അനന്തമാണ്...

നമ്മുടെ ചുവന്ന തൂവാലകളെ നമ്മള്‍ തന്നെ വലിച്ചെറിയുകയും നമ്മുടെ അഗ്നിയെ നമ്മള്‍ തന്നെ കെടുത്തുകയും ചെയ്തിട്ട് മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?

എന്നെന്നും ചുവന്ന തൂവാല സംരക്ഷിക്കാന്‍ തഥാഗതനു കഴിയട്ടെ എന്നാശംസിക്കുന്നു!

:: VM :: said...

കാലം , പ്രായം, എന്നിവ നശ്വരമായ ഒരു ശരീരത്തില്‍ വരുത്തുന്ന പോലെയാണൊ സുനില്‍, അനന്തപ്രവാഹമെന്നു, അനശ്വരമെന്നും താങ്കള്‍ തന്നെ (കമന്റില്‍) പറഞ്ഞിരിക്കുന്ന, ഒരുപാടുപേര്‍ നെഞ്ചിലേറ്റുന്ന, അഗ്നിപോലുള്ള ഒരു വിശ്വാസത്തിനേല്‍ക്കുന്ന മങ്ങലുകള്‍? അല്ലെന്നാണെനിക്കു തോന്നുന്നത്-

മങ്ങിയെന്നറിഞ്ഞിട്ടും പലരും ധരിക്കുന്ന തൂവാലകളുടെ മങ്ങലിന്റെ ഹേതുക്കള്‍ എന്തേ ആരും തിരയുന്നില്ല?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രിയ ::VM::,

( ഹോ ഈ പേരൊന്നു അടിക്കാനുള്ള പാട് !)

വിശ്വാസം ഒരാളുടെ വ്യക്തിപരമായ ഭാഗമാണ്.അവക്കുണ്ടാകുന്ന മങ്ങലുകള്‍ക്ക് ഒരു പ്രത്യയശാസ്ത്രം എങ്ങനെ കാരണമാകും?

ഞാനിവിടെ പറയാന്‍ ശ്രമിച്ചത് അതൊന്നുമല്ല.അതു മങ്ങി, ഇതു മങ്ങി, നിറം പോയി, ചെളി പുരണ്ടു എന്നൊക്കെ പറഞ്ഞ് നമ്മള്‍ ആരെയാണു കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്.ഒരു പക്ഷേ താങ്കളുടെ തന്നെ ആദ്യ കമന്റില്‍ പറഞ്ഞ പോലെ എന്നെങ്കിലും ഈ ചുവന്ന തൂവാല കൈയിലേന്തിയവര്‍ക്കും ഇപ്പോളും കൈയിലേന്തുന്നവര്‍ക്കും എല്ലാം തുല്യ പങ്കാണുള്ളത്.( അങ്ങനെ മങ്ങിയെങ്കില്‍, മങ്ങിയെന്ന് ഞാന്‍ കരുതുന്നില്ല)...ഒരു പ്രസ്ഥാനം എന്ന് പറയുന്നത് നൂലില്‍ കെട്ടിയിറക്കിയ ഒന്നല്ല.ഇന്നാട്ടിലെ വെറും സാധാരണക്കാരായ ആള്‍ക്കാര്‍ നിറഞ്ഞതാണ്.ഒരു പക്ഷേ എനിക്കും താങ്കള്‍കക്കും ഒക്കെ ഇന്നു ഉണ്ടായിട്ടുള്ളത്ര ലോക പരിചയമോ അറിവോ ഒന്നും ലഭിക്കാന്‍ അവസരം ഇല്ലാതെ പോയ ഒരു കൂട്ടം സാധാരണ ആള്‍ക്കാര്‍.അവരുടെ പാതകളില്‍ ചിലപ്പോള്‍ അവര്‍ അടി തെറ്റി വീണെന്നിരിക്കാം..തെറ്റായ മാര്‍ഗങ്ങളില്‍ പോയെന്നിരിക്കാം.പക്ഷേ അതൊന്നും ആത്യന്തികമായി എവിടെയെങ്കിലും ചെളി പുരട്ടി എന്നു ഞാന്‍ കരുതുന്നില്ല.ഞാനും താങ്കളും എന്തു ചെയ്യുന്നു എന്നതാണു പ്രധാനം.ചുവന്ന തൂവാലകള്‍ ഒന്നും കൈയില്‍ ഇല്ലെങ്കിലും ജീവിക്കാം എന്നാകുമ്പോള്‍ നമ്മള്‍ തൂവാലകള്‍ വലിച്ചെറിയുന്നു.അതില്‍ ചെളി പുരണ്ടു എന്ന് വിലപിക്കുന്നു.എന്നിട്ട് നഷ്ടപ്പെട്ടു പോയ എന്തിനെയൊക്കെയോ ഓര്‍ത്ത് ഗൃഹാതുരതയോടെ സംസാരിക്കുന്നു..അത്രേയുള്ളൂ..

കാലത്തിനും ദേശത്തിനും അനുസരിച്ച് മാറാത്തതായി ഒന്നുമില്ല.നിശ്ചലമായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ പെരുകുന്നു.ഒഴുകിക്കൊണ്ടിരിക്കുന്ന ജലം തന്നിലെ അഴുക്കുകളെ സ്വയമേവ ഇല്ലാതാക്കും..അതില്‍ അഴുക്കു പുരട്ടാന്‍ അല്പസമയത്തേക്ക് മാത്രമേ സാധിക്കൂ...പുഴ എന്നും ഒന്നു തന്നെയാണു..അതിലെ ജലം മാത്രമേ മാറിക്കൊണ്ടിരിക്കുന്നുള്ളൂ.

താങ്കളുടെ അഭിപ്രായത്തിനു നന്ദി.

Roby said...

ഈ ചുവന്ന തൂവാല കണ്ടാൽ മുഖം തിരിയ്ക്കുന്നവരുടെയിടയിലാണ് ഞാൻ വളർന്നതും ജീവിച്ചതും. ഇന്ന് പേരിനുപോലും മറ്റൊരു മലയാളിയെ കാണാനില്ലെങ്കിലും ഈ ചുവന്ന തൂവാലയും തോളിലിട്ട് നടക്കാനാണെനിക്കിഷ്ടം.

വി.എം പറഞ്ഞതു പോലെ ‘തിരിച്ചറിവല്ലേ എല്ലാം’.

Rajeeve Chelanat said...

തൂവാലയുടെ നിറം ഇടയ്ക്ക് മങ്ങുകയും വീണ്ടും തെളിയുകയും ചെയ്യും തഥാഗതാ..പുതിയ വാര്‍ത്ത കേട്ടില്ലേ? തായ്‌ലാണ്ടില്‍ ‘വര്‍ഗ്ഗസമരം’ തുടങ്ങുന്നുവെന്ന്!! ഒരു അവിയല്‍ പാര്‍ട്ടിയുടെ കീഴില്‍ നടക്കുന്ന, ഇപ്പോള്‍ വ്യക്തമായിഒന്നും പ്രവചിക്കാന്‍ പറ്റാത്ത ഒരു സമരമാണ് അത്. എന്നാലും, ‘വര്‍ഗ്ഗ സമരം’ എന്ന വാക്ക് അവര്‍ പ്രയോഗിച്ചു എന്നത് ശ്രദ്ധിക്കേണ്ടതുതന്നെയാണ്. നമ്മളില്‍ത്തന്നെ പലരും കൈയ്യൊഴിഞ്ഞ ആ വാക്കിനെ ഏറ്റെടുക്കാന്‍ പുതിയ ആളുകള്‍ വരുന്നു. പുതിയ തൂവാലകള്‍ക്ക് ഒരുപക്ഷേ ചുവന്ന നിറം കണ്ടില്ലെന്നുവരാം..എങ്കിലും അവയ്ക്കൊക്കെ പ്രവൃത്തിയില്‍ ഒരു സാധര്‍മ്മ്യം ഉണ്ട്. കണ്ണുനീരൊപ്പാനും വിയര്‍പ്പൊപ്പാനും അവയ്ക്കാവും. വേണ്ടിവരുമ്പോള്‍ പ്രതിഷേധത്തിന്റെ അടയാളമാകാനും.

പിന്നെ ഒരു ചെറിയ വിയോജിപ്പുള്ളത്, ചുവന്ന തൂവാല തുടങ്ങിയ ഇത്തരം പ്രതീകവത്‌ക്കരണങ്ങളിലാണ് , ചുവപ്പിനെ കാല്‍പ്പനികവത്‌ക്കരിക്കാതിരിക്കാനെങ്കിലും നമ്മള്‍ ശ്രദ്ധിക്കണം.

അഭിവാദ്യങ്ങളോടെ

ജിവി/JiVi said...

രാജീവിന്റെ വിയോജിപ്പ് ഞാനും പങ്കുവെക്കുന്നു. വെറും കാല്പനികമായ ചുവപ്പിനെ ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെന്നോ? ചുവപ്പു കണ്ടാല്‍ കലി കയറുന്നവര്‍.

Promod P P said...

പ്രിയ സുഹൃത്തുക്കളേ..

ഞാൻ ഇത് എഴുതിയത്,എന്തെങ്കിലും സ്ഥാപിക്കുവാനൊ ആരേ എങ്കിലും എതിർക്കുവാനോ ഇകഴ്ത്തുവാനോ അല്ല. മറിച്ച് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം പല സമയത്തും ഉപയോഗത്തിനുതകാതിരിക്കുകയൊ അല്ലെങ്കിൽ നിരർത്ഥകമാകുകയോ ചെയ്തു എങ്കിലും,എനിക്ക് അതിനോടുള്ള കമിറ്റ്മെന്റും സ്നേഹവും ഒന്നു കൂടെ ഉറപ്പിക്കാൻ മാത്രമായിരുന്നു.

ഇത് ഒരു വിവാദമാക്കാനൊ അല്ലെങ്കിൽ വാദിച്ച് നിൽക്കുവാനൊ ഒട്ടും ആഗ്രഹമില്ല. പറയേണ്ട കാര്യങ്ങൾ പലപ്പോഴും പറയാതിരുന്നിട്ടുണ്ട്. കഴുതയായി ജീവിക്കേണ്ടി വന്ന കുതിര എന്ന് ഒരു ആത്മ സുഹൃത്ത് പലപ്പോഴും വിളിച്ച് കളിയാക്കിയപ്പോഴും അനങ്ങിയില്ല. പക്ഷെ കാലത്തിന്റെ മഹാ പ്രയാണത്തിനിടയിൽ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യം പല തവണ ഉയർന്നു. ഈ എഴുതിയതിൽ മഹാ കാര്യമൊന്നും ഇല്ലെന്നും എനിക്ക് നന്നായി അറിയാം.എങ്കിലും ഞാൻ പറയേണ്ടത് എപ്പോഴെങ്കിലും പറയാതെ വയ്യല്ലൊ.

ആത്മസുഹൃത്തായ വി എം,പറഞ്ഞതിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. ചെളി പുരണ്ടതായി എനിക്ക് തോന്നിയിട്ടില്ല.അത് കൊണ്ട് തന്നെ വലിച്ചെറിയാനും തോന്നിയിട്ടില്ല.

തൂവാലയ്ക്ക് നിറം മങ്ങുന്നത് പ്രായാധിക്യം കൊണ്ടുണ്ടാവുന്ന തിമിരമാണോ? മാർക്സ് മൂലധനം എഴുതിയത് അദ്ദേഹത്തിന്റെ 50 ആം വയസ്സിലാണ്. എനിക്ക് അത്ര പ്രായം ആയിട്ടില്ല.
സ്ഥായിയായ യുവത്വം അസാദ്ധ്യമാണ്. മറ്റൊരു തടസ്സവും ഇല്ലെങ്കിൽ പോലും ആത്മ പരിശോധന അത് അസാദ്ധ്യമാക്കും.. എന്ന് കാഫ്ക്ക


പുതിയതായി വരുന്ന ആളുകൾക്ക് വിശ്വാസം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അത് ഞാൻ എന്ന ഒരു വ്യക്തിയുടെ മാത്രം കടമ അല്ല.

സിയ,മാത്യു എന്നിവരുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നു. കൊണ്ടവർക്കല്ലെ അറിയു അടിയുടെ വേദന..

വെറും കാൽ‌പ്പനികമായ ചുവപ്പ് എന്നൊന്നുണ്ടോ? എനിക്കറിയില്ല. എന്റെ 26 വർഷത്തെ രാഷ്ട്രീയ പരിചയം അങ്ങനെ ഒന്നിനെ എനിക്ക് കാ‍ണിച്ച് തന്നിട്ടില്ല. കാൽ‌പ്പനികമായി വിപ്ലവത്തെ നോക്കിക്കാണുന്ന ഒരു വിഡ്ഡിക്കൂട്ടം ഉണ്ടെന്ന് അറിയാം.

തൂവാലകൾ തോളിൽ ഇട്ട് നടക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ആകാം. വലിച്ചെറിയാൻ തോന്നുന്നവർക്ക് അതും ആവം. ഞാൻ എന്തായലും ഇത് വലിച്ചെറിയുന്നില്ല. നരച്ചാലും നിറം മങ്ങിയാലും ഗുണം ഇല്ലാതായാലും,ശരീരത്തിലെ ഒരു ഭാഗം പോലെ ഞാൻ കൂടെ കൊണ്ട് നടക്കും. പഴി പറയേണ്ടവർക്ക് അതാവാം, കളിയാക്കാം,കല്യാണത്തിനു വിളിക്കാതിരിക്കാം, അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നങ്ങളല്ല. ...

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാക്കളെ, സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും...

നൂറ് പൂക്കൾ വിരിയട്ടെ.. നൂറ് നക്ഷത്രങ്ങൾ പൂക്കട്ടെ.. അഭിവാദ്യങ്ങൾ