Sunday, August 20, 2006

മദന്‍ഗീറിലെ ഹിജ്‌ഡ

ശേവന്തി എന്നാണ്‌ അവരുടെ പേര്‌
കാണാന്‍ അതിസുന്ദരി..സ്ത്രീ സൌന്ദര്യത്തിന്റെ അഭൌമഭാവം.

പക്ഷെ നപുംസകമാണ്‌.

ഞാന്‍ എന്നും ഓഫീസിലേക്ക്‌ പോകുന്ന വഴിയില്‍ ഇവരെ കാണും. എന്നോട്‌ പൈസ ചോദിക്കും. ഞാന്‍ ഒരു രൂപയോ രണ്ടു രൂപയോ കൊടുക്കും.. അപ്പോള്‍ എന്റെ തലയില്‍ കൈ വെച്ച്‌ അനുഗ്രഹിക്കും. ഇന്നത്തെ ദിവസം നല്ലതാകട്ടെ എന്നാണ്‌ അനുഗ്രഹം...അന്നും പതിവുപോലെ ഞാന്‍ ഓഫീസിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്നു.. ശേവന്തി പതിവുപോലെ മുന്‍പില്‍ വന്നു. ഞാന്‍ ഒരു രൂപ നാണയം കൊടുത്തു.

അവരു പറഞ്ഞുബാബു ഇന്നിതു പോര.

അതെന്താ എന്നു ഞാന്‍.

അവരു പറഞ്ഞു,ബാബു ഇന്നു താങ്കളുടെ ജന്മദിനം അല്ലേ??

ഞാന്‍ ഞെട്ടിപ്പോയി, ശരിയാണല്ലോ.. ഇന്നെന്റെ ജന്മദിനം ആണല്ലോ.. ഞാന്‍ പോലും മറന്ന ഇക്കാര്യം ഇവര്‍ക്കെങ്ങനെ മനസ്സിലായി.. ഞാന്‍ പോക്കറ്റു തപ്പി നോക്കി.ആകെ പത്തു രൂപയെ ഒള്ളു. ചാര്‍റ്റേര്‍ട്‌ ബസ്സില്‍ മാസത്തില്‍ ഒരിക്കല്‍ ആണു്‌ പൈസ കൊടുക്കുന്നത്‌.. പക്ഷെ ഉച്ചക്കു്‌ ഊണു കഴിക്കാന്‍ പത്ത്‌ രൂപ വേണം..എന്റെ പരിഭ്രമം കണ്ട്‌ ശേവന്തി ചിരിച്ചു.. എന്നിട്ട്‌ അവരുടെ പേഴ്സ്‌ തുറന്ന് നൂറ്‌ രൂപയുടെ ഒരു നോട്ട്‌ എടുത്തു എനിക്ക്‌ തന്നു. എന്നിട്ടു പറഞ്ഞു

"ബാബു ദുരഭിമാനം വിചാരിക്കേണ്ട.. ഇത്‌ കടമാണ്‌. ശമ്പളം കിട്ടുമ്പോള്‍ തിരികെ തന്നാല്‍ മതി.. ഇന്ന് ജന്മദിനം ആയിട്ട്‌ മലബാര്‍ ഹോട്ടെലില്‍ ചെന്ന് ഊണ്‌ കഴിക്ക്‌. നിങ്ങള്‍ മദ്രാസികളുടെ ഹോട്ടെല്‍ ആണല്ലൊ.. താങ്കള്‍ക്ക്‌ ഇഷ്ടമാകും'

ഞാന്‍ ആകെ ചൂളിപ്പോയി.. ആ രൂപയും വാങ്ങി ഞാന്‍ അവിടെ നിന്നും ഓടുകയായിരുന്നു..

2
അന്ന്‌ ഒരു ഞായറാഴ്ചയായിരുന്നു. പതിവ്‌ അലക്കലും ഉണക്കലും ഒക്കെ കഴിഞ്ഞ്‌ ടെലിവിഷനില്‍ പണ്ഡിറ്റ്‌ ജെസ്‌രാജിന്റെ പാട്ടും കേട്ട്‌ കിടക്കുമ്പോള്‍ വാതിലില്‍ ആരൊ തുടരെ തുടരെ മുട്ടുന്നു. വാതില്‍ തുറന്നപ്പൊള്‍ മുന്‍പില്‍ നില്‍ക്കുന്നു ശേവന്തി. ശേവന്തിയുടെ ചുവന്ന ചോളിയും മുട്ടോളം എത്തുന്ന ചുവന്ന പാവാടയും എന്റെ മുറിയെ വര്‍ണ്ണശബളമാക്കി.അവരുടെ കാല്‍ചിലമ്പുകളില്‍ നിന്ന് ഒരു ആദി സംഗീതം ഉണര്‍ന്നു.
ബാബു ഉറക്കമാണോ?
അല്ലല്ലോ ശേവന്തിജി.
എനിക്ക്‌ നിന്നൊട്‌ ചില കാര്യങ്ങള്‍ സംസാരിക്കണം
ശേവന്തി എന്നെ ആദ്യമായാണ്‌ നീ എന്നു വിളിക്കുന്നത്‌
ഞാന്‍ പറഞ്ഞു പറയു ശേവന്തിജി.
അനന്തരം ശേവന്തി നിലത്ത്‌ ചമ്രം പടിഞ്ഞിരുന്നു. കുറച്ചു നേരം കണ്ണടച്ച്‌ ധ്യാനത്തില്‍ ഇരുന്നു. പിന്നീട്‌ കണ്ണുകള്‍ തുറന്ന് മെല്ലെ പറഞ്ഞു തുടങ്ങി.ബാബു നീ സമ്പത്തിന്റേയും സമൃദ്ധിയുടേയും ഗൃഹത്തില്‍ നിന്നും വന്നവനാകുന്നു
'അതെ'
നിറയെ സ്നേഹവും സന്തോഷവും തരുന്നവരായിരുന്നു നിന്റെ മാതാപിതാക്കള്‍ അല്ലേ?
അതെ
ബാബു നിന്റെ ജീവിതത്തിലെ നല്ല കാലം കഴിഞ്ഞിരിക്കുന്നുനിനക്ക്‌ താങ്ങാനാവുന്നതിലും വലിയ ദുരന്തങ്ങള്‍ നിന്നെ കാത്തിരിക്കുന്നു.നീ പ്രണയിച്ച നിന്റെ പെണ്ണിനെ നിനക്ക്‌ നഷ്ടമാകാന്‍ പോകുന്നു.തൊഴില്‍ നാശം കൊണ്ടും ദനലോഭം കൊണ്ടും നിന്റെ ജീവിതം ദുസ്സഹമാകാന്‍ പോകുന്നു.ബന്ധുക്കള്‍ നിന്നെ കയ്യൊഴിയും,സുഹൃത്തുക്കള്‍ നിന്നെ ഉപേക്ഷിക്കും.നീ സര്‍വനാശത്തിനിരയാകും.

പക്ഷെ കാലം നിന്റെ മുറിവുകളെ ഉണക്കും.. നന്മയും ശാന്തിയും ദനവും ധാന്യവും നിന്റെ ജീവിതതിലേക്ക്‌ തിരികെ വരും.പക്ഷെ അതിനുള്ളില്‍ നീ ആഗ്രഹിച്ചതെല്ലാം നിനക്ക്‌ നഷ്ടമായിട്ടുണ്ടാകും.

ഞാന്‍ ഒന്നും മിണ്ടിയില്ല.. എല്ലാം കേട്ടിരുന്നു.

ദുരന്തങ്ങള്‍ അല്ലെങ്കിലും പേക്കിനാവുകളായി വന്ന് എന്റെ നിശകളെ നിദ്രാവിഹീനങ്ങള്‍ ആക്കാന്‍ തുടങ്ങിയിരുന്നു

ശേവന്തി തുടര്‍ന്നു..
ഇതിനൊക്കെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു നീ എന്നൊട്‌ ചോദിക്കുകയാണെങ്കില്‍
" ഒന്നുകില്‍ നീ ഈ ജന്മം ഉപേക്ഷിച്ച്‌ ഈ ലോകത്തില്‍ നിന്നു പോകു അല്ലെങ്കില്‍ എന്നെ പോലെ ഒരു നപുംസകം ആകു.. ഞങ്ങളെ നോക്കു.. ഞങ്ങള്‍ എന്നും രാത്രിയില്‍ നൃത്തം ചെയ്യുന്നു..സ്ഖലനമില്ലാത്ത ദീര്‍ഘ രതിയില്‍ മുഴുകുന്നു.. ഇന്നലകളില്ല.. നാളകളില്ല.. ഇന്നുകള്‍ മാത്രം..

പക്ഷെ ഞാന്‍ ഒരിക്കലും നിന്നെ ഞങ്ങളുടെ ഈ ജീവിതത്തിലേക്ക്‌ ക്ഷണിക്കില്ല.. ശേവന്തി പറഞ്ഞു നിറുത്തി.

അപ്പോള്‍ വൈദ്യുത പാചക യന്ത്രം നീട്ടി കൂവി. ഞാനും ശേവന്തിയും കൂടെ ഭക്ഷണം കഴിച്ചു..സുഖശീതളമായ നിദ്രയുടെ ആലസ്യത്തില്‍ ഞാന്‍ കിടക്കയിലേക്ക്‌വീണു. ഞാന്‍ അന്നേ വരെ കേട്ടിട്ടില്ലാത്ത ഒരു അതി മധുര രാഗം മൂളി ശേവന്തി എന്നെ ഉറക്കത്തിലേക്ക്‌ നയിച്ചു. ഗാഢവും സുഖദീപ്തവുമായ നിദ്ര.അനാദിയായ മയക്കത്തിന്റെ മേച്ചില്‍ പുറങ്ങളിലൂടെ ഞാന്‍ അനവരതം സഞ്ചരിച്ചു. കവിളില്‍ ഒരു മൃദു ചുംബനത്തിന്റെ സ്നിഗ്ദത ഞാന്‍ അറിഞ്ഞു..ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിയിരുന്നു.ശേവന്തി മുറിയില്‍ ഇല്ലായിരുന്നു.. ശേവന്തിയെ ഞാന്‍ പിന്നീട്‌ കണ്ടില്ല.. പിന്നീടെന്നല്ല ഒരിക്കലും കണ്ടില്ല.. ശേവന്തി വിസ്മൃതിയുടെ അഗാധതകളിലെവിടേയൊ പതിച്ചു.. എന്റെ ആനിയെ പോലെ..ആനി........

8 comments:

evuraan said...

നന്നായിരിക്കുന്നു. അവസാനത്തെ ഖണ്ഡികയില്‍ എല്ലാം കളഞ്ഞ് കുളിച്ചെങ്കിലും.

തീവ്രമായ ഇതിവൃത്തമായിരുന്നു, അതു വരെ.

ഇനിയും വൈകിയിട്ടില്ല, തിരുത്തിയെഴുതാന്‍ കഥാകാരന്റെ ആത്മാവ് സമ്മതിക്കുമെങ്കില്‍ ആയിക്കൂടേ?

Promod P P said...

ഏവൂരാന്‍

ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം ആണിത്‌. അതില്‍ വെള്ളം ചേര്‍ക്കാന്‍ മനസ്സ്‌ വരുന്നില്ല..

നന്ദി

സു | Su said...

നന്നായിരിക്കുന്നു. ആരാ ഈ ആനി?

Promod P P said...

സു
ഞാന്‍ അത്‌ പറയില്ല
കുടുംബ കലഹം ഉണ്ടാകും

viswaprabha വിശ്വപ്രഭ said...

മദന്‍‌ഗീര്‍, പുഷ്പ്‌വിഹാര്‍, അംബേദ്കര്‍ ടെര്‍മിനല്‍...

ബസ് നമ്പറുകള്‍....
മദര്‍ ഡയറി..

***

എന്തിനാ സൂ ആനിയെക്കുറിച്ചു ചോദിക്കുന്നത്?

ആനിയെക്കുറിച്ചും ശ്രീദേവിയെക്കുറിച്ചും ഒന്നും ഇനി ചോദിക്കരുത്...

ഓര്‍മ്മക്കൂടിനകത്ത് ഞങ്ങള്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുകയാണവരെയൊക്കെ...

Promod P P said...

ഭഗവാനെ അതാരാ ശ്രീദേവി

ഇനി ഇപ്പൊ ഇതും നമ്മടെ ആരെങ്കിലും ആണെന്ന് പറഞ്ഞ്‌ എന്റെ ഭാര്യ വഴക്കിടാന്‍ വന്നാല്‍ അതിന്റെ ഉത്തരവാദിത്വം വിശ്വപ്രഭയ്ക്കാണ്‌

ദിവാസ്വപ്നം said...

എന്റെ ഓഫീസും മദന്‍-ഗീറിനടുത്ത് ആയിരുന്നു. 22 പുഷ്പ്-വിഹാര്‍.

Unknown said...

നല്ല എഴുത്ത്. ഏവൂരാന്മാഷ് പറഞ്ഞ പോലെ അവസാനത്തില്‍ പെട്ടെന്ന് എന്തൊക്കെയോ സംഭവിച്ച പോലെ. ഫ്ലോയില്‍ ഒരു ഭംഗം. അനുഭവം ആയത് കൊണ്ട് അങ്ങനെയിരിക്കട്ടെ.

(മിക്കവരുടെ മനസ്സിലുമില്ലേ ഒരു ആനി? എന്റെ മന്‍സ്സ്സിലുണ്ട് എന്തായാലും :-))