ഇഗ്നേഷ്യസ്
ഇഗ്നേഷ്യസിനെ കുറിച്ച് ഞാന്‍ കുറച്ചുനാളായി ഓര്‍ക്കാറില്ല.പ്രക്ഷുബ്ദമായ ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ ഇഗ്നേഷ്യസ് മറവിയിലാണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു.
ഇഗ്നേഷ്യസ്..
സ്റ്റീഫന്‍ കോവിയുടെ മാനേജ്മെന്റ് സിദ്ധാന്തങ്ങളെ,അര്‍ത്ഥശാസ്ത്രത്തിന്റെ അശ്ലീലമായ അനുകരണം എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളിയ ഇഗ്നേഷ്യസ്.സിരില്‍ ഫോര്‍ട്ടില്‍ വെച്ചു നടന്ന ഒരു വാദപ്രതിവാദത്തില്‍ ശിവ്കേരയും ഡോ:ഗുഹ്രാജും പരാമര്‍ശത്തില്‍ വന്നപ്പോള്‍,അവരെ ലോകമാനേജ്മെന്റിന്റെ നാശപ്രവാചകര്‍ എന്ന് വിളിച്ച് കളിയാക്കിയ ഇഗ്നേഷ്യസ്.
റൂത്ത് ഫെലീനോ എന്ന ഇറ്റാലിയന്‍ സുന്ദരിയ്ക്ക്,ആഞ്ഞടിയ്ക്കുന്ന കൊടുംകാറ്റിനു തുല്യമായ രതിയ്ക്കിടയില്‍ വൈരുദ്ധാത്മിക ഭൌതികവാദത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഇഗ്നേഷ്യസ്.
ശ്രീരാം സെന്ററിലെ നാടക ചര്‍ച്ചയ്ക്കിടയില്‍,സഫ്ദറിന്റെ ചോരയ്ക്ക് നീയാണ് ഉത്തരവാദി എന്നു പറഞ്ഞ് നീലോല്‍പലിന്റെ കോളറില്‍ കയറിപ്പിടിച്ച ഇഗ്നേഷ്യസ്.
ചരിത്രവും അതിന്റെ അനിവാര്യതകളും,ആ അനിവാര്യതകളുടെ ആകുലതകളും ആവര്‍ത്തന വിരസതകളും നെഞ്ചിലേറ്റി,സെക്ടര്‍ സെവനിലെ ഗോവര്ദ്ധന് തീവാരിയുടെ പാന്‍കടയില്‍ രഹസ്യമായി ലഭ്യമായിരുന്ന വാറ്റുചാരായം കുടിച്ച്,ഹൌസ്കസില്‍ താമസിയ്ക്കുന്ന ബംഗാളി പെണ്‍കൊടിയുടെ കൂടെ അന്തിയുറങ്ങി,പിറ്റേന്ന് രാവിലെ വീട്ടിലെത്തുമ്പോള്‍,താന്‍ വന്ന ടാക്സിക്കാറിന്റെ ഡ്രൈവര്‍ സര്‍ദാര്‍ജിയ്ക്ക് വായിയ്ക്കാന്‍ Crime and Punishment കൊടുക്കുന്ന ഇഗ്നേഷ്യസ്..
ഇഗ്നേഷ്യസിനെ ഞാന്‍ എങ്ങനെ മറന്നു..എനിയ്ക്കെങ്ങനെ ഇഗ്നേഷ്യസിനെ മറക്കാനായി??
ഇഗ്നേഷ്യസിന്റെ മാതാവ് മരിയ,കോട്ടയംകാരി ആയിരുന്നു. വൈദ്യശാസ്ത്രത്തില്‍ സ്വര്‍ണ്ണമെഡലോടെ ബിരുദം നേടിയ അവര്‍,ഗ്ലാസ്ഗോവിലെ റോയല്‍ കോളേജ് ഓഫ് ഫിസിസ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ നിന്നും FRCSനേടിയ അതിപ്രശസ്തയായ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദയായിരുന്നു. ബോംബേയിലെ ഒരു പ്രസിദ്ധ ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗത്തിന്റെ ഹെഢ് ആയിരുന്നു അവര്‍.
ഇഗ്നേഷ്യസിന്റെ പിതാവ് ശ്രീലങ്കക്കാരനായ ബോധിസത്വ തുംഗേ,അതേ ആശുപത്രിയിലെ അതിപ്രശസ്തനായ ന്യൂറോ സര്‍ജനും.
ഇഗ്നേഷ്യസ്,ജനിച്ചതും വളര്‍ന്നതും ബോംബേയിലാണ്
ഇഗ്നേഷ്യസ് IIT കാണ്‍പൂരില്‍ നിന്നും ഇലക്ട്രോണിക്സ് എന്ജിനീറിങ്ങില് ബിരുദവും IIM അഹമ്മദാബാദില്‍ നിന്നും എം.ബി.എ യും നേടിയിട്ടുണ്ട്.
സ്വപ്രയത്നത്താല്‍ മലയാളം എഴുതാനും വായിയ്ക്കാനും പഠിച്ച ഇഗ്നേഷ്യസ് മലയാള സാഹിത്യത്തിന്റെ ഒരു വലിയ ആരാധകനായിരുന്നു.കുട്ടികൃഷ്ണമാരാരും,വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു ഇഗ്നേഷ്യസിന് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി എഴുത്തുകാര്‍.
ഞാനും ഇഗ്നേഷ്യസും സിദ്ധപതിരാജുവും ശരവണനും ദിലീപും മദന്‍ഗീറിലെ ഒരു DDA ഫ്ലാറ്റില്‍ മൂന്ന് വര്‍ഷക്കാലം ഒരുമിച്ച് താമസിച്ചത് ചരിത്രനിയോഗം.പണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രി,ഇഗ്നേഷ്യസിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം അവസാനമായി കത്തെഴുതിയതും ഇഗ്നേഷ്യസിനായിരുന്നു.
ഇഗ്നേഷ്യസ് ഒരു ദിവസം ഞങ്ങളോടെല്ലാം യാത്രപറഞ്ഞ്,എവിടേയ്ക്കോ പോയി മറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കജ് സബര്‍വാള്‍ രുദ്രപ്രയാഗയില്‍ വെച്ചും വീണ്ടും കുറേ കാലത്തിനുശേഷം ഹരിനായാരണന്‍ കൈലാസ യാത്രയ്ക്കിടയില്‍ ഏതോ ഒരു ഗ്രാമത്തില്‍ വെച്ചും ഇഗ്നേഷ്യസിനെ കാണുകയുണ്ടായി എന്ന് പറയുന്നു.
ഞാന്‍,ഇഗ്നേഷ്യസിനെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണം,ഇന്നലെ ഉച്ചയ്ക്ക്,തിളച്ചു മറിയുന്ന എയര്‍പോര്‍ട്ട് റോഡിലെ,പെട്രോള്‍ പംപില്‍ പെട്രോള്‍ നിറയ്ക്കാനായി കാറ് നിര്‍ത്തിയപ്പോള്‍ ഒരു ഓട്ടോ റിക്ഷയില്‍ ആ വഴി കടന്നു പോയ കാഷായ വസ്ത്രധാരിയ്ക്ക് ഇഗ്നേഷ്യസിന്റെ ഛായയുണ്ടായിരുന്നു എന്നതാണ്.
അത് ഇഗ്നേഷ്യസ് ആയിരുന്നൊ? ആയിരിയ്ക്കാം- ചിലപ്പോള്‍ അല്ലായിരിയ്ക്കാം..
ഒരിയ്ക്കല്‍,ഞങ്ങളൊരുമിച്ച്,തിരുനാവായിലെ നാവാ മുകുന്ദ ക്ഷേത്രത്തില്‍ പോയി.(വെക്കേഷനു വന്ന എന്റെ കൂടെ കേരളം കാണാന്‍ ഇഗ്നേഷ്യസും വന്നിരുന്നു, അത്തവണ).മഹാനദിക്കരയില്‍ ബലി ഇടാനായി നിരയായി ഇരിയ്ക്കുന്നവരില്‍ ഒരാളായി ഇഗ്നേഷ്യസും ഇരുന്നു."നീ ബലി ഇടുന്നില്ലേ?" എന്നവന് എന്നോട് ചോദിച്ചപ്പോള്‍,ബലി സ്വീകരിക്കേണ്ടവരെല്ലാം ഇപ്പോഴും ജീവനോടുള്ളപ്പോള്‍ ഞാന്‍ എന്തിന് ബലി ഇടണം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.
എന്റെയും മാതാപിതാക്കള്‍ ഇപ്പോഴും ജീവനോടെ ഉണ്ട്,ഞാന്‍ ബലി ഇടുന്നത് എന്നെ സ്നേഹിയ്ക്കുകയും ഞാന്‍ സ്നേഹിയ്ക്കുകയും ചെയ്ത മണ്മറഞ്ഞു പോയവര്‍ക്ക് വേണ്ടിയാണ് എന്നും പറഞ്ഞ്,ഇളയതിനെ കൊണ്ട് ജ്ഞാതാജ്ഞാത ബലി നടത്തിച്ചു. ദര്‍ഭമോതിരം അണിഞ്ഞ്,ഇരുപത്തി ആറ് പിണ്ഡങ്ങള് വെച്ച്,എള്ളില്‍ തോട്ട് വെള്ളം കൊടുത്ത് വന്ദിച്ച്,ഭാരതപ്പുഴയുടെ കുത്തൊഴുക്കിലേയ്ക്ക് ആ പിണ്ഡങ്ങളടങ്ങിയ നാക്കില പിന്നോട്ടെറിഞ്ഞ് മുങ്ങി കയറിയ ഇഗ്നേഷ്യസ്.
തനിയ്ക്ക് ഭക്ഷണം വിളമ്പി തന്നിരുന്ന അന്‍പുശെല്‍വന്‍ എന്ന തമിഴനില്‍ തുടങ്ങി,വീട് അടിച്ചു വാരാന്‍ വന്നിരുന്ന കാന്താഭായിയ്ക്കും,അഹമ്മെദാബാദില്‍ സഹപാഠിയായിരുന്ന നിരുപമാ സന്യാലിനും,പണ്ഡിറ്റ് ദ്വാരകാനാഥ് ശാസ്ത്രിയ്ക്കും അങ്ങനെ ഓര്‍മ്മയിലുണ്ടായിരുന്ന 20 പേര്‍ക്കും ഓര്‍മ്മയിലില്ലാത്ത അഞ്ചുപേര്‍ക്കും കൂടാതെ ഇത്താപ്പുവും ചന്തുണ്ണിയുമടക്കം മാമാങ്കത്തില്‍ സാമൂതിരിയെ നേരിട്ട് മരിച്ച വള്ളുവനാട്ടിലെ നിരവധി ചാവെറുകള്‍ക്കും വേണ്ടി ഒരു പിണ്ഡവും ബലിയായി ഇട്ട ഇഗ്നേഷ്യസ്..
ആ ഇഗ്നേഷ്യസാണ് ഒരു ദിവസം,മഞ്ഞു വീണു തുടങ്ങിയിരുന്ന ഒരു നവംബര്‍ സന്ധ്യയ്ക്ക് ഞങ്ങളോട് യാത്ര പറയും നേരം,എന്നെ നോക്കി,"നീയും നിന്റെ സാന്തിയാഗോ സ്വപ്നങ്ങളും നശിച്ചു പോകട്ടെ" എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ്,ജോഗീന്ദര്‍ സിങ്ങിന്റെ ടാക്സിയില്‍ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക്,"അതിവേഗത്തില്‍ വണ്ടി ഓടിയ്ക്കൂ" എന്ന് സര്‍ദാര്‍ജിയോട് ആക്രോശിച്ചു കൊണ്ട് സാകേതും മാളവ്യാനഗറും മെഹ്രോളിയും പിന്നിട്ട്,ചരിത്രസന്ധിയിലേയ്ക്ക് ഒറ്റയ്ക്ക് പുറപ്പെട്ടു പോയത്.
ആ ഇഗ്നേഷ്യസിനെ എനിയ്ക്കെങ്ങനെ മറക്കാനായി?
ഞങ്ങളെ വിട്ടുപിരിഞ്ഞതിനു ശേഷമുള്ള ഇഗ്നേഷ്യസിന്റെ ചരിത്രം,എനിയ്ക്ക് അജ്ഞാതമാണ്.പിരിയുന്നതിനു മുന്‍പുള്ള അവന്റെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങളാവട്ടെ,വളരെ പരിമിതങ്ങളും. അവന്റെ വര്‍ത്തമാന ജീവിതത്തെക്കുറിച്ച്,തികച്ചും സങ്കല്പ്പങ്ങളില് അധിഷ്ഠിതങ്ങളായ പ്രസ്താവങ്ങളോ നിഗമനങ്ങളൊ നടത്താന്‍ എന്റെ യുക്തിയ്ക്ക് ശേഷിയുമില്ല.
അപ്പോള്‍ പിന്നെ..ഇഗ്നേഷ്യസ്,എന്നും,എന്റെ മനസ്സില്‍ ഒരു അദൃശ്യ സാന്നിദ്ധ്യമായി നിലനില്ക്കും എന്ന് ആശ്വസിയ്ക്കാനല്ലേ,കേവല മനുഷ്യനായ എനിയ്ക്ക് കഴിയൂ !!!!..
Thursday, February 01, 2007
Subscribe to:
Post Comments (Atom)
16 comments:
തഥാഗതന്..
ഇഗ്ണേഷ്യസ്.. പേരില്‍തന്നെ ഒരു തീപൊരിയുണ്ട്!
ചിലരിങ്ങനെയാണ്. ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതികളും ചിന്തകളുമായി കൊടുങ്കാറ്റായി പറന്ന് പോകും ചിലര്‍..
താങ്കളുടെ വരികളില്‍ നിന്നൊരു രൂപം എനിക്കുകാണാനാവുന്നു. ആ കാവി വസ്ത്രധാരിയെങ്കിലുമായി അവനെവിടെയെങ്കിലും അല്ലാലില്ലാതെ കഴിയുന്നുണ്ടാവുമെന്ന് ഞാനും ആശിച്ചോട്ടേ?
ഓര്‍മ്മകള്‍ നന്നായി. വരികളില്‍ ആ വ്യ്ക്തിത്വം പ്രകാശിപ്പിക്കുന്നതിലും, വേര്‍പാടിന്റെ വേദനയുമെല്ലാം നിഴലിക്കുന്നു
എന്റെ മറഞ്ഞുപൊയ ഒരു സുഹൃത്തിനെക്കുറിച്ച് ഞാന്‍ ഇവിടെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്:
http://www.firozahammed.blogspot.com
ഇഗ്നേഷ്യസിന്റെ ഒരു രൂപം മുന്നില്‍ കാണാന്‍ പറ്റുന്നുണ്ട്...
ഹ്ഹോ....വായിച്ചു തീര്‍ന്നപ്പോള്‍ ഒരു കൊടുങ്കാറ്റ് അടങ്ങിയ പ്രതീതി.. ചില സൌഹൃദങ്ങള്‍ അങ്ങിനെയാ.. പൊയ്മറഞ്ഞാലും പൊള്ളിച്ചുകൊണ്ടിരിക്കും .. എന്നിട്ടും എങ്ങിനെയാ മറന്നു പോയത്..
ക്ഷോഭിക്കുന്ന യൗവ്വനം എന്നോ...അസ്തിത്വം
തേടുന്നവന് എന്നോ...എന്താ
പറയാ..ഇഗ്നേഷ്യസിനെ കുറിച്ച്...വല്ലാത്തൊരു ജന്മം.
മാഷേ....അവതിരിപ്പിച്ച രീതിക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍.
anfവായിക്കുന്നവര്‍ക്കും ഒരു അസാധാരണ സ്നേഹിതനെ നഷ്ടപെട്ട പ്രതീതി ജനിപ്പിച്ചു താങ്കളുടെ എഴുത്തു..സ്നേഹിതനെ തിരിച്ചുകിട്ടട്ടെ എന്നു ആശംസിക്കുന്നു
qw_er_ty
അതെ, ചിലരിങ്ങനെയാണ്....
ഒരു രൂപം മനസ്സില്‍ തെളിയുന്നു...
ചില ബന്ധങ്ങള്‍, ചില മനുഷ്യര്‍, ചില സ്വഭാവങ്ങള്‍ മറക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്..
എത്രയും പെട്ടന്ന് തഥാഗതന് ഇഗ്ണേഷ്യസിനെ കാണാനാകുമെന്ന് പ്രത്യാശിക്കുന്നു...
സസ്നേഹം
ദൃശ്യന്‍
തീഷ്ണം!
എഴുത്തിന്റെ ശൈലിയും കഥാപാത്രവും ഒരു പോലെ മനസ്സില്‍ പതിഞ്ഞുനില്ക്കുന്നു......
തഥാഗതന് മാഷിനു ഇതുപോലുള്ള കൂട്ടുകരെയൊക്കെ എവിടുന്ന് കിട്ടുന്നു? എന്തൊരു ജീവിതാനുഭവങ്ങള്‍? വായിച്ചിട്ട് അവിശ്വസനീയമായി തോന്നുന്നു. ഇങ്ങിനെയുള്ളവരെയൊക്കെ ഞാന്‍ ഇതുപോലെ കഥകളിലല്ലാതെ കണ്ടിട്ട്പോലുമില്ലാത്ത് കൊണ്ടാണാ ആവൊ?
ഇഗ്നേഷ്യസിനെ പോലെയുള്ള സുഹ്രുത്തുക്കള്‍ എന്നും സൌഹൃദത്തിന്റെ നൊമ്പരങ്ങളായി ശേഷിക്കുന്നു..
സുഹൃത്തിന്റെ ചിത്രം നന്നായിരിക്കുന്നു.
ഇഗ്നെഷ്യസിനെ കണ്ട ഒരു പ്രതീതി. ശക്തമായ രചന.
തഥാഗതന്റെ അര്‍ത്ഥം ഒന്നു പറഞ്ഞു തരാമോ?
അഭിനന്ദനങ്ങള്‍.
"നീയും നിന്റെ സാന്തിയാഗോ സ്വപ്നങ്ങളും നശിച്ചു പോകട്ടെ"
http://bhoomimalayalam.blogspot.com
ഇനിയും കയ്യില്‍ ഉണ്ടെന്നു തോന്നുന്നു കുറച്ചു സാന്തീയാഗൊ സ്വപ്നങള്... :)
വായിച്ചു.
മനസ്സു നിറഞ്ഞു.
നൊമ്പരത്തിന്റെ തീപ്പൊരി ഉള്ളില്‍ അവശേഷിപ്പിച്ച് എവിടെപ്പോയി ഇഗ്നേഷിയസ്?
വായിച്ച് അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി..
ഭൂതകാല സൌഹൃദങ്ങളുടെ നഷ്ടബോധമുണര്ത്തുന്ന തീവ്രതയും ഭാഷാപ്രയോഗത്തിന്റെ ചാരുതയും തെളിമയാര്‍ന്ന് നില്ക്കുന്ന സൃഷ്ടി.
Post a Comment