http://thathhaagathan.blogspot.com/2006/11/blog-post_07.html
http://thathhaagathan.blogspot.com/2007/02/blog-post.html
പണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രിയുടെ കഥ,ഞാൻ എഴുതിയിട്ട് മൂന്നു വർഷങ്ങളായി.
എന്റെ അഭിവന്ദ്യ സുഹൃത്ത് ദ്വാരകാനാഥ് ശാസ്ത്രി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടോ.. പതിനാറു നീണ്ട സംവത്സരങ്ങൾ കഴിഞ്ഞു.
യമുനയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി..ചാന്ദിനി ചൌക്കിലെ ഫട് ഫടുകൾ അപ്രത്യക്ഷമായി. പഴയ ദില്ലിയിലെ കുതിരവണ്ടികളും കിന്നരന്മാരും നർത്തകരും എവിടേയൊ പോയി മറഞ്ഞിരിക്കുന്നു. കോണാട്ട് പ്ലേസിലെ “ഡൊണ്ട് പാസ് മി ബൈ” എന്ന ഞങ്ങളുടെ പഴയ ചൈനീസ് ന്യൂഡിത്സ് ഹോട്ടെൽ ഇന്ന് കാണാനില്ല.ദിൽഷാദ് ഗാർഡനിലേക്കൊ ഷാഹ്ദ്രയിലേക്കൊ ഇപ്പോൾ 265 ബി,കാത്തു നിൽക്കേണ്ടതില്ല. മെട്രോ റെയിലിൽ പഴയതിന്റെ പകുതി സമയം കൊണ്ടെത്താം.ചുട്ടു പഴുത്ത ജൂൺ അപരാഹ്നത്തിൽ പാലികാ ബസാറിനു പഴയ തണുപ്പില്ല.മൂൾചന്ദിലും ചിരാഗ് ദില്ലിയിലും അംബേദ്കർ നഗറിലും മദൻഗീറിലും ഖാൺപൂരിലും സാക്കേതിലും മാളവ്യാനഗറിലും പതിവു കാഴ്ചകളായിരുന്ന മൂസംബി ജ്യൂസ് ഉന്തുവണ്ടികൾ കാണാനില്ല.ഹൌസ് ഖസിലെ പഴയ ആർദ്രനയനങ്ങളെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. നെഹ്രു പ്ലേസിലെ രാജമ്മ റൈസ് (രജമ റൈസ്) തട്ടുകടകളിൽ പഴയ തിരക്കില്ല. എം ബ്ലോക്കിലെ കേതകി ഘോഷാലിന്റെ പുസ്തകക്കട അപ്രത്യക്ഷമായിരിക്കുന്നു. സാവിത്രി സിനിമ തിരഞ്ഞു.കണ്ടെത്തിയില്ല. സരോജിനി നഗർ മാർക്കെറ്റിലെ റിത്തുപർണ്ണ സെന്നിന്റെ രോമക്കുപ്പായക്കടയും ഇല്ലാതായിരിക്കുന്നു....
ദില്ലി ആകെ മാറിയിരിക്കുന്നു.
മേൽപ്പാലങ്ങളും അടിപ്പാലങ്ങളും അതിശീഖ്രവണ്ടികളും വലിയ ഭോജനശാലകളും ഭീമാകാര കാറുകളും എന്നു വേണ്ട.. എത്ര എത്ര മായക്കാഴ്ച്കൾ ഇന്ന് ദില്ലിയെ മഥിക്കുന്നു.
സുരഭിയുടെ കഥ
മീററ്റിലെ ദേവഹരിലാൽ ചൌധരിയുടെ പുത്രൻ കിഷോരിലാൽ ചൌധരിയോടൊപ്പം ഒളിച്ചോടിയ സുരഭി.ദ്വാരകാനാഥ് ശാസ്ത്രിയുടെ ഏക പ്രതീക്ഷയായിരുന്ന അതീവ സുന്ദരി സുരഭി. ഇന്ന് അവൾക്ക് നാൽപ്പത് വയസ്സ് പ്രായം. സമീർ ചൌധരി എന്നും സുധീർ ചൌധരി എന്നും പേരുള്ള രണ്ട് ആണ്മക്കളുടെ അമ്മ. ഗുഡ്ഗാവിൽ ഉള്ള ഒരു അമേരിക്കൻ കമ്പനിയിൽ എച്.ആർ.മാനേജർ ആയി ജോലി.ആ സ്ഥപനത്തിന്റെ ഈ നഗരത്തിൽ ഉള്ള ശാഖയിലേക്ക് ഒരു ജോലിക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയ്ക്ക് ചെന്നതായിരുന്നു ഞാൻ.
സുരഭി ശാസ്ത്രിഎന്ന പേര് മനസ്സിൽ എവിടേയോ ഉടക്കി. ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു.
“മാഡം,പണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രിയെ അറിയുമൊ”
മുഖം ഉയർത്തി നോക്കിയ അവിശ്വസനീയ നേത്രങ്ങൾ സജലമായിരുന്നു
“എന്റെ പിതാജിയെ എങ്ങനെ അറിയാം”
എനിക്ക് സങ്കടം സഹിക്കാനായില്ല. ഞങ്ങളുടെ പ്രിയ സുഹൃത്ത് ജീവനൊടുക്കിയത് ഇവളൊരുവൾക്ക് വേണ്ടിയായിരുന്നല്ലൊ എന്നോർത്ത് ഞാൻ ഏറെ വിഷമിച്ചു.അനന്തരം ഞങ്ങൾ തമ്മിലൂണ്ടായിരുന്ന സൌഹൃദത്തെപ്പറ്റിയും,ശാസ്ത്രി,ഇഗ്നിക്കെഴുതിയ കത്തിനെ പറ്റിയും എല്ലാം അവരോട് പറയേണ്ടി വന്നു. ഞങ്ങളെ പറ്റിയെല്ലാം പണ്ഡിറ്റ്ജി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതിബുദ്ധിമാനായ ഇഗ്നേഷ്യസ് അവൾക്കും പണ്ഡിറ്റ്ജിക്കെന്നപോലെ ഒരു അൽഭുദമായിരുന്നു. ഇഗ്നേഷ്യസിന്റെ തിരോധാന വാർത്ത അറിഞ്ഞ് അവർ വേപഥുപൂണ്ടു.സിദ്ധപതിരാജുവും ശരവണനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയതും ദിലീപ് നാട്ടിലേക്ക് തിരികെ പോയി കോളേജ് അദ്ധ്യാപകനായതുമായ വാർത്തകളത്രയും അവർ ഔത്സുക്യത്തോടെ കേട്ടിരുന്നു.അപ്പോഴേക്കും ഉച്ചഭക്ഷണത്തിനു സമയമായിരുന്നു.
വിശാലമായ കാന്റീനിലെ ഓറഞ്ച് നിറമുള്ള മേശയ്ക്കിരുവശം ഇരിക്കവേ സുരഭി അവരുടെ കഥ പറഞ്ഞു.
കിഷോരിലാലിന് അവരേക്കാൾ പതിനഞ്ച് വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു. അയാൾ ജ്ഞാനിയും സുന്ദരനും സൌമ്യ പ്രകൃതനുമായിരുന്നു.ജവഹരിലാൽ യൂണിവേർസിറ്റിയിൽ നിന്നും രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം മീററ്റിലെ ചൌധരി ചരൺസിംഗ് യൂണിവേർസിറ്റിയിൽ അദ്ധ്യാപകനായിരുന്നു.
അയാൾ ഒരുപാട് യാത്ര ചെയ്യുമായിരുന്നു.പത്തും പതിനഞ്ചും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന യാത്രകൾ. എവിടേയ്ക്കാണെന്നൊ എന്തിനാണെന്നൊ സുരഭി ഒരിക്കലും ചോദിച്ചില്ല. അയാളൊട്ട് പറഞ്ഞതുമില്ല.ദിനവും തപാലിൽ ഒരുപാട് മാസികകളും പുസ്തകങ്ങളും വരും. അയാൾ രാവേറെ ചെല്ലും വരെ ഉറക്കമിളച്ച് ഇരുന്ന് വായിക്കും. ആദ്യ പുത്രൻ സമീർ ജനിച്ച ശേഷം സുരഭിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതായി. കുട്ടിയുടെ കാര്യങ്ങൾ നോക്കിയും വീട്ടുജോലികൾ ചെയ്തും അവരുടെ സമയം നീങ്ങി.വേനൽക്കാലത്ത് അവർ അതിമനോഹരങ്ങളായ രോമക്കുപ്പായങ്ങൾ തുന്നിയുണ്ടാക്കി. ഭർത്താവിനും പുത്രനും വേണ്ടി.രണ്ടാമത്തെ മകൻ സുധീറിനെ ഗർഭിണി ആയിരിക്കുമ്പോഴാണ് ആദ്യമായി കിഷോരിലാലിനെ അന്വേഷിച്ച് ദില്ലിയിൽ നിന്നും രഹസ്യപ്പോലീസ് എത്തിയത്. അവരുടെ ചോദ്യങ്ങൾക്കൊന്നും സുരഭിയുടെ പക്കൽ ഉത്തരങ്ങൾ ഇല്ലായിരുന്നു.
പിന്നീട് കുറേക്കാലം കിഷോരിലാൽ വീട്ടിലേക്ക് വന്നില്ല. അയാളെവിടേയാണെന്ന് സുരഭിക്ക് അറിയില്ലായിരുന്നു. ജീവിതം കഠിനമായി. അതിനിടെ പ്രസവം. സുധീർ ജനിച്ച് മുപ്പത് ദിവസം തികഞ്ഞ നാളാണ് സുരഭിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ആ വാർത്ത വന്നത്
ഝാർഖണ്ഡിൽ വെച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടു. അതിലൊരാൾ കിഷോരിലാലായിരുന്നു.
മീററ്റിൽ നിന്നും മഥുരയിലെത്തിയ സുരഭിക്ക് അഭയം നൽകിയത് വയോവൃദ്ധനായ രാമേശ്വർ ശാസ്ത്രിയായിരുന്നു. സുരഭിയുടെ അമ്മയുടെ പിതാവ്. അവിടെ നിന്ന് പിന്നീട് ദില്ലിയിലേക്ക്. സ്വന്തമായി പഠിച്ച് സ്വന്തമായി ജോലി നേടി. സമീർ പത്താം ക്ലാസ്സിലും സുധീർ എട്ടാം ക്ലാസ്സിലും പഠിക്കുന്നു.
ഭയ്യാ ഈ കമ്പനി വേണ്ട. ഇത് താങ്കൾക്ക് ശരിയാവില്ല. ഞാൻ തന്നെ ഇവിടെ നിന്ന് മാറാൻ നോക്കി ഇരിക്കുകയാണ് എന്നും പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്തി. വിമാന ടിക്കെറ്റിന്റെ പൈസയും വാങ്ങി തിരികെ വരാനൊരുങ്ങിയപ്പോൾ യാത്രയയക്കാൻ സുരഭിയും വന്നു. ഡെൽഹി എയർപോർട്ട് വരെ കാറിൽ കൊണ്ടു ചെന്നു വിട്ടു.ഇടയ്ക്ക് വിളിക്കണമെന്ന് പ്രത്യേകിച്ച് പറഞ്ഞു.
തിരിച്ച് ഇവിടെ എത്തി വീട്ടിൽ വന്നു കയറിയ ഉടനെ ഫോൺ വന്നു “ ഭയ്യാ വീട്ടിൽ എത്തിയോ” എന്നും ചോദിച്ച്.
ഇതൊരു കഥയല്ല. ഇതിനു മുൻപ് എഴുതിയ രണ്ടും കഥകളല്ല. യഥാർത്ഥ സംഭവങ്ങളാണ്. ആത്മസുഹൃത്തിന്റെ അവശേഷിക്കുന്ന കണ്ണിയെ കാണാനായതിന്റെ സന്തോഷമാണ് ഇങ്ങനെ ഒന്നെഴുതാൻ പ്രേരിപ്പിച്ചത്.
ഇനിയും ഉണ്ട് എഴുതാൻ ഒരുപാട്.. ദില്ലിയിലെ ദിനരാത്രങ്ങളിൽ കൂടെ യാത്ര ചെയ്ത പലരുടേയും കഥകൾ. കൽക്കാജിയിലെ ധീരജ് കുമാർ ശർമ്മയുടെ കഥ,ശ്രീനിവാസ് പുരിയിലെ മദൻമോഹൻ റക്കേജയുടെ കഥ,നീന പോപ്ലിയുടേയും നീലാക്ഷി ഗ്രേവാളിന്റേയും കഥ..
ദില്ലി കഥകളുടെ ഈറ്റില്ലമല്ലെ..
Sunday, July 05, 2009
Subscribe to:
Post Comments (Atom)
6 comments:
മുൻപ് പറഞ്ഞ ഒരു കഥയ്ക്ക് ഒരു അനുബന്ധം
ദില്ലി കഥകള്ക്കായി കാത്തിരിയ്ക്കുന്നു...
Hey...
avicharitham... ennu parayana enikkishtam..
nannayi mashe.
waiting to hear more Dilli stories...... (cannot say stories.. real experiences)
madi kalyoooooooooo
ezhuthu thudarooo
:)
ജീവിതം പോണ പോക്ക്!
നന്നായിട്ടുണ്ട് പ്രമോദേട്ടാ...
കിഷോരിലാല്...ദ്വാരകാനാഥ് ശാസ്ത്രി...കഥയിലല്ലാതെ ഭൂമിയിലും ഇവരൊക്കെ ഉണ്ട് അല്ലേ!..
ശരിതന്നെ.ഡല്ഹിക്ക് കഥകളൊരുപാടുണ്ട്..ടച്ചിങ്..ബാക്കി കൂടി പോരട്ടെ..
Post a Comment