പാത,മുന്പില് നീണ്ട് കിടക്കുകയാണ്..
ഓരോ സായം സന്ധ്യയിലും സുനില്‍ ആ പാതയിലൂടെ ഒരുപാട് നടക്കുമായിരുന്നു. പാത അയാള്‍ക്ക് ഏറെ പരിചിതമാണെങ്കിലും യാത്രയുടെ അവസാന ഘട്ടങ്ങളില്‍ അയാളുടെ കാലുകള്‍ വിറയ്ക്കും.പെരുവിരലില്‍ നിന്നും തുടങ്ങുന്ന മരവിപ്പ് സിരകളിലാകെ പടര്‍ന്ന് നിറയുമ്പോള്‍ അയാള്‍ പരിസരം മറക്കും.കാലുകള്‍ക്ക് ചലന ശേഷി നഷ്ടമാകും.. കണ്ണുകള്‍ക്ക് അന്ധതയേറും.
ഇത് ജന്മപാപത്തിന്റെ ലേബറിന്താണ്
തികച്ചും സങ്കീര്‍ണ്ണം
എങ്കിലും ആ പാതയുടെ ഏതെങ്കിലും ഒരു ഓരത്ത് അവള് കാത്ത് നില്‍പ്പുണ്ടാകും എന്ന പ്രതീക്ഷ അയാളെ എന്നും സായാഹ്നയാത്രകളിലേക്ക് നയിക്കും...
പിന്നെ,രാത്രിയാണ്
തുരുമ്പ് പിടിച്ച ജനലഴികളിലൂടെ കിഴക്കോട്ട് നോക്കി കിടക്കുമ്പോള്‍ അകലെ ചെങ്കുത്തായ മലനിരകള്‍ക്ക് മുകളില്‍ തെളിഞ്ഞ് ചിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കാണാമായിരുന്നു.മലനിരകളെ ചുറ്റി പോകുന്ന അവസാനത്തെ ബസ്സിന്റെ വെളിച്ചവും ഇരുളില്‍ മറഞ്ഞാല്‍ പിന്നെ രാവ് നിശ്ശബ്ദമാണ്..
പിന്നെ,അറിയാതെയെപ്പോഴെങ്കിലും നിദ്രയുടെ ആലിംഗനത്തിലമരുമ്പൊള്‍ മുന്പില് നിറയുന്നത്
ഒരു പാവാടക്കാരിയാണ്.
നെറ്റിയില്‍ ചന്ദന കുറിയും മുടിതുമ്പില്‍ ഒരു തുളസിക്കതിരും ചൂടിവരുന്ന,എപ്പോളും ചുവന്ന പാവാടയുടുത്ത് നടക്കുന്ന ഒരു പെണ്‍കൊടി.. കാലില്‍ ശ്ലഥകാകളി മീട്ടുന്ന പാദസ്വരങ്ങള്‍.....
പൂക്കള്‍ തേടി താഴ്വരയിലേക്ക് പോകുന്നവര്‍ എന്തൊക്കേയോ ഉറക്കെ നിലവിളിക്കുന്നുണ്ട്. അവര്‍ പോരാളികളത്രെ..
അവരാകട്ടെ പടയൊരുക്കം നടത്തുന്നതിനു പകരം രാജാവുമായി സന്ധി ചെയ്ത് സ്മാരകങ്ങളുടെ പണികളില്‍ വ്യാപൃതരായിരിക്കുകയാണ്. ആ സ്മാരകങ്ങളില്‍ അലങ്കരിക്കുവാന്‍ ഉള്ള പൂക്കള്‍ തേടിയാണ് അവരുടെ യാത്ര..
പെണ്‍കുട്ടി ഒറ്റപ്പെട്ട്,മലഞ്ചരിവിലെ വെട്ടുവഴിയിലൂടെ ഓടിയിറങ്ങി കനാല്‍ വരമ്പിലൂടെ പടിഞ്ഞാറോട്ട് ഓടി പോയി..
'സുനില്‍ നീ ഇനിയും ഉറങ്ങിയില്ലെ?' അടുത്ത മുറിയില്‍ നിന്ന് മായ സെന്‍ വിളിച്ചു ചോദിച്ചു. 'നേരം എത്രയായി എന്നറിയാമൊ? മൂന്ന് മണി കഴിഞ്ഞു. നീ എന്താ ഉണര്‍ന്നിരുന്ന് കിനാവ് കാണുകയാണൊ? നാളേ സെമിനാര്‍ ഉള്ളതല്ലെ.. വേഗം കിടന്ന് ഉറങ്ങാന്‍ നോക്ക്'
സുനില്‍ വെറുതെ മൂളി പിന്നീട് ലൈറ്റണച്ചു.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്ന ഹോസ്റ്റെലാണ്.ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പ്രതിഭകളുടെ ഉയര്‍ന്ന ചിന്തക്ക് മുന്പില് സ്ത്രീ എന്നൊ പുരുഷന് എന്നൊ ഉള്ള വിഭജനങ്ങള്‍ ഇല്ലാതാകുന്നു. തലസ്ഥാന നഗരിയില്‍ മുന്നൂറോളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ക്യാംപസ് സുനിലിന് എന്നും വേദനയാണ്.
പിന്നീടെപ്പോഴൊ,ദു:ഖംപോലെ .. സാന്ത്വനംപോലെ നിദ്ര കടന്ന് വന്നു..
2
സെമിനാര്‍ ഹാള്‍
ഇംപ്രഷനിസ്റ്റ് വീക്ഷണത്തെക്കുറിച്ച്,ആന്ധ്രാക്കാരന് സിദ്ധപതി രാജുവിന്റെ പ്രഭാഷണം. ചര്‍ച്ചകളില്‍ മൊഡുലാനിയും റെംബ്രന്റും കടന്ന് വരുന്നു. ബര്‍ഗ്ഗ്മാനും കാട്ടുഞ്ഞാവല്‍പഴങ്ങളും വരുന്നു.അല്‍ത്തൂസറും ഫൊയര്‍ബാഹും വരുന്നു..
സുനില്‍,അപ്പോള്‍ നാട്ടിന് പുറത്തെ പ്രത്യയശാസ്ത്ര പഠന ക്യാംപില്‍ ആണ്. നീണ്ട് മെലിഞ്ഞ പ്രഭാഷകന്റെ വാഗ്ദോരണിക്കിടയിലും ഒളികണ്ണിട്ട് നോക്കുന്ന നാട്ടിന്പുറത്തുകാരി പെണ്‍കുട്ടിയുടെ കുസൃതി നിറഞ്ഞ കണ്ണുകളുമായി,അറിയാതെ ഉടക്കി പോകുന്നു.അവളുടെ കണ്ണുകളില്‍ നോക്കി ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്ന അന്ജലി സര്‍ക്കാര്‍ അവന്റെ കാലില്‍ നുള്ളിക്കൊണ്ട് ചോദിച്ചു.
'നിനക്കെന്താ വട്ടാണോ?'
സുജാതാ.. ഇത് ഞാനാണ്.
'നീ ഇതെന്തൊക്കെയാ പറയുന്നത്.ആരാണ് സുജാത? ഇവിടെ വളരെ ഗൌരവമുള്ള ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോളാണ് അവന്റെ ഒരോ വട്ടുകളി.
കാന്റീനില്‍ മായയോടൊപ്പം ഇരുന്ന് വില്‍സ് ഫില്‍ട്ടര്‍ സിഗരെറ്റുകള്‍ പുകച്ച് തള്ളുമ്പോള്‍ അവള് ചോദിച്ചു.
'സുനില്‍ നിന്നെ ഞാന്‍ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകട്ടെ?'
'മായാ നിനക്ക് എന്നെ സഹിക്കാനാവുന്നില്ല അല്ലെ?
നോക്ക് സുനില്‍, നമ്മള് കൌമാരപ്രായക്കാരല്ല. യൌവനത്തിന്റെ മദ്ധ്യത്തില്‍ എത്തി നില്ക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥികളാണ്. നീ കുറച്ചുകൂടി പ്രായോഗികമായി കാര്യങ്ങള്‍ നോക്കിക്കാണണം.അനാവശ്യങ്ങളായ കാര്യങ്ങളെ കുറിച്ചാലോചിച്ച്ക് നീ എന്തിനാണ് ജീവിതം പാഴാകുന്നത്. നീ നിന്റെ റിസെര്‍ച്ചില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്ക്.
'മായ നിനക്കറിയാമോ..ചരിത്രം അതിന്റെ നിര്‍മ്മിതിക്കും പരസ്യത്തിനും വേണ്ടി ഉപയോഗിച്ചത് മനുഷ്യനെയായിരുന്നു.'
'സുനില്‍ നീ നിന്റെ റിസെര്‍ച്ച് പേപ്പറിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാനാണ് എനിക്കിഷ്ടം.. നീ ഒരു നല്ല മനുഷ്യനാകണം.അതു കാണാന്‍ ആണ് എനിക്ക് ആഗ്രഹം
'സുജാതേ ഇത് നിളയില്‍ വെള്ളം കയറുന്ന കാലമാണോ? എന്തോ ഡിസംബറിലെ നിള എന്റെ ഓര്‍മ്മയിലെത്തുന്നില്ല..കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ തീരത്തെ കരിമ്പനകള്‍ ആടിയുലയുന്നതും,പുഴയോരത്തു കൂടെ കൂകിയലറി പോകുന്ന തീവണ്ടിയുടെ പുക പടിഞ്ഞാറോട്ട് പോകുന്നതുമൊക്കെയെ ഓര്‍മ്മയില്‍ വരുന്നൊള്ളു.'
സുനില്‍ നീ എന്തൊക്കെയാണീ പറയുന്നത്. നീ ആ സിഗരെറ്റ് കുറ്റി വലിച്ചെറിയ്.അത് നിന്റെ വിരലുകളെ പൊള്ളിക്കുന്നത് നീ അറിയുന്നില്ലെ'?
സുനില്‍ കാന്റീനിലെ കസേരയില്‍ തിരിച്ചെത്തുന്നു.
അപ്പോഴേക്കും മഞ്ഞുപെയ്യാന്‍ തുടങ്ങിയിരുന്നു. ഡിസംബറില്‍ ദില്ലിയില്‍ അങ്ങനെയാണ്. വൈകീട്ട് അഞ്ച് മണിയോടെ മഞ്ഞ് വീഴാന്‍ തുടങ്ങും. മായ കസേരക്ക് പുറകെ തൂക്കിയിട്ടിരുന്ന രോമക്കുപ്പായമെടുത്തിട്ടു.
സുനില്‍ നീ നിന്റെ സ്വെറ്റര്‍ എടുത്തിട്ടില്ലെ?'
ഞാന്‍ സ്വെറ്റര്‍ വാങ്ങിയിട്ടുപോലുമില്ല
ഈ തണുപ്പില്‍ സ്വെറ്റര്‍ ഇല്ലാതെ നീ എങ്ങനെ കഴിയും? ഞാന്‍ നിനക്ക് ഒരു പുതിയ സ്വെറ്റര്‍ വാങ്ങി തരാം
വേണ്ട. കഴിഞ്ഞ മഞ്ഞുകാലത്തും ഞാന്‍ സ്വെറ്റര്‍ വാങ്ങിയില്ലാലോ
ശരി വാ നമുക്ക് ഹോസ്റ്റലിലേക്ക് പോകാം
മായ നീ പോകു. ഞാന്‍ പിന്നെ വരാം
ഇരുട്ടും മുന്‍പ് അങ്ങെത്തിയേക്കണം.വഴിയില്‍ അതും ഇതും നോക്കി അന്തം വിട്ട് നില്‍ക്കരുത്
ശരി
അപ്പോള്‍ കരോള്‍ബാഗിലെ വഴിവാണിഭക്കാര്‍ മഞ്ഞില്‍ നിന്നും രക്ഷനേടാന്‍ വലിയ കുടകള്‍ നിവര്‍ത്തിക്കഴിഞ്ഞിരുന്നു.
പ്ലാസ സിനിമ കടന്ന് കോനാട്ട് പ്ലേസിലൂടെ നീങ്ങുമ്പോള്‍ സുനിലിനെ ആരോ പുറകില്‍ നിന്നും വിളിച്ചു. ശ്രീരാം സെന്ററിലെ ബുദ്ധിജീവി സുഹൃുത്തുക്കള്‍ ആരെങ്കിലും ആയിരിക്കാം എന്ന് ഭയന്ന് അയാള്‍ വേഗത്തില്‍ നടന്നു. ഒരു ഓട്ടോറിക്ഷയില്‍ കയറി ഹോസ്റ്റലിനടുത്ത് ചെന്നിറങ്ങി. അപ്പോള്‍ വീണ്ടുമതാ ആരോ വിളിക്കുന്നു.
'ഇത് ഞാനാണ് സുജാത'
അപ്പോള്‍ കിഴക്കന്‍ മലനിരകളുടെ വിടവിലൂടെ പാണ്ടിക്കാറ്റടിച്ചെത്തി. നിള ശാന്തമായൊഴുകി. ദില്ലിയിലേക്ക് പോകുന്ന തീവണ്ടി കിഴക്കോട്ട് പാഞ്ഞുപോയി. തീവണ്ടി പോയതോടെ,ഗതാഗതം തടഞ്ഞ് നിറുത്തിയിരുന്ന ഗേറ്റ് ഉയര്‍ന്നു.വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ തുടങ്ങി. ലക്കിടിയിലെ മുസ്ലീം പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നു..
പുഴയോരത്ത് കൂടെ പടിഞ്ഞാറോട്ട് നടന്നാല്‍ കൂട്ടില്‍ മുക്കില്‍ എത്താം. അത് നിളയുടേയും ഗായത്രിയുടേയും സംഗമസ്ഥാനമാണ്. രാഗവതികളായ രണ്ട് പെണ്കൊടികളുടെ മേളനം പോലെ നദികള്‍ ഒന്നായിതീരുന്നത് കാണാം.
അവരിരുവരും പാലത്തിനു് മുകളിലാണ്. പടിഞ്ഞാറ് അസ്തമയ സൂര്യന്റെ തങ്ക ബിംബം.. പൂര്‍ണ്ണ വൃത്തം..
അവള് എന്തൊക്കേയൊ പറഞ്ഞ് തര്‍ക്കിച്ചു കൊണ്ടിരുന്നു. പിന്നെ കിഴക്ക് നിന്നൊരു കാറ്റ് വീശി.. ആ കാറ്റിനോടൊപ്പം അവല് പടിഞ്ഞാറോട്ട് പറന്നു പോയി..
ദേശമംഗലത്തുള്ള അവളുടെ അമ്മാവന്റെ വീട്ടില്‍ പോയതാകും അവള് എന്ന് അവന് വിചാരിച്ചു.അല്ലെങ്കില്‍ ചെറുതുരുത്തിയിലെ ഇളയമ്മയുടെ അടുത്തേക്ക്..അതുമല്ലെങ്കില്‍ മേഴത്തൂര്‍ വൈദ്യമഠത്തില്‍ ചികില്‍സയില്‍ കഴിയുന്ന അവളുടെ അദ്ധ്യാപികയെ കാണാന്‍..
പിറ്റേന്ന് പ്രഭാതത്തില്‍ ഹോസ്റ്റലിന്റെ മുഖ്യ കവാടത്തിനടുത്ത് വെച്ച് മായ സുനിലിനെ കണ്ടെത്തി. ഒരു അശോക മരച്ചുവട്ടില്‍ അവന് കിടക്കുകയായിരുന്നു.അവന് നന്നായി പനിക്കുന്നുണ്ടായിരുന്നു.അവള് അവനെ ഗുപ്താജിയുടെ ആശുപത്രിയിലെത്തിച്ചു. സന്ധ്യയായപ്പോഴേക്കും സുനിലിന് പരിധിക്കപ്പുറം ശരീരം പൊള്ളി. ഡോക്ടര്‍ ഒരു സിറിഞ്ച് നിറയെ മരുന്ന് അവന്റെ കൈമുട്ടിനു മുകളില്‍ കുത്തിവെച്ചു.
മണല്‍ മുഴുവന്‍ വാരിയതിനാല്‍ പുഴയില്‍ ചേങ്ങോലുകള്‍ മാത്രമെയൊള്ളു. പുഴയോരത്തെ കുംഭവാഴതോട്ടങ്ങളില്‍ വാഴകള്‍ കുലച്ച് നില്ക്കുന്നു. അയാള്‍ കണക്കു കൂട്ടി. ധനു,മകരം.. രണ്ട് മാസം കഴിഞ്ഞാല്‍ ഈ കുലകള്‍ വെട്ടി തൃശ്ശൂരങ്ങാടിയില് കൊണ്ട് വില്‍ക്കും. അപ്പോള്‍ കിഴക്കു നിന്ന് ഒരു തീവണ്ടി വന്നു. കെ.കെ.എക്സ്പ്രസ്സ് രണ്ട് മണിക്കൂര്‍ നേരത്തെയാണല്ലോ? സമയം ഏഴുമണി ആയിട്ടേയൊള്ളു. ഒന്‍പതു മണിക്കാണല്ലോ ഇതിവിടെ എത്താറ്. ആരാണ് മുഖത്തേക്ക് വെള്ളം തേവുന്നത്???
അവന് കണ്ണു തുറന്നു
മുന്പില് നിറകണ്ണുകളുമായി മായ സെന്‍.അവള്‍ക്ക് പുറകെ അന്ജലി സര്‍ക്കാര്‍,നാന സിംഗ്,സിദ്ധപതി രാജു,അശോകന്,ശരവണന്..
അവന് മായയുടെ മുഖത്ത് നോക്കി
'വില്ല്വാദ്രീ ക്ഷേത്രത്തില്‍ തൊഴുകാന്‍ പോകുന്നു എന്ന് പറഞ്ഞ് പോയതല്ലെ നീ. അന്ന് ഏകാദശി ആയിരുന്നല്ലൊ. എന്നിട്ട് തിരിച്ച് വരാന്‍ നീ ഇത്രയും കാലമെടുത്തൊ? സുജാതാ നിന്നെ ഞാന്‍ എവിടെയൊക്കെ അന്വേഷിച്ചു. നിന്നെ കണ്ടുകിട്ടാനായി ഞാന്‍ എത്ര തവണ പുനര്‍ജ്ജനി നൂഴ്ന്നു. നീ എവിടെയായിരുന്നു
അപ്പോള്‍ മായ പരഞ്ഞു.
സുനില്‍ കാളീ ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുമ്പോള്‍ എനിക്ക് വഴി തെറ്റി. കേവിട്ത്തല്ല ശ്മശാനം വഴി വരണോ അതോ ഹൌറാ ബ്രിഡ്ജ് വഴി വരണോ എന്നു ശങ്കിച്ച് നില്‍ക്കുമ്പോളാണ് കാല്‍ക്കാ മെയില്‍ വന്നത്. ഞാന്‍ അതില്‍ കയറി ദില്ലിയില്‍ എത്തി. ഞാന്‍ വന്നത് നിന്നെ തേടി മാത്രമാണ്
അപ്പോള്‍, ഗുപ്താജിയുടെ ആശുപത്രിയിലെ വിളക്കുകളത്രയും തെളിഞ്ഞു.ആശുപത്രിക്ക് മുന്പിലെ ലൂയി പാസ്ചറുടെ പ്രതിമയ്ക്ക് ചുറ്റും മെര്‍ക്കുറി ദീപങ്ങളെരിഞ്ഞു.
സുനില്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഹാത്മാഗാന്ധീ റോഡെന്ന റിംഗ് റോഡ് നീണ്ട് കിടക്കുന്നു.. അതിലൂടെ പോയാല്‍ യമുനാ ബ്രിഡ്ജിലെത്താം.
വീണ്ടും പോയാല്‍ നൊയിഡയില്‍,അലിഗറില്‍,മഥുരയില്‍,ആഗ്രയില്‍,ഗ്വാളിയാറില്‍...
അതിലൂടെ പരശതം ആളുകള്‍ നിളയായ് ഒഴുകി..
പാതയോരത്തെ ഗുരുദ്വാരയില്‍ നിന്നും സംഗീത ധ്വനി ഉയരുന്നു..
വാഹനങ്ങള്‍ നിര നിരയായി നീങ്ങുന്നു. അവര്‍ക്കൊപ്പം മായയുടെ തോളില്‍ പിടിച്ച് അവനും.
അപ്പോള്‍ വീണ്ടും പാണ്ടിക്കാറ്റടിച്ചു.
പ്രണയ ദേശാടനങ്ങള്‍ നിലയ്ക്കുന്നില്ല...
Monday, August 21, 2006
Subscribe to:
Post Comments (Atom)
4 comments:
"അതിലൂടെ പരശതം ആളുകള്‍ നിളയായ് ഒഴുകി..
പാതയോരത്തെ ഗുരുദ്വാരയില്‍ നിന്നും സംഗീത ധ്വനി ഉയരുന്നു..
വാഹനങ്ങള്‍ നിര നിരയായി നീങ്ങുന്നു. അവര്‍ക്കൊപ്പം മായയുടെ തോളില്‍ പിടിച്ച് അവനും.
അപ്പോള്‍ വീണ്ടും പാണ്ടിക്കാറ്റടിച്ചു.
പ്രണയ ദേശാടനങ്ങള്‍ നിലയ്ക്കുന്നില്ല..."
തഥാഗതന്,...
സ്വാഗതം
താങ്കളുടെ ബ്ലൊഗ്ഗ് മുഴുവനും ഒന്നോടിച്ചു വായിച്ചു..
നീരു ബെന്‍സാള്‍, ആനി,. ശേവന്തി, സുജാത, മായ..എല്ലാരും മനസ്സില്‍ നിരയുന്നു..
പാലക്കടന് ഗ്രാമ്യബിംബങ്ങളും, ഡെല്‍ ഹിയുടെ നഗരബിംബങ്ങളും ഒക്കെയായി, നിങ്ങളുടെ ശൈ ലി അപാരം. ഓരു പുനര്‍ വായനക്ക്ശേഷം വീണ്ടും കമന്റിടാം..
ഇതുവരെ ഭൂലോഗ വാസികളുടെ കമന്റൊന്നും കണ്ടില്ല! കൂട്ട്ടായ്മക്കാരെ, വരിന്, കമന്റിന്!!
ഇതാ ഒ വി വിജയന്റെ നാട്ടില്‍നിന്നും മറ്റൊരാള്‍!
അത്തിക്കുര്‍ശ്ശി
നന്ദിയുണ്ട്
ദില്ലി എനിക്ക് മറക്കാനാവാത്ത ഒരു ഓര്‍മ്മയാണ്
ഈ ചെറിയ ജീവിതത്തിന്റെ 7 വര്‍ഷക്കാലം ചെലവഴിച്ച നഗരത്തെ എങ്ങനെ മറക്കനാവും?
ഇപ്പോളും മാസത്തിലൊരിക്കല്‍ ദില്ലിയില്‍ പോകുമ്പോള്‍ പണ്ട് വിഹരിച്ച സ്ഥലങ്ങളിലൊക്കെ പോകാറുണ്ട്
സ്വാഗതം
ബൂലോഗത്തിലേക്ക് സ്വാഗതം
Post a Comment