Tuesday, November 07, 2006

പുരോഹിതന്റെ ദൈവനീതി

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി,യമുനാ ബ്രിഡ്‌ജില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

യമുനയില്‍ നിറയെ വെള്ളം ഉണ്ടായിരുന്ന ഒരു ഡിസംബര്‍ മാസത്തിലായിരുന്നു അത്‌

ദില്ലിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു പണ്ഡിറ്റ്ജി.കല്യാണ്‍പുരിയില്‍ നിന്നും അതിരാവിലെ തന്റെ എന്‍ഫീല്‍ഡ്‌ മോട്ടോര്‍ സൈക്കിളിലാണ്‌ അദ്ദേഹം വരിക. നെറ്റിയില്‍ U പോലെ ഉള്ള കുറിയും,പിന്‍ കുടുമയും,കുടവയറില്‍ ഒട്ടിക്കിടക്കുന്ന ചെളിപുരണ്ട പൂണൂലും മുറുക്കി ചുവന്ന ചുണ്ടുകളുമായി കൃഷ്ണപൂജ ചെയ്യുന്ന പണ്ഡിറ്റ്ജി ഞങ്ങളുടെ ഒരു നല്ല സുഹൃത്തായിരുന്നു. വെള്ളിയാഴ്ചകളിലെ ഞങ്ങളുടെ മദ്യപാനസദസ്സിലെ ഒരു സ്ഥിരാംഗമായിരുന്നു അദ്ദേഹം.

ഒരു ദിവസം അമിതമായി മദ്യപിച്ച അദ്ദേഹം ഞങ്ങളൊട്‌ അദ്ദേഹത്തിന്റെ ജീവിത കഥ പറഞ്ഞു. കാണ്‍പൂര്‍ ഐ.ഐ.ടി യില്‍ നിന്നും കെമിയ്ക്കല്‍ എന്‍ജിനീറിങ്ങില്‍ B.Tech ബിരുദം നേടിയ ആളാണ്‌ അദ്ദേഹം എന്നറിഞ്ഞ്‌ ഞങ്ങള്‍ ഞെട്ടിപ്പോയി. വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലി ചെയ്യാന്‍ തുടങ്ങിയ ഉടനെയാണ്‌ പിതാവിന്റെ മരണം. പിതാവ്‌,മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന പണ്ഡിറ്റ്‌ സൈരന്ധ്രീനാഥ്‌ ശാസ്ത്രി മരിച്ചതോടെ ജോലി ഉപേക്ഷിച്ച്‌ പൂജാവൃത്തിയില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.ഒരു പ്രസിദ്ധ പണ്ഡിതനായിരുന്ന രമേശ്വര്‍ ശാസ്ത്രിയുടെ പുത്രി ജാനകിദേവിയെ അദ്ദേഹം പരിണയിച്ചു.

അദ്ദേഹത്തിന്റെ മകന്‌ ദില്ലിയിലെ ഒരു മെഡിക്കല്‍ കോളേജില്‍‍ MBBS ന്‌ പ്രവേശനം ലഭിച്ചതോടെയാണ്‌ പണ്ഡിറ്റ്ജിയുടെ കുടുംബം ദില്ലിയിലേക്ക്‌ താമസം മാറ്റിയത്‌.

മകന്‍ ശ്യാംപ്രസാദ്‌ അതി ബുദ്ധിമാനായിരുന്നു. എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്ന അയാള്‍ക്ക്‌ പത്താം ക്ലാസ്സില്‍ ഒന്നാം റാങ്ക്‌ ലഭിച്ചിരുന്നു. അയാള്‍ വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു. അക്കാലത്താണ്‌ സംവരണവിരുദ്ധപ്രക്ഷോഭം നടന്നത്‌. ലബോറോട്ടറിയില്‍ നിന്നും കാന്റീനിലേക്ക്‌ പോകുകയായിരുന്ന ശ്യാംപ്രസാദിനെ പ്രക്ഷോഭകര്‍ പെട്രോള്‍ ഒഴിച്ച്‌ തീവെച്ച്‌ രക്തസാക്ഷിയാക്കി.

വേദം പഠിച്ച,ദൈവപൂജ ചെയ്യുന്ന ശുദ്ധബ്രാഹ്‌മണനായ പണ്ഡിറ്റ്ജിയ്ക്ക്‌ അത്‌ താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. മകന്റെ മരണം നല്‍കിയ ആഘാതത്തില്‍ ഭാര്യ നിത്യരോഗിയായി. അധികം താമസിയാതെ അവരും ഈ ലോകത്തോട്‌ വിട പറഞ്ഞു. അതിന്‌ ശേഷം അദ്ദേഹം മദ്യത്തില്‍ മനസ്സമാധാനം കണ്ടെത്താന്‍ തുടങ്ങി.

പണ്ഡിറ്റ്ജിക്ക്‌ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു മകള്‍ ഉണ്ട്‌.സുരഭി എന്നാണ്‌ മകളുടെ പേര്‌. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആ മകള്‍ക്ക്‌ വേണ്ടിയായിരുന്നു.

മദ്യം തലയ്ക്ക്‌ പിടിച്ചാല്‍ അദ്ദേഹം ഞങ്ങളെ കളിയാക്കാന്‍ തുടങ്ങും.

"നിങ്ങള്‍ കേരളാവാലകള്‍ ഒക്കെ കമ്യൂണിസ്റ്റുകാരല്ലെ? കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രത്തില്‍ പോകാവോ?"

ഞങ്ങളുടെ ഒരു സുഹൃത്തായിരുന്ന മുഹമ്മദ്‌ സലീമിന്റെ സഹോദരന്റെ വിവാഹത്തിന്‌ ചെന്ന ഞങ്ങള്‍,അകത്തെ മുറിയില്‍ ഇരുന്ന്‌ കോഴിക്കാല്‍ കടിച്ച്‌ തിന്നുന്ന പണ്ഡിറ്റ്ജിയെ കണ്ട്‌ ഞെട്ടിപ്പോയി.

" നല്ല കോഴി ഇറച്ചി തിന്നണമെങ്കില്‍ ദില്ലിയിലെ മുസല്‍മാന്റെ കല്യാണത്തിന്‌ പോകണം" കണ്ണിറുക്കിക്കാണിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ എന്നും കാണുന്ന ഒരാളായിരുന്നു പണ്ഡിറ്റ്‌. ഞങ്ങളോടെല്ലാം അദ്ദേഹത്തിന്‌ പുത്രതുല്യമായ വാല്‍സല്യമായിരുന്നു.

മഞ്ഞ്‌ വീഴുന്ന ആ ഡിസംബര്‍ പ്രഭാതത്തിലാണ്‌,ഞങ്ങളെ ദു:ഖത്തിലാഴ്ത്തിയ ആ വാര്‍ത്ത അറിഞ്ഞത്‌.

പാലത്തിന്‌ മദ്ധ്യത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ച്‌ അദ്ദേഹം യാത്രയായി.

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി,യമുനാ ബ്രിഡ്‌ജില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

എന്തിനായിരിക്കാം അദ്ദേഹം അത്‌ ചെയ്തത്‌?

ആര്‍ക്കും അറിയില്ല..

രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഇഗ്നേഷ്യസിന്‌ തപാലില്‍ ഒരു കത്ത്‌ കിട്ടി.

മനോഹരമായ കൈപ്പടയില്‍ അതിലും മനോഹരമായ ഇംഗ്ലീഷില്‍ എഴുതിയ ആ കത്ത്‌ ഇപ്രകാരമായിരുന്നു.

ഇഗ്നിയ്ക്കും എന്റെ മറ്റ്‌ സുഹൃത്തുക്കള്‍ക്കും,

ആത്മഹത്യ ദൈവനീതിയ്ക്കെതിരാണെന്ന്‌ വേദങ്ങള്‍ പഠിച്ച എനിക്ക്‌ അറിയാഞ്ഞിട്ടല്ല. ഞാന്‍ ദിനവും പൂജിയ്ക്കുന്ന എന്റെ ദൈവം ഒരുതവണ പോലും എനിയ്ക്ക്‌ തുണയാകുന്നില്ല എന്ന സത്യം,എന്നെ ദൈവ നിന്ദ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ ജീവിക്കുന്നത്‌ എന്റെ ഒരേ ഒരു മകള്‍ സുരഭിയ്ക്ക്‌ വേണ്ടിയാണെന്ന്‌ നിങ്ങള്‍ക്കെല്ലാം അറിയാമല്ലൊ. എന്റെ മകള്‍ എന്നെ ഉപേക്ഷിച്ച്‌ പോയി.അവളുടെ ഇഷ്ടപ്രകാരം മീററ്റിലുള്ള ഒരു ജാട്ട്‌ യുവാവിനെ വിവാഹം കഴിച്ചു. ഇനി എനിയ്ക്ക്‌ ഈ ജന്മം എന്തിന്‌?

നിങ്ങളുടെ സന്തോഷങ്ങള്‍ കണ്ട്‌ ആത്മനിര്‍വൃതികൊണ്ട ഒരു അഭ്യുദയകാംഷിയാണല്ലൊ ഞാന്‍. അതുപോലെ നിങ്ങള്‍ എനിയ്ക്ക്‌ സ്നേഹത്തിന്റെ കുറേ നല്ല മുഹൂര്‍ത്തങ്ങള്‍ തന്നു.

നിങ്ങളോട്‌ യാത്ര പറയണം എന്ന്‌ തോന്നി.

എന്നെ രക്ഷിയ്ക്കാത്ത എന്റെ ദൈവം നിങ്ങളെ രക്ഷിയ്ക്കട്ടെ..

പണ്ഡിറ്റ്‌ ദ്വാരകനാഥ്‌ ശാസ്ത്രി.