പൂജ തീവാരി എന്നാണവരുടെ പേര്
നാല്‍പ്പത് വയസ്സിലധികം കാണും പ്രായം
അവിവാഹിത.. കാണാന്‍ സുന്ദരി
അവര്‍ ആരോടും അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല.
മിക്ക ദിവസങ്ങളിലും അവര്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് വായിക്കുന്നത് കാണാം.
ഓരോ ദിവസവും ഓരോ പുസ്തകങ്ങള്‍
അവരുടെ മട്ടും ഭാവവും കണ്ടിട്ടാണ്,മദന്‍ഗീറില്‍ ഞങ്ങള്‍ താമസിക്കുന്ന,ഞങ്ങള്‍ തന്നെ പേരിട്ട 15ആം നമ്പര്‍ തരൂര്‍ തെരുവിലെ(ഞങ്ങളുടെ പഞ്ചായത്തായ തരൂരില്‍ നിന്നും ഏകദേശം 15 പേര് ഇവിടെ താമസമുണ്ടായിരുന്നു)ഞങ്ങളുടെ സുഹൃത്തുക്കള്‍ ഇവര്‍ക്ക് ഉര്‍സുല എന്ന പേര് നല്‍കിയത്. മാര്‍ക്വേസിന്റെ ഏകാന്തതയുടെ ഒരു നൂറ് വര്‍ഷങ്ങളിലെ ജോസ് ആര്‍ക്കേഡിയോ ബുവേന്‍ഡിയൊയുടെ പത്നി ആയ ഉര്‍സുല ബുവേന്‍ഡിയയെ പോലെ - കന്യാകത്വം കാത്ത് സൂക്ഷിക്കാനായി,പൂജ തീവാരി ഇരുമ്പ് കൊണ്ടുണ്ടാക്കിയ അടിവസ്ത്രം ധരിക്കുന്നുണ്ടെന്നാണ് പഴമ്പാലക്കോട്കാരനായ പങ്കജാക്ഷന് പറയുന്നത്. അവനാണ് ആയമ്മയ്ക്ക് ആ പേരിട്ടതും.
ഒരു ഞായറാഴ്ച്ച,സാവിത്രി സിനിമയില്‍ നിന്നും,ബീഗം മേരി ബിസ്വാസും കണ്ട് തല കറങ്ങി ഗ്രേറ്റര്‍ കൈലാഷ് കോളനി ബസ്സ്സ്റ്റാന്റില്‍ ഖാണ്‍പൂര്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഒരു ഓട്ടൊറിക്ഷയില്‍ മാഡം ആ വഴി വന്നു. അവര്‍ എന്നെ വിളിച്ചു. കാല്ക്കാജിയില് പോയി വരികയാണെന്നും വേണമെങ്കില്‍ ആ ഓട്ടൊറിക്ഷയില്‍ വീടുവരെ വരാം എന്നും പറഞ്ഞു. ഞാന്‍ താമസിക്കുന്നതിന്റെ തോട്ടടുത്ത എടുപ്പില്‍ ആയിരുന്നു അവരുടെ ഫ്ലാറ്റ്. ഞാന്‍ അവരോടൊപ്പം ഓട്ടൊറിക്ഷയില്‍ കയറി.
'നിങ്ങളുടെ സാഹിത്യ സംവാദങ്ങള്‍ ഞാന്‍ പലതവണ കേട്ടിട്ടുണ്ട്, കാഫ്ക്കയുടെ ആളാണല്ലെ?' അവര്‍ ചോദിച്ചു
അക്കാലത്ത് ഞങ്ങളുടെ ഓഫീസില്‍ ഒരു ഇംഗ്ലീഷ്കാരന് ഉണ്ടായിരുന്നു. അവന് ഇടയ്ക്ക് ഞങ്ങളുടെ വീട്ടില്‍ വരും. രാവേറെ ചെല്ലും വരെ സാഹിത്യം ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ മദ്യപാനവും ഉണ്ടാകും. അപ്പോള്‍ ശബ്ദം ഉയരും. ആ ചര്‍ച്ചകളാണ് അവര്‍ സൂചിപ്പിച്ചത്
ബഹന്‍ജി ധാരാളം വായിക്കുന്നത് ഞാനും കണ്ടിട്ടുണ്ട് എന്ന് ഞാന്‍
അവര്‍ പിന്നീട് ഒന്നും സംസാരിച്ചില്ല.
ഓട്ടോറിക്ഷ ചിരാഗ്ദില്ലിയും ഷേക്ക് സരായിയും കടന്ന് ജാവഹര്ലാല് നെഹൃു സ്റ്റേഡിയം താണ്ടി അംബേദ്കര്‍ നഗറില്‍ എത്തി. ശിവന്‍കോവില്‍ കഴിഞ്ഞ് മദര്‍ ഡയറിക്കടുത്തെത്തിയപ്പോള്‍ അവര്‍ ഓട്ടോറിക്ഷ നിറുത്താന്‍ ആവശ്യപ്പെട്ടു.എന്നിട്ട് എന്നോട് അവിടെ ഇറങ്ങിക്കോളാന്‍ പറഞ്ഞു.ആ വളവ് കഴിഞ്ഞ് ഒരു പത്ത് മീറ്റര്‍ നടന്നാല്‍ ഞങ്ങളുടെ താമസസ്ഥലങ്ങളായി. ഞാന്‍ അവിടെ ഇറങ്ങി.
പിറ്റേന്ന് വൈകീട്ട് ഞാന്‍ എന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവര്‍ അവരുടെ വീട്ടിന്റെ ബാല്‍ക്കണിയില്‍ വന്നു. അവരുടെ കയ്യില്‍'ജെനറല്‍ ഇന്‍ ഹിസ് ലേബറിന്ത്'ഉണ്ടായിരുന്നു. വായിച്ചിട്ട് ഉടനെ തിരിച്ച് തരണം എന്ന് പറഞ്ഞ് അവര്‍ എനിക്ക് ആ പുസ്തകം തന്നു.
പിന്നീട് കുറേ ദിവസങ്ങള്‍ ഞാന്‍ വളരെ തിരക്കിലായിരുന്നു.മാസാവസാനത്തിലെ ടാര്‍ജെറ്റ് പ്രശ്നങ്ങളും മറ്റുമായി ഞാന്‍ വളരെ വൈകുംവരെ ഓഫീസില്‍ കഴിച്ചു കൂട്ടി.
ഒരാഴ്ച കഴിഞ്ഞ് സംഭവങ്ങള്‍ എല്ലാം സാധാരണഗതിയിലായി.അപ്പോഴാണ് ജെനറല്‍ ഇന്‍ ഹിസ് ലേബറിന്തിനെ കുറിച്ചോര്‍ത്തത്.എനിക്ക് അത് വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല. തിരിച്ച് കൊടുക്കാം എന്ന് വിചാരിച്ച് ഞാന്‍ ബാല്‍ക്കണിയില്‍ ഏറെ നേരം അവരെ കാത്ത് നിന്നു. അവര്‍ വന്നില്ല.
പിന്നീട് രണ്ട് മൂന്ന് ദിവസങ്ങളിലും ഞാന്‍ അവരെ കാത്ത് നിന്നു. പക്ഷെ വന്നില്ല.
അടുത്ത ദിവസം ഓഫീസിലേക്ക് പോകുംവഴി ഞാന്‍ അവരുടെ ഫ്ലാറ്റില്‍ ചെന്നു. അത് പൂട്ടി കിടക്കുകയായിരുന്നു.
പിന്നീട് സന്ധ്യയ്ക്ക് ഓഫീസില്‍ നിന്നും തിരിച്ച് വരും വഴിയും ഞാന്‍ അവരുടെ വീട്ടില്‍ കയറി. അപ്പോഴും തഥൈവ.
താഴത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന വീട്ടുടമസ്ഥയോട് ഞാന്‍ അവരെ തിരക്കി. അവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തരിച്ച് നിന്നുപോയി.
'പൂജ നാലഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപത്തി അഞ്ച് വയസ്സ് പ്രായമുള്ള ഒരു സര്‍ദാര്‍ പയ്യന്റെ കൂടെ ഒളിച്ചോടി. തീസ്ഹസാരിയിലെ റെജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹിതയായി. ഇതറിഞ്ഞ അവരുടെ പിതാവ്- അദ്ദേഹം ഒരു റിട്ടയേര്‍ഡ് പട്ടാള മേയര്‍ ആയിരുന്നു, അപമാനഭാരം സഹിക്ക വയ്യാതെ ഭാര്യയെയും കൂട്ടി വാരണാസിയിലെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ച് പോയി
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.
മദ്യം തലയ്ക്ക് പിടിച്ച രാജീവ് ഇങ്ങനെ പറഞ്ഞു
ഉര്സുലയുടെ ഇരുമ്പ്വസ്ത്രം സര്‍ദാര്‍ജി തകര്‍ത്തല്ലോടാ
അന്ന് രാത്രി,ഞാന്‍ ജെനെറല്‍ ഇന്‍ ഹിസ് ലേബറിന്ത് വായിക്കാന്‍ തീരുമാനിച്ചു. രണ്ടാമത്തെ പേജ് തുറന്നപ്പ്പ്പോള്‍ അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'ഒറ്റയ്ക്കുള്ള ജീവിതം ദു:സ്സഹമാകുന്നു. എന്റെ കവചം ഞാന്‍ ഉടനെ ഉപേക്ഷിക്കും.. നിങ്ങളുടെ ഉര്‍സുല'
Saturday, September 23, 2006
Subscribe to:
Post Comments (Atom)
8 comments:
ഉര്‍സുലായുടെ സൂചനകള്‍ വായിച്ചെടുക്കാന്‍ വൈകി..അല്ലെ? വളരെ കാലത്തിനു ശേഷം മദന്‍ ഗീറും, കാല്ക്കാജിയുമൊക്കെ ഓര്മ്മയിലെത്തിച്ചതിനു പ്രത്യേകം നന്ദി....ആ വഴികളീലൂടെ എത്രയോ നേരം നടന്നിരിക്കുന്നു....
താങ്കളുടെ കഥയുടെ ക്രാഫ്റ്റ് കൊള്ളാം. വളരെ ലീനിയര്‍ ആയ ആഖ്യാനം. ബ്ളോഗിലെ വായനയ്ക്ക് പറ്റിയത്. താങ്കളുടെ ഒരു കഥ ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
കണ്ണൂരാന്‍..
അങ്ങനെ ഒരു സംഭവം ഉണ്ട് അല്ലെ? എനിക്ക് ഇപ്പോളാ അത് കത്തിയത്..
പുവംഗന് : നന്ദി
റോബി : നന്ദി..
വായനാശീലം നന്നേ കുറവായതിനാല്‍ (പ്രത്യേകിച്ചും ആംഗലേയം), ഇതില്‍ പറഞ്ഞ പുസ്തകങ്ങളെക്കുറിച്ചറിയില്ലാട്ടോ... കഥ നന്നായിട്ടുണ്ട്.
ആട്ടോ റിക്ഷയില്‍ വെച്ച് "ബഹന്‍ജി" എന്ന് വിളിച്ചതു കൊണ്ടായിരിക്കും പിന്നെ അവര്‍ മിണ്ടാതിരുന്നത്. ;-)
അങ്ങനെ ഒരു ഇരുപ്പിരുന്നപ്പോഴാണത്രേ ശിവാജി "യാരുക്കാഹേ.... ഇത് യാരുക്കാഹേ..." എന്ന് പാടിയത്.!!
നല്ല പോസ്റ്റ്.
ഒട്ടും ദുര്‍മേദസ്സ് ഇല്ലാതെ എഴുതിയിരിക്കുന്നു. വായിക്കാന്‍ നല്ല ഇമ്പം.. ആസ്വദിച്ചു. :-)ഇനിയും പോരട്ടെ.
ആശംസകള്‍.
കഥ കൊള്ളാം :)
നല്ല വിവരണം.
Post a Comment