ഞങ്ങളുടെ ബാച്ചില്‍ ഇലക്ട്രോണിക്സ് ബ്രാഞ്ചില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ജയചന്ദ്രന്. സുമുഖന്‍ സുന്ദരന്‍.. അധികം ആരോടും സംസാരിക്കില്ല.പഠിത്തം നാടകം പിന്നെ അല്പം പര്‍ട്ടി പ്രവര്‍ത്തനം.. ഇതാണ് അദ്ദേഹത്തിന്റെ ലോകം
അഞ്ചാം സെമെസ്റ്റര്കാലത്താണ് സംഭവം നടക്കുന്നത്
ജയചന്ദ്രന്റെ റൂമിലുണ്ടായിരുന്ന മറ്റ് രണ്ട്പേര്,സുന്ദരിയും ആപ്പനും ആയിരുന്നു. സുന്ദരി എന്ന് കേട്ട് അതൊരു പെണ്ണാണെന്ന് കരുതരുതേ.. ഒരു പെണ്ണിന്റെ നടത്തവും ഭാവങ്ങളും ഉള്ള ഒരു ഒന്നാന്തരം കോട്ടയം അച്ചായനാണ് ജേക്കബ് എന്ന ശരിയായ നാമം ഉള്ള സുന്ദരി..ഇന്സ്റ്റ്രുമെന്റേഷന് ബാച്ചിലെ വേറെ രണ്ട് പെണ്‍കുട്ടികളും ജേക്കബും കൂടെ നടന്ന് വരുമ്പോള്‍ "അതാ മൂന്ന് സുന്ദരികള്‍" എന്ന് വിളിച്ചതിന് എന്നോട് മൂന്നുമാസം മിണ്ടാതെ നടന്നിട്ടുണ്ട് ഇദ്ദേഹം.
ആപ്പന് എന്നാല്‍ പ്രതിപക്ഷത്തിന്റെ ഏത് പരിപാടിക്കും ആപ്പ് വെച്ച് നശിപ്പിക്കുന്ന ഒരു അപൂര്‍വ ജന്മം.
ഈ രണ്ട് ഭീകരരുടെ കൂടെയാണ് നമ്മുടെ കഥാനായകന്,കുഞ്ഞനിയന് എന്ന് വിളിക്കുന്ന ജയചന്ദ്രന് താമസിച്ചിരുന്നത്. സെക്കന്റെ ഹോസ്റ്റെലിലെ ഒന്നം നിലയിലായിരുന്നു ഇവരുടെ മുറി.
സംഭവം നടക്കുന്നത് ഒരു മഴക്കാലത്താണ്. ഫസ്റ്റ് ഹോസ്റ്റെലിന്റെ മുന്പില് ഉള്ള മൈതാനത്ത് മഴയത്ത് ക്രിക്കറ്റ് കളിച്ചതായിരുന്നു കാരണം.കഥാനായകന് പിറ്റേന്ന് രാവിലെ പൊള്ളുന്ന പനി. മറ്റ് രണ്ട് പേരും ചേര്‍ന്ന് പുള്ളിയെ ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. അതിരാവിലെ കല്ലേക്കുളങ്ങരയിലോ അകത്തേത്തറയിലൊ ഉള്ള ഭിഷഗ്വരന്മാരൊന്നും ഉണ്ടാകില്ല എന്ന് അറിയാമായിരുന്ന സുഹൃത്തുക്കള്‍ നേരെ പാലക്കാട് നഗരത്തിലേക്ക് വെച്ചടിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ വലിയ തിരക്കായിരിക്കും എന്ന് വിചാരിച്ച് ഏതെങ്കിലും ഒരു ഡൊക്ടറുടെ വീട്ടില്‍ ചെല്ലാന്‍ അവര്‍ തീരുമാനിച്ചു. നളന്ദ ഹോട്ടെലും കഴിഞ്ഞ് പിന്നെയും പോയപ്പോള്‍ അതാ കാണുന്നു ഒരു ബൊര്‍ഡ്.. Dr.അഹമ്മദ് സേട്ട്..
ബെല്ലടിച്ച് കാത്തിരുന്നു. അതാ വരുന്നു ഒരു അജാനബാഹു.
പരിശോധന മുറിയുടെ വാതില്‍ തുറന്ന് ഉള്ളിലേക്ക് വരാന്‍ പറഞ്ഞു. ഉള്ളില്‍ എത്തിയ അവരോട് ആര്‍ക്കാ അസുഖം എന്ന് ചോദിച്ചു. മറ്റു രണ്ട് പേര് ഒരെ സമയത്ത് ജയചന്ദ്രനെ ചൂണ്ടിക്കാണിച്ചു. ഡോക്ടര്‍,പുള്ളിയെ ഒന്നു ഉഴിഞ്ഞ് നോക്കി എന്നിട്ട് പറഞ്ഞു
അഴിക്കെടോ പാന്റ്
പനി പിടിച്ചവനോട് പാന്റ് അഴിക്കാന്‍ പറയുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാകാത്ത കൂട്ടുകാര്‍ പരസ്പരം മിഴിച്ച് നോക്കി. അപ്പോളാണ് സൂക്ഷ്മ ദൃഷ്ടിയായ ആപ്പന്റെ കണ്ണ് ഡോക്ടറുടെ നെയിം ബോര്‍ഡില്‍ പതിഞ്ഞത്
Dr.അഹമ്മദ് സേട്ട്.M.B.B.S,VD
അയ്യൊ ഡോക്ടറേ ഇത് അതൊന്നുമല്ല.. ഇന്നലെ മഴ കോണ്ട് പനി പിടിച്ചതാണ് എന്ന് സുന്ദരി ഉറക്കെ കരഞ്ഞു.
എന്നാല്‍ പിന്നെ നേരത്തെ പറയണ്ടെ.. എന്നായി ഡോക്ടര്‍.
കുഴലു വെച്ചുള്ള പരിശോധനയ്ക്ക് ശേഷം പുള്ളി പറഞ്ഞു
"ഒന്ന് കുരയ്ക്കെടോ"
ജയചന്ദ്രന് കൂട്ടുകാരെ നോക്കി
എടോ ഒന്ന് കുരയ്ക്കാന്‍
ജയചന്ദ്രന്റെ നോട്ടം ദയനീയമായി
ഒന്ന് കുരയ്ക്കാന്‍ പറഞ്ഞാല്‍ എന്താടോ ഇത്ര താമസം എന്ന് ചോദിച്ച് ഡോക്ടര്‍ കോപാകുലനായി. അയാള്‍ തന്നെ ആക്രമിച്ചു പോകുമോ എന്ന് ഭയന്ന ജയചന്ദ്രന് കുരച്ചു
ബൌ.. ബൌ
(പാലക്കാട് കുരയ്ക്കുക എന്നതിന് ചുമയ്ക്കുക എന്ന അര്‍ത്ഥം ഉണ്ടെന്ന് തെക്കന്മാരായ ആ മൂന്ന് പേര്‍ക്കും മനസ്സിലായത് അന്നാണ്)
ഈ പോസ്റ്റ് ഞാന്‍ ഉടനെ മാറ്റും.. ആ സുന്ദരിയെങ്ങാനും ഇത് വായിച്ചാല്‍ എന്റെ കാര്യം പിന്നെ കട്ടപൊഹ
Tuesday, October 03, 2006
Subscribe to:
Post Comments (Atom)
18 comments:
ഹാഹാ പാലക്കാടന്‍ മലയാളവിശേഷം ഈയടുത്തു ബൂലോഗക്ലബ്ബില്‍ ഒരു ഓഡിയോ ക്ലിപ്പായി വിലസി നടന്നിരുന്നു. അത് പറഞ്ഞതൊക്കെ ശരിയാണല്ലോ ;)
ഇത് നന്നായീ..ആയിരം ഭാവങ്ങളും ഒരു വാക്കിന് അനേകം അര്‍ത്ഥങ്ങളും ഉള്ള മലയാളത്തിന്റെ പല നുറുങ്ങുകള്‍ വായിച്ചിട്ടുണ്ട്..
-പാര്‍വതി.
ഹ ഹ.. ശരിക്കും ചിരിച്ചു
പാവം ജയചന്ദ്രന്!
ഇതെന്തൊരു പാലക്കാട്. ചുമയ്ക്കു ചുമ എന്നു പറയാതെ കുരയ്ക്കാന്‍ പറഞ്ഞാല്‍?? :D
അതു കൊള്ളാം.രസികന്‍ പോസ്റ്റ്. ചുമ റ്റ്രാന്സലേറ്റ് ചെയ്യാന്‍ ഏറെ വിഷമിച്ച ശേഷം, ബാര്‍ക് എന്നു് പറഞ്ഞ ഒരു പാലക്കാട്ടുകാരിയെ എനിക്കറിയാം. ദാ ഈ
ലിങ്കും കൂടെയൊന്നു നോക്കിക്കേ.
ബിന്ദുവേ, ചുമയ്ക്കു ചുമ എന്നുപറഞ്ഞാല്‍ പാലക്കാട്ടുകാരു് തൃശ്ശൂരുകാരാവില്ലേ?;-)
സിദ്ധാര്‍ത്തോ
നോക്കിയപ്പോളല്ലേടാ ഉണ്ണിച്ചെക്കൊ കണ്ടത്
പണ്ട് ഞാന്‍ നെന്മാറ നായേര്സില് പ്രീ ഡിഗ്രീയ്ക്ക് പഠിക്കുമ്പോള്‍ കൊല്ലങ്കോട് ചിറ്റൂര്‍ ഭാഗത്ത് നിന്നുള്ള ഒരുപാട് സഹപാഠികള്‍ ഉണ്ടായിരുന്നു. അതില്‍ അഗ്രഗണ്യന്‍ പാമ്പ് വേലായുധന് എന്ന് അറിയപ്പെട്ടിരുന്ന വേലായുധന് കുട്ടിയാണ്. മുന്നൂറ് പറ കൃഷിയും രണ്ട് തെങ്ങിന്തൊടികളും,ഇഞ്ചികൃഷിയും നേന്ത്രവാഴത്തോട്ടവും കൂടാതെ രണ്ട് പറമ്പുകളിലായി ചെത്താന്‍ കൊടുത്ത 50 കരിമ്പനകളും ഉള്ള ഒരു നാട്ടു പ്രമാണിയുടെ ഒറ്റ മകന്.കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്കും വാങ്ങുന്ന ഇംഗ്ലീഷില്‍ നൂറില്‍ പതിനഞ്ച് മാര്‍ക്ക് വാങ്ങുന്ന ഒരു ഭീകരന്. കന്നിക്കൊയ്ത്തുകാലത്തും മകര കൊയ്ത്ത് കാലത്തും രണ്ട് മാസത്തോളം കോളേജിന്റെ പരിസരത്ത് പോലും വരാത്ത ഒന്നാന്തരം കാര്‍ഷിക ഭൂവുടമ.
ഒരു കന്നിക്കൊയ്ത്തും കഴിഞ്ഞ് തുലാം മാസത്തില്‍ പതിനഞ്ച് പറ കണ്ടത്തില്‍ നന്നാല് പല്ലുള്ള കൂളന്മാരെ കെട്ടിയ ഊര്‍ച്ച* പൂട്ടി,നടീലും കഴിഞ്ഞ് വൃശ്ചികം ഒന്നം തിയ്യതി ശബരിമലയ്ക്ക് മാലയും ഇട്ട് കോളേജില്‍ എത്തിയതായിരുന്നു വേലായുധന്‍കുട്ടി. അന്ന് ഒരു ഉഗ്രന്‍ അടി നടന്നു കോളേജില്‍. കെ.എസ്.യു കാരനായ് കുഞ്ഞുമോന് എന്ന മദ്ധ്യവയസ്കനെ അടിച്ച് വല്ലങ്ങി വരെ ഓടിച്ച് പ്രകടനവും നടത്തി കലി തുള്ളി വരികയാണ് നമ്മുടെ ആളുകള്‍. അതിന്റെ മുന്പിലേക്കാണ് മാനസികമായി കെ.എസ്.യു ക്കാരനായ വേലയുധന്കുട്ടിയുടെ വരവ്. ദാ വരണടാ ഒരു കെ.എസ്.യു കാരന് എന്നും പറഞ്ഞ് പുള്ളിയെ വളഞ്ഞു. അപ്പോള്‍ വേലായുധന്‍കുട്ടി പറഞ്ഞ സംഭാഷണം ഇന്നും ആ കോളേജിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെട്ടു കിടക്കുന്നുണ്ടാകണം. അത് ഇപ്രകാരമാണ്
"ഏട്ടന്മാരെ.. നിങ്ങ എന്തിനാന്നും എന്നെ തല്ലാന്‍ വരിണ്? ഞാന്‍ രാവിലെ എണിച്ചുംകൊണ്ട്,തുള്ളി വെള്ളം കുടിച്ചുംകൊണ്ട്,വയ്ക്കപ്പണിം* കോപ്പും കളഞ്ഞും കൊണ്ട് വന്നും കൊണ്ട് നോക്കുമ്പ എന്താ ഒരു കൊടുമേണ് കൊടുമ"
* ഊര്‍ച്ച : കന്നുപൂട്ടിയ ശേഷം ഞാറ് നടുന്നതിനു മുന്‍പ് നിലം നിരത്താന്‍ ഉപയോഗിക്കുന്ന ഒരു കാര്‍ഷിക ഉപകരണം.
* വയ്ക്കപ്പണി : വയ്ക്കോല് പണി.. കൊയ്ത്ത് കഴിഞ്ഞ് കുറച്ച് ദിവസത്തിനു ശേഷം വയ്ക്കോല് തല്ലല്‍ എന്നൊരു സംഭവം ഉണ്ട്. വയ്ക്കോല് നിലത്ത് വിരിച്ചിട്ട്,വടി കൊണ്ട് തല്ലി അതില്‍ ബാക്കി ഉള്ള നെല്ല് വേര്‍തിരിച്ചെടുക്കും. അതിനു ശേഷമാണ് കാലികള്‍ക്ക് തിന്നാന്‍ കൊടുക്കുക.
ഹഹഹ...
ടൈറ്റില്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി എന്റെ പ്രിയപ്പെട്ട ഗായകന് ജയചന്ദ്രനെ എന്തോ ചീത്ത പറയാനുള്ള പുറപ്പാടായിരിക്കുമെന്ന്.
വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിച്ചുപോയി.
ഇതുപോലെ പീസുകളു പോരട്ടേ മച്ചാന്‍സ്.
ഹ ഹ .. അതു കൊള്ളാം മാഷേ !
വീഡീ രാജപ്പന് പാലക്കാട്ടുകാരന് ആയിരുന്നിരിക്കണം ! “പ്രിയേ നിന്റെ കുര..”
കുര എന്നല്ല ‘കൊര’എന്ന് തന്നെ നിര്‍ത്തി നിര്‍ത്തി പറഞ്ഞാലേ (പാലക്കാടന്‍) ഭാവം വരൂ. :-)
ഏട്ടേ ദും കൂടിയൊന്നു് നോക്കീട്ടു് വരിന്. നായമ്മാരിന്റവിടത്തെ കാര്യം പറഞ്ഞപ്പോ പറഞ്ഞതാണേ.
(വക്കാരിയിതിനെ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് എന്നും പറയും);-)
ആ ബ്ലോഗു മൊത്തവും ഒന്നു നോക്കണേ! മ്മടെ കണ്ണൂസിന്റെ കഥയും കോളേജിന്റെ പടവും കാണും.
പാലക്കാട് മാത്രമല്ല, മലബാറില്‍ മുഴുവനും ചുമയ്ക്ക് കുര എന്നാണ് പറയാറ്. അത് കേട്ട് തെക്കന്മാര് ഞെട്ടിയത് സ്വാഭാവികം.
രസികന്‍ പോസ്റ്റ്.
ഹ ഹ ഹ!
ഈ പാലക്കാടന്‍ “കൊര“ ഒരു പുതിയ അറിവ് തന്നെ.
തൊട്ടടുത്തുള്ള തൃശ്ശൂര്‍ ഭാഷയ്ക്ക് തലേല് മുണ്ടിട്ടു നടക്കണ്ട ഗതികേടായതോണ്ടാവും പാലക്കാട് ഇമ്മാതിരി പ്രയോഗങ്ങള്‍!
നല്ല പോസ്റ്റ്, പല നാടുകളിലെ പ്രയോഗവ്യത്യാസം രസകരം തന്നെ. ഒരു തെക്കന്‍ സംശയംകൂടി ;അപ്പോ അവിടെ ശരിക്കുള്ള ബൌ, ബൌ നു എന്തു പറയും?
സിദ്ധാര്‍ത്ഥ: സിദ്ധ സങ്കല്പ:
സിദ്ധിത സിദ്ധിസാധനാ:
ഞാന്‍ ആ പോസ്റ്റ് ഒക്കെ കണ്ടു. അതില്‍ കമന്റും ഇട്ടിട്ടുണ്ട് കുറച്ചീസം മുന്‍പ്.
ഞാന്‍ കഴിഞ്ഞ മാസം ഒരു ഓട്ടൊ റിക്ഷയില്‍ ആലത്തൂര്‍ക്ക് വരുന്ന വഴി ഈടുവെടിയാല്‍ കഴിഞ്ഞ് പാടത്ത് നിന്നും വരുന്ന കാറ്റും കൊണ്ട് അങ്ങനെ പോകുമ്പോള്‍,ആ ഇരു നില വീട് കണ്ടപ്പോള്‍ ഓര്‍ത്തു.. ഇതിന്റെ രണ്ടാം നിലയില്‍ ഇരുന്നാല്‍ പത്തഞ്ഞൂറ് പറ കണ്ടങ്ങളെ ഒക്കെ തഴുകി വീഴുമലയില്‍ നിന്നും എത്തുന്ന കാറ്റ് കൊള്ളമല്ലൊ എന്ന്
പണ്ട് DATAPRO ഇല് ഒന്നര വര്‍ഷത്തെ കംപ്യൂട്ടര്‍ കോഴ്സിന് ചേര്‍ത്തിയ,WORDSTAR പോലും പാസ്സാകാതെ,ഫീസ് കൊടുക്കാന്‍ കൊടുത്ത കാശ് മുഴുവന്‍ സിനിമ തിയ്യേറ്ററുകളിലും ബാര്‍(ബര്)കളിലും കൊടുത്ത് അവസാനം മരുന്ന് ബാഗ് കയ്യില്‍ എടുത്ത ഒരു മാന്യ ദേഹം എന്റെ കൂടെ ഉണ്ടായിരുന്നു
അപ്പോള്‍ ആണ് ഈ സിദ്ധാര്ത്ഥന് സിദ്ധാര്ത്ഥന് എന്ന കക്ഷി ആരാണെന്ന് എനിക്ക് മനസ്സിലായത്..
പിന്നെ താന്‍ പറഞ്ഞ ആ എഴ്ശ്ശനെ ഞാന്‍ പണ്ട് സ്ക്കൂള് ബസ്സിലേക്ക് എടുത്ത് കയറ്റിയിട്ടുണ്ട്.. മേല്‍ പറഞ്ഞ സാത്വികന്റെ ഒപ്പം.
ചെണ്ടക്കാരാ : പാലക്കാട് ബൌ ബൌ നെ നായിന്റെ കുര എന്നാ പറയുക (അല്ലെങ്കില്‍ പട്ടീന്റെ കുര)
ടി സാപ്തികന്റെ അതിരു കവിഞ്ഞ കമ്പ്യൂട്ടര്‍ വിജ്ഞാനം മൂലമാണു് ചങ്ങാതിയെ ഇതുവരെ ഇതിലേക്കു് തള്ളിയിടാന്‍ കഴിയാതെ പോയതു്. മൂപ്പരുടെ ഒരു പ്രകടനം സാഹചര്യസമ്മര്‍ദ്ദം മൂലം ഒരു കമന്റായിട്ടതു് ദോണ്ടിവിടെ
ഇങ്ങനെ ലിങ്കി ലിങ്കി ആളുകള്‍ എന്നെ ചൊക്കലിങ്കം എന്നോ മറ്റോ വിളിക്കുമോന്നാ ഇപ്പൊ പേടി
Post a Comment