Monday, March 15, 2010

നിറം മങ്ങുന്ന എന്റെ പട്ടുറുമാൽ

യൌവനാരംഭത്തിൽ ഒരു സന്യാസി എനിക്ക് തന്നതാണ് ഈ ചുവന്ന തൂവാല...

മുഖം തുടയ്ക്കാൻ മാത്രമല്ല,മുഖം നോക്കുവാനും ഞാൻ ഈ തൂവാലയായിരുന്നു ഉപയോഗിച്ചിരുന്നത്.
സംന്യാസി പിന്നീട് ഏറെക്കാലം സാമന്തനും അതിനു ശേഷം രാജസദസ്സിനെ പ്രകമ്പനം കൊള്ളിക്കുന്ന മന്ത്രിസത്തമനും ഒക്കെ ആയി മാറി.

ഞാനോ.. ഞാനീ തൂവാലയുമായി ദേശാടനത്തിനിറങ്ങി..

വഴിയരികിൽ കണ്ട പരവതാനികളൊന്നും എനിക്കഭയമേകിയില്ല.. ആലംബഹീനങ്ങളായ വിനാഴികകളിലെ അശാന്ത നിമിഷങ്ങളിൽ കേട്ട സൂക്തങ്ങളിലോ ആരതികളിലോ എനിക്ക് ശാന്തി കണ്ടെത്താനായില്ല. ഞാൻ വീണ്ടും നടന്നു.. ഭൂഖണ്ഡങ്ങളിലൂടെ..

വൻ‌കരകളിലൂടെ..ശവകുടീരങ്ങളിലൂടെ, ചരിത്രം മരവിച്ച് കിടക്കുന്ന മരുഭൂമികളീലൂടെ..

വേനൽച്ചൂടേറ്റ് എന്റെ മുഖം പൊള്ളിയപ്പോൾ ഞാൻ എന്റെ തൂവാലയെടുത്ത് മുഖം തുടച്ചു.. മുഖത്താകെ അതിന്റെ ശോണിമ പരന്നു...

ലോകത്തെ ചുട്ടെരിക്കാനുതകുന്ന വിസ്ഫോടക വസ്തുക്കളുമായി വന്ന തീവണ്ടിക്ക് നേരെ ഞാൻ എന്റെ ചുവന്ന തൂവാല വീശി.. തീവണ്ടി നിറുത്താതെ പോയി.. ഞാനോ വെറും മണ്ണിൽ വീണു കിടപ്പായി

ഹേമന്ദത്തിൽ ഇല പൊഴിയുകയും പിന്നീട് പുത്തൻ മുളകൾ കിളിർക്കുകയും ചെയ്യുന്ന ഒരു ആൽമരമുണ്ട്,എന്റെ വീടിനു മുൻപിൽ.. ആ ആൽമരത്തിനു താഴെ ഒരു പൊളിഞ്ഞ ദേവസ്ഥാനമുണ്ട്. അവിടെ നാണിച്ച് നഖം കടിച്ചു നിൽക്കുന്ന ഒരു ഗണേശനുണ്ട്.. ദിവസേന കാണും ഞാനീ ലംബോദരനെ.. തുമ്പിക്കൈ ഉയർത്തി എന്നെ അനുഗ്രഹിക്കാനൊരുമ്പെട്ടപ്പോഴെല്ലാം ഞാൻ തെന്നിമാറി. ആ ഗണേശന്റെ ആവാസസ്ഥാനത്തിനടുത്ത് നാലഞ്ച് തകരക്കൂരകളുണ്ട്. അതിൽ നിന്നും ഒരു പെൺകൊടി... ജീൻസിട്ട സുന്ദരി.. എന്റെ വീടിനു മുൻപിൽ ഉള്ള പൊതു പൈപ്പിൽ നിന്നും വെള്ളം എടുക്കാന്‍ വരും.. ഞാൻ രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ മിക്ക ദിവസവും കാണും. ഓറഞ്ച് നിറമുള്ള പ്ലാസ്റ്റിക്ക് കുടത്തിൽ വെള്ളവുമായി പോകുന്ന അവളോട് ഒരു ദിവസം ഞാൻ ചോദിച്ചു
“പഠിക്ക പോകലേയാ?“
“ഇല്ലാങ്കെ സാർ.. മൂണ്ണ് കൊളന്തൈകൾ ഇരുക്കെ .. അവങ്കളേ പാർക്ക വേണ്ടിങ്കളാ”.. പതിനാലൊ പതിനഞ്ചൊ വയസ്സുള്ള ഈ പെൺകൊടി.. അവളുടെ പേര് ശെമ്പകം...(കൊളന്തൈകൾ അവളുടെ അല്ല.. അവൾക്ക് താഴെ ഉള്ളവരാണ്). അവളുടെ പക്കത്ത് വീട്ടുക്കാരി. എന്റെ വീട്ടിൽ ജോലി ചെയ്യാൻ വരുന്ന വരലച്ചുമി.. അഞ്ച് മക്കളെ പ്രസവിച്ചവൾ..ആറാമത്തെയാളെ വയറിൽ പേറി ജോലിക്ക് വരുന്നവൾ( ദിവസം എട്ട് വീടുകളിൽ ജോലി ചെയ്യുന്നുണ്ട്)
“കൊഞ്ചം നാൾ റെസ്റ്റ് ഏടുത്തു കൂടിങ്ങളാമ്മാ’?
“മുടിയാത് സാർ.. പശങ്കൾ പട്ടിണിയായിടും..
“ശരവണൻ ഒന്നും തരമാട്ടിങ്കളാ?
“അവങ്കെ ഒണ്ണുമേ തരാത്. കിടക്കും കാസ് എല്ലാ തണ്ണി പോട്ട് കളൈഞ്ചിടും”
“സാർ എന്നവൊ ബില്ല് വറേൻ എണ്ണ് കേക്കറേൻ.. എങ്കൾക്ക് എന്നവോ കിടയ്ക്കുമാ?’
“തെരിയാതമ്മാ”

ഇതൊക്കെ സമകാലീക ചരിത്രം..

വീണ്ടും പുറകോട്ട് പോയാൽ... മാളവ്യാ നഗറിലെ കിന്നരന്മാരെ കാണാം... അംബേദ്കർനഗറിലെ ഹിജ്‌ഡകളെ കാണാം.. ദരിയാഗഞ്ചിലെ യാചകരേയും മുസാഫിർനഗറിലെ അന്ധഗായകരേയും ആഗ്രയിലെ ഗൈഡുകളേയും മഥുരയിലെ പൂജാരിമാരേയും ബനാറസിലെ പണ്ഡകളേയും ഭോപ്പാലിലെ ജീവഛവങ്ങളായ ഇരകളേയും കാണാം.. എല്ലാവരേയും കണ്ടു.. എന്റെ തൂവാല മുഖം മറയ്ക്കാൻ മാത്രമേ അപ്പോഴൊക്കെ ഉപകരിച്ചൊള്ളു.

അപ്പോഴും കൈവിട്ടില്ല.. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെയീ തൂവാലയെ..

ചരിത്രാരവങ്ങൾ ബഹുവർണ്ണ പതാകകളേന്തി കടന്നു പോയി.. നിലാവിൽ കുളിച്ച് നിൽക്കുന്ന ഭൂമി,പനിനീർ പുഷ്പങ്ങളുടെ വർണ്ണം പുൽകുന്ന ഒരു സായംസന്ധ്യ അന്നും കിനാക്കളെ മഥിച്ചു..
വീണ്ടും കാലചക്രം ഉരുണ്ടു... സർപ്പവും ഗജേന്ദ്രനും ചിലന്തിയും കാത്ത സ്വരൂപത്തെ കണ്ടു.. ഒരു കൈ കൊണ്ട് വാങ്ങുകയും മറുകൈ കൊണ്ട് കൊടുക്കുകയും ചെയ്യുന്ന ഗോവിന്ദരൂ‍പത്തെ കണ്ടു.
സൌഹൃദങ്ങൽ കണ്ടു.. അവയിലെ കാപട്യങ്ങളും ഊഷ്മളതയും കണ്ടു..

എന്റെ തൂവാലയ്ക്ക് നിറം മങ്ങാ‍ൻ തുടങ്ങുന്നതും കണ്ടു...

ഞാൻ എന്നും കൊണ്ട് നടക്കുന്ന ഈ തൂവാലയ്ക്ക് വീണ്ടും കടും നിറം കൊടുക്കാനുള്ള ചായം ഞാൻ എവിടെ ചെന്ന് വാങ്ങും?

വലിച്ചെറിയാൻ പറയുന്നു ഒരുപാട് പേർ.. കഴിയില്ല.. ഈ ജന്മത്തിൽ മറ്റൊരു തുണിക്കഷ്ണത്തിൽ നോക്കി ലോകത്തെ കാണാനാവില്ല... കാരണം ലോകത്തിന്റെ വർണ്ണങ്ങൾ അവയ്ക്കൊന്നും കാണിച്ച് തരാനാവില്ല..

വനവേടന്റെ അമ്പേറ്റ് കാർവർണ്ണൻ മടങ്ങുകയും സന്തതികൾ തമ്മിൽ തല്ലി ചാകുകയും ചെയ്ത ശേഷം ദ്വാരകയെ കടലാക്രമിക്കും മുൻപ്, ഗോവിന്ദന്റെ പത്നിമാരേയും,ദ്വാരകയിലെ വൃദ്ധന്മാരേയും കൊണ്ട് സുരക്ഷിത സ്ഥാനം തേടി പോകുന്ന പാർഥനു ഗാണ്ഡീവം രക്ഷയ്ക്കെത്താതിരുന്നിട്ട് പോലും വരുണൻ അത് തിരിച്ച് ചോദിക്കുമ്പോൾ തിരികെ കൊടുക്കാൻ കിരീടി മടിക്കുന്നത് പോലെ...

ഉപേക്ഷിക്കാൻ വയ്യാ...