Sunday, September 03, 2006

വീണ്ടും ഖസാക്കിലേയ്ക്ക്‌

ഓത്തു പള്ളിയില്‍ നിലത്തിരുന്ന് അള്ളാപിച്ച മൊല്ലാക്ക കുട്ടികള്‍ക്ക്‌ കഥകള്‍ പറഞ്ഞ്‌ കൊടുക്കുകയാണ്‌

'ഒരു ദിവസം നൂറ്റൊന്ന് കുതിരകള്‍ ഉള്ള ഒരു പട ഖസാക്കില്‍ എത്തി. റബ്ബുല്‍ അലീമാനായ തമ്പുരാനും മുത്തുനബിയും ബദരീങ്ങളുമായിരുന്നു അത്‌. നൂറ്റൊന്ന് കുതിരകളില്‍ നൂറു കുതിരകളും കേടറ്റ കുതിരകളായിരുന്നു. തമ്പുരാനാകട്ടെ ഒരു ചടച്ച പാണ്ടന്‍ കുതിരപ്പുറത്താണ്‌ യാത്ര ചെയ്തിരുന്നത്‌'
'അതെതുക്ക്‌ മൊല്ലാക്ക'?
ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്‌
'അന്ത കുതിരയ്ക്ക്‌ യാരെടാ തൊണൈ? അന്ത കുതിരയ്ക്ക്‌ തൊണൈ പടച്ചോന്‍ ഷേയ്ക്ക്‌ തമ്പുരാന്‍'

2

രാജാവിന്റെ പള്ളിയിലെ നട്ടുച്ച
മൈമൂന അലക്കിയ തുണികള്‍ ഓരോന്നായി അയയില്‍ തോരാനിട്ടു. രവി പായയില്‍ കിടന്ന് അവളെ നോക്കി.

എല്ലാം ഉണങ്ങാനിട്ട്‌ കഴിഞ്ഞപ്പോള്‍ അവള്‍ അടുത്തെത്തി. അവളുടെ അരയില്‍ ഞാന്നു കിടന്നിരുന്ന വെള്ളിക്കൂട്‌ നോക്കി രവി ചോദിച്ചു.
'ഇതെന്താണ്‌ മൈമൂന?'
ഇതാണ്‌ നൈജാമണ്ണന്റെ ജന്ത്രം. ഇതിരിക്കുമ്പോ ഒന്നും വരാത്‌'
'എന്നല്‍ അതങ്ങട്‌ ഊരി വെയ്ക്ക്യാ'

പുറത്ത്‌ മീന വെയില്‍ കനത്തു.

ഉണര്‍ന്നപ്പ്പ്പോള്‍ സായാഹ്നമായിരുന്നു.

രവി കുപ്പിയില്‍ നിന്നും വാറ്റ്‌ ചാരയം കുടിച്ചു.
നിനക്ക്‌ വേണോ മൈമൂന?

കൊടുങ്കൊ

അവള്‍ കുപ്പിയില്‍ നിന്നും വാറ്റു ചാരായം ഈമ്പി കുടിച്ചു.

എങ്ങനെ ഉണ്ട്‌?
ചൂട്‌..സൊഹം.

അപ്പോള്‍ അകലെ ഒരു ആരവം ഉയര്‍ന്നു.

ലായിലാഹ ഇല്ലല്ലാഹ്‌

ഉടുപുടവയില്ലാതെ അവള്‍ ഉയര്‍ന്നു

' ശവം'


3

രവി സാധനങ്ങള്‍ എല്ലാം പെട്ടിയില്‍ അടുക്കി വെച്ചു. ഞാറ്റുപുര പൂട്ടി താക്കോല്‍ ഇറയത്ത്‌ വെച്ചു. രവി ഒന്നു കൂടെ തിരിഞ്ഞ്‌ നോക്കി.

' എന്റെ സായാഹ്നയാത്രകളുടെ അഛാ വിട തരിക, മന്ദാരങ്ങളുടെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂട്‌ വിട്ട്‌ ഞാന്‍ ഇവിടന്നും യാത്രയാകുകയാണ്‌'

പുറത്ത്‌ കാലവര്‍ഷം കനത്തു.ഇടിയൊ മിന്നലൊ ഇല്ലാത്ത പേമാരി.
രവി ബസ്സ്‌ സ്റ്റാന്റിലേക്ക്‌ നടന്നു.
ബസ്സ്‌ വരാന്‍ ഇനിയും നേരമുണ്ട്‌
രവി കല്ലില്‍ ഇരുന്നു
മണ്‍ക്കട്ടകളുടെ വിടവിലൂടെ അവന്‍ ഇഴഞ്ഞെത്തി
പാമ്പിന്റെ മുന്‍പിലേക്കു രവി കാലു നീട്ടി കൊടുത്തു.

പല്ലു മുളച്ച്‌ വരുന്ന ഉണ്ണിക്കുട്ടനെ പോലെ അവന്‍ പാദങ്ങളില്‍ പല്ലുകളമര്‍ത്തി.

പാമ്പ്‌ മാളത്തിലേക്ക്‌ ഇഴഞ്ഞ്‌ പോയി
അനാദിയായ കാലവര്‍ഷം
രോമകൂപങ്ങളില്‍ പുല്‍ക്കൊടികള്‍ കിളിര്‍ത്തു
രവി ബസ്സ്‌ വരാനായി കാത്ത്‌ കിടന്നു.

4

മാധവന്‍ നായര്‍ തിരിഞ്ഞ്‌ നിന്നു.
ഈ ഒരു രാത്രിയില്‍ കൂടെ രവി ഞാറ്റുപുരയില്‍ ഉണ്ടാകും. വേണമെങ്കില്‍ ഒരിക്കല്‍ കൂടെ പോയി വിളിച്ചുണര്‍ത്താം. അല്‍പം കൂടെ സംസാരിക്കാം, എന്നിട്ട്‌ തിരിച്ച്‌ പോകാം. വീണ്ടും ഞാറ്റ്‌ പുരയില്‍ ചെന്ന് രവിയെ വിളിച്ചുണര്‍ത്താം വീണ്ടും തിരിച്ച്‌ പോകാം അങ്ങനെ അങ്ങനെ പുലരുവോളം..
മീസാന്‍കല്ലുകളില്‍ രാത്രി കനത്തു..
ഒരു പാതിരാ കോഴി നീട്ടി കൂവി

മാധവന്‍ നായര്‍ തിരിച്ച്‌ നടന്നു.

5

രണ്ട്‌ ജീവ ബിന്ദുക്കള്‍.. ഉല്ലസിച്ചും ചിരിച്ചും ചെതലിയുടെ ചെരിവുകളില്‍ പൂവിറുക്കാനെത്തി.

ഒരു ജീവ ബിന്ദു പറഞ്ഞു.
'അനിയത്തി ഞാന്‍ ഇവിടെ നില്‍ക്കുന്നു.'
അനിയത്തി പറഞ്ഞു 'എനിക്കിനിയും പോകണം'..

അനിയത്തി.. നീ എന്നെ മറക്കും'

അനിയത്തി പറഞ്ഞു "ഇല്ല"

ഏടത്തി അവിടെ നിന്നു. അവിടെ ഒരു മന്ദാരമരം പടര്‍ന്ന് പന്തലിച്ചു. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി പോയി. മൃതിയുടെ മുലപ്പാല്‍ കുടിച്ച്‌ ചില്ലകള്‍ തിടം വെച്ചു.

കാലങ്ങള്‍ക്ക്‌ ശേഷം ഒരു പെണ്‍കുട്ടി ഒറ്റക്ക്‌ ചെതലിയുടെ ചരിവുകളില്‍ പൂവിറുക്കാനെത്തി. ഒറ്റയ്ക്ക്‌ നില്‍ക്കുന്ന മന്ദാരത്തിന്റെ പൂവിറുത്തപ്പോള്‍ മന്ദാരം പറഞ്ഞു

അനിയത്തി നീ എന്നെ മറന്നു.

6

കൂമങ്കാവില്‍ ബസ്സിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക്‌ അപരിചിതമായി തോന്നിയില്ല. ഇങ്ങനെ മൂന്നാല്‌ ഏറുമാടങ്ങള്‍ക്കിടയില്‍ താന്‍ എന്നെങ്കിലും വന്നെത്തും എന്ന് രവിക്ക്‌ നേരത്തെ തോന്നിയിരുന്നു. ജന്മബന്ധങ്ങളുടെ തോന്നലുകള്‍.

സര്‍ബത്ത്‌ കടയിലെ നരക പടം തന്നെയും കാത്ത്‌ കാലങ്ങളായി അവിടെ തൂങ്ങി കിടക്കുകയാണെന്ന് രവിക്ക്‌ തോന്നി.

രവി പെട്ടി ആ കാരണവരുടെ തലയില്‍ എടുത്ത്‌ വെച്ചു കൊടുത്തു

'ഇഞ്ഞെങ്ങണ്ടാണ്‌' ( ഇനി എങ്ങോട്ടാണ്‌)
ഇനി..

വയലേലകളില്‍ പതിഞ്ഞ കാറ്റ്‌ വീശി

ഇനി ഖസാക്കിലേക്ക്‌...



ഖസാക്ക്‌ കാലമാകുന്നു..
രവി മനുഷ്യനും
കാലവും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധമാണ്‌ ഇതിഹാസം

( ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്‌. തെറ്റ്‌ വല്ലതും ഉണ്ടെങ്കില്‍ ക്ഷമിക്കുക)

8 comments:

രാജ് said...

രവിയും ഖസാക്കും യാഥാര്‍ത്ഥ്യത്തേക്കാളുപരി മിഥ്യാബോധമാണു്. പ്രതികരണങ്ങളുള്ള മനുഷ്യനും, പ്രതികരിക്കുവാനറിയുന്ന സമൂഹത്തിനും ചേരുന്ന പേര് ‘ഫിക്‍ഷന്‍’ അല്ലെന്നു ഞാനും പറഞ്ഞില്ല. കാലത്തിനെയും മനുഷ്യനേയും മിത്തുകളില്‍ കുടിയിരുത്തുന്നതാണു് ഇതിഹാസം.

Rasheed Chalil said...

വായനയുടെ നെരിപ്പോടിലിപ്പോഴും എരിഞ്ഞുതീരാത്ത ഇതിഹാസകാരന്റെ വരികള്‍. വരികള്‍ക്കിടയിലെ വരിക്കളുടെ സാന്നിധ്യം നിറഞ്ഞവരികള്‍..

ഓര്‍മ്മയിലെവിടെയോ ശൈഖിന്റെ പള്ളിയിലെ പ്രവുകള്‍ കുറുകുന്നു.

Promod P P said...

ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്‌ പണ്ട്‌ കേശവദേവ്‌ ഇങ്ങനെ പറഞ്ഞതായി കൃഷ്ണന്‍നായര്‍ എഴുതിയത്‌ വായിച്ചിട്ടുണ്ട്‌

ഒരു ഭ്രാന്തന്‍ ചെക്കന്‍ ചിറ്റമ്മയെ വ്യഭിചരിച്ച്‌ നാട്‌ വിടുന്നു. പിന്നെ കാണുന്ന പെണ്ണുങ്ങളുടെ കൂടെ ഒക്കെ കിടന്ന് അവസാനം പാമ്പ്‌കടിയേറ്റ്‌ ചത്തു.

പെരിങ്ങോടനെ പ്രകോപിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല..

രാജ് said...

ഹാഹാ ഇതെനിക്കു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു കണ്ണൂസ് പറഞ്ഞു തന്നിട്ടുണ്ടു് :)

ഹീറോയിസം അതി കലര്‍ത്തിയല്ലേ ഖസാക്കൊരു ഇതിഹാസമായതെന്ന ശങ്ക എനിക്കു പണ്ടുമുണ്ടു്. ഞങ്ങള്‍ പണ്ടൊരിക്കല്‍ ഈ വിഷയം ചര്‍ച്ച ചെയ്തതാണു്. മാര്‍ക്വിസിന്റെ ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു പാലക്കാടന്‍ പതിപ്പുപോലെയാണു് എനിക്കു് ഖസാക്ക് അനുഭവപ്പെട്ടതു്. മലയാളത്തിലെ നല്ലൊരു കൃതിയാണു ഖസാക്ക് എന്നുള്ളതില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല, വിജയന്മാഷിന്റെ എനിക്കിഷ്ടപ്പെട്ട കൃതികള്‍ തലമുറകളും, ഗുരുസാഗരവുമാണു്.

Promod P P said...

ഖസാക്കില്‍ ഹീറോയിസമോ ???

അതിന്‌ അപ്പുക്കിളി അല്ലല്ലോ മുഖ്യ കഥാപാത്രം !!!

രാജ് said...

ആ സര്‍ക്കാസം എനിക്കിഷ്ടപ്പെട്ടു ;)

മാഷിന്റെ ഇ-മെയിലെന്താ? ഞാന്‍ കണ്ണൂസിനോടു ചോദിച്ചിരുന്നു, കിട്ടിയില്ല. peringz അറ്റ് ജിമെയില്‍.കോം -ലേയ്ക്കെഴുതിയാല്‍ എനിക്കു കിട്ടും.

ശാലിനി said...

“ഒറ്റയ്ക്ക്‌ നില്‍ക്കുന്ന മന്ദാരത്തിന്റെ പൂവിറുത്തപ്പോള്‍ മന്ദാരം പറഞ്ഞു

അനിയത്തി നീ എന്നെ മറന്നു.“

ഖസാക്കിന്റെ ഇതിഹാസത്തെ ഓര്‍ക്കുമ്പോള്‍ ഈ വരികളാണ് ഓര്‍ക്കുന്നത്. ഒ വി വിജയന്റെ പുസ്തകങ്ങളില്‍ ആകെ വായിച്ചിട്ടുള്ളത് അതാണ്. പിന്നീട് ആ പേരുകണ്ടാല്‍ ആ ഭാഗത്തേക്ക് കഴിവതും പോകാതിരിക്കും. എനിക്ക് പെരിങ്ങോടന്റെ അഭിപ്രായമാണ്.

Promod P P said...

പെരിങ്ങോടാ

ഖസാക്കിനെയും,ധര്‍മ്മപുരാണത്തെയും,ഗുരുസാഗരത്തെയും കുറിച്ച്‌ കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ഒരു തീര്‍പ്പ്‌ ഇതാണ്‌

ഗുരുസാഗരം സങ്കല്‍പ്പത്തിന്റെ വിജയവും,ബുദ്ധിയുടെ പരാജയവുമാകുന്നു.

ധര്‍മ്മപുരാണം ബുദ്ധിയുടെ വിജയവും സങ്കല്‍പ്പത്തിന്റെ പരാജയവുമാകുന്നു.

ഖസാക്ക്‌ ബുദ്ധിയുടേയും സങ്കല്‍പത്തിന്റേയും വിജയമാകുന്നു.

തലമുറകളില്‍ എതിയപ്പോള്‍ എഴുത്തുകാരന്‍ ബുദ്ധിയിലും സങ്കല്‍പത്തിലും ഒരുപോലെ പരാജയപ്പെടുകയാണുണ്ടായത്‌