Wednesday, September 13, 2006

പ്രണയ വിശ്ലേഷണങ്ങളെ കുറിച്ച്‌

ആനി..

മദ്യപിച്ച്‌ ഒറ്റക്കിരിക്കുന്ന നിശ്ശബ്ദ നിശകളിലാണ്‌ ആനി മനസ്സിലേക്ക്‌ കടന്ന് വരിക.

ഇന്നലെ രാത്രി മറവിയുടെ ചില്ലുപടുതകള്‍ നീക്കി പൂര്‍വകാലത്തിന്റെ ആഴങ്ങളിലേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ ഒരു ഓര്‍മ്മത്തെറ്റ്‌ പോലെ ആനി മനസ്സില്‍ നിറഞ്ഞു..

ആനി... നീ ഇന്നെവിടെയാണ്‌?

ഞാനില്ലാത്ത,എന്റെ നിഴലില്ലാത്ത ഏതോ ഒരു വിദൂര ഭൂഖണ്ഡത്തില്‍,നീ,സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങള്‍ക്കിടയില്‍ ജീവിയ്ക്കുകയാവാം..

മറന്നു അല്ലേ?

എനിക്കറിയാം.. മറന്നിട്ടുണ്ടാകും

അന്നേ നമ്മള്‍ പറഞ്ഞതല്ലേ.. നീ എന്നെയും ഞാന്‍ നിന്നെയും മറക്കും എന്ന്

എന്നാല്‍,മറവി നിനക്ക്‌ ലഭിച്ച ദൈവാനുഗ്രഹം ആകുമ്പോള്‍,ഓര്‍മ്മ എനിക്ക്‌ കിട്ടിയ കന്യാശാപമാകുന്നു.

എങ്കിലും ആനി...

എങ്ങനെ മറക്കാന്‍ കഴിഞ്ഞു,നമ്മുടെയാ സായം സന്ധ്യകളെ?

ചൂളമരങ്ങളില്‍ കിഴക്കന്‍കാറ്റ്‌ പിടിക്കുമ്പോള്‍,അകലെ ആണ്ടിറങ്ങുന്ന സൂര്യബിംബത്തിന്റെ ശോണിമ നിശ്ശബ്ദരായി നമ്മള്‍ നോക്കി നിന്ന ആലക്തിക സന്ധ്യകളെ?

ശരിയാണ്‌ ആനി.. നീ മറന്നെ പറ്റു..

പ്രണയ വിശ്ലേഷണങ്ങളെ കുറിച്ച്‌ എന്നോട്‌ നിലവിളിച്ച കവിയും വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു..

വാഷര്‍ വുമണ്‍ * പാലത്തിന്‌ മുകളില്‍ നിന്ന് മുഴങ്ങിയ,ഡാന്യൂബിന്റെ തിരകളുടെ സംഗീതം പൊഴിച്ച, ആ വയലിന്‍ ഇന്ന് നിശ്ശബ്ദമാണ്‌

ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെ കാണാനില്ല..
സാര്‍ത്ഥവാഹക സംഘങ്ങളുടെ വരവും നിലച്ചിരിക്കുന്നു..
പഥസഞ്ചലനങ്ങള്‍ ഒടുങ്ങിയ നിശയില്‍,ഞാന്‍ സേനയൊരുഭയോര്‍മദ്ധ്യേ നില്‍ക്കുകയാണ്‌.
ഇനി ബാക്കിയുള്ളത്‌ മഹാപ്രസ്ഥാനം മാത്രമാണ്‌

ശംഖഭൃന്നന്ദകീ ചക്രീ
ശാര്‍ങ്ങ്‌ഗധന്വാ ഗദാധര:
രഥാംഗപാണിരക്ഷൊഭ്യ:
സര്‍വപ്രഹരനായുധാ:

ആയിരം നാമാങ്ങളുള്ള പ്രജാപതി.. ഇരുട്ടിന്റെ ക്രൂരദ്രംഷ്ടകള്‍ക്കിടയില്‍ പെട്ട്‌ ഞാന്‍ മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു..

ആനി ക്ഷമിക്കണം.. ഇനിയും നിന്നെ കുറിച്ച്‌ ഒരക്ഷരം പോലും ഞാന്‍ എഴുതില്ല..



* യൊസേഫ്‌ ബ്രോഡ്‌സ്‌കിയുടെ കവിത

4 comments:

വാളൂരാന്‍ said...

ഓര്‍മ്മകള്‍, പ്രത്യേകിച്ചും പ്രണയത്തെക്കുറിച്ചാവുമ്പോള്‍ പെട്ടെന്ന്‌ മാഞ്ഞുപോകില്ലല്ലൊ...
വീണ്ടും ഒരോര്‍മപുതുക്കല്‍

അത്തിക്കുര്‍ശി said...

യൊസേഫ്‌ ബ്രോഡ്‌സ്‌കി,വാഷര്‍ വുമണ്‍ പാലം ! വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി!!

പിന്നെ, പ്രണയവിശ്ലേഷണത്തെക്കുരിച്ചും...

Promod P P said...

ഇഞ്ചി.. ആനിക്ക്‌ അന്ന് എഴുതിയ പ്രണയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ "പ്രസിദ്ധരുടെ പ്രണയലേഖനങ്ങള്‍" എന്ന സമഹാരം വായിക്കാന്‍ പിന്നെ ആളില്ലാതാകും..

പാപ്പാന്‍‌/mahout said...

ഇഞ്ചി പറഞ്ഞതുപോലെ, വായിക്കാന്‍ നല്ല സുഖം.
“സാര്‍‌ത്ഥവാഹകര്‍” എന്നാണു ശരിയായ പ്രയോഗം എന്നു തോന്നുന്നു...