Wednesday, August 30, 2006

മാര്‍ക്സും ദൈവവും

മാര്‍ക്‍സിനെ കുറിച്ച്‌ മീശാ ഹാജി പറഞ്ഞത്‌ ഒരിക്കല്‍ കൂടെ വായിച്ചപ്പോള്‍ ആണ്‌ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു തമാശ ഓര്‍മ്മ വന്നത്‌

കാള്‍ മാര്‍ക്സ്‌ മരിച്ച്‌ സ്വര്‍ഗ്ഗകവാടത്തില്‍ എത്തി. ഗബ്രിയേല്‍ മാലാഖ അദ്ദേഹത്തെ തടഞ്ഞു

'താങ്കള്‍ ദൈവ വിരോധിയാണ്‌. എത്രയെത്ര മനുഷ്യരെയാണ്‌ നിങ്ങള്‍ ദൈവത്തിന്‌ എതിരാക്കിയത്‌. ദൈവം ഇല്ല ഇല്ലാ എന്ന് നിങ്ങള്‍ ജനങ്ങളെ കൊണ്ട്‌ പറയിച്ചു. അതു കൊണ്ട്‌ നിങ്ങള്‍ക്കുള്ളയിടം നരകമാണ്‌. അങ്ങോട്ട്‌ പോകുക'

ഒന്നിനു വേണ്ടിയും നിര്‍ബന്ധം പിടിക്കാത്ത മാര്‍ക്സ്‌ (വിപ്ലവത്തിന്റെ കാര്യത്തില്‍ ഒഴിച്ച്‌) ഒന്നും മിണ്ടാതെ നരകത്തിലേക്ക്‌ പോയി
രണ്ട്‌ മൂന്നാഴ്ചകള്‍ക്ക്‌ ശേഷം നരകത്തിന്റെ അധിപന്‍ ലൂസിഫറും ഗബ്രിയേലും കണ്ടുമുട്ടി.

ലൂസിഫറിന്റെ മുഖമാകെ ഉറക്കക്കുറവു കൊണ്ട്‌ വീര്‍ത്തിരുന്നു.അയാള്‍ ആകെ പരവശനായിരുന്നു.

എന്തുപറ്റി ചങ്ങാതി? ഗബ്രിയേല്‍ ചോദിച്ചു.

'ഒന്നും പറയേണ്ടെടോ, അവിടെ മാര്‍ക്സ്‌ എന്ന ഒരുത്തന്‍ വന്നിട്ടുണ്ട്‌. അയാല്‍ അവിടെ ഉണ്ടാക്കാത്ത പ്രശ്നങ്ങള്‍ ഒന്നുമില്ല. നരകവാസികളെ എല്ലാവരേയും സംഘടിപ്പിച്ച്‌ ദിവസവും ധര്‍ണയും സമരവും പിക്കറ്റിങ്ങും. രാത്രിയില്‍ കൂടെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. നരകത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ വേണം എന്ന ഡിമാന്റ്‌.'

അങ്ങനെയാണൊ കാര്യങ്ങള്‍? എന്ന് ഗബ്രിയേല്‍

അപ്പോള്‍ ലൂസിഫര്‍ പറഞ്ഞു

'താന്‍ എനിക്ക്‌ ഒരു സഹായം ചെയ്യ്‌. അയാളെ ഒരുമാസത്തേക്ക്‌ സ്വര്‍ഗ്ഗത്തില്‍ എടുക്ക്‌. അതിനുള്ളില്‍ ഞാന്‍ നരകത്തിലെ പ്രശ്നങ്ങള്‍ ഒക്കെ തീര്‍ക്കാം. നേതാവ്‌ ഇല്ലതായാല്‍ സമരം പൊളിക്കാന്‍ എളുപ്പമാണ്‌. ഒരു മാസം കഴിഞ്ഞ്‌ ഞാന്‍ അയാളെ തിരിച്ച്‌ കൊണ്ട്‌ പോകാം'

ഗബ്രിയേല്‍ ആദ്യം പറ്റില്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷെ അവസാനം ലൂസിഫറിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി സമ്മതിച്ചു.

അങ്ങനെ മാര്‍ക്സ്‌ സ്വര്‍ഗത്തില്‍ എത്തി..

പത്ത്‌ ദിവസം കഴിഞ്ഞപ്പോള്‍ ലൂസിഫറും ഗബ്രിയേലും വീണ്ടും കണ്ടുമുട്ടി.

എന്തായി ലൂസിഫര്‍ സമരം ഒക്കെ പൊളിച്ചൊ?

ഒരു വിധം പൊളിച്ചു വരുന്നു. മുഴുവന്‍ പ്രശ്നങ്ങളും തീര്‍ക്കാന്‍ ഇനിയും കുറച്ച്‌ ദിവസം എടുക്കും.ഇയ്യാള്‍ കൊടുത്ത ട്രെയിനിംഗ്‌ അത്രക്ക്‌ സ്വാധീനം ചെലുത്തിയിരിക്കുന്നു നരകവാസികളില്‍. അവിടെ എണ്ണത്തില്‍ കൂടുതല്‍ ഉള്ള കോണ്‍ഗ്രസ്സുകാരെ അടക്കം ഇങ്ങേര്‌ സംഘടിപ്പിച്ചില്ലേ?

ഗബ്രിയേല്‍, എന്തു പറയുന്നു നമ്മുടെ മാര്‍ക്സ്‌? ലൂസിഫര്‍ ചോദിച്ചു.

പുള്ളിക്കാരന്‍ നന്നയിരിക്കുന്നു. എന്തു നല്ല പെരുമാറ്റം,എതൊരു അറിവ്‌,സംസാരിച്ചിരുന്നാല്‍ സമയം പൊകുന്നതറിയില്ല. വളരെ നല്ല മനുഷ്യന്‍..

അതു ശരി.സ്വര്‍ഗം കിട്ടിയാല്‍ ആരും നല്ലവരാകും.

'അതൊക്കെ പോകട്ടെ. എന്തു പറയുന്നു നമ്മടെ ദൈവം?' ലൂസിഫര്‍ ചോദിച്ചു.

'ദൈവം ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമല്ലേടൊ ലൂസിഫറെ..'

Tuesday, August 29, 2006

വിക്‍ടോറിയന്‍ സ്മരണകള്‍

വിക്‍ടോറിയ കോളേജിന്റെ വിശാലമായ ഗ്രൌണ്ടിന്‌ നടുവില്‍ ഒറ്റയ്ക്ക്‌ പടര്‍ന്ന് നില്‍ക്കുന്ന ഒരു മരമുണ്ട്‌.

ഈ മരച്ചുവട്ടില്‍ ഒരിക്കല്‍ 'അവനവന്‍ കടമ്പ' അവതരിപ്പിക്കുകയുണ്ടായി.. ഇപ്പോഴൊന്നുമല്ല. പണ്ട്‌.. ചരിത്രാതീത കാലത്ത്‌(1984ഇല്‍).

മഞ്ഞ്‌ പെയ്യുന്ന ഒരു ഡിസംബര്‍ സന്ധ്യയ്ക്കായിരുന്നു നാടകം അവിടെ നടന്നത്‌. ഇട്ടിനാകനും ചിത്തിരപ്പെണ്ണും വാഴുന്നോരുമൊക്കെ അരങ്ങ്‌ തകര്‍ത്താടുന്നത്‌ കണ്ട്‌,പൊറാട്ട്‌ നാടകം മാത്രം കണ്ട്‌ ശീലിച്ച പാലക്കാടുകാര്‍ അന്തംവിട്ടിരുന്നു.വായ്‌ത്താരികള്‍ നിലച്ചപ്പോള്‍ പറക്കുന്നം പള്ളിയില്‍ നിന്ന് ബാങ്ക്‌ വിളി മുഴങ്ങി.

അസ്തമയം കാണാന്‍ ഞങ്ങള്‍ പല ദിവസങ്ങളിലും ഗ്രൌണ്ടില്‍ എത്തുമായിരുന്നു. പടിഞ്ഞാറ്‌ സൂര്യന്‍ മറഞ്ഞാല്‍ വടക്കന്തറയില്‍ വെടി മുഴങ്ങും.പൊള്ളാച്ചിയിലേക്ക്‌ പോകുന്ന പിച്ചക്കാര വണ്ടിയും പോയ്ക്കഴിഞ്ഞാല്‍ ഗ്രൌണ്ട്‌ ശൂന്യമാകും.

കോളേജിനു മുന്‍പില്‍ എന്നും പൂക്കുന്ന ഒരു കൊന്നമരം ഉണ്ടായിരുന്നു.പുത്തന്‍ പൂക്കളും കണികളുമായി നില്‍ക്കുന്ന ആ കൊന്നമരത്തെയായിരുന്നു,ഞങ്ങള്‍ എന്നും കണികണ്ടുണര്‍ന്നിരുന്നത്‌.കുപ്രസിദ്ധമായ മെന്‍സ്‌ ഹോസ്‌റ്റെല്‍ ക്യാംപസ്സിന്‌ അകത്തു തന്നെയാണല്ലൊ.


പണ്ടിവിടെ ഒരു അമ്മാവന്‍ ഉണ്ടായിരുന്നു. അമ്മാവന്റെ യഥാര്‍ത്ഥ പേര്‌ ആര്‍ക്കും അറിയില്ലായിരുന്നു. അമ്മാവന്‍ പോലും അത്‌ മറന്നു പോയിട്ടുണ്ടാകും. ഇദ്ദേഹം പണ്ട്‌ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഉണ്ടായിരുന്ന യന്ത്ര രഹിത പങ്കയുടെ operator ആയിരുന്നു.മച്ചില്‍ ഘടിപ്പിച്ചിരിക്കുന്ന,മരം കൊണ്ട്‌ ഉണ്ടാക്കിയ പങ്ക(FAN)ഇല്‍ ഒരു കയറുണ്ട്‌. പ്രിന്‍സിപ്പാളിന്റെ സീറ്റിന്‌ പുറകില്‍ ഒരു സ്ക്രീന്‍ വെച്ചിട്ടുണ്ടാകും. ആ സ്ക്രീനിന്‌ പുറകില്‍ ഒരു ബെഞ്ചില്‍ ഇരുന്ന് ഈ കയറില്‍ പിടിച്ച്‌ വലിക്കുമ്പോള്‍ പങ്ക അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും. അങ്ങനെ ഒരു ചെറിയ കാറ്റ്‌ ഉണ്ടാകും.1965 വരെ ഈ പങ്ക പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ഉണ്ടായിരുന്നു എന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.കോളേജിന്റെ 100ആം വാര്‍ഷികത്തിനോടനുബന്ധിച്ച്‌ നടന്ന എക്സിബിഷനില്‍ ഈ പങ്ക പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ പങ്ക വലിക്കുന്ന ആളായിരുന്നു അമ്മാവന്‍.. FAN BOY എന്നായിരുന്നു ആ തസ്തികയുടെ പേര്‌

പിന്നീട്‌ ഇലക്ട്രിസിറ്റി ഒക്കെ വന്ന് ഫാന്‍ ഒക്കെ ആയപ്പോള്‍ അമ്മാവന്‍ പ്യൂണ്‍ ആയി.1970 ലോ മറ്റോ റിട്ടയര്‍ ചെയ്തു. റിട്ടയര്‍ ചെയ്ത ശേഷവും ക്യാംപസ്സില്‍ ‍തന്നെയായിരുന്നു ജീവിതം. 1985ഇലെ മുനിഞ്ഞ്‌ മഴ പെയ്യുന്ന ഒരു ജൂലൈ മാസത്തില്‍ ഹോസ്റ്റെലിന്റെ വരാന്തയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു.

1866 ഇല്‍ Rate School ആയാണ്‌ കോളേജിന്റെ തുടക്കം. 1877ഇല്‍ ഹൈസ്‌ക്കൂളും പിന്നീട്‌ 1888 ഇല്‍ കോളേജുമായി ഉയര്‍ന്ന വിക്‍ടോറിയ കോളേജ്‌ സമൂഹത്തിന്റെ വിവിധ തുറകളിലേക്ക്‌ നിരവധി മഹത്‌വ്യക്തികളെ സംഭാവന ചെയ്തിട്ടുണ്ട്‌. ഇ.എം.എസ്‌,ഒ.വി.വിജയന്‍,എം.ടി, ടി.എന്‍.ശേഷന്‍,കവി ഒളപ്പമണ്ണ എന്നിവര്‍ അവരില്‍ ചിലരുമാത്രം.(ഇതെഴുതുന്ന ആളും ഇവിടെ എഴുതുന്ന കണ്ണുസും അക്കൂട്ടത്തില്‍ പെടുന്ന ചിലരാണ്‌)

ഷേക്സ്‌പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത്‌ രംഗത്ത്‌ അവതരിപ്പിച്ചിരുന്ന ഒരു പ്രിന്‍സിപ്പാള്‍ ഉണ്ടായിരുന്നു. നാടകത്തിന്‌ വേണ്ടിയിരുന്ന വേഷ വിധാനങ്ങള്‍ ഇദ്ദേഹം തന്നെ ഡിസൈന്‍ ചെയ്യുമായിരുന്നുവത്രെ. ഗണപതി സിദ്ധാന്തം എന്ന പേരില്‍ കണക്കില്‍ ഒരു നൂതന സിദ്ധാന്തം കണ്ടുപിടിച്ച ഗണപതി അയ്യര്‍ ഇവിടെ ഗണിത ശാസ്ത്രവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു.

നനഞ്ഞ സായാഹ്നങ്ങളില്‍ നേര്‍ത്ത സാന്ത്വനം തന്നിരുന്ന കാറ്റാടി മരങ്ങളും,കോഴിപ്പുരയ്ക്ക്‌ മുന്നില്‍ നിന്നിരുന്ന ഒറ്റപ്പനയും, ബോട്ടോണിക്കല്‍ ഗാര്‍ഡനും,ക്ലോക്ക്‌ ടവറും,ഗതകാലസ്മൃതികളുടെ പ്രതാപം ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന കൃഷ്ണന്‍നായര്‍ ഗേറ്റും.. അങ്ങനെ അങ്ങനെ മറക്കാനാവാത്ത നിരവധി വിക്‍ടോറിയന്‍ സ്മരണകള്‍..

Wednesday, August 23, 2006

വാസുദേവന്‍ വാഴുമിടങ്ങള്‍-2

വ്യാപ്താമേ രോദസീ പാര്‍ത്ഥാ
കാന്തിശ്ച്യാഭ്യധികാ മമ
ക്രമണാച്ചാവ്യൂഹം പാര്‍ത്ഥാ
വിഷ്ണുരിത്യഭി സംജ്ഞിത:

ഹേ പാര്‍ത്ഥാ
ആകാശത്തിലും ഭൂമിയിലും ഞാന്‍ ഒരു പോലെ നിറഞ്ഞ്‌ നില്‍ക്കുന്നു.എനിക്കെ മറ്റെല്ലാത്തിലും അധികമായ ശോഭയുണ്ട്‌. മൂന്ന് കാലടിയാല്‍ ഞാന്‍ മൂന്നു ലോകങ്ങളേയും അളന്നെടുത്തു.അതിനാല്‍ ഞാന്‍ വിഷ്ണുവെന്ന് അറിയപ്പെടുന്നു.

അന്തര്യാമിരൂപേണയും ബഹിര്യാമി രൂപേണയും ജഗത്തില്‍ പ്രവേശിക്കുന്നവന്‍ എന്നത്രെ വിഷ്ണു എന്ന വാക്കിനര്‍ത്ഥം

നാരത്തിന്‌ ഇരിപ്പിടമായവന്‍.. നാരാത്തിന്‌ എന്നാല്‍ ഇഷ്ടജനത്തിന്‌
നാരത്തില്‍ - വെള്ളത്തില്‍ ശയിക്കുന്നവന്‍
നാരങ്ങളില്‍ -മനുഷ്യ ശരീരങ്ങളില്‍ അവതാരങ്ങളായി ജന്മം പൂണ്ടവന്‍.. അവനത്രേ നാരായണന്‍..


വില്ല്വാദ്രിയിലെ ശ്രീരാമചന്ദ്രന്‍


കശ്യപ പ്രജാപതിയുടെ പുത്രനായ ആമലകന്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി തിരുവില്ല്വാമലയിലെത്തി വില്വാദ്രി മലയില്‍ കഠിന തപസ്സ്‌ തുടങ്ങി. തപസ്സിന്റെ പ്രധാന ഭാഗം പുനര്‍ജ്ജനി നൂഴലാണ്‌. പാപനാശിനീ തീര്‍ത്ഥക്കരയില്‍ നിന്ന് വില്ല്വാദ്രിമല വരെ നീണ്ട്‌ കിടക്കുന്ന പുനര്‍ജ്ജനി ഗുഹ ഒരു തവണ നൂണ്ട്‌ കയറാന്‍ രണ്ട്‌ നാഴിക എങ്കിലും വേണം. ആമലകന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ഗുഹാമുഖത്ത്‌ പൂജ നടത്തി നൂഴല്‍ തുടങ്ങും.

പന്ത്രണ്ടര വര്‍ഷങ്ങള്‍ കൊണ്ട്‌ അന്‍പതിനായിരം തവണ തികയ്ക്കണം.

തപസ്സിന്റെ കാഠിന്യം കണ്ട്‌ ദേവേന്ദ്രന്‍ ഭയന്നു. ഇത്രയും കടുത്ത ഒരു തപസ്സ്‌ എന്തിനാണ്‌. തന്റെ സ്ഥാനം കരസ്ഥമാക്കനാണോ?

ദിവസങ്ങളോളം തോരാത്ത മഴ പെയ്യിച്ച്‌ തപസ്സിന്‌ ഭംഗം വരുത്താന്‍ നോക്കി. ഗുഹയില്‍ വെള്ളം നിറഞ്ഞു.ആമലകന്‍ ആ വെള്ളത്തിലൂടെ നീന്തി കയറി തന്റെ യജ്ഞം നിര്‍വിഘ്നം തുടര്‍ന്നു.

അവസാനം ദേവേന്ദ്രന്‍ കാശ്യപപ്രജാപതിയുടെ അടുത്തെത്തി. എങ്ങനെ എങ്കിലും തപസ്സ്‌ മുടക്കി തന്റെ സ്ഥാനം സുരക്ഷിതമാക്കി തരണം എന്നപേക്ഷിച്ചു.പുത്രന്റെ ഇംഗീതം നേരത്തേ അറിയാമായിരുന്ന പൂജ്യകാശ്യപന്‍ ദേവേന്ദ്രനെ സമധാനിപ്പിച്ചു.

ദേവരാജാ.. അങ്ങ്‌ ആമലകനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അയാള്‍ക്ക്‌ സ്വര്‍ഗ്ഗാതിപത്യത്തില്‍ തരിമ്പും താല്‍പര്യമില്ല. അനശ്വരമായ ഭഗവത്‌ഭക്തി മാത്രമാണ്‌ അയാളുടെ ലക്ഷ്യം. ഇന്ദ്രന്‌ സമാധാനമായി.

ഇന്ദ്രന്‍,ആമലകനില്‍ പ്രീതി വളരണമേ എന്നപേക്ഷിച്ചുകൊണ്ട്‌ വൈകുണ്ഠത്തിലെത്തി .എല്ലമറിയാവുന്ന വൈകുണ്ഠനാഥന്‍ ഇന്ദ്രനോട്‌ പറഞ്ഞു.' ഞാന്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള ശ്രീരാമാവതാരം ഉടനെ തന്നെ വില്ല്വാദ്രിയിലെത്തി ആമലകന്‌ ദര്‍ശനം നല്‍കും.'

പുനര്‍ജ്ജനി നൂഴല്‍ അന്‍പതിനായിരം തികയുന്ന മുഹൂര്‍ത്തത്തില്‍,വനവാസത്തിലായിരുന്ന ശ്രീരാമചന്ദ്രന്‍ സീതയോടും ലക്ഷ്മണനോടുമൊപ്പം ആമലകന്‌ മുന്‍പില്‍ എത്തി. വിഷ്ണു സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ആമലകന്‍ ശ്രീരാമചന്ദ്രനോട്‌ പറഞ്ഞു.'എനിക്ക്‌ ഭഗവാനെ പൂര്‍ണ്ണരൂപത്തില്‍ കാണണം'

അപ്പോള്‍,ആമലകന്റെ നിഷ്കാമ ഭക്തിയില്‍ സംപ്രീതനായ ഭഗവാന്‍, ശംഖചക്രഗദാപദ്‌മധാരിയായി,‍ദേവിമാരാല്‍ പരിസേവിതനായി,ആദിശേഷന്റെ പത്തി വിടര്‍ത്തിയ കുടയ്ക്ക്‌ കീഴെ നിന്ന് കൊണ്ട്‌ ദര്‍ശനം നല്‍കി. എന്താണ്‌ അഭീഷ്ടം എന്ന് ചോദിച്ചു.

ആമലകന്‍ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു
അവിടുന്നില്‍ അചഞ്ചലമായ ഭക്തി അടിയനിലുണ്ടാകാന്‍ അനുഗ്രഹിക്കണം. അടിയന്‌ നല്‍കിയ ഈ ദര്‍ശനം എല്ലാവര്‍ക്കും ലഭിക്കാന്‍ കനിയണം.

ആമലകന്റെ അഭീഷ്ടം സാധിപ്പിക്കന്‍വേണ്ടി,വൈകുണ്ഠപുരനാഥന്‍ അവിടെ,വില്ല്വാദ്രിയിലെ തീര്‍ഥസ്ഥാനത്ത്‌ ശ്രീരാമചന്ദ്ര രൂപത്തില്‍ സ്വയംഭൂവായി. അനന്തനെ കിഴക്കേ നടയില്‍ ലക്ഷ്മണനായി കാവലിരുത്തി


കുറിപ്പ്‌ : ശ്രീ. ടി.ആര്‍.ശങ്കുണ്ണി എഴുതിയ ഒരു ലേഖനമാണ്‌ ഇതിന്‌ ആധാരം. എന്നാല്‍ ആ ലേഖനത്തില്‍നിന്ന് ഞാന്‍ അല്‍പം വ്യതിചലിച്ചിട്ടുണ്ട്‌. എന്റെ തറവാട്‌ തിരുവില്വാമലയ്ക്കടുത്താണ്‌. ക്ഷേത്രത്തെ കുറിച്ചുള്ള കേട്ട്‌ കേള്‍വികള്‍ ഞാന്‍ ഒരു തിരുത്തായി ഉപയോഗിച്ചിട്ടുണ്ട്‌

Tuesday, August 22, 2006

വാസുദേവന്‍ വാഴുമിടങ്ങള്‍

കലിയുഗത്തില്‍ ശ്രീപരമേശ്വരന്റെ ഉഗ്രകോപത്താല്‍ ജീവിതം ദു:സ്സഹമാകുമെന്നും മഹാദേവന്റെ കോപഗ്നിയില്‍ നിന്നും ആശ്വാസം പകരാന്‍ നാരായണാലയങ്ങള്‍ ഉണ്ടാകണമെന്നും മുനിമാര്‍ മഹാവിഷ്ണുവിനോട്‌ അപേക്ഷിച്ചു.അതു പ്രകാരം മഹാവിഷ്ണു 27 സാളഗ്രാമങ്ങള്‍ ഗരുഡന്റെ കയ്യില്‍ കൊടുത്തിട്ട്‌,അവ ധര്‍മ്മക്ഷയം സംഭവിക്കുമിടങ്ങളില്‍ കൊണ്ടു ചെന്നിടാന്‍ പറഞ്ഞു. ആ സാളഗ്രാമങ്ങള്‍ വീഴുന്ന സ്ഥലങ്ങളില്‍ നാരായണാലയങ്ങള്‍ ഉണ്ടാകുമെന്നും അങ്ങനെ ധര്‍മ്മം പരിപാലിക്കപ്പെടുമെന്നും മുനിമാര്‍ക്ക്‌ ഉറപ്പു നല്‍കുകയും ചെയ്തു. ധര്‍മം പരിപാലിക്കപ്പെട്ടാല്‍ മഹാദേവന്റെ കോപത്തിന്‌ ശമനമുണ്ടാകുമെന്നും മഹാവിഷ്ണു മുനിമാരോട്‌ പറഞ്ഞു.

അങ്ങനെ ആ സാളഗ്രാമങ്ങള്‍ വീണ ഇടങ്ങളില്‍ വിഷ്ണു ക്ഷേത്രങ്ങല്‍ ഉണ്ടായി. അങ്ങനെ ഉണ്ടായ ചില ക്ഷേത്രങ്ങളെ കുറിച്ച്‌ എഴുതാന്‍ എനിക്ക്‌ താല്‍പര്യം


ഒന്ന് : ശ്രീപദ്‌മനാഭ ക്ഷേത്രം


വില്ല്വമംഗലം സ്വാമിയാര്‍ ഒരു അതിപ്രധാനമായ പൂജ ചെയ്യുകയായിരുന്നു. അപ്പോള്‍ ഉണ്ണികൃഷ്ണന്‍ പതിയെ വന്ന് സ്വാമിയുടെ കണ്ണ്‍ പൊത്തി. സ്വാമിയാര്‍ക്ക്‌ ദേഷ്യം വന്നു.

'ഇതെന്താ ഉണ്ണി തോന്ന്യാസം കാണിക്കുന്നത്‌. ഞാന്‍ ഇവിടെ മനസ്സ്‌ കേന്ദ്രീകരിച്ച്‌ ധ്യാനിക്കുന്നത്‌ കണ്ടില്ലെ? അതിനിടയിലാണോ കളിതമാശ' എന്നും പറഞ്ഞ്‌ പുറം കൈ കൊണ്ട്‌ തട്ടി മാറ്റി

ഉണ്ണികൃഷ്ണന്‌ ദേഷ്യം വന്നു

'വില്ല്വമംഗലത്തിനെ എന്നെ അത്രയ്ക്ക്‌ വേണ്ടാതായോ? അത്രയ്ക്ക്‌ വേണ്ടാതായവരെ അല്ലേ പുറം കൈ കൊണ്ട്‌ തട്ടിമാറ്റുക. ഞാന്‍ പോകുകയാണ്‌.ഇനി എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടിലേക്ക്‌ വന്നു കൊള്ളുക'

എന്നും പറഞ്ഞ്‌ ഉണ്ണികൃഷ്ണന്‍ അപ്രത്യക്ഷനായി.

സ്വാമിയാര്‍ക്ക്‌ ലോകം കീഴ്‌മേല്‍ മറിയും പോലെ തോന്നി

അയ്യോ കണ്ണാ ..പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞുവല്ലോ,എന്നോട്‌ പൊറുക്കണേ.

പക്ഷെ കൃഷ്ണന്‍ തിരിച്ച്‌ വന്നില്ല.

'ദേഹീ ദര്‍ശനം ശൌരേ'എന്നു വിളിച്ച്‌ കരഞ്ഞു.. കണ്ണന്‌ എറ്റവും ഇഷ്ടമുള്ള കദളിപഴവും പഞ്ചസാരയും നേദിച്ചു. പക്ഷെ കണ്ണന്‍ മാത്രം വന്നില്ല

അനന്തരം സ്വാമിയാര്‍ കണ്ണനെ അന്വേഷിച്ചിറങ്ങി.
എവിടേയാണ്‌ ഈ അനന്തന്‍കാട്‌?
പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല
ദിവസങ്ങളോളം സഞ്ചരിച്ചു. കണ്ടെത്താനായില്ല.

അവസാനം ക്ഷീണിച്ച്‌ അവശനായി ഒരു കാട്ടുപ്രദേശത്ത്‌ എത്തി ചേര്‍ന്നു. അവിടെ ഒരു ചെറിയ കുടില്‍ കണ്ടു. അതിനുള്ളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ കലഹമാണ്‌

എനിക്ക്‌ വിശക്കുന്നു.വേഗം ഭക്ഷണം കൊണ്ടുവാ എന്ന് ഭര്‍ത്താവ്‌

മോന്തിയാകുമ്പോള്‍ ഒരു കിഴി നെല്ലുമായി വരും. ഈ പറയുന്ന നേരം കൊണ്ട്‌ അത്‌ വറത്ത്‌ കുത്തി അരി ആക്കി ചോറുണ്ടാക്കി തരാന്‍ ഞാന്‍ എന്താ പാക്കനാരുടെ പറയി ആണൊ? എന്ന് ഭാര്യ

നിന്നെ കൊണ്ടാവില്ലെങ്കില്‍ ഞാന്‍ ഇതൊക്കെ വാരി എടുത്ത്‌ ദേ ആ കാണുന്ന അനന്തന്‍കാട്ടിലേക്കെറിയും

അപ്പോള്‍ വില്ല്വമംഗലത്തിന്‌ മനസ്സിലായി മുന്‍പില്‍ കാണുന്നതാണ്‌ അനന്തന്‍കാട്‌

പെട്ടന്ന് ഒരു ഇടിവാള്‍ മിന്നി.അതിന്റെ വെളിച്ചത്തില്‍ സ്വാമിയാര്‍ കണ്ടു,
ഒരു ഇരിപ്പ മരത്തിന്‍ ചുവട്ടില്‍...
അനന്തനെ പള്ളിമെത്തയാക്കി കൊടുകൈ കുത്തി കിടക്കുന്ന വൈകുണ്ഠപുരനാഥന്‍

കാല്‍ക്കല്‍ ഭൂമിദേവിയുണ്ട്‌
തലയ്ക്കല്‍ ലക്ഷ്മീദേവിയുണ്ട്‌

ഞൊടിയിടയില്‍ ആ ദൃശ്യം മറഞ്ഞു.
ആ സ്ഥാനത്ത്‌ ഒരു ഉപനയത്തുണ്ണി
മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍
ഉണ്ണി കുടവയറില്‍ ഒട്ടി കിടക്കുന്ന പൂണൂല്‍

എന്താ വില്വമംഗലം മിഴിച്ച്‌ നോക്കണെ? നാം വീട്ടില്‍ കാണും അങ്ങോട്ട്‌ വന്നോളുക എന്നും പറഞ്ഞ്‌ അപ്രത്യക്ഷമായി

അനന്തന്‍ കിടന്നിടത്ത്‌ നിന്ന് സ്വാമിയാര്‍ ഒരു സാളഗ്രാമം കണ്ടെത്തി. ആ ഇരിപ്പ മരത്തിന്‍ ചുവട്ടില്‍ വില്ല്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠ നടത്തി..അനന്തശയനരൂപത്തിലുള്ളതിനാല്‍ അനന്തപദ്‌മനാഭന്‍ എന്ന പേരില്‍ പിന്നീട്‌ അറിയപ്പെട്ടു.

(കടപ്പാട്‌ : വില്ല്വമംഗലം സ്വാമി എന്ന പുസ്തകത്തോട്‌)

Monday, August 21, 2006

സാകേതിലെ സര്‍ദാര്‍ണി

അന്ന് ജീവിതം യൌവനാരംഭഘട്ടത്തിലായിരുന്നു.

ഓര്‍മ്മിപ്പിക്കത്തക്കതായി അധികം ഒന്നും ബാക്കി വെയ്ക്കാതെ(ക്യംപസ്സ്‌ ഒഴിച്ച്‌) ബാല്യ കൌമാരങ്ങള്‍ കടന്ന്പോയ്ക്കഴിഞ്ഞിരുന്നു.

മഹാനഗരത്തിലെത്തുന്ന അസംഖ്യം തൊഴിലന്വേഷകരില്‍ ഒരാളായി ന്യുഡെല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ദിനംപ്രതി ശോഷിച്ച്‌ വരുന്ന പോക്കറ്റും ശരീരവും..

വൈകുന്നേരങ്ങളില്‍ അന്വേഷണം അവസാനിപ്പിച്ച്‌ കൂടണയും മുന്‍പ്‌ രാത്രി ഭക്ഷണം കഴിച്ചിരുന്നത്‌ റോഡരികില്‍ ഉള്ള സര്‍ദാര്‍ണിയുടെ ഡാബയില്‍ നിന്നായിരുന്നു. ഡാബ എന്ന് പേര്‌ മാത്രമേ ഒള്ളു. ഇരിക്കാന്‍ ഇടമൊന്നുമില്ല. സര്‍ദാര്‍ണി നിലത്തിരുന്ന് ഒരു അടുപ്പില്‍ ചപ്പാത്തി ചുട്ടെടുക്കും.ഒരു വലിയ കലം നിറയെ പരിപ്പ്‌ കറിയും മറ്റൊരു കലം നിറയെ ഉരുളക്കിഴങ്ങ്‌ കറിയും തയ്യാറാക്കി വെച്ചിട്ടുണ്ടാകും.

സര്‍ദാര്‍ണിയുടെ ഡാബയില്‍ മറ്റൊരു സാധനം കൂടെ കിട്ടും.
നന്നായി അറിയുന്നവര്‍ക്ക്‌ മാത്രം.
ആട്ടിന്‍പാലില്‍ കഞ്ചാവ്‌ കിഴി കെട്ടി,ആ കിഴി പുറത്തെടുത്ത്‌ പിഴിഞ്ഞ്‌ ഒരു ഗ്ലാസില്‍ നിറച്ച്‌ കൊടുക്കും.

അതാണ്‌ ഭാംഗ്‌

അത്‌ കുടിച്ചാല്‍ സ്വര്‍ഗ്ഗം കാണും

ഒരു തവണയെ ജീവിതത്തില്‍ അതു കുടിക്കാന്‍ പറ്റിയൊള്ളു.

ദില്ലിയില്‍ എത്തിയ ശേഷം പരിചയപ്പെട്ട മുഹമ്മദ്‌ സലീം എന്ന സുഹൃത്താണ്‌ എന്നെ ഭാംഗ്‌ കഴിക്കന്‍ പ്രേരിപ്പിച്ചത്‌.സര്‍ദാര്‍ണി മനസ്സില്ലാമനസ്സോടെയാണ്‌ തന്നത്‌. പകുതിയെ കുടിക്കാന്‍ പറ്റിയൊള്ളു. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം പരവശനായി. നടക്കാന്‍ പറ്റാതെ അവിടെ തന്നെ കിടന്നു. ഇത്‌ കണ്ട്‌ ഭയന്ന മുഹമ്മദ്‌ സലീം എങ്ങോട്ടോ ഓടിപോയി. സര്‍ദാര്‍ണിയാണ്‌ താങ്ങി പിടിച്ച്‌ എന്നെ താമസസ്ഥലത്ത്‌ എത്തിച്ചത്‌.

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നത്‌ വാതിലില്‍ തുടരെ തുടരെ ഉള്ള മുട്ട്‌ കേട്ടിട്ടാണ്‌.വാതില്‍ തുറന്നപ്പോള്‍ മുന്‍പില്‍ സര്‍ദാര്‍ണി.
ബേട്ടാ നീ എന്റെ കൂടെ വരണം ഇപ്പോള്‍തന്നെ.
എവിടേക്ക്‌?
അതൊക്കെ പറയാം. നീ പെട്ടന്ന് വാ
മാതാജി എനിക്കൊന്ന് കുളിക്കണം
ശരി വേഗമാകട്ടെ.. സര്‍ദാര്‍ണി കാത്തിരുന്നു.
കുളികഴിഞ്ഞ്‌ ഞാന്‍ അവരുടെ കൂടെ പുറത്തിറങ്ങി.എങ്ങൊട്ടാണെന്നോ എന്തിനാണെന്നോ ഒന്നും പറഞ്ഞില്ല. എത്തിയത്‌ ബംഗളാ ഗുരുദ്വാരയിലായിരുന്നു. രണ്ട്‌ താടിക്കാര്‍ ഗുരുപ്രതീകത്തില്‍ വെഞ്ചാമരം വീശുന്നുണ്ടായിരുന്നു.
'പ്രതിജ്ഞ ചെയ്യ്‌'
'എന്ത്‌ പ്രതിജ്ഞ?'
'ഇനി ജീവിതത്തില്‍ ഒരിക്കലും ഭാംഗ്‌ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യ്‌'
അങ്ങനെ ചെയ്യുകയേ എനിക്ക്‌ നിവൃത്തിയുണ്ടായിരുന്നൊള്ളു. അതോടെ അവര്‍ ഭാംഗ്‌ വില്‍പന നിറുത്തി..

വര്‍ഷങ്ങള്‍ക്‌ക്‍ശേഷം ഒരു നാള്‍ ജോലി സംബന്ധമായി ദില്ലിയില്‍ പോയതായിരുന്നു. തിരിച്ച്‌ വരാനുള്ള വിമാനം രണ്ട്‌ മണിക്കൂര്‍ വൈകും എന്ന് അറിഞ്ഞു. സാകേതില്‍ ഒന്ന് പോയാലൊ എന്ന് മനസ്സ്‌ പറഞ്ഞു. ഒരു ടാക്സി പിടിച്ച്‌ അവിടെ എത്തി. പഴയ ഡാബ ഇപ്പോള്‍ അവിടെ ഇല്ല. പരിചയമുള്ള ഒരു പാന്‍കടക്കാരനോട്‌ സര്‍ദാര്‍ണിയെകുറിച്ച്‌ ചോദിച്ചു.

അവരുടെ മക്കള്‍ അംബാലയില്‍ നിന്നും വന്ന് അവരെ കൂട്ടിക്കൊണ്ട്‌ പോയി എന്നു പറഞ്ഞു അയാള്‍. വര്‍ഷങ്ങളോളം മക്കളുടെ കണ്ണ്‍വെട്ടിച്ച്‌ ജീവിക്കുകയായിരുന്നുവത്രെ ആ അമ്മ.

പ്രണയത്തിന്റെ ദേശാടനം

പാത,മുന്‍പില്‍ നീണ്ട്‌ കിടക്കുകയാണ്‌..
ഓരോ സായം സന്ധ്യയിലും സുനില്‍ ആ പാതയിലൂടെ ഒരുപാട്‌ നടക്കുമായിരുന്നു. പാത അയാള്‍ക്ക്‌ ഏറെ പരിചിതമാണെങ്കിലും യാത്രയുടെ അവസാന ഘട്ടങ്ങളില്‍ അയാളുടെ കാലുകള്‍ വിറയ്ക്കും.പെരുവിരലില്‍ നിന്നും തുടങ്ങുന്ന മരവിപ്പ്‌ സിരകളിലാകെ പടര്‍ന്ന് നിറയുമ്പോള്‍ അയാള്‍ പരിസരം മറക്കും.കാലുകള്‍ക്ക്‌ ചലന ശേഷി നഷ്ടമാകും.. കണ്ണുകള്‍ക്ക്‌ അന്ധതയേറും.

ഇത്‌ ജന്മപാപത്തിന്റെ ലേബറിന്താണ്‌
തികച്ചും സങ്കീര്‍ണ്ണം
എങ്കിലും ആ പാതയുടെ ഏതെങ്കിലും ഒരു ഓരത്ത്‌ അവള്‍ കാത്ത്‌ നില്‍പ്പുണ്ടാകും എന്ന പ്രതീക്ഷ അയാളെ എന്നും സായാഹ്നയാത്രകളിലേക്ക്‌ നയിക്കും...

പിന്നെ,രാത്രിയാണ്‌

തുരുമ്പ്‌ പിടിച്ച ജനലഴികളിലൂടെ കിഴക്കോട്ട്‌ നോക്കി കിടക്കുമ്പോള്‍ അകലെ ചെങ്കുത്തായ മലനിരകള്‍ക്ക്‌ മുകളില്‍ തെളിഞ്ഞ്‌ ചിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കാണാമായിരുന്നു.മലനിരകളെ ചുറ്റി പോകുന്ന അവസാനത്തെ ബസ്സിന്റെ വെളിച്ചവും ഇരുളില്‍ മറഞ്ഞാല്‍ പിന്നെ രാവ്‌ നിശ്ശബ്ദമാണ്‌..

പിന്നെ,അറിയാതെയെപ്പോഴെങ്കിലും നിദ്രയുടെ ആലിംഗനത്തിലമരുമ്പൊള്‍ മുന്‍പില്‍ നിറയുന്നത്‌
ഒരു പാവാടക്കാരിയാണ്‌.

നെറ്റിയില്‍ ചന്ദന കുറിയും മുടിതുമ്പില്‍ ഒരു തുളസിക്കതിരും ചൂടിവരുന്ന,എപ്പോളും ചുവന്ന പാവാടയുടുത്ത്‌ നടക്കുന്ന ഒരു പെണ്‍കൊടി.. കാലില്‍ ശ്ലഥകാകളി മീട്ടുന്ന പാദസ്വരങ്ങള്‍.....

പൂക്കള്‍ തേടി താഴ്‌വരയിലേക്ക്‌ പോകുന്നവര്‍ എന്തൊക്കേയോ ഉറക്കെ നിലവിളിക്കുന്നുണ്ട്‌. അവര്‍ പോരാളികളത്രെ..
അവരാകട്ടെ പടയൊരുക്കം നടത്തുന്നതിനു പകരം രാജാവുമായി സന്ധി ചെയ്ത്‌ സ്മാരകങ്ങളുടെ പണികളില്‍ വ്യാപൃതരായിരിക്കുകയാണ്‌. ആ സ്മാരകങ്ങളില്‍ അലങ്കരിക്കുവാന്‍ ഉള്ള പൂക്കള്‍ തേടിയാണ്‌ അവരുടെ യാത്ര..

പെണ്‍കുട്ടി ഒറ്റപ്പെട്ട്‌,മലഞ്ചരിവിലെ വെട്ടുവഴിയിലൂടെ ഓടിയിറങ്ങി കനാല്‍ വരമ്പിലൂടെ പടിഞ്ഞാറോട്ട്‌ ഓടി പോയി..

'സുനില്‍ നീ ഇനിയും ഉറങ്ങിയില്ലെ?' അടുത്ത മുറിയില്‍ നിന്ന് മായ സെന്‍ വിളിച്ചു ചോദിച്ചു. 'നേരം എത്രയായി എന്നറിയാമൊ? മൂന്ന് മണി കഴിഞ്ഞു. നീ എന്താ ഉണര്‍ന്നിരുന്ന് കിനാവ്‌ കാണുകയാണൊ? നാളേ സെമിനാര്‍ ഉള്ളതല്ലെ.. വേഗം കിടന്ന് ഉറങ്ങാന്‍ നോക്ക്‌'

സുനില്‍ വെറുതെ മൂളി പിന്നീട്‌ ലൈറ്റണച്ചു.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ താമസിക്കുന്ന ഹോസ്റ്റെലാണ്‌.ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പ്രതിഭകളുടെ ഉയര്‍ന്ന ചിന്തക്ക്‌ മുന്‍പില്‍ സ്ത്രീ എന്നൊ പുരുഷന്‍ എന്നൊ ഉള്ള വിഭജനങ്ങള്‍ ഇല്ലാതാകുന്നു. തലസ്ഥാന നഗരിയില്‍ മുന്നൂറോളം ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന ക്യാംപസ്‌ സുനിലിന്‌ എന്നും വേദനയാണ്‌.

പിന്നീടെപ്പോഴൊ,ദു:ഖംപോലെ .. സാന്ത്വനംപോലെ നിദ്ര കടന്ന് വന്നു..

2

സെമിനാര്‍ ഹാള്‍
ഇംപ്രഷനിസ്റ്റ്‌ വീക്ഷണത്തെക്കുറിച്ച്‌,ആന്ധ്രാക്കാരന്‍ സിദ്ധപതി രാജുവിന്റെ പ്രഭാഷണം. ചര്‍ച്ചകളില്‍ മൊഡുലാനിയും റെംബ്രന്റും കടന്ന് വരുന്നു. ബര്‍ഗ്ഗ്‌മാനും കാട്ടുഞ്ഞാവല്‍പഴങ്ങളും വരുന്നു.അല്‍ത്തൂസറും ഫൊയര്‍ബാഹും വരുന്നു..

സുനില്‍,അപ്പോള്‍ നാട്ടിന്‍ പുറത്തെ പ്രത്യയശാസ്ത്ര പഠന ക്യാംപില്‍ ആണ്‌. നീണ്ട്‌ മെലിഞ്ഞ പ്രഭാഷകന്റെ വാഗ്ദോരണിക്കിടയിലും ഒളികണ്ണിട്ട്‌ നോക്കുന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയുടെ കുസൃതി നിറഞ്ഞ കണ്ണുകളുമായി,അറിയാതെ ഉടക്കി പോകുന്നു.അവളുടെ കണ്ണുകളില്‍ നോക്കി ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്ന അന്‍ജലി സര്‍ക്കാര്‍ അവന്റെ കാലില്‍ നുള്ളിക്കൊണ്ട്‌ ചോദിച്ചു.

'നിനക്കെന്താ വട്ടാണോ?'
സുജാതാ.. ഇത്‌ ഞാനാണ്‌.
'നീ ഇതെന്തൊക്കെയാ പറയുന്നത്‌.ആരാണ്‌ സുജാത? ഇവിടെ വളരെ ഗൌരവമുള്ള ഒരു കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച നടക്കുമ്പോളാണ്‌ അവന്റെ ഒരോ വട്ടുകളി.

കാന്റീനില്‍ മായയോടൊപ്പം ഇരുന്ന് വില്‍സ്‌ ഫില്‍ട്ടര്‍ സിഗരെറ്റുകള്‍ പുകച്ച്‌ തള്ളുമ്പോള്‍ അവള്‍ ചോദിച്ചു.
'സുനില്‍ നിന്നെ ഞാന്‍ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത്‌ കൊണ്ട്‌ പോകട്ടെ?'

'മായാ നിനക്ക്‌ എന്നെ സഹിക്കാനാവുന്നില്ല അല്ലെ?

നോക്ക്‌ സുനില്‍, നമ്മള്‍ കൌമാരപ്രായക്കാരല്ല. യൌവനത്തിന്റെ മദ്ധ്യത്തില്‍ എത്തി നില്‍ക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥികളാണ്‌. നീ കുറച്ചുകൂടി പ്രായോഗികമായി കാര്യങ്ങള്‍ നോക്കിക്കാണണം.അനാവശ്യങ്ങളായ കാര്യങ്ങളെ കുറിച്ചാലോചിച്ച്ക്‌ നീ എന്തിനാണ്‌ ജീവിതം പാഴാകുന്നത്‌. നീ നിന്റെ റിസെര്‍ച്ചില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്ക്‌.

'മായ നിനക്കറിയാമോ..ചരിത്രം അതിന്റെ നിര്‍മ്മിതിക്കും പരസ്യത്തിനും വേണ്ടി ഉപയോഗിച്ചത്‌ മനുഷ്യനെയായിരുന്നു.'

'സുനില്‍ നീ നിന്റെ റിസെര്‍ച്ച്‌ പേപ്പറിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേള്‍ക്കാനാണ്‌ എനിക്കിഷ്ടം.. നീ ഒരു നല്ല മനുഷ്യനാകണം.അതു കാണാന്‍ ആണ്‌ എനിക്ക്‌ ആഗ്രഹം

'സുജാതേ ഇത്‌ നിളയില്‍ വെള്ളം കയറുന്ന കാലമാണോ? എന്തോ ഡിസംബറിലെ നിള എന്റെ ഓര്‍മ്മയിലെത്തുന്നില്ല..കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ തീരത്തെ കരിമ്പനകള്‍ ആടിയുലയുന്നതും,പുഴയോരത്തു കൂടെ കൂകിയലറി പോകുന്ന തീവണ്ടിയുടെ പുക പടിഞ്ഞാറോട്ട്‌ പോകുന്നതുമൊക്കെയെ ഓര്‍മ്മയില്‍ വരുന്നൊള്ളു.'

സുനില്‍ നീ എന്തൊക്കെയാണീ പറയുന്നത്‌. നീ ആ സിഗരെറ്റ്‌ കുറ്റി വലിച്ചെറിയ്‌.അത്‌ നിന്റെ വിരലുകളെ പൊള്ളിക്കുന്നത്‌ നീ അറിയുന്നില്ലെ'?

സുനില്‍ കാന്റീനിലെ കസേരയില്‍ തിരിച്ചെത്തുന്നു.

അപ്പോഴേക്കും മഞ്ഞുപെയ്യാന്‍ തുടങ്ങിയിരുന്നു. ഡിസംബറില്‍ ദില്ലിയില്‍ അങ്ങനെയാണ്‌. വൈകീട്ട്‌ അഞ്ച്‌ മണിയോടെ മഞ്ഞ്‌ വീഴാന്‍ തുടങ്ങും. മായ കസേരക്ക്‌ പുറകെ തൂക്കിയിട്ടിരുന്ന രോമക്കുപ്പായമെടുത്തിട്ടു.

സുനില്‍ നീ നിന്റെ സ്വെറ്റര്‍ എടുത്തിട്ടില്ലെ?'

ഞാന്‍ സ്വെറ്റര്‍ വാങ്ങിയിട്ടുപോലുമില്ല

ഈ തണുപ്പില്‍ സ്വെറ്റര്‍ ഇല്ലാതെ നീ എങ്ങനെ കഴിയും? ഞാന്‍ നിനക്ക്‌ ഒരു പുതിയ സ്വെറ്റര്‍ വാങ്ങി തരാം

വേണ്ട. കഴിഞ്ഞ മഞ്ഞുകാലത്തും ഞാന്‍ സ്വെറ്റര്‍ വാങ്ങിയില്ലാലോ

ശരി വാ നമുക്ക്‌ ഹോസ്റ്റലിലേക്ക്‌ പോകാം

മായ നീ പോകു. ഞാന്‍ പിന്നെ വരാം
ഇരുട്ടും മുന്‍പ്‌ അങ്ങെത്തിയേക്കണം.വഴിയില്‍ അതും ഇതും നോക്കി അന്തം വിട്ട്‌ നില്‍ക്കരുത്‌
ശരി

അപ്പോള്‍ കരോള്‍ബാഗിലെ വഴിവാണിഭക്കാര്‍ മഞ്ഞില്‍ നിന്നും രക്ഷനേടാന്‍ വലിയ കുടകള്‍ നിവര്‍ത്തിക്കഴിഞ്ഞിരുന്നു.

പ്ലാസ സിനിമ കടന്ന് കോനാട്ട്‌ പ്ലേസിലൂടെ നീങ്ങുമ്പോള്‍ സുനിലിനെ ആരോ പുറകില്‍ നിന്നും വിളിച്ചു. ശ്രീരാം സെന്ററിലെ ബുദ്ധിജീവി സുഹൃുത്തുക്കള്‍ ആരെങ്കിലും ആയിരിക്കാം എന്ന് ഭയന്ന് അയാള്‍ വേഗത്തില്‍ നടന്നു. ഒരു ഓട്ടോറിക്ഷയില്‍ കയറി ഹോസ്റ്റലിനടുത്ത്‌ ചെന്നിറങ്ങി. അപ്പോള്‍ വീണ്ടുമതാ ആരോ വിളിക്കുന്നു.
'ഇത്‌ ഞാനാണ്‌ സുജാത'
അപ്പോള്‍ കിഴക്കന്‍ മലനിരകളുടെ വിടവിലൂടെ പാണ്ടിക്കാറ്റടിച്ചെത്തി. നിള ശാന്തമായൊഴുകി. ദില്ലിയിലേക്ക്‌ പോകുന്ന തീവണ്ടി കിഴക്കോട്ട്‌ പാഞ്ഞുപോയി. തീവണ്ടി പോയതോടെ,ഗതാഗതം തടഞ്ഞ്‌ നിറുത്തിയിരുന്ന ഗേറ്റ്‌ ഉയര്‍ന്നു.വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ തുടങ്ങി. ലക്കിടിയിലെ മുസ്ലീം പള്ളിയില്‍ നിന്നും ബാങ്ക്‌ വിളി ഉയര്‍ന്നു..

പുഴയോരത്ത്‌ കൂടെ പടിഞ്ഞാറോട്ട്‌ നടന്നാല്‍ കൂട്ടില്‍ മുക്കില്‍ എത്താം. അത്‌ നിളയുടേയും ഗായത്രിയുടേയും സംഗമസ്ഥാനമാണ്‌. രാഗവതികളായ രണ്ട്‌ പെണ്‍കൊടികളുടെ മേളനം പോലെ നദികള്‍ ഒന്നായിതീരുന്നത്‌ കാണാം.

അവരിരുവരും പാലത്തിനു്‌ മുകളിലാണ്‌. പടിഞ്ഞാറ്‌ അസ്തമയ സൂര്യന്റെ തങ്ക ബിംബം.. പൂര്‍ണ്ണ വൃത്തം..

അവള്‍ എന്തൊക്കേയൊ പറഞ്ഞ്‌ തര്‍ക്കിച്ചു കൊണ്ടിരുന്നു. പിന്നെ കിഴക്ക്‌ നിന്നൊരു കാറ്റ്‌ വീശി.. ആ കാറ്റിനോടൊപ്പം അവല്‍ പടിഞ്ഞാറോട്ട്‌ പറന്നു പോയി..

ദേശമംഗലത്തുള്ള അവളുടെ അമ്മാവന്റെ വീട്ടില്‍ പോയതാകും അവള്‍ എന്ന് അവന്‍ വിചാരിച്ചു.അല്ലെങ്കില്‍ ചെറുതുരുത്തിയിലെ ഇളയമ്മയുടെ അടുത്തേക്ക്‌..അതുമല്ലെങ്കില്‍ മേഴത്തൂര്‌ വൈദ്യമഠത്തില്‍ ചികില്‍സയില്‍ കഴിയുന്ന അവളുടെ അദ്ധ്യാപികയെ കാണാന്‍..

പിറ്റേന്ന് പ്രഭാതത്തില്‍ ഹോസ്റ്റലിന്റെ മുഖ്യ കവാടത്തിനടുത്ത്‌ വെച്ച്‌ മായ സുനിലിനെ കണ്ടെത്തി. ഒരു അശോക മരച്ചുവട്ടില്‍ അവന്‍ കിടക്കുകയായിരുന്നു.അവന്‌ നന്നായി പനിക്കുന്നുണ്ടായിരുന്നു.അവള്‍ അവനെ ഗുപ്താജിയുടെ ആശുപത്രിയിലെത്തിച്ചു. സന്ധ്യയായപ്പോഴേക്കും സുനിലിന്‌ പരിധിക്കപ്പുറം ശരീരം പൊള്ളി. ഡോക്ടര്‍ ഒരു സിറിഞ്ച്‌ നിറയെ മരുന്ന് അവന്റെ കൈമുട്ടിനു മുകളില്‍ കുത്തിവെച്ചു.

മണല്‍ മുഴുവന്‍ വാരിയതിനാല്‍ പുഴയില്‍ ചേങ്ങോലുകള്‍ മാത്രമെയൊള്ളു. പുഴയോരത്തെ കുംഭവാഴതോട്ടങ്ങളില്‍ വാഴകള്‍ കുലച്ച്‌ നില്‍ക്കുന്നു. അയാള്‍ കണക്കു കൂട്ടി. ധനു,മകരം.. രണ്ട്‌ മാസം കഴിഞ്ഞാല്‍ ഈ കുലകള്‍ വെട്ടി തൃശ്ശൂരങ്ങാടിയില്‍ കൊണ്ട്‌ വില്‍ക്കും. അപ്പോള്‍ കിഴക്കു നിന്ന് ഒരു തീവണ്ടി വന്നു. കെ.കെ.എക്സ്പ്രസ്സ്‌ രണ്ട്‌ മണിക്കൂര്‍ നേരത്തെയാണല്ലോ? സമയം ഏഴുമണി ആയിട്ടേയൊള്ളു. ഒന്‍പതു മണിക്കാണല്ലോ ഇതിവിടെ എത്താറ്‌. ആരാണ്‌ മുഖത്തേക്ക്‌ വെള്ളം തേവുന്നത്‌???

അവന്‍ കണ്ണു തുറന്നു
മുന്‍പില്‍ നിറകണ്ണുകളുമായി മായ സെന്‍.അവള്‍ക്ക്‌ പുറകെ അന്‍ജലി സര്‍ക്കാര്‍,നാന സിംഗ്‌,സിദ്ധപതി രാജു,അശോകന്‍,ശരവണന്‍..
അവന്‍ മായയുടെ മുഖത്ത്‌ നോക്കി

'വില്ല്വാദ്രീ ക്ഷേത്രത്തില്‍ തൊഴുകാന്‍ പോകുന്നു എന്ന് പറഞ്ഞ്‌ പോയതല്ലെ നീ. അന്ന് ഏകാദശി ആയിരുന്നല്ലൊ. എന്നിട്ട്‌ തിരിച്ച്‌ വരാന്‍ നീ ഇത്രയും കാലമെടുത്തൊ? സുജാതാ നിന്നെ ഞാന്‍ എവിടെയൊക്കെ അന്വേഷിച്ചു. നിന്നെ കണ്ടുകിട്ടാനായി ഞാന്‍ എത്ര തവണ പുനര്‍ജ്ജനി നൂഴ്‌ന്നു. നീ എവിടെയായിരുന്നു

അപ്പോള്‍ മായ പരഞ്ഞു.

സുനില്‍ കാളീ ക്ഷേത്രത്തില്‍ തൊഴുത്‌ മടങ്ങുമ്പോള്‍ എനിക്ക്‌ വഴി തെറ്റി. കേവിട്‌ത്തല്ല ശ്മശാനം വഴി വരണോ അതോ ഹൌറാ ബ്രിഡ്‌ജ്‌ വഴി വരണോ എന്നു ശങ്കിച്ച്‌ നില്‍ക്കുമ്പോളാണ്‌ കാല്‍ക്കാ മെയില്‍ വന്നത്‌. ഞാന്‍ അതില്‍ കയറി ദില്ലിയില്‍ എത്തി. ഞാന്‍ വന്നത്‌ നിന്നെ തേടി മാത്രമാണ്‌

അപ്പോള്‍, ഗുപ്താജിയുടെ ആശുപത്രിയിലെ വിളക്കുകളത്രയും തെളിഞ്ഞു.ആശുപത്രിക്ക്‌ മുന്‍പിലെ ലൂയി പാസ്ചറുടെ പ്രതിമയ്ക്ക്‌ ചുറ്റും മെര്‍ക്കുറി ദീപങ്ങളെരിഞ്ഞു.

സുനില്‍ ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി. മഹാത്മാഗാന്ധീ റോഡെന്ന റിംഗ്‌ റോഡ്‌ നീണ്ട്‌ കിടക്കുന്നു.. അതിലൂടെ പോയാല്‍ യമുനാ ബ്രിഡ്ജിലെത്താം.
വീണ്ടും പോയാല്‍ നൊയിഡയില്‍,അലിഗറില്‍,മഥുരയില്‍,ആഗ്രയില്‍,ഗ്വാളിയാറില്‍...

അതിലൂടെ പരശതം ആളുകള്‍ നിളയായ്‌ ഒഴുകി..
പാതയോരത്തെ ഗുരുദ്വാരയില്‍ നിന്നും സംഗീത ധ്വനി ഉയരുന്നു..
വാഹനങ്ങള്‍ നിര നിരയായി നീങ്ങുന്നു. അവര്‍ക്കൊപ്പം മായയുടെ തോളില്‍ പിടിച്ച്‌ അവനും.
അപ്പോള്‍ വീണ്ടും പാണ്ടിക്കാറ്റടിച്ചു.

പ്രണയ ദേശാടനങ്ങള്‍ നിലയ്ക്കുന്നില്ല...

Sunday, August 20, 2006

നീരു ബെന്‍സാള്‍

ഗോപുരങ്ങള്‍... സ്മാരകങ്ങള്‍

തെരുവുകളും പാതകളുമായി മാറിയ ചരിത്രപുരുഷന്മാര്‍(സ്ത്രീകളും).

ഷാജഹാന്‍ബാദിലെ ബര്‍സാത്തികളും അക്ബര്‍ റോഡിലെ എടുപ്പുകളും ബാര്‍കംബ റോഡിലെ വന്‍ സൌധങ്ങളും കോനാട്ട്‌ പ്ലേസിലെ വ്യാപാര സമുച്ചയങ്ങളും,ഒരു മൂലയ്ക്ക്‌ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന മദ്രാസ്‌ ഹോട്ടെലും.. അങ്ങനെ അങ്ങനെ.. ദില്ലിയില്‍ നന്മയുടേയും തിന്മയുടേയും വിഹാരരംഗങ്ങള്‍..

മാളവ്യാ നഗറിലെ മതികെട്ടാന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ കടന്ന് പിന്നെയും ചെന്നാല്‍ ഹൌസ്‌ഖസില്‍ എത്താം. വീണ്ടും പോയാല്‍ ചാണക്യപുരി..

മഞ്ഞുകാലങ്ങളില്‍ ചരിത്രത്തിന്റെ രോമക്കുപ്പയമണിഞ്ഞ്‌ ദില്ലി തന്നിലേക്ക്‌ ചുരുങ്ങുന്നു.

പാര്‍ലിമെന്റ്‌ തെരുവിലും, മെഹ്രൊളിയിലും, മൂള്‍ചന്ദിലും കാല്‍ക്കാജിയിലും ചിരാഗ്‌ ദില്ലിയിലും നെഹ്രു പ്ലേസിലും,സാകേതിലും ഖാണ്‍പൂരിലും മദന്‍ഗീറിലും,കുത്തബ്‌ മീനാറിലും,ലാല്‍കിലയിലും പുരാണ്‍കിലയിലും ചെങ്കോട്ടയിലും ഇന്ത്യാഗേറ്റിലും മഞ്ഞുവീണുറയുന്ന ശീതകാലങ്ങളില്‍ ഷേക്‌ക്‍സരായിലെ ഗവര്‍ണ്‍മന്റ്‌ മദ്യഷോപ്പിനു മുന്‍പില്‍ വരിയില്‍ നിന്ന് വാങ്ങി കൊണ്ടുവരുന്ന ഹണിബീയും മാന്‍ഷന്‍ ഹസും.. മദര്‍ ഡയറിക്ക്‌ മുന്‍പില്‍ ഉള്ള അരുണ്‍ കട്രിയുടെ പലചരക്ക്‌ കടയില്‍ നിന്നു വാങ്ങുന്ന കശുവണ്ടി പരിപ്പും പൊരിച്ച കടലയും... ദില്ലിയിലെ മഞ്ഞുകാലം എന്നും വേദനയാണ്‌. ശ്രാദ്ധത്തിന്റെ വിമൂകത പ്രധാനം ചെയ്യുന്ന നഗര രാത്രികള്‍.

ഖാണ്‍പൂരിലെ വേശ്യകളും കൂട്ടിക്കൊടുപ്പുകാരും ഗുണ്ടകളും..

ചാന്ദിനീ ചൌക്കിലെ ഹിജ്ഡകളും നര്‍ത്തകരും..

പഴയ ദില്ലിയിലെ കുതിരവണ്ടികളും ജഡ്ക്കകളും..

ദില്ലി നന്മതിന്മകളുടെ നഗരമാകുന്നു..

2

സിരില്‍ ഫോര്‍ട്ടില്‍ നിന്നും പഥേര്‍ പാഞ്ചാലി കണ്ടിറങ്ങുകയായിരുന്നു. അപുവും ദുര്‍ഗ്ഗയും ഒരു നായയും മധുരപലഹാര കച്ചവടക്കാരന്റെ പുറകേ ഓടുമ്പോല്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ പണ്ഡിറ്റ്‌ രവിശങ്കറിന്റെ സിത്താറിന്റെ ഈണം മനസ്സില്‍ നിലച്ചിരുന്നില്ല.
കോണാട്ട്‌ പ്ലേസില്‍ ടാക്സിയില്‍ ചെന്നിറങ്ങിയപ്പോഴും ആ ഈണം മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു.

അപരാഹ്നത്തില്‍ ദില്ലി തിളച്ച്‌ മറിയുകാണ്‌

കേതകി ഘോഷാലിന്റെ പുസ്തക കടയില്‍ കയറി ബിഭൂതിഭൂഷന്റെ പഥേര്‍ പാഞ്ചാലിയുടെ കോപ്പി തെരഞ്ഞു.പുസ്തകം സ്റ്റോക്കില്‍ ഇല്ലായിരുന്നു.ആരോഗ്യനികേതന്‍ വേണമെങ്കില്‍ എടുത്തോളാന്‍ കേതകി പറഞ്ഞു. ആ പുസ്തകം എന്റെ കയ്യില്‍ ഉണ്ട്‌.ജീവന്‍മശായി എനിക്കു ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രവുമാണ്‌

അവിടെ നിന്നും ഇറങ്ങി നെരൂളയും മദ്രാസ്‌ ഹോട്ടെലും പിന്നിട്ട്‌ പാലിക ബസാറിനു മുന്‍പില്‍ ഉള്ള ബസ്സ്‌ സ്റ്റാന്റില്‍ മദന്‍ഗീറിലേക്കുള്ള ഗ്രീന്‍ലൈന്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുമ്പോളാണ്‌ അവളെ ആദ്യമായി കണ്ടത്‌..

നീരു ബെന്‍സാള്‍.. അതാണ്‌ അവളുടെ പേര്‌

അക്കാലത്ത്‌ ദില്ലിയിലെ ബസ്സുകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നിരിക്കുമായിരുന്നു.അവള്‍ എന്റെ അടുത്ത്‌ വന്നിരുന്നു.

ഗ്രീന്‍ലൈനിലെ യാത്ര ചിലവുകൂടിയതാണ്‌.ഓഫീസുകള്‍ വിടുന്ന സമയങ്ങളില്‍ യെല്ലൊ ലൈനില്‍ യാത്ര ദുരിതമാണ്‌.അതുകൊണ്ടാണ്‌ മൂന്ന് രൂപ കൂടുതല്‍ ആണെങ്കിലും ഗ്രീന്‍ലൈനില്‍ കയറിയത്‌. പാലികാ ബസാറില്‍ നിന്നും മദന്‍ഗീറിലെത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. സീറ്റില്‍ വന്നിരുന്നതും പെണ്‍കുട്ടി ഉറങ്ങാന്‍ തുടങ്ങി. ബസ്സ്‌ മൂള്‍ചന്ദില്‍ എത്തിയപ്പോഴെക്കും അവള്‍ എന്റെ തോളിലേക്ക്‌ തല ചായ്ച്ച്‌ കഴിഞ്ഞിരുന്നു. ഞാന്‍ ഒന്നു രണ്ട്‌ തവണ ഉണര്‍ത്തി വിട്ടു.പക്ഷെ വീണ്ടും തല എന്റെ ചുമലിലേക്ക്‌ തന്നെ..

അപ്പോഴേക്കും ഇരുട്ട്‌ വീണിരുന്നു. തണുപ്പ്‌കാലത്ത്‌ പെട്ടന്ന് ഇരുട്ടാകും.

സാക്കേതില്‍ ബസ്സ്‌ നിന്നപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ തയ്യാറായി.അപ്പോഴും അവളുടെ തല എന്റെ ചുമലില്‍ തന്നെ. ഞാന്‍ പതിയെ പറഞ്ഞു ' എനിക്ക്‌ ഇവിടെ ഇറങ്ങണം'

അവള്‍ ഞെട്ടി എഴുന്നേറ്റു.
ഓ സാക്കേത്‌ എത്തിയോ എന്നും ചോദിച്ച്‌ ബാഗും എടുത്ത്‌ ഇറങ്ങാന്‍ തയ്യാറായി.അവള്‍ എന്നെ നോക്കി നന്ദി സൂചകമായി ഒന്നു ചിരിച്ചു..

അപ്പോള്‍ ഞാന്‍ വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ മനസ്സാല്‍ സഞ്ചരിക്കുകയായിരുന്നു..

അന്ന് ജീവിതത്തില്‍ വസന്താരവങ്ങള്‍ നിറഞ്ഞിരുന്നു.

സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും സുന്ദര പുഷ്പങ്ങള്‍ ആയിരുന്നു ഭൂമിയില്‍ നിറയെ..

അന്ന്,വസന്തത്തിന്‌ വഴിയോര വൃക്ഷങ്ങളിലത്രയും പൂക്കള്‍ നിറയ്ക്കാന്‍ കഴിയുമായിരുന്നു.

അന്നെന്റെ ആപ്പിള്‍വനികളില്‍ രക്തവര്‍ണാങ്കിത കനികള്‍ കനത്തിരുന്നു. എന്റെ മന്ദാരമരങ്ങളിലത്രയും സുഗന്ധ പുഷ്പങ്ങളും പൂവരങ്ങിന്‍ മരങ്ങളില്‍ മഞ്ഞപ്പൂക്കളും നിറഞ്ഞിരുന്നു.കിഴക്ക്‌ നിന്ന് പാണ്ടിക്കാറ്റടിക്കുമ്പൊള്‍ മൊട്ടോര്‍ മുല്ലകളില്‍ നിന്നും ധവള പുഷ്പങ്ങള്‍ പൊഴിയുമായിരുന്നു. നിശീഥിനികളില്‍ ചെമ്പക മരങ്ങള്‍ പൂക്കുകയും നറു സുഗന്ധം വിതറുകയും ചെയ്തിരുന്നു..

ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്കുള്ള പടയോട്ടങ്ങള്‍ അന്ന് തുടങ്ങിയിരുന്നില്ല്ല..
കംപ്യൂട്ടറുകളും കച്ചവട തന്ത്രങ്ങളും,പ്രകമ്പിതമായ ജീവിതത്തെ തടഞ്ഞ്‌ നിറുത്തിയിരുന്നില്ല..

നീരു ബെന്‍സാള്‍...

അവള്‍ ചിലപ്പോള്‍ ആനിയാകാം.ചിലപ്പോള്‍ ശേവന്തിയാകാം,അതുമല്ലെങ്കില്‍ ഖസാക്കിലെ മൈമൂനയെ പോലെ തികച്ചും സാങ്കല്‍പ്പികവുമാകാം..

പിന്നീടൊരുനാള്‍ ബികാജികാമാ പ്ലേസിലെ ഭക്ഷണശാലകളിലൊന്നില്‍ ഒരുമിച്ചിരുന്നപ്പോള്‍ നീരു എനിക്കു വാഗ്ദാനം ചെയ്ത പ്രണയത്തിന്റെ ഇളംനീരരുവികള്‍ ഉള്‍ക്കൊള്ളാനാവാതെ പോയത്‌ ചിലപ്പോള്‍ ആനിയുടെ ശാപം കൊണ്ടാകാം അല്ലെങ്കില്‍ ശേവന്തിയുടെ അനുഗ്രഹം കൊണ്ടാകാം..

മദന്‍ഗീറിലെ ഹിജ്‌ഡ

ശേവന്തി എന്നാണ്‌ അവരുടെ പേര്‌
കാണാന്‍ അതിസുന്ദരി..സ്ത്രീ സൌന്ദര്യത്തിന്റെ അഭൌമഭാവം.

പക്ഷെ നപുംസകമാണ്‌.

ഞാന്‍ എന്നും ഓഫീസിലേക്ക്‌ പോകുന്ന വഴിയില്‍ ഇവരെ കാണും. എന്നോട്‌ പൈസ ചോദിക്കും. ഞാന്‍ ഒരു രൂപയോ രണ്ടു രൂപയോ കൊടുക്കും.. അപ്പോള്‍ എന്റെ തലയില്‍ കൈ വെച്ച്‌ അനുഗ്രഹിക്കും. ഇന്നത്തെ ദിവസം നല്ലതാകട്ടെ എന്നാണ്‌ അനുഗ്രഹം...അന്നും പതിവുപോലെ ഞാന്‍ ഓഫീസിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്നു.. ശേവന്തി പതിവുപോലെ മുന്‍പില്‍ വന്നു. ഞാന്‍ ഒരു രൂപ നാണയം കൊടുത്തു.

അവരു പറഞ്ഞുബാബു ഇന്നിതു പോര.

അതെന്താ എന്നു ഞാന്‍.

അവരു പറഞ്ഞു,ബാബു ഇന്നു താങ്കളുടെ ജന്മദിനം അല്ലേ??

ഞാന്‍ ഞെട്ടിപ്പോയി, ശരിയാണല്ലോ.. ഇന്നെന്റെ ജന്മദിനം ആണല്ലോ.. ഞാന്‍ പോലും മറന്ന ഇക്കാര്യം ഇവര്‍ക്കെങ്ങനെ മനസ്സിലായി.. ഞാന്‍ പോക്കറ്റു തപ്പി നോക്കി.ആകെ പത്തു രൂപയെ ഒള്ളു. ചാര്‍റ്റേര്‍ട്‌ ബസ്സില്‍ മാസത്തില്‍ ഒരിക്കല്‍ ആണു്‌ പൈസ കൊടുക്കുന്നത്‌.. പക്ഷെ ഉച്ചക്കു്‌ ഊണു കഴിക്കാന്‍ പത്ത്‌ രൂപ വേണം..എന്റെ പരിഭ്രമം കണ്ട്‌ ശേവന്തി ചിരിച്ചു.. എന്നിട്ട്‌ അവരുടെ പേഴ്സ്‌ തുറന്ന് നൂറ്‌ രൂപയുടെ ഒരു നോട്ട്‌ എടുത്തു എനിക്ക്‌ തന്നു. എന്നിട്ടു പറഞ്ഞു

"ബാബു ദുരഭിമാനം വിചാരിക്കേണ്ട.. ഇത്‌ കടമാണ്‌. ശമ്പളം കിട്ടുമ്പോള്‍ തിരികെ തന്നാല്‍ മതി.. ഇന്ന് ജന്മദിനം ആയിട്ട്‌ മലബാര്‍ ഹോട്ടെലില്‍ ചെന്ന് ഊണ്‌ കഴിക്ക്‌. നിങ്ങള്‍ മദ്രാസികളുടെ ഹോട്ടെല്‍ ആണല്ലൊ.. താങ്കള്‍ക്ക്‌ ഇഷ്ടമാകും'

ഞാന്‍ ആകെ ചൂളിപ്പോയി.. ആ രൂപയും വാങ്ങി ഞാന്‍ അവിടെ നിന്നും ഓടുകയായിരുന്നു..

2
അന്ന്‌ ഒരു ഞായറാഴ്ചയായിരുന്നു. പതിവ്‌ അലക്കലും ഉണക്കലും ഒക്കെ കഴിഞ്ഞ്‌ ടെലിവിഷനില്‍ പണ്ഡിറ്റ്‌ ജെസ്‌രാജിന്റെ പാട്ടും കേട്ട്‌ കിടക്കുമ്പോള്‍ വാതിലില്‍ ആരൊ തുടരെ തുടരെ മുട്ടുന്നു. വാതില്‍ തുറന്നപ്പൊള്‍ മുന്‍പില്‍ നില്‍ക്കുന്നു ശേവന്തി. ശേവന്തിയുടെ ചുവന്ന ചോളിയും മുട്ടോളം എത്തുന്ന ചുവന്ന പാവാടയും എന്റെ മുറിയെ വര്‍ണ്ണശബളമാക്കി.അവരുടെ കാല്‍ചിലമ്പുകളില്‍ നിന്ന് ഒരു ആദി സംഗീതം ഉണര്‍ന്നു.
ബാബു ഉറക്കമാണോ?
അല്ലല്ലോ ശേവന്തിജി.
എനിക്ക്‌ നിന്നൊട്‌ ചില കാര്യങ്ങള്‍ സംസാരിക്കണം
ശേവന്തി എന്നെ ആദ്യമായാണ്‌ നീ എന്നു വിളിക്കുന്നത്‌
ഞാന്‍ പറഞ്ഞു പറയു ശേവന്തിജി.
അനന്തരം ശേവന്തി നിലത്ത്‌ ചമ്രം പടിഞ്ഞിരുന്നു. കുറച്ചു നേരം കണ്ണടച്ച്‌ ധ്യാനത്തില്‍ ഇരുന്നു. പിന്നീട്‌ കണ്ണുകള്‍ തുറന്ന് മെല്ലെ പറഞ്ഞു തുടങ്ങി.ബാബു നീ സമ്പത്തിന്റേയും സമൃദ്ധിയുടേയും ഗൃഹത്തില്‍ നിന്നും വന്നവനാകുന്നു
'അതെ'
നിറയെ സ്നേഹവും സന്തോഷവും തരുന്നവരായിരുന്നു നിന്റെ മാതാപിതാക്കള്‍ അല്ലേ?
അതെ
ബാബു നിന്റെ ജീവിതത്തിലെ നല്ല കാലം കഴിഞ്ഞിരിക്കുന്നുനിനക്ക്‌ താങ്ങാനാവുന്നതിലും വലിയ ദുരന്തങ്ങള്‍ നിന്നെ കാത്തിരിക്കുന്നു.നീ പ്രണയിച്ച നിന്റെ പെണ്ണിനെ നിനക്ക്‌ നഷ്ടമാകാന്‍ പോകുന്നു.തൊഴില്‍ നാശം കൊണ്ടും ദനലോഭം കൊണ്ടും നിന്റെ ജീവിതം ദുസ്സഹമാകാന്‍ പോകുന്നു.ബന്ധുക്കള്‍ നിന്നെ കയ്യൊഴിയും,സുഹൃത്തുക്കള്‍ നിന്നെ ഉപേക്ഷിക്കും.നീ സര്‍വനാശത്തിനിരയാകും.

പക്ഷെ കാലം നിന്റെ മുറിവുകളെ ഉണക്കും.. നന്മയും ശാന്തിയും ദനവും ധാന്യവും നിന്റെ ജീവിതതിലേക്ക്‌ തിരികെ വരും.പക്ഷെ അതിനുള്ളില്‍ നീ ആഗ്രഹിച്ചതെല്ലാം നിനക്ക്‌ നഷ്ടമായിട്ടുണ്ടാകും.

ഞാന്‍ ഒന്നും മിണ്ടിയില്ല.. എല്ലാം കേട്ടിരുന്നു.

ദുരന്തങ്ങള്‍ അല്ലെങ്കിലും പേക്കിനാവുകളായി വന്ന് എന്റെ നിശകളെ നിദ്രാവിഹീനങ്ങള്‍ ആക്കാന്‍ തുടങ്ങിയിരുന്നു

ശേവന്തി തുടര്‍ന്നു..
ഇതിനൊക്കെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു നീ എന്നൊട്‌ ചോദിക്കുകയാണെങ്കില്‍
" ഒന്നുകില്‍ നീ ഈ ജന്മം ഉപേക്ഷിച്ച്‌ ഈ ലോകത്തില്‍ നിന്നു പോകു അല്ലെങ്കില്‍ എന്നെ പോലെ ഒരു നപുംസകം ആകു.. ഞങ്ങളെ നോക്കു.. ഞങ്ങള്‍ എന്നും രാത്രിയില്‍ നൃത്തം ചെയ്യുന്നു..സ്ഖലനമില്ലാത്ത ദീര്‍ഘ രതിയില്‍ മുഴുകുന്നു.. ഇന്നലകളില്ല.. നാളകളില്ല.. ഇന്നുകള്‍ മാത്രം..

പക്ഷെ ഞാന്‍ ഒരിക്കലും നിന്നെ ഞങ്ങളുടെ ഈ ജീവിതത്തിലേക്ക്‌ ക്ഷണിക്കില്ല.. ശേവന്തി പറഞ്ഞു നിറുത്തി.

അപ്പോള്‍ വൈദ്യുത പാചക യന്ത്രം നീട്ടി കൂവി. ഞാനും ശേവന്തിയും കൂടെ ഭക്ഷണം കഴിച്ചു..സുഖശീതളമായ നിദ്രയുടെ ആലസ്യത്തില്‍ ഞാന്‍ കിടക്കയിലേക്ക്‌വീണു. ഞാന്‍ അന്നേ വരെ കേട്ടിട്ടില്ലാത്ത ഒരു അതി മധുര രാഗം മൂളി ശേവന്തി എന്നെ ഉറക്കത്തിലേക്ക്‌ നയിച്ചു. ഗാഢവും സുഖദീപ്തവുമായ നിദ്ര.അനാദിയായ മയക്കത്തിന്റെ മേച്ചില്‍ പുറങ്ങളിലൂടെ ഞാന്‍ അനവരതം സഞ്ചരിച്ചു. കവിളില്‍ ഒരു മൃദു ചുംബനത്തിന്റെ സ്നിഗ്ദത ഞാന്‍ അറിഞ്ഞു..ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിയിരുന്നു.ശേവന്തി മുറിയില്‍ ഇല്ലായിരുന്നു.. ശേവന്തിയെ ഞാന്‍ പിന്നീട്‌ കണ്ടില്ല.. പിന്നീടെന്നല്ല ഒരിക്കലും കണ്ടില്ല.. ശേവന്തി വിസ്മൃതിയുടെ അഗാധതകളിലെവിടേയൊ പതിച്ചു.. എന്റെ ആനിയെ പോലെ..ആനി........

എന്നെ കുറിച്ചല്‍പ്പം


ആയിരത്തി തൊള്ളായിരത്തി അറുപത്തേഴ്‌ ഫെബ്രുവരി മാസം പതിനാറാം തിയ്യതി രാവിലെ ആറുമണി കഴിഞ്ഞ്‌ പത്ത്‌ മിനുട്ട്‌ ആയപ്പോള്‍ ഭരണി നക്ഷത്രത്തില്‍ പിറന്ന പുരുഷന്‍ .

പാലക്കാടിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ വേലയും പൂരവും പൂതന്‍ തിറയാട്ടവും ആനയും അമ്പാരിയും പുള്ളുവന്‍ പാട്ടും പൊറാട്ടിന്‍കളിയും പഞ്ചവാദ്യവും തോല്‍പ്പാവ കൂത്തും കുമ്മാട്ടിയും തായമ്പകയും വെളിച്ചപ്പാടു തുള്ളലും ഗൊപ്പിയളപ്പാട്ടും കണ്ട്‌ വളര്‍ന്ന ബാല്യം.

ചരിത്രപുരുഷന്മാര്‍ ജീവിച്ച പാലക്കാടന്‍ മണ്ണില്‍ കമ്യുണിസത്തിന്റെ തിമിരം ബാധിച്ച കണ്ണുകളുമായി കോളേജ്‌ കാംപസ്സുകളില്‍ തല്ലുകൂടിയും കവിത പാടിയും പ്രണയിച്ചും നടന്ന കൌമാരം.യുവത്വം പടികയറി വന്നപ്പോള്‍ കേരളത്തില്‍ അടിപിടിക്കു പേരു കേട്ട ഒരു എന്‍ജിനീറിംഗ്‌ കോളേജില്‍ എത്തിയിരുന്നു.

അവിടേയും പതിവ്‌ പരിപാടികള്‍ തന്നെപിന്നീട്‌ ദില്ലിയുടെ നഗരവീഥികളിലൂടെ സ്വപ്നാടകനായ്‌ സഞ്ചരിച്ച സംവല്‍സരങ്ങള്‍.

അതിനുള്ളില്‍ അതിസഹസികമാം MBA നേടി.

ഇപ്പോള്‍ ബാംഗളൂരില്‍ ഒരു കമ്പ്യുട്ടര്‍ കമ്പനിയില്‍ ജെനറല്‍ മാനേജര്‍ ആയി ജൊലി നോക്കുന്നു
വിവാഹിതന്‍
‍ഭാര്യ ശ്രീകല.
ഒരു പെണ്‍കുഞ്ഞുണ്ട്‌
പേര്‌ ലക്ഷ്മി പ്രിയ